മുസ്‌ലിംകളും സസ്യശാസ്ത്രവും
ഡോ. ടി. കെ. യൂസുഫ്
2026 മാർച്ച് 21, 1447 ശവ്വാൽ 02

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 6)
ക്വുർആനിന്റെ അവതരണ കാലം തൊട്ട് തന്നെ മുസ്‌ലിംകൾ സസ്യശാസ്ത്രം പഠന വിധേയമാക്കിയിട്ടുണ്ട്. ധാരാളം സസ്യങ്ങളെക്കുറിച്ചുളള പരാമർശം ക്വുർആനിൽ കാണാവുന്നതാണ്. ചില ഔഷധച്ചെടികളെക്കുറിച്ച് വ്യക്തമായ പരാമർശം ഹദീസുകളിൽ കാണാം. ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിൽ ‘തീർച്ചയായും ഈ കരിഞ്ചീരകം; മരണമൊഴികെ എല്ലാത്തിനും അതിൽ ശമനമുണ്ട്’ എന്നു കാണാം. കൊട്ടം, സുന്നാമാക്കി തുടങ്ങി ഇന്നും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ധാരാളം രോഗസംഹാരികളെക്കുറിച്ച് ഹദീസുകളിൽ വിവരിച്ചിട്ടുണ്ട്.
സസ്യശാസ്ത്രത്തിന് മുസ്‌ലിംകൾ നൽകിയ ഏറ്റവും വലിയ സംഭാവന സസ്യങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്ന ചില നിഘണ്ടുക്കൾ അവർ രചിച്ചതാണ്. ഹിജ്‌റ 155ൽ അബ്ദുൽ മലിക് ബിൻ ജുറൈജ് അൽബസ്വരിയാണ് ഈ രംഗത്ത് ആദ്യ നിഘണ്ടു രചിച്ചത്. പിന്നീട് ഇബ്‌നു സകീത്, ജൗഹരി, ഇബ്‌നു മൻദൂർ എന്നിവരും ഈ രംഗത്തേക്ക് കടന്നുവരികയുണ്ടായി. എന്നാൽ ഹിജ്‌റ 216 ൽ അന്തരിച്ച ഹിശാം ബിൻ ഇബ്‌റാഹീം അൽകർമാനി രചിച്ച ‘അന്നബാത്’ എന്ന ഗ്രന്ഥമാണ് ഈ രംഗത്ത് ഏറ്റവും പ്രസിദ്ധമായിട്ടുളളത്. ഇബ്‌നു സീനയുടെ ‘കാനനി’ൽ ഔഷധച്ചെടികൾക്ക് മാത്രമായി ഒരു ഭാഗം കാണാവു ന്നതാണ്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിൽ സ്‌പെയിൻകാരനായ ഇബ്‌നു ജിൽജിൽ ഡിസ്‌കോറിഡസിന്റെ ഗ്രന്ഥത്തിൽ ഇല്ലാത്ത ധാരാളം വിഷയങ്ങൾ ചേർത്ത് ഔഷധ സസ്യശാസത്രത്തിന്റെ ഒരു വിജ്ഞാനകോശം തന്നെ രചിക്കുകയുണ്ടായി. പിന്നീട് ഏഴാം നൂറ്റാണ്ടിൽ സ്‌പെയിൻകാരൻ തന്നെയായ ഇബ്‌നു ബൈതാറിന്റെ ശ്രമഫലമായി സസ്യശാസത്രത്തിൽ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി.
മുസ്‌ലിംകളും സസ്യവർഗീകരണവും
സസ്യങ്ങളെ വർഗീകരിച്ച് ഇനം തിരിക്കുന്ന രംഗത്താണ് പിന്നീട് മുസ്‌ലിംകൾ കാര്യമായ പങ്ക് നിർവഹിച്ചത്. സസ്യശാസ്ത്രത്തിൽ ഇത് പറയത്തക്ക ഒരു നേട്ടം തന്നെയാണ്. ഓരോ സസ്യത്തിന്റെയും വിശേഷണ-ഗുണങ്ങൾ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായകമായിട്ടുണ്ട്. ഖലീൽ രചിച്ച ‘അൽ ഐൻ’ എന്ന പ്രസിദ്ധ സസ്യശാസ്ത്ര നിഘണ്ടുവിൽ ചെടികളുടെ പേരും വിശേഷണങ്ങളും ഉൾകൊ ള്ളിച്ചതായി കാണാം.
പരിസ്ഥിതിക്കനുസരിച്ച് സസ്യങ്ങളെ വേർതിരിക്കുന്ന രീതിയും പിന്നീട് നിലവിൽ വന്നു. അസ്മഇയാണ് ഇതിന് ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന്റെ ‘അന്നബാത് വ ശജർ’ എന്ന ഗ്രന്ഥത്തിൽ താഴ്‌വരയിലെ ചെടികൾ, മണൽ പ്രദേശത്തെ ചെടികൾ, ചതുപ്പുനിലങ്ങളിലെ ചെടികൾ എന്നിങ്ങനെ വേർതിരിച്ചതായി കാണാം. ഇബ്‌നു സീന; പടരുന്ന ചെടികൾ, പരന്നുകിടക്കുന്ന ചെടികൾ, തണ്ടിൽ നിൽക്കുന്ന ചെടികൾ എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്.
ഹിജ്‌റ 1019ൽ മൊറൊക്കോകാരനായ അബുൽ ഖാസിം മുഹമ്മദ് ബിൻ ഇബ്‌റാഹീം ഗസ്സാനി സസ്യങ്ങളെ അക്ഷരമാല ക്രമത്തിൽ തരംതിരിച്ച് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഓരോ ചെടിയുടെയും രൂപവും ആകൃതിയും അവ പുഷ്പിക്കുന്നതാണോ ഫലം കായ്ക്കുന്നതാണോ എന്നും അദ്ദേഹം വിശദീകരിച്ചു. അതോടൊപ്പം അവയുടെ ശാസ്ത്രനാമവും ഔഷധഗുണവും ദോഷങ്ങളും കൂടി അതിൽ രേഖപ്പെടുത്തി. അവയുടെ വ്യത്യസ്ത പേരുകൾ, അതായത് അറബിയിലും അമാസാഗിയിലും പറയപ്പെടു ന്നത് അതിൽ കാണാം. അറബിയിലെ തന്നെ പ്രാദേശിക വകഭേദങ്ങളും കാണാം. അതിനു പുറമെ അവ വളരുന്ന പരിസ്ഥിതിയും നിർവചനത്തോടപ്പം ചേർത്തു. ഈ രുപത്തിൽ വിശദമായ വിവരണത്തോട് കൂടി 385 തരം സസ്യങ്ങളെയാണ് ഗസ്സാനി രേഖപ്പെടുത്തിയിട്ടുളളത്.
മുസ്‌ലിംകളും ജീവശാസ്ത്രവും
വൈദ്യശാസ്ത്രവും സസ്യശാസ്ത്രവും പോലെ മുസ്‌ലിംകൾ മഹത്തായ സംഭാവന നൽകിയ ഒരു മേഖല ജന്തുശാസ്ത്രമാണ്. ജീവശാസ്ത്ര വിഷയത്തിൽ ചൈനക്കാരും പുരാതന ഈജിപ്തുകാരും ബാബിലോണിയക്കാരും ഗ്രീക്കുകാരും എഴുതിവെച്ചത് പഠിച്ച് അറബിയിലേക്ക് വിവർത്തനം ചെയ്തതിന് പുറമെ, മറ്റാരും ചെയ്യാത്ത പല സേവനങ്ങളും മുസ്‌ലിംകൾ ഈ രംഗത്ത് നൽകിയിട്ടുണ്ട്. 1162ൽ അന്തരിച്ച ജൂട്ടെ എന്ന ജർമൻ ശാസ്ത്രജ്ഞൻ ആവിഷ്‌ക്കരിച്ച, ജീവികൾക്കിടയിലെ സൗഹൃദ സിദ്ധാന്തം കൂടുതൽ വിശദീകരിച്ചത് മുസ്‌ലിം പണ്ഡിതന്മാരാണ്. ജാഹിള് ഈ സിദ്ധാന്തത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞത് പശുവിന്റെ ശരീരത്തിലെ പ്രാണികളെ കൊത്തിയെടുക്കുന്ന പക്ഷിയും മുതലയുടെ പല്ലുകൾക്കിടയിലെ മാംസാവശിഷ്ടം കൊത്തിയെടുക്കുന്ന പക്ഷിയും ജീവി സൗഹൃദത്തിന്റെ മാതൃകയാണെന്നാണ്.
ജാഹിള് പറയുന്നത് തേളും വണ്ടും തമ്മിൽ സൗഹൃദമുണ്ടെന്നാണ്. കാക്ക കുറുക്കന്റെ മിത്രമാണ്, കുറുക്കനും പാമ്പും, കഴുകനും പാമ്പും ശത്രുക്കളാണ് എന്നാണ്. ദുമൈരി പറയുന്നത് തേളും ഉടുമ്പും തമ്മിൽ സൗഹൃദമുണ്ടെന്നാണ്, ഉടുമ്പിനെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കാൻ വേണ്ടി അതിന്റെ മാളത്തി ലാണ് തേൾ താമസിക്കുന്നത്. ഇത്തരത്തിൽ ധാരാളം ജീവികൾക്കിടയിലെ സൗഹൃദം മുസ്‌ലിം ജീവ ശാസ്ത്രജ്ഞന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.
പക്ഷികളും മൃഗങ്ങളും മുട്ടയിടാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ചില പ്രത്യേക പരിസ്ഥിതികളും ചുറ്റുപാടുകളും തെരഞ്ഞെടുക്കാറുണ്ടെന്ന് കസ്‌വീനി ‘അജാഇബുൽ മഖ്‌ലൂഖാത്’ (ജീവികളിലെ അത്ഭുതങ്ങൾ) എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. ജിറാഫ് ആഫ്രിക്കയിലെ ചില പ്രദേശങ്ങളാണ് പ്രസവിക്കാൻ തെരഞ്ഞെടുക്കാറുളളത്. ആനക്ക് ഇന്ത്യയിലും മറ്റു നാടുകളിലും വ്യത്യസ്ത ആയുസ്സു കളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുളളത്. പരുന്തും പ്രാപിടയനും ഉയർന്ന പർവതശിഖരങ്ങളിലാണ് മുട്ടയിടാ റുളളത്. ഒട്ടകപ്പക്ഷിയും മരുഭൂമിയിലെ പ്രാവുകളും മരുഭൂമിയിലാണ് മുട്ടയിടാറുളളത്. താറാവുകളും ജല പക്ഷികളും തോട്ടങ്ങളാണ് തെരഞ്ഞെടുക്കാറുളളത്.
ഓരോ ജീവിയുടെയും സ്വഭാവഗുണങ്ങൾ വ്യക്തമാക്കിക്കൊണ്ട് അവയെ വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, ക്ഷുദ്രജീവികൾ എന്നിങ്ങനെ തരംതിരിക്കുന്നതിൽ മുസ്‌ലിംകൾ കാര്യമായ പങ്കുവഹിച്ചി ട്ടുണ്ട്. കസ്വീനി, മൃഗങ്ങളെ പ്രപഞ്ചത്തിലെ മൂന്നാമത്തെ വിഭാഗമായിട്ടാണ് എണ്ണുന്നത്. ഒന്ന് ലോഹങ്ങളും രണ്ട് സസ്യങ്ങളുമാണ്. മൃഗങ്ങളിലെ അനേകം ഇനങ്ങളിൽ ഏറ്റവും ഉത്തമനായവൻ മനുഷ്യനാണ്. മൃഗങ്ങളെ പ്രധാനമായും ഏഴ് ഇനങ്ങളായിട്ടാണ് അദ്ദേഹം എണ്ണിയിട്ടുളളത്.
ജാഹിള് ജീവികളെ മൊത്തത്തിൽ നാല് തരമാക്കിയാണ് വകതിരിച്ചിട്ടുളളത്; നടക്കുന്നത്, നീന്തുന്നത് പറക്കുന്നത്, ഇഴയുന്നത്. ഇവയെ വീണ്ടും വേറെ ചില വിഷേണങ്ങൾകൊണ്ട് വേർതിരിച്ചിട്ടുണ്ട്. ഉദാഹരണമായി, ഈച്ച പറക്കുന്നതാണെങ്കിലും പക്ഷികളുടെ കൂട്ടത്തിൽ പെടുന്നില്ല. നീർനായ നീന്തുന്നതാണെങ്കിലും മത്സ്യങ്ങളുടെ കൂട്ടത്തിൽ എണ്ണുന്നില്ല. ജീവികളെ; വായുവിൽ ജീവിക്കുന്നത്, വെള്ളത്തിൽ ജീവിക്കുന്നത്, കരയിൽ ജീവിക്കുന്നത്, മണ്ണിനടിയിൽ ജീവിക്കുന്നത് എന്നിങ്ങനെയും ജാഹിള് വേർതിരിച്ചിട്ടുണ്ട്.
(തുടരും)

