നിങ്ങൾ സമ്മാനം നൽകാറുണ്ടോ?

സമീർ മുണ്ടേരി

2026 ഫെബ്രുവരി 21, 1447 റമദാൻ 03

ക്ലാസുകഴിഞ്ഞ് വീട്ടിലെത്തിയ അഞ്ചുവയസ്സുകാരി അവൾക്ക് അന്ന് ലഭിച്ച സമ്മാനങ്ങൾ തന്റെ മാതാപിതാക്കളെ കാണിക്കുമ്പോൾ ആ കുഞ്ഞു മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.അവളുടെ കൈകളിലുളള സമ്മാനങ്ങൾ വിലപിടിപ്പുളള വസ്തുക്കളല്ല. പക്ഷേ, തന്റെ ക്ലാസിലെ കുട്ടികൾക്ക് മുന്നിൽ വെച്ച് ലഭിച്ച ആ സമ്മാനത്തിന് വലിയ വിലയുണ്ട് അവളുടെ മനസ്സിൽ. സമ്മാനങ്ങൾ ചെറുതാകട്ടെ, വലുതാകട്ടെ അത് ലഭിക്കുന്നവർക്കുണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്. അതിന് പ്രായത്തിന്റെ വ്യത്യാസമില്ല. തനിക്ക് ലഭിച്ച ഒരു ചെറിയ സമ്മാനം പാതിരാത്രിൽ എടുത്തുനോക്കിയ കാര്യം പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കുകയാണ്.

ഇസ്‌ലാമും സമ്മാനവും

പരിശുദ്ധ ഇസ്‌ലാം മാനവസമൂഹത്തിനുളള അല്ലാഹുവിന്റെ സമ്മാനമാണ്. മറ്റുളളവർക്ക് സമ്മാനം കൊടുക്കാൻ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബിﷺ ദാനമായി ലഭിക്കുന്നത് ഭക്ഷിക്കുമായിരുന്നില്ലെന്നും സമ്മാനമായി ലഭിക്കുന്നത് സ്വീകരിച്ചിരുന്നുവെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്.

ആഇശ(റ) ഉദ്ധരിച്ച ഹദിസീൽ ഇങ്ങനെ കാണാം: “നബിﷺ സമ്മാനം സ്വീകരിക്കുകയും സമ്മാനം ലഭിക്കുമ്പോൾ പ്രത്യുപകാരമായി എന്തെങ്കിലും നൽകുകയും ചെയ്യും’’ (ബുഖാരി).

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: “നബിﷺയുടെ സദസ്സിലേക്ക് ഭക്ഷണം കൊണ്ടുവരപ്പെട്ടാൽ അദ്ദേഹം ചോദിക്കും; ഇത് സമ്മാനമാണോ? ദാനമാണോ? അത് ദാനമാണ് എന്നു പറയപ്പെട്ടാൽ അനുചരന്മാരോട് അത് ഭക്ഷിക്കുവാൻ നബിﷺ കൽപിക്കും. സമ്മാനമാണ് എന്ന് പറയപ്പെട്ടാൽ നബിﷺ യും അവരോടൊപ്പം ഭക്ഷിക്കും’’ (ബുഖാരി).

അനസ്(റ) നിവേദനം: “നബി(സ) സുഗന്ധദ്രവ്യം സമ്മാനമായി ലഭിച്ചാൽ അതൊരിക്കലും നിരസിക്കാറുണ്ടായിരുന്നില്ല’’(ബുഖാരി).

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃക കാണിച്ച നബിﷺ സമ്മാനം കൊടുക്കുന്ന വിഷയത്തിലും വാങ്ങുന്ന വിഷയത്തിലും നമുക്ക് മാതൃക കാണിച്ചതായി മുകളിൽ കൊടുത്ത ഹദീഥുകൾ നമ്മെ പഠിപ്പിക്കുന്നു.

ക്വുർആൻ സുലൈമാൻ നബി(അ)യുടെയും ബൽക്വീസ് രാജ്ഞിയുടെയും കഥ പറയുമ്പോൾ സമ്മാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് കാണാം: “ഞാൻ അവർക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതൻമാർ മടങ്ങിവരുന്നതെന്ന് നോക്കാൻ പോകുകയാണ്’’ (സൂറതുന്നംല്: 35).

ഇസ്‌ലാമികലോകത്തെ പണ്ഡിതന്മാരുടെ വീക്ഷണ പ്രകാരം സമ്മാനം നൽകൽ സുന്നത്തായ കാര്യ മാണ്. എന്നാൽ സമ്മാനം ചോദിച്ചുവാങ്ങേണ്ട ഒന്നല്ല, മനസ്സറിഞ്ഞ് മറ്റുളളവരിൽ നിന്നു ലഭിക്കേണ്ടതാണ്. ലഭിക്കുന്നത് എത്ര നിസ്സാരമായാലും അത് സ്വീകരിക്കാതിരിക്കരുത്.

അബൂഹുറയ്‌റ(റ) നിവേദനം; നബി(സ) അരുളി: “അല്ലയോ മുസ്‌ലിം സ്ത്രീകളേ, ഒരു അയൽവാസിനി മറ്റേ അയൽവാസിനിക്ക് വല്ലതും സമ്മാനിച്ചാൽ അതിനെ അവൾ താഴ്ത്തിക്കാണിക്കരുത്. പാരിതോഷിക മായി നൽകിയത് ഒരു ആടിന്റെ കുളമ്പാണെങ്കിലും ശരി’’ (ബുഖാരി).

സമ്മാനം കൊടുത്തുത് തിരിച്ചുവാങ്ങരുത്

കൊടുത്തത് തിരിച്ചുവാങ്ങുന്നത് നികൃഷ്ടമായ പ്രവൃത്തിയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബൂ ഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീഥിൽ “കൊടുത്ത സാധനം തിരിച്ചുവാങ്ങുന്നവന്റെ ഉപമ ഒരു നായയെ പോലെയാണ്. അത് വയറുനിറച്ച് ഭക്ഷണം കഴിച്ചു. എന്നിട്ടത് ഛർദിച്ചു. വീണ്ടും അത് തിന്നുന്നു. (അതു പോലെയാണ് സമ്മാനം നൽകിയത് തിരിച്ചു വാങ്ങുന്നവർ)’’ എന്ന് കാണാം.

സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുക എന്ന പേരിൽ പ്രവാസലോകത്തുളളവർ വീട്ടുകാരോട് പറയാതെ ചെല്ലുകയും അത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്തരം പ്രവൃത്തികൾ പ്രവാച സുന്നത്തിന് എതിരാണ്. തന്റെ വീട്ടിലേക്ക് പ്രവാചക തിരുമേനി ചെല്ലുകയാണെങ്കിൽ അവർക്ക് വിവരം കൊടുക്കുമായിരുന്നു എന്നറിയിക്കുന്ന ധാരാളം സംഭവങ്ങൾ കാണാൻ കഴിയും.

നമ്മുടെ വിശ്വാസത്തിന് എതിരു നിൽക്കുന്ന സമ്മാനങ്ങൾ ആരെങ്കിലും നമുക്കു നൽകിയാൽ നമുക്കത് സ്വീകരിക്കാൻ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തി സ്വീകരിക്കാതിരിക്കൽ നമ്മുടെ കടമയാണ്. അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത് വിശ്വാസികൾക്ക് കഴിക്കാൻ പാടില്ല. അത്തരം മാംസം നമുക്ക് സമ്മാനമായി ലഭിച്ചാൽ അതവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. ഇസ്‌ലാം നിരോധിച്ച എല്ലാ വസ്തുക്കളിലും ഈ മാനദണ്ഡം നാം സ്വീകരിക്കണം. വസ്ത്രങ്ങളുടെ കൂട്ടത്തിൽ പട്ട് ഇസ്‌ലാം പുരുഷന്മാർക്ക് നിരോധിച്ചതാണ്. അത് ധരിക്കാൻ പാടില്ല.

അബൂമൂസ(റ)യിൽനിന്ന് നിവേദനം; റസൂൽ ﷺ അരുളി: “പട്ടും സ്വർണവും അണിയൽ എന്റെ സമുദായത്തിലെ പുരുഷൻമാർക്ക് നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവുമാണ്’’(തിർമിദി).

വിവാഹദിവസം പെൺകുട്ടിയുടെ മാതാവ് സമ്മാനമായി സ്വർണമോതിരം വരന്റെ വിരലിൽ അണിയി ക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ നിലവിലുണ്ട്. പുരുഷന് സ്വർണം നിഷിദ്ധമാണ് എന്നു പഠിച്ചിട്ടും സമ്മാനമായി ലഭിക്കുന്നത് ധരിക്കുന്ന എത്രയോ സഹോദരങ്ങളുണ്ട്.

സമ്മാനം നൽകുക എന്നത് പരസ്പരം സ്‌നേഹം വർധിക്കുവാനുളള കാരണമായി ഇസ്‌ലാം പഠിപ്പിക്കു ന്നുണ്ട്. ഇമാം ബുഖാരി തന്റെ ‘അദബുൽ മുഫ്‌റദി’ൽ രേഖപ്പെടുത്തിയ ഹദീസിൽ ഇങ്ങനെ കാണാം: നബിﷺ പറഞ്ഞു: “നിങ്ങൾ സമ്മാനം കൊടുക്കുക, എങ്കിൽ നിങ്ങളുടെ ഇടയിൽ സ്‌നേഹം ഉണ്ടാകും.’’

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ മക്കൾക്ക് മദ്‌റസയിൽ നിന്നും സ്‌കൂളിൽ നിന്നും മാത്രമല്ല സമ്മാനങ്ങൾ ലഭിക്കേണ്ടത്; വീടും സമ്മാനങ്ങൾ ലഭിക്കുന്ന സ്ഥലമായി അവർക്ക് അനുഭവപ്പെടണം. ഉപ്പയുടെ, ഉമ്മയുടെ, സഹോദരങ്ങളുടെ വകയായി സമ്മാനങ്ങൾ ലഭിക്കുമ്പോൾ മക്കൾക്കത് വലിയ പ്രചോദനമായിരിക്കും.