പാപമോചനത്തിന്റെ വഴികളും ആത്മീയ ശുദ്ധീകരണവും

മുഹ്‌സിൻ ചുങ്കത്തറ

2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

തെറ്റുകളും പിഴവുകളും സംഭവിക്കുക എന്നത് മനുഷ്യസഹജമാണ്. പൂർണമായും എല്ലാ തെറ്റുകളിൽനിന്നും മുക്തമായ ജീവിതം മനുഷ്യർക്ക് അസാധ്യമാണ്. മുഹമ്മദ് നബിﷺ പറഞ്ഞു: “എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവരാണ്. എന്നാൽ തെറ്റ് ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.’’

സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ കൽപനയാണ് അവന് പൂർണമായി കീഴ്‌പ്പെട്ട് ജീവിക്കുക, ഹറാമുകളിൽ (വിലക്കപ്പെട്ട കാര്യങ്ങളിൽ) നിന്ന് അകന്നുനിൽക്കുക എന്നത്. എന്നാൽ, ഈ ലക്ഷ്യത്തിൽ നിന്ന് മനുഷ്യരെ തടയുന്ന നിരവധി ഭൗതിക പരീക്ഷണങ്ങൾ ചുറ്റുപാടുമുണ്ട്. കൂട്ടുകെട്ടിൽ അകപ്പെട്ടോ അല്ലാതെയോ അശ്ലീല വീഡിയോകളും ചിത്രങ്ങളും മൊബൈൽ വഴി കാണുന്നവരുണ്ട്. ഇതിന്റെ ഫലമായി സ്വയംഭോഗത്തിന് അടിമപ്പെടുന്നവരുണ്ട്. പുകവലിയിൽ തുടങ്ങി ലഹരിവസ്തുക്കളിലേക്ക് എത്തിപ്പെടുന്നവരുണ്ട്. കളവ് പറയൽ ഒരു തെറ്റേ അല്ല എന്നു കരുതുന്ന വിധം ഏതു രംഗത്തും മടികൂടാതെ പറയുന്നവരുണ്ട്. ഇതെല്ലാം നിരന്തരം ചെയ്യുന്നതിനാൽ, വലിയ തെറ്റാണെന്ന് ബോധ്യമു ണ്ടായാലും, ഒഴിവാക്കാൻ ആഗ്രഹിച്ചാലും പലർക്കും അതിന് കഴിയാറില്ല. എത്ര തവണ മാറിനിൽക്കാൻ തീരുമാനിച്ചാലും വീണ്ടും വീണ്ടും മനസ്സ് അതിലേക്ക് വലിച്ചിഴക്കുന്ന ഒരു അവസ്ഥയാണിത്. സൈക്കോളജി കൗൺസലിംഗ് വിദഗ്ധരുടെ അടുത്തേക്ക് ഇത്തരം കേസുകൾ ധാരാളമായി എത്തുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ നിരാശരായി തെറ്റുകളിൽ മുഴുകുകയല്ല വേണ്ടത്. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് പ്രവാചകൻ ﷺ അരുളി: “നിങ്ങൾ പാപം ചെയ്യാത്തവരായിരുന്നുവെങ്കിൽ അല്ലാഹു നിങ്ങളെ നീക്കം ചെയ്യുകയും, പകരം പാപം ചെയ്യുകയും തുടർന്ന് അല്ലാഹുവോട് പാപമോചനം തേടുകയും, അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനതയെ കൊണ്ടുവരുമായിരുന്നു.’’

ഇത് പാപം ചെയ്യാനുള്ള പ്രോത്സാഹനമല്ല; മറിച്ച്, മനുഷ്യസഹജമായി ഒരു തെറ്റ് സംഭവിച്ചാൽ നിരാശപ്പെടാതെ, അതിൽ നിന്ന് കരകയറാൻ ശ്രമിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്.

തിന്മകളുടെ കെണിയിൽ നിന്ന് രക്ഷപ്പെടാനും പാപങ്ങൾ പൂർണമായി ഉപേക്ഷിക്കാനും സഹായിക്കുന്ന ഇരുപതോളം പ്രേരകങ്ങൾ ഇബ്‌നുൽ ക്വയ്യിം(റഹി) തന്റെ ‘ഉദ്ദതുസ്സ്വാബിരീൻ വ ദഖീറതുശ്ശാകിരീൻ’ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അവ ഹ്രസ്വമായി മനസ്സിലാക്കാം:

1. അല്ലാഹുവിന്റെ മഹത്ത്വത്തെയും പ്രതാപത്തെയും കുറിച്ചുള്ള ബോധം: അല്ലാഹു നമ്മെ എപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം ഉള്ളിൽ വളർത്തുക.

2. അല്ലാഹുവോടുള്ള യതാർഥ സ്‌നേഹം: ഇത് അല്ലാഹുവിനെ അനുസരിക്കാനും അവൻ വെറുക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്നു.

3. അനുഗ്രഹങ്ങളെയും ഔദാര്യങ്ങളെയും കുറിച്ചുള്ള ബോധം: അല്ലാഹു നൽകിയ നന്മകളെ അഥവാ അനുഗ്രഹങ്ങളെ (ആരോഗ്യം, സമ്പത്ത്, കാഴ്ച....) അവനോടുള്ള അനുസരണക്കേടിനായി ഉപയോഗിക്കാതിരിക്കുക.

4. അല്ലാഹുവിന്റെ കോപത്തെയും ശിക്ഷയെയും കുറിച്ചുള്ള ഭയം: അല്ലാഹുവിനെ ധിക്കരിക്കുന്നവർക്കുള്ള അവന്റെ കഠിനമായ ശിക്ഷയെക്കുറിച്ച് ബോധവാനാകുക.

5. നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്ത: പാപങ്ങൾ കാരണം ഇഹലോകത്തിലും പരലോകത്തിലും നഷ്ടപ്പെട്ടുപോകുന്ന വലിയ നന്മകളെയും നേട്ടങ്ങളെയും വിശ്വാസത്തിന്റെ മാധുര്യത്തെയും പ്രതിഫല ങ്ങളെയും കുറിച്ച് തിരിച്ചറിയുക.

6. മനസ്സിനെ കീഴടക്കലും പിശാചിനെ പരാജയപ്പെടുത്തലും: പാപങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം നഫ്‌സിനോട് പോരാടുക; ഇത് പിശാചിനെ അപമാനിക്കാനും തോൽപിക്കാനും സഹായിക്കുന്നു.

7. പകരമായി ലഭിക്കുന്ന വലിയ പ്രതിഫലം: അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു തിന്മ ഉപേക്ഷി ച്ചാൽ, അല്ലാഹു അതിനെക്കാൾ ഉത്തമമായത് പകരം നൽകുമെന്ന പൂർണവിശ്വാസം ഹൃദയത്തിൽ സൂക്ഷിക്കുക.

8. അല്ലാഹുവിന്റെ പ്രത്യേകമായ കൂട്ട് (മഇയ്യത്ത്) ആഗ്രഹിക്കൽ: ക്ഷമിക്കുന്നവർക്കും സൂക്ഷ്മതയുള്ളവർക്കുമായി അല്ലാഹു വാഗ്ദാനം ചെയ്ത പ്രത്യേകമായ സാമീപ്യവും സംരക്ഷണവും കാം ക്ഷിക്കുക.

9. പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള ചിന്ത: മരണം എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്നും ഒരു പാപത്തിൽ ഏർപ്പെട്ടിരിക്കെ അല്ലാഹുവെ കണ്ടുമുട്ടാൻ ഇടവരരുതെന്നും നിരന്തരം ഓർക്കുക.

10. പരീക്ഷണങ്ങളെയും ആഫിയത്തിനെ(സൗഖ്യം)യും കുറിച്ചുള്ള ബോധം: പാപങ്ങളാണ് യഥാർഥ പരീക്ഷണമെന്നും അല്ലാഹുവെ അനുസരിക്കുന്നതിലാണ് യഥാർഥ ആത്മീയ സൗഖ്യമെന്നും മനസ്സിലാ ക്കുക.

11. ഹൃദയത്തിലെ ആത്മീയ പ്രേരണകളെ ക്രമേണ വളർത്തൽ.

12. അമിതമായ ലൗകിക ആഗ്രഹങ്ങൾക്കെതിരെ പൊരുതാൻ മനസ്സിനെ പരിശീലിപ്പിക്കുക.

13. തെറ്റായ ചിന്തകളെ തുടക്കത്തിലേ നുള്ളിക്കളയൽ: മനസ്സിൽ പാപങ്ങളെക്കുറിച്ചുള്ള ആലോചനകൾ വരുമ്പോൾതന്നെ അവയെ തുടച്ചുമാറ്റുക, ചിന്തകൾ വളർന്ന് പ്രവൃത്തിയായി മാറാതിരിക്കാൻ ശ്രദ്ധിക്കുക.

14. തിന്മകളിലേക്ക് നയിക്കുന്ന വഴികൾ അടയ്ക്കൽ: പാപങ്ങളിലേക്ക് മനസ്സിനെ വലിച്ചിഴക്കുന്ന സാഹചര്യങ്ങളിൽനിന്നും മോശം കൂട്ടുകെട്ടുകളിൽനിന്നും പൂർണമായി അകന്നുമാറുക.

15. ചിന്തകളെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്ക് തിരിച്ചുവിടുക: പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ചും അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും ചിന്തിക്കാൻ മനസ്സിനെ ശീലിപ്പിക്കുക.

16. ഇഹലോകത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കുക: ലൗകിക സുഖങ്ങൾ വളരെ പെട്ടെന്ന് അവസാനിക്കുന്നതാണെന്നും പര ലോകമാണ് ശാശ്വതമെന്നും എപ്പോഴും ഓർക്കുക.

17. ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനോട് പ്രാർഥിക്കുക: മനുഷ്യഹൃദയങ്ങൾ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ്; അതിനാൽ നന്മയിൽ ഉറപ്പിച്ചു നിർത്താൻ അവനോട് എപ്പോഴും പ്രാർഥിക്കുക.

18. യഥാർഥ ആനന്ദം അല്ലാഹുവിനോടുള്ള സൂക്ഷ്മത(തക്വ്‌വ)യിലാണ് എന്ന് മനസ്സിലാക്കുക: പാപങ്ങൾ നൽകുന്ന താൽക്കാലിക സുഖം പിന്നീട് വലിയ മാനസിക ദുഃഖത്തിന് കാരണമാകും; യഥാർഥ ആനന്ദം അല്ലാഹുവെ അനുസരിക്കുന്നതിലാണ്.

19. അല്ലാഹു പാപമോചനം നൽകുന്നവനാണെന്ന് ഓർക്കുക: താൻ എത്ര വലിയ തെറ്റു ചെയ്താലും മടങ്ങേണ്ടത് കാരുണ്യമയനായ അല്ലാഹുവിലേക്കാണെന്ന ബോധം എപ്പോഴും നിലനിർത്തുക.

20. സൽകർമങ്ങൾ പാപങ്ങളെ മായ്ച്ചുകളയും എന്ന് തിരിച്ചറിയുക: ഒരു തെറ്റ് സംഭവിച്ചാൽ ഉടനടി സൽകർമങ്ങളിലേക്ക് തിരിയുക, അത് തിന്മകളുടെ സ്വാധീനത്തെയും കറകളെയും ഇല്ലാതാക്കും.

കേവലമായ അറിവ് മാത്രം പോരാ എന്ന് മനസ്സിലാക്കുക: പാപങ്ങളിൽനിന്ന് പൂർണമായി മുക്തി നേടുക എന്നത് കേവലമൊരു ആഗ്രഹംകൊണ്ട് മാത്രം സാധ്യമാകുന്നതല്ല; മറിച്ച് അതിന് ആത്മാർഥമായ തൗബയും ബോധപൂർവമായ ആത്മസമരവും (മുജാഹദ) അനിവാര്യമാണ്. മഹാനായ ഹസനുൽ ബസ്വരി (റഹി) പ്രസ്താവിച്ചതുപോലെ; ‘ഒരു വിശ്വാസി എപ്പോഴും സ്വന്തം നഫ്സിനെ വിചാരണ ചെയ്തുകൊ ണ്ടിരിക്കുന്നവനാണ്.’ പാപങ്ങളുടെ കറകളിൽനിന്ന് ഹൃദയത്തെ ശുദ്ധീകരിക്കാൻ അല്ലാഹുവിലേക്കുള്ള നിരന്തരമായ മടങ്ങലും നല്ല കൂട്ടുകെട്ടുകളും ശീലമാക്കുക. തിന്മകളുടെ വഴികൾ അടയ്ക്കാനും നന്മയിൽ സ്ഥിരത കൈവരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.