റമദാൻ: വിജയത്തിലേക്കുള്ള കവാടം
റോഷൻ പുനലൂർ
2026 ഫെബ്രുവരി 28, 1447 റമദാൻ 10

അവസരങ്ങളും സാധ്യതകളും നിറഞ്ഞതാണ് റമദാൻ എന്നത് ഒരു വിശ്വാസിക്കും പുതിയ അറിവല്ല. എന്നാൽ നാം അവ ഉപയോഗപ്പെടുത്തുന്നുണ്ടോ? ഒരു അടിമക്ക് ഈ ദുൻയാവിൽ വെച്ച് നേടാവുന്ന ഏറ്റവും വലിയ വിജയമാണ് റമദാനിനെ ഉപയോഗപ്പെടുത്താനാവുക എന്നത്. കാരണം, റമദാൻ നമ്മുടെ പിരടികളെ നരകത്തിൽനിന്നും മുക്തമാക്കാൻ നമ്മെ സജ്ജരാക്കുന്നു. അല്ലാഹു പറയുന്നു: “ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവോ അവനാണ് വിജയം നേടിയത്’’ (ആലു ഇംറാൻ:185).
റമദാനിനെ ഉപയോഗപ്പെടുത്തി വിജയത്തിലേക്ക് എത്തുവാനുള്ള ചില ചവിട്ടുപടികളെ നമുക്ക് പരിചയപ്പെടാം. വിശ്വാസം മുറുകെപ്പിടിച്ച് ആത്മാർഥതയോടെ അതിലൂടെ സഞ്ചരിക്കുന്നവർക്ക് റമദാനിൽ വിജയികളായി മുന്നേറാം.
ആത്മാർഥമായ പശ്ചാത്താപം
അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവരെ റബ്ബ് ഇഷ്ടപ്പെടുകയും അവരുടെ മടക്കത്തിൽ സന്തോഷിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: “ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്’’ (അന്നിസാഅ്: 110). ഖുദ്‌സിയ്യായ ഒരു ഹദീസിൽ അല്ലാഹു പറയുന്നുണ്ട്: “ആദമിന്റെ മക്കളേ, നിങ്ങൾ എന്നെ വിളിക്കുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങൾ ചെയ്തുപോയവ ഞാൻ നിങ്ങൾക്ക് പൊറുത്തു തരും; നിങ്ങളുടെ തെറ്റുകൾ ആകാശത്തോളം എത്തിയാലും.’’
സ്വന്തം തെറ്റുകളെ മനസ്സിലാക്കി, പോരായ്മകളെ തിരിച്ചറിഞ്ഞ്, ചെയ്തുപോയ പാപങ്ങളിൽ ഖേദിക്കുന്നവരായി, അല്ലാഹുവിനെ അനുസരിക്കുവാൻ ധൃതിപ്പെട്ടുകൊണ്ട്, അവന്റെ കോപത്തിനിരയാകുന്ന തിന്മകളിലേക്ക് മടങ്ങില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അവനിലേക്ക് മടങ്ങലാണ്
ആത്മാർഥമായ പശ്ചാത്താപം. ഇവ്വിധത്തിൽ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുകയും അവൻ പൊറുത്തു തരും എന്ന ഉറച്ച ബോധ്യത്തോടെ നന്മകൾ അധികരിപ്പിച്ച് ജീവിക്കുകയും ചെയ്തവർ ശുദ്ധമായ ഹൃദയവുമായാണ് റമദാനിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
എന്നാൽ, റമദാനിൽ പ്രവേശിക്കുകയും തന്റെ തെറ്റുകളെ സംബന്ധിച്ച് ഖേദമോ കുറ്റബോധമോ ഇല്ലാതെ അവയിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവർ റമദാനിന്റെ സൗഭാഗ്യങ്ങൾ നേടാൻ ഭാഗ്യമില്ലാതെ പോകുന്നവരാണ്. അവരിൽ ഉൾപ്പെടാതിരിക്കുക. ഇനിയും വൈകിയിട്ടില്ല, അല്ലാഹുവിലേക്ക് ആത്മാർഥമായി പശ്ചാത്തപിച്ചു മടങ്ങുക.
നിശ്ചയദാർഢ്യവും ആത്മാർഥതയും

ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ഉയർന്ന ലക്ഷ്യങ്ങൾ നേടുന്നത് ദൃഢനിശ്ചയവും ആത്മാർഥതയും ഉള്ളവരാണ്. ഇവ രണ്ടും ഇല്ലാത്തവർക്ക് ലക്ഷ്യപ്രാപ്തി അസാധ്യമാണ്. ദൃഢനിശ്ചയം ഒരുവനെ അവന്റെ ലക്ഷ്യത്തിൽ തളച്ചിടും. യാതൊന്നും അവനെ അശ്രദ്ധയിൽ ആക്കുകയില്ല. അതുപോലെ ലക്ഷ്യത്തിൽ എത്തണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവൻ തന്നെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന വഴിയെ സഞ്ചരിക്കും.
ആത്മാർഥമായ ഉദ്ദേശ്യം ലക്ഷ്യപ്രാപ്തിക്കായുള്ള മാർഗം വ്യക്തമാക്കുകയും അതിലേക്ക് എത്താനുള്ള അവന്റെ നിശ്ചയദാർഢ്യം ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. ഇവ രണ്ടും നേടുന്നതിലൂടെ ലക്ഷ്യപ്രാപ്തി അവന്ന് ഉറപ്പായി.’’
നിശ്ചയ ദാർഢ്യമില്ലാതെ വിജയം അസാധ്യമാണ്. അനസ് ബിൻ നള്‌റി(റ)നെപ്പോലെ നമ്മൾ ദൃഢനിശ്ചയമുള്ളവരാകണം. ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിൽ അദ്ദേഹം നിരാശനായിരുന്നു. “വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിൽ ഏർപ്പെടുകയും ചെയ്തവരാരോ അവർ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു’’ (അൽ ബക്വറ: 218) എന്ന ആയത്ത് ഇറങ്ങിയതിൽ പിന്നെ വിശേഷിച്ചും. ആ സമയം അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! അല്ലാഹു എന്നെ അങ്ങനെയൊരു സാഹചര്യത്തിന് സാക്ഷിയാക്കിയാൽ, ഞാൻ എന്ത് ചെയ്യും എന്ന് എന്റെ റബ്ബ് അറിയുക തന്നെ ചെയ്യും.’’
അങ്ങനെ ഉഹുദ് യുദ്ധം വന്നു. നബിﷺ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത സ്വഹാബികളെ പോരാടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും പരാജയം വിശ്വാസികളിലേക്ക് ഇരച്ചു കയറുകയും ചെയ്ത സന്ദർഭത്തിൽ അനസ്(റ) അവരെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതർ എന്തിനുവേണ്ടിയാണോ പോരാടി രക്തസാക്ഷിത്വം വരിച്ചത്, അതിനുവേണ്ടി നിങ്ങളും എഴുന്നേറ്റു പോരാടുവിൻ! രക്തസാക്ഷിത്വം വഹിക്കുവിൻ!’’ എന്നിട്ട് അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണെ സത്യം, ഉഹുദിനടുത്ത് എനിക്ക് സ്വർഗത്തിന്റെ പരിമളം അനുഭവപ്പെടുന്നു.’’ അങ്ങനെ അദ്ദേഹം
തന്റെ അന്ത്യശ്വാസംവരെ ആ യുദ്ധക്കളത്തിൽ പോരാടി. യുദ്ധാനന്തരം, അദ്ദേഹത്തിന്റെ മയ്യിത്ത് സ്വഹാബികൾക്ക് തിരിച്ചറിയാൻ പോലും സാധിച്ചില്ല. 80 ഓളം വെട്ടുകൾ ആ ശരീരത്തെ തിരിച്ചറിയാനാകാത്തവിധം വികൃതമാക്കിയിരുന്നു. അവസാനം, അദ്ദേഹത്തിന്റെ സഹോദരിയാണ് വിരൽത്തുമ്പുകൾ കണ്ടുകൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ അപാരമായ നിശ്ചയദാർഢ്യത്തെയും സത്യസന്ധതയെയും സംബന്ധിച്ച് അല്ലാഹുവിന്റെ വചനം ഇറങ്ങി: “സത്യവിശ്വാസികളിൽ ചിലരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ കരാർ ചെയ്തുവോ അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. മറ്റു ചിലരാകട്ടെ അതിനായി കാത്തിരിക്കുന്നു. അവർ ആ കരാറിന് യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’ (അൽഅഹ്‌സാബ്: 23).
അനസ്(റ) യുദ്ധക്കളത്തിൽ വിജയിച്ചതുപോലെ റമദാനിൽ വിജയിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അദ്ദേഹത്തെപ്പോലെ ലക്ഷ്യത്തെ സംബന്ധിച്ച് ആത്മാർഥതയും നിശ്ചയദാർഢ്യവും ഉള്ളവരാകുക.
അല്ലാഹുവിന്റെ പ്രീതി നേടലാകണം പ്രഥമ ലക്ഷ്യം
ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ഒരു അടിമ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടിയാൽ അല്ലാഹു അവന്റെ എല്ലാ ആവശ്യങ്ങളും ഏറ്റെടുക്കും, അവനെ അലട്ടുന്ന എല്ലാം അവനിൽനിന്ന് നീക്കം ചെയ്യും, അല്ലാഹുവിനോടുള്ള ഇഷ്ടത്തിനായി അവന്റെ ഹൃദയം വിശാലമാക്കും, അവന്റെ നാവ് അല്ലാഹുവിന്റെ സ്മരണയിൽ ചലിക്കും, പേശികൾ അവനെ അനുസരിക്കുന്നതിൽ വ്യാപൃതമാകും. എന്നാൽ, ഒരുവൻ ദുൻയാവ് ലക്ഷ്യം വെച്ചുകൊണ്ട് തന്റെ ദിവസം കഴിച്ചുകൂട്ടിയാൽ ദുൻയാവിന്റെ പ്രയാസങ്ങളും ദുരിതങ്ങളും അല്ലാഹു അവനെ വഹിപ്പിക്കുകയും അവന്റെ കാര്യം അവനുതന്നെ വിട്ടുകൊടുക്കുകയും ചെയ്യും.

അവന്റെ ഹൃദയം അല്ലാഹുവിനോടുള്ള ഇഷ്ടത്തിന് പകരം ആളുകളോടുള്ള ഇഷ്ടത്താൽ നിറയും, അവന്റെ നാവ് ചലിക്കുന്നത് അവരെപ്പറ്റിയുള്ള പരാമർശങ്ങൾക്കായി മാത്രമാവും, അവന്റെ പേശികൾ അവർക്ക് അടിമവൃത്തി ചെയ്യുന്നതിൽ വ്യാപൃതമാകും. അവൻ മറ്റുള്ളവർക്കായി ഓടിനടന്ന് സ്വന്തത്തെ അവശതയിലാക്കും. മറ്റുള്ളവർക്കായി അവൻ അവന്റെ മാംസപേശികളെ നുരുമ്പിപ്പിക്കും. അതിനാൽ, ആരെങ്കിലും സ്രഷ്ടാവിന് അടിപ്പെടുന്നതിൽനിന്നും അനുസരിക്കുന്നതിൽനിന്നും അവനെ ഇഷ്ടപ്പെടുന്നതിൽനിന്നും തിരിഞ്ഞുവോ അവർ സൃഷ്ടികൾക്ക് അടിമവേല ചെയ്യുന്നതിലും അവരോടുള്ള ഭ്രമത്താലും സ്വയം നശിക്കും. അല്ലാഹു പറയുന്നു: ‘പരമകാരുണികന്റെ ഉൽബോധനത്തിന് നേർക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന് നാം ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊടുക്കും. പിന്നെ ആ പിശാചായിരിക്കും അവന്റെ കൂട്ടുകാരൻ’’ (അസ്സുഖ്‌റുഫ്: 36).
വിശ്വാസവും പ്രതീക്ഷയും
ആരാധനാകർമങ്ങളിൽ ഏർപ്പെടുന്നത് വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമായിരിക്കണം. ചിലരെങ്കിലും നോമ്പെടുക്കുന്നത് റമദാനിൽ നോമ്പെടുക്കാതിരിക്കുന്നത് മോശമാണെന്ന ചിന്തയാലും തറാവീഹ് നമസ്‌കരിക്കുന്നത് ചെറുപ്പം മുതലുള്ള ശീലമായതിനാലുമാണ്. എന്നാൽ, വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമല്ലാതെ ചെയ്യുന്ന ആരാധനാകർമങ്ങൾ നമുക്ക് ഉപകരിക്കുകയില്ല.
തിരുദൂതർﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു: “വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ആരെങ്കിലും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും. വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ആരെങ്കിലും റമദാനിൽ നിന്നു നമസ്‌കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും’’ (ബുഖാരി).
തിരുദൂതർﷺ പറഞ്ഞു: “വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ആരെങ്കിലും ലൈലത്തുൽ ക്വദ്‌റിൽ നിന്നു നമസ്‌കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും വിശ്വാസത്തോടെയും പ്രതീക്ഷയോടെയും റമദാനിൽ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും.’’
‘വിശ്വാസത്തോടെയും പ്രതീക്ഷയോടെയും’ എന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാം പഠിപ്പിക്കുന്ന എല്ലാ വിശ്വാസ കാര്യങ്ങളും അതിൽ പെടും. അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ആഗ്രഹിച്ചു കൊണ്ടായിരിക്കണം ആരാധനകൾ ചെയ്യുന്നത്. നോമ്പനുഷ്ഠിക്കുന്നതും രാത്രിയിൽ ദീർഘമായി നമസ്‌കരിക്കുന്നതും ജനങ്ങളെ കാണിക്കുവാനോ അല്ലെങ്കിൽ അവരിൽനിന്ന് വേറിട്ടുനിൽക്കാൻ മടിയായതിനാലോ ആയിരിക്കരുത്. അവയെ ഭാരമായി കണ്ടുകൊണ്ട് ചെയ്യുകയുമരുത്. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് മാത്രമായിരിക്കണം.
വിടവാങ്ങുന്നവന്റെ നോമ്പ്
ഇബ്‌നുമാജ റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ അബൂ അയ്യൂബ്(റ) നിവേദനം ചെയ്യുന്നു: “ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: ‘അല്ലയോ തിരുദൂതരേ, എന്നെ ചുരുങ്ങിയ വാക്കുകളിൽ ഉദ്‌ബോധിപ്പിച്ചാലും.’ നബിﷺ പറഞ്ഞു: ‘നീ നമസ്‌കരിക്കാനായി നിന്നാൽ വിടവാങ്ങുന്നവന്റെ നമസ്‌കാരം നമസ്‌കരിക്കുക.’ ഇഹലോകത്തെ തന്റെ അവസാന നമസ്‌കാരമാണ് ഇതെന്ന് വിചാരിച്ചുകൊണ്ട് നമസ്‌കരിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടത്. ഈയൊരു വിചാരത്തോടെ നമസ്‌കരിക്കുമ്പോൾ പൂർണ ഭക്തിയോടും ശ്രദ്ധയോടും അടക്കത്തോടെയും സമയമെടുത്തുകൊണ്ടും നമുക്ക് അത് നിർവഹിക്കാൻ സാധിക്കും. ചുറ്റുമുള്ള യാതൊന്നും നമ്മളെ അശ്രദ്ധയിൽ ആക്കുകയില്ല. കാരണം, ഇതിന് ശേഷം ഒരു നമസ്‌കാരം നമുക്കുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.
ഇതുപോലെ തന്നെയാണ് റമദാനിലെ നോമ്പിന്റെയും കാര്യം. റമദാനിനെ ഉപയോഗപ്പെടുത്തി വിജയിക്കാൻ ആഗ്രഹിക്കുന്നവർ ഇത് തങ്ങളുടെ ജീവിതത്തിലെ അവസാന റമദാനാണെന്നും ഇനിയൊരു റമദാൻ ഇല്ലെന്നും മനസ്സിനെ ബോധ്യപ്പെടുത്തുക. ഇത് പൂർണാർഥത്തിൽ നോമ്പെടുക്കാൻ നിങ്ങളെ സഹായിക്കും. നോമ്പിന്റെ പൂർണതയുടെ ഭാഗമാണ് അല്ലാഹുവിന് ഇഷ്ടമില്ലാത്ത എല്ലാത്തിൽനിന്നും ഒരു വിശ്വാസി നോമ്പെക്കുക എന്നത്. നബിﷺ പറഞ്ഞു: “ഭക്ഷണപാനീയങ്ങളിൽനിന്നു(മാത്രം) വിട്ടുനിൽക്കലല്ല നോമ്പ്. നോമ്പെന്നാൽ വെറുംവാക്കുകളിൽനിന്നും അസഭ്യം പറയുന്നതിൽനിന്നും കൂടി വിട്ടുനിൽക്കലാണ്.’’ ജാബിർ ബിൻ അബ്ദുല്ല(റ) പറഞ്ഞു: “നീ നോമ്പെടുത്താൽ നിന്റെ കണ്ണും കാതും നാവുമെല്ലാം പരദൂഷണത്തിൽനിന്നും അപവാദത്തിൽനിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കുന്നതിൽ നിന്ന് നീ വിട്ടുനിൽക്കുകയും ചെയ്യുക. മാന്യതയും സമാധാനവും മുറുകെ പിടിക്കുക. നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നിനക്ക് ഒരുപോലെയാകരുത്.’’
ജനങ്ങളിൽ അധികപേരും വഞ്ചിതരായിരിക്കുന്നു. അവർ റമദാനിലെ പകലുകളിൽ ഭക്ഷണ പാനീയങ്ങളിനിന്നും തങ്ങളുടെ ഇണകളിൽനിന്നും വിട്ടുനിന്ന് നോമ്പനുഷ്ഠിക്കുന്നു. എന്നാൽ യഥാർഥത്തിൽ അവർ നിഷിദ്ധങ്ങളിൽ നീന്തിത്തുടിക്കുകയാണ് . അവർ അപവാദം പറയുന്നു, പരദൂഷണം പറയുന്നു, അവരുടെ നോട്ടങ്ങൾ സ്ത്രീകൾക്കുമേൽ വിഹരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വഞ്ചിതരായവരെ പറ്റിയാണ് നബിﷺ പറയുന്നത്: ‘എത്രയെത്ര നോമ്പുകാരാണ്! അവർക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നും ലഭിക്കുന്നില്ല. എത്രയെത്ര നമസ്‌കാരക്കാരാണ്! അവർക്ക് ക്ഷീണമല്ലാതെ ഒന്നും ലഭിക്കുന്നില്ല.’ മറ്റൊരു ഹദീസിൽ നബിﷺ പറയുന്നു: “ആരെങ്കിലും കളവിൽനിന്ന് വിട്ടുനിൽക്കാത്തപക്ഷം, അവർ ഭക്ഷണപാനീയങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല.’’
ഇത് പലർക്കും അറിയില്ല. അറിയുന്ന പലരും അത് കാര്യമാക്കുന്നില്ല. അതുകൊണ്ടു തന്നെ, അവർ ഓരോ റമദാനിലും നോമ്പെടുക്കുന്നു; പക്ഷേ, അത് അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നില്ല.

