അലിയ്യ് ബിൻ അബ്ബാസ് അൽമജൂസി
ഡോ. ടി. കെ. യൂസുഫ്
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 14)
മനുഷ്യശരീരത്തെക്കുറിച്ചും രോഗങ്ങളെകുറിച്ചും തന്റെ വ്യക്തിപരമായ അറിവിനും അനുഭവത്തിനുമുപരിയായി ഈ വിഷയത്തിൽ പൂർവികരാൽ എഴുതപ്പെട്ട മുഴുവൻ വിവരങ്ങൾ കൂടി സ്വായത്തമാക്കാൻ ശ്രമിച്ച, വൈദ്യവിദ്യാർഥികൾക്ക് എക്കാലത്തും മാതൃകയാക്കാൻ പറ്റിയ ഒരു വ്യക്തിയാണ് അലിയ്യ് ബിൻ അബ്ബാസ് അൽമജൂസി. പിതാമഹൻ ഒരു അഗ്‌നിയാരാധകനായതു കൊണ്ടാണ് പേർഷ്യക്കാരനായ ഇദ്ദേഹം ഇബ്‌നുൽ മജൂസി എന്ന പേരിലറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജനന തീയതി ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഇന്നത്തെ ഇറാനിൽപെട്ട അഹ്‌വാസ് നഗരത്തിലാണ് അദ്ദേഹം ജനിച്ചതെന്നും ക്രിസ്താബ്ദം 1010ലാണ് മരണപ്പെട്ടതെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അള്ദുദ്ദൗല രാജാവിന് വേണ്ടി അദ്ദേഹം രചിച്ച ‘കിതാബുൽ മലകി’ എന്ന പേരിലറിയപ്പെടുന്ന ‘കാമിലുസ്സിനാഅതുത്ത്വിബ്ബിയ്യ’ എന്ന വൈദ്യവിവര ശേഖരമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ രചന. ഇബ്‌നു സീനയുടെ ‘കാനൻ’ രചിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഈ കൃതിയായിരുന്നു ജനങ്ങൾ അവലംബിച്ചിരുന്നത്. കാനന് ശേഷം ചിലരൊക്കെ ഈ ഗ്രന്ഥം കൈവിട്ടങ്കിലും പ്രായോഗിക വൈദ്യത്തിൽ മികവുറ്റത് കിതാബുൽ മലകി തന്നെയായിരുന്നു. അനാട്ടമിയിൽ അതുല്യ അവലംബമായ അദ്ദേഹത്തിന്റെ കൃതി യൂറോപ്യൻ രാജ്യങ്ങളിൽ വളരെ കാലം ആശ്രയിച്ചിരുന്നു.
അദ്ദേഹത്തിന്റെ ‘കാമിലുസ്സിനാ അതുത്ത്വിബ്ബിയ്യ’ എന്ന പ്രസിദ്ധ കൃതിക്ക് രണ്ട് സമ്പൂർണ വാള്യങ്ങളാണുള്ളത്. ഓരോ വാള്യത്തിലും പത്ത് പ്രബന്ധങ്ങളാണുള്ളത്. ഓരോ അധ്യായത്തിലും യഥാക്രമം താഴെ പറയുന്ന വിവരങ്ങളാണ് ഉൾകൊളളിച്ചിട്ടുളളത്: ശരീരത്തിന്റെ പൊതുവിവരം; അവയവങ്ങളുടെ പ്രകൃതം, അവയവങ്ങളുടെ ദൗത്യം, ആത്മീയശക്തി, ശാരീരികശക്തി, പ്രകൃത്യാതീത കാര്യങ്ങൾ, രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗനിർണയ വഴികൾ. ഓരോന്നും വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമത്തെ വാള്യത്തിൽ ഔഷധങ്ങളും വ്യത്യസ്ത ചികിത്സാരീതികളുമാണ് വിവരിക്കുന്നത്.
വൈദ്യവിവരത്തിൽ പൂർവികരായ ഗ്രീക്കുകാരും മറ്റും എഴുതിയത് അദ്ദേഹം പഠിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് അവയിൽ ചിലതിനെ അദ്ദേഹം തെളിവുസഹിതം വിമർശനവിധേയമാക്കിയി ട്ടുണ്ട് എന്നതാണ്. ഇബ്‌നുൽ മജൂസി പൂർവികരെ വിമർശിച്ചത് ബുദ്ധിപരമായി തെളിവ് സഹിതമാ ണെന്ന് ഓറിയന്റലിസ്റ്റ് വനിതയായ സിഗരീത് ഹോങ്കെ അവരുടെ ‘അറബ് സൂര്യൻ യൂറോപ്പിന് വെളിച്ചം നൽകുന്നു’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
അലിയ്യ് ബിൻ അബ്ബാസ് അൽമജൂസി പൂർവികരെ വിമർശിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: ‘പൂർവികരുടെ കയ്യെഴുത്ത് പ്രതികളിലൊന്നിലും തന്നെ ഒരാൾക്ക് വൈദ്യവിദ്യ അഭ്യസിക്കാൻ അനിവാര്യമായ മുഴുവൻ വിവരങ്ങളും ഉൾകൊളളുന്നതായി എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്, ഹിപ്പോക്രാറ്റസ് വളരെ സംക്ഷിപ്തമായിട്ടാണ് വൈദ്യ വിവരങ്ങൾ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മിക്ക വാചകങ്ങളും അവ്യക്തവും അനുബന്ധക്കുറിപ്പ് ആവശ്യമുളളതുമാണ്. അതുപോലെ ഗാലന്റെ ഗ്രന്ഥങ്ങളിൽ രോഗശമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് അധികവും കാണപ്പെടുന്നത്. അതോടൊപ്പം അവ സുദീർഘവും ധാരാളം ആവർത്തനം ഉൾകൊള്ളുന്നതുമാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ അർഥത്തിലും വൈദ്യവിദ്യ പഠിക്കാനാവശ്യമായ ഒരു ഗ്രന്ഥം എനിക്ക് പൂർവികരുടെ രചനകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഞാൻ എന്റെ ഈ കൃതിയിൽ ആരോഗ്യത്തെക്കുറിച്ചും രോഗങ്ങ ളെകുറിച്ചുമുള്ള മുഴുവൻ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്. ഓരോ ചികിത്സകനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് അതിൽ വിവരിച്ചിട്ടുളളത്.’
ഇബ്‌നുൽ മജൂസിയുടെ രചന പൂർവികരുടെതിൽനിന്നും എങ്ങനെ വ്യതിരിക്തമാകുന്നുവെന്ന് ‘സിഗരീത് ഹോങ്കെ’ വിവരിക്കുന്നുണ്ട്. ഗർഭസ്ഥശിശു സ്വയം ചലിച്ചുകൊണ്ടാണ് പുറത്തു വരുന്നത് എന്നാണ് ഹിപ്പോക്രാറ്റസും അദ്ദേഹത്തിന്റെ ശേഷം വന്ന മറ്റുള്ളവരും പറഞ്ഞത്. എന്നാൽ ഗർഭാശയ പേശികൾ സങ്കോചിക്കുന്നതുകൊണ്ടാണ് ശിശു പുറത്തു വരുന്നത് എന്ന് ആദ്യമായി പറഞ്ഞത് ഇബ്‌നുൽ മജൂസിയാണ്. ഇബ്‌നുൽ മജൂസിയുടെ കണ്ടെത്തെലുകൾ ആധുനിക കാലത്ത് നിസ്സാരമാണെങ്കിലും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അത് അപാരം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര വിലയിരത്തലുകൾ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാവുന്നതാണ്:
1. ആരോഗ്യം മെച്ചപ്പെടുത്താനാണ് നാം ആദ്യം ശ്രമിക്കേണ്ടത്.
2. ഔഷധ പ്രയോഗത്തിനു മുമ്പ് പോഷകാഹരത്തിലൂടെ രോഗശമനം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
3. സമ്മിശ്ര ഔഷധക്കൂട്ടുകൾ സേവിക്കുന്നതിന് മുമ്പായി ഒറ്റമൂലികൾ പരീക്ഷിക്കാവുന്നതാണ്.
4. അജ്ഞാതവും അപരിചിതവുമായ ഔഷധങ്ങൾ വർജിക്കേണ്ടാതാണ്.
5. നാഡിമിടിപ്പ് രോഗനിർണയത്തിൽ നിർണായകമാണ്.
6. രോഗം, രോഗി, ഭിഷഗ്വരൻ ഈ ത്രിമൂർത്തികളിൽ രോഗി ഡോക്ടർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുമ്പോൾ രണ്ടുപേർക്ക് ഒരാളെ നിഷ്പ്രയാസം പരാജയപ്പെടുത്താം. എന്നാൽ രോഗി ഡോക്ടറുടെ നിർദേശങ്ങൾ കാറ്റിൽ പറത്തുമ്പോൾ ഇവർ രണ്ടുപേരും ഡോക്ടർക്ക് എതിരെ തിരിയുകയാണ് ചെയ്യുന്നത്.
7. ഡോക്ടർമാരുടെ ലക്ഷ്യം പണമാകരുത്. ഗർഭഛിദ്രം പോലുളള മാരക ചെയ്തികൾക്ക് മരുന്നുകൾ നൽകരുത്. സൗമ്യതയും വിനയവും പാവപ്പെട്ടവരോട് അനുകമ്പയും വേണം. രോഗികളുടെ രഹസ്യങ്ങൾ ഒരിക്കലും വെളിപ്പെടുത്തരുത്.
‘കിതാബുൽ മലകി’ അഥവാ ‘കാമിലുസ്സിനാഅതുത്ത്വിബ്ബിയ്യ’ എന്ന വൈദ്യകൃതിയാണ് ആദ്യമായി അറബി ഭാഷയിൽനിന്ന് ലാറ്റിൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. ഇറ്റലിയിലെ സലേർനോ മെഡിക്കൽ സ്‌കൂളിലെ പ്രിൻസിപ്പിളായ ‘ക്വസ്റ്റന്റൈൻ ദി ആഫ്രിക്കൻ’ എന്ന വൈദ്യശാസ്ത്ര പുരോഹിതനാണ് പ്രസ്തുത ഗ്രന്ഥം വിവർത്തനം ചെയ്തത്. 1020-1087 കാലഘട്ടത്തിൽ ജീവിച്ച അദ്ദേഹം ഈ ഗ്രന്ഥം തന്റെതായി അവതരിപ്പിച്ചു എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നിടത്ത് വിക്കിപീഡിയയിൽ അദ്ദേഹം ‘കാമിലുസ്സിനാഅ’ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1128ൽ ഇത്യാൻ അന്താകി എന്ന മറ്റൊരു ഗവേഷനും അൽ മജൂസിയുടെ ഈ ഗ്രന്ഥം വിവർത്തനം ചെയ്തിട്ടുണ്ട്.
അൽകിന്തി: വൈദ്യശാസ്ത്രത്തിലെ ദാർശനികൻ

മഹത്തായ വിജ്ഞാന ശാഖയായ വൈദ്യശാസ്ത്രത്തിന് പുറമെ തത്ത്വചിന്തയും ഗണിതവും ഗോളശാസ്ത്രവും കലക്കിക്കുടിച്ച ഒരു പ്രതിഭയാണ് അബൂയൂസുഫ് യഅ്കൂബ് ബിൻ ഇസ്ഹാഖ് അൽ കിന്തി. എഡി 805ൽ കൂഫയിലാണ് അദ്ദേഹം ജനിച്ചത്. 873ൽ ബഗ്ദാദിൽവച്ച് ഈ ലോകത്തോട് വിട പറയുന്നതുവരെ ഈ നഗരങ്ങളിൽനിന്ന് തന്നെയാണ് അദ്ദേഹം പഠനം നടത്തിയത്.
സമൂഹത്തിൽ വലിയ സ്ഥാനമാനങ്ങളും അധികാരവുമുളള കുലീനമായ വംശപാരമ്പര്യമാണ് കിന്തിക്കുള്ളത്. അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യം പ്രസിദ്ധ സ്വഹാബിയായ അസ്അസ് ബിൻ ഖൈസിൽവരെ എത്തുന്നുണ്ട്. അദ്ദേഹം തന്റെ കാലത്തെ ഭരണാധികാരികളോട് നല്ല അടുപ്പവും ബന്ധവുമുള്ള വ്യക്തിയായിരുന്നു. ഖലീഫ മഅ്മൂൻ, മുഅ്തസിം എന്നിവരുടെ കാലഘട്ടത്തിൽ വളരെ ആത്മാർഥതയോടെ രാജകൊട്ടാരത്തിന് കീഴിൽ ജോലി ചെയ്തിട്ടുണ്ട്. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, തത്ത്വചിന്ത എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന് പ്രസിദ്ധി നൽകിയത്.
വിവർത്തനത്തിൽ നൈപുണ്യമുണ്ടായിരുന്ന കിന്തി ബത്‌ലീമൂസിന്റെയും ഗാലന്റെയും ഗ്രന്ഥങ്ങൾ അറബിയിലേക്ക് ഭാഷാന്തരം ചെയ്തു. വൈദ്യവിജ്ഞാനത്തിൽ മാത്രം അദ്ദേഹത്തിന് ഇരുപതിലധികം രചനകളുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി നൂറിലധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം വൈദ്യന്മാരെ ഇപ്രകാരം ഉപദേശിച്ചിരുന്നു: ‘നിങ്ങൾ കാരണം ഒരാൾക്ക് രോഗശമനം ലഭിച്ചു എന്ന് കേൾക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടും. എന്നാൽ നിങ്ങൾ കാരണം ഒരു രോഗി മരിച്ചു എന്ന് കേൾക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യത്തിൽ ഞാൻ പാരമ്യത്തിലെത്തി എന്ന് വിചാരിക്കുന്നവർ വിഡ്ഢികളാണ്.’
കിന്തിയുടെ തത്ത്വചിന്തയിലെ അധ്യാപനങ്ങളാണ് കൂടുതൽ പ്രസിദ്ധമായിട്ടുള്ളത്. എന്നാൽ വൈദ്യ ശാസ്ത്രത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ പ്രശംസനീയമാണ്.(അവസാനിച്ചു)
