ആരാണ് നിങ്ങളുടെ സുഹൃത്തുക്കൾ? 2
മുഹമ്മദ് സിയാദ് ജുബൈൽ
2026 മെയ് 16, 1447 ദുൽഖഅദ് 27

വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങളെ തടഞ്ഞു നിർത്തി നിങ്ങളുടെ യാത്രയിൽ കൂടെ കൊണ്ടുപോകാൻ ആവശ്യപ്പെടുന്ന ഒരു മനുഷ്യനോടെന്നപോലെ നിങ്ങൾ അവനോട് പെരുമാറുക. നിങ്ങളാണ് അവനെ കൊണ്ടുപോകുന്നത്, അവൻ നിങ്ങളെ കൊണ്ടുപോകുന്നതല്ല എന്നത് ഉറപ്പാക്കുക. അവനോടൊപ്പം യാത്ര ചെയ്യുന്നതിൽനിന്ന് ഒരു നേട്ടവുമില്ലെങ്കിൽ, അവനുവേണ്ടി നിങ്ങൾ കാത്തുനിൽക്കരുത്; അവനോട് യാത്ര പറഞ്ഞു പിരിയുക. അവനെ തിരിഞ്ഞുനോക്കാൻ പോലും ശ്രമിക്കരുത്. കാരണം അവൻ യഥാർഥത്തിൽ ആരുതന്നെയായാലും അവൻ ഒരു കൊള്ളക്കാരനാണ്. അതിനാൽ, നിങ്ങളുടെ ഹൃദയത്തെ നിങ്ങൾ സംരക്ഷിക്കുക! നിങ്ങളുടെ പകലും രാത്രിയും എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുക, ലക്ഷ്യസ്ഥാനത്ത് നിങ്ങൾ എത്തുന്നതിനുമുമ്പ് സൂര്യൻ അസ്തമിക്കാൻ അനുവദിക്കരുത്’’ (അൽവാബിലുസ്സ്വയ്യിബ്).
‘സൊറ’ പറഞ്ഞു കുത്തിയിരിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടുകാർ നമ്മുടെ സമയം കൊള്ളയടിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് വലിയ ജാഗ്രത വേണം. കാരണം സമയം കൊള്ളയടിക്കപ്പെടുന്നത് സമ്പത്തു കൊള്ളയടിക്കപ്പെടുന്നത് പോലെയല്ല. നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു കാര്യമാണ് സമയം!
അതുകൊണ്ട് തന്നെ മോശം കൂട്ടുകെട്ടിൽ അകപ്പെടാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം; പ്രത്യേകിച്ചും വളർന്നുവരുന്ന നമ്മുടെ കുട്ടികൾ മോശം കൂട്ടുകെട്ടിൽ അകപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തണം. ഒരു പരിധിക്കപ്പുറം നമുക്ക് കുട്ടികളെ ശ്രദ്ധിക്കാൻ കഴിയുകയുമില്ല എന്നത് ശരി തന്നെയാണ്. എങ്കിലും ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കാനും അതിന്റെ അപകടങ്ങൾ പഠിപ്പിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും നമുക്ക് സാധിക്കും. അങ്ങനെ അല്ലാഹുവിന്റെ കൽപനകൾ പാലിക്കാൻ നമുക്ക് പരമാവധി ശ്രമിക്കാം.
അല്ലാഹു പറയുന്നത് ഓർക്കുക: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (ഇസ്‌റാഅ്: 36).
ഈ വാക്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമുണ്ട്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ, കാമുകീ-കാമുകന്മാരെ സ്വീകരിക്കുന്നത് സർവസാധാരണമായി കാണുന്ന ഒരു സമൂഹത്തിലാണ് നമ്മളെങ്കിൽ, കാലക്രമേണ നാം ഇത് ചെയ്തില്ലെങ്കിലും നമുക്ക് ഇത് സാധാരണവും ആകർഷകവുമാണെന്ന് തോന്നാൻ തുടങ്ങും, അതിനെ നോർമലൈസ് ചെയ്യും. അനുചിതമായ രീതിയിൽ വസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തിലാണെങ്കിൽ, കാലക്രമേണ നമ്മുടെ ലജ്ജ ഇല്ലാതാവുകയും, കൂട്ടാളികൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് നാം ആകർഷിക്കപ്പെടുകയും അതിനോട് ചായ്‌്വ്കാണിക്കുകയും ചെയ്യും.
അപവാദം പറയുകയും പരദൂഷണം പറയുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണ് നമ്മളെങ്കിൽ, അതിൽ ഭാഗമാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, നമ്മൾ അത് അറിയുന്നതിനുമുമ്പേ അതിൽ വീഴും.
നാം നിലകൊള്ളുന്ന ചുറ്റുപാടുകളുടെയും കൂട്ട് കൂടുന്ന സുഹൃത്തുക്കളുടെയും സ്വാധീനം പലപ്പോഴും നാമറിയാതെ നമ്മെ സ്വാധീനിക്കുകയും നമ്മുടെ ചിന്തകളിലും നമ്മുടെ പ്രവൃത്തികളിലും പ്രകടമാവുകയും ചെയ്യും എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
ഇതുകൊണ്ടാണ് നമ്മെ എത്രമാത്രം സ്വാധീനിക്കുമെന്ന് നമുക്ക് അറിയാത്ത ഒരു കാര്യത്തെ പിന്തുടരരുതെന്ന് അല്ലാഹു നമ്മെ ഉണർത്തിയത്. കാരണം, നമ്മൾ കേൾക്കുന്നതും കാണുന്നതും നമ്മുടെ ഹൃദയങ്ങളിൽ നിലനിൽക്കും. അന്ത്യനാളിൽ അവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും.
ഇവിടെ, മനുഷ്യരായ കൂട്ടുകാരെ കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്. ഇന്ന് നമ്മുടെ കൂട്ടാളികളായി മാറിയ സാമൂഹ്യ മാധ്യമങ്ങളും ഇതിന്റെ പരിധിയിൽ വരും. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം മുതലായവയിലെ ചില വ്യക്തികളെ, അല്ലെങ്കിൽ പേജുകളെ പിന്തുടർന്ന് നമ്മൾ സോഷ്യൽ മീഡിയയിൽ നമ്മുടെ ഭൂരിഭാഗം സമയവും ചെലവഴിക്കുകയാണെങ്കിൽ, കാലക്രമേണ ആ പേജുകളിൽ നമ്മൾ കാണുന്നത് നമ്മുടെ ഹൃദയത്തിൽ വിശ്രമിക്കുകയും നമ്മുടെ പ്രവൃത്തികളിൽ പ്രകടമാവുകയും ചെയ്യും.
ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കുന്നതോ പ്രത്യേക രീതിയിൽ പെരുമാറുന്നതോ ആയ ഒരാളെ നമ്മൾ കണ്ടാൽ, കാലക്രമേണ നമ്മൾ അത് ആഗ്രഹിക്കുകയും അത് ആകർഷകമായി കണ്ടെത്തുകയും അത് സ്വയം ചെയ്യാൻ തുടങ്ങുകയും ചെയ്യും.
തമാശകളും കോമഡികളും ഉൾകൊള്ളുന്ന പേജുകൾ നമ്മൾ പിന്തുടരുമ്പോൾ അതിൽ ഉപയോഗിച്ച ഭാഷ സഭ്യേതരമാണെന്ന് നമുക്ക് അറിയാമെങ്കിൽ പോലും, കാലക്രമേണ അവ നമുക്ക് തെറ്റല്ലാതായിത്തീരും, സർവസാധാരണവും സ്വീകാര്യവുമാകും; നമ്മൾ അവ സ്വയം ചെയ്യാൻ തുടങ്ങുകയും ചെയ്യും. ട്രോളുകളും പ്രാങ്കുകളും ഈ ഗണത്തിൽ പെടുന്നതാണ്.
അതിനാൽ ജാഗ്രത പാലിക്കുക! ഈ കാര്യങ്ങളെ നിസ്സാരമായി കാണരുത്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ആത്മീയതയെയും ഹൃദയത്തിന്റെ വെളിച്ചത്തെയും നശിപ്പിക്കുന്നുണ്ടാകാം. അല്ലാഹു നമ്മുടെ ഹൃദയങ്ങളെയും കണ്ണുകളെയും കാതുകളെയും നാവിനെയും സംരക്ഷിക്കട്ടെ.
നബിﷺ നമ്മെ ഓർമപ്പെടുത്തി: “മനുഷ്യൻ തന്റെ സുഹൃത്തിന്റെ മതത്തിലാണ്; അതിനാൽ ഓരോരുത്തരും ആരെയാണ് സുഹൃത്താക്കുന്നതെന്ന് ചിന്തിച്ചുകൊള്ളട്ടെ’’ (അബൂദാവൂദ്).
ഈ വാതിൽ നമുക്കായി തുറക്കാൻ അല്ലാഹുവിനോട് ആത്മാർഥമായി പ്രാർഥിക്കുക. ഇത് നന്മയുടെ ഒരു പ്രധാന വാതിലാണ്. നാം അവനോട് അതിനായി അപേക്ഷിക്കുകയും നമ്മുടെ സ്വന്തം ഗുണത്തിനും സ്ഥിരതയ്ക്കും വേണ്ടി അത് അന്വേഷിക്കുകയും വേണം.
തന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ഒരു ദിവസം അല്ലാഹു തന്റെ തണലിട്ടുകൊടുക്കുമെന്ന് പറഞ്ഞ ഏഴ് കൂട്ടരിൽ പെട്ട ഒരു വിഭാഗം ‘അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുന്ന രണ്ടുപേരാണ്; അവർ, അല്ലാഹുവിനു വേണ്ടി പരസ്പരം കണ്ടുമുട്ടുകയും അല്ലാഹുവിനു വേണ്ടി വേർപിരിയുകയും ചെയ്യുന്നവരാണ്’ എന്നാണ് നബിﷺ പറഞ്ഞത് (ബുഖാരി, മുസ്‌ലിം).
അല്ലാഹുവിനുവേണ്ടി നമ്മെ സ്‌നേഹിക്കുകയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സദ്‌വൃത്തരായ സുഹൃത്തുക്കൾ. അവരെ അന്വേഷിക്കുക. അന്ത്യനാളിൽ അവർ നമുക്ക് വേണ്ടി ശുപാർശ ചെയ്യും.
ഹദീസിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്, വിശ്വാസികൾ അന്ത്യനാളിൽ സ്വിറാത്തു പാലം കടന്ന് പോകുമ്പോൾ നരകത്തിൽ പ്രവേശിച്ച അവരുടെ സഹോദരങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യും എന്നാണ്. അവർ പറയും: ‘അല്ലാഹുവേ! ഞങ്ങളുടെ സഹോദരങ്ങളെ (രക്ഷിക്കണമേ). കാരണം അവർ ഞങ്ങളോടൊപ്പം നമസ്‌കരിക്കുകയും ഞങ്ങളോടൊപ്പം നോമ്പെടുക്കുകയും ഞങ്ങളോടൊപ്പം സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.’ അല്ലാഹു പറയും: ‘നീ പോയി ഹൃദയത്തിൽ ഒരു ദീനാറിനു തുല്യമായ വിശ്വാസം കണ്ടെത്തുന്നവരെ (നരകത്തിൽ നിന്ന്) പുറത്തെടുക്കുക.’ അങ്ങനെ, അവരുടെ മുഖങ്ങൾ അല്ലാഹു നരകത്തിനു നിഷിദ്ധമാക്കും. അവർ അവരുടെ അടുത്തേക്ക് പോകുമ്പോൾ അവരിൽ ചിലരെ അവരുടെ കാലുവരെയും ചിലരെ അവരുടെ കാലുകളുടെ മധ്യഭാഗംവരെയും നരകത്തിൽ കണ്ടെത്തും. അങ്ങനെ അവർ തിരിച്ചറിയുന്നവരെ അവർ പുറത്തെടുക്കും. പിന്നീട് അവർ മടങ്ങിവരും. അല്ലാഹു (അവരോട്) പറയും: ‘ആരുടെ ഹൃദയത്തിൽ അര ദീനാറിനു തുല്യമായ വിശ്വാസം കണ്ടെത്തുന്നുവോ അവരെ (നരകത്തിൽനിന്ന്) പുറത്തെടുക്കുക.’ അവർക്ക് തിരിച്ചറിയുന്നവരെ അവർ പുറത്തെടുക്കുകയും തിരികെ മടങ്ങുകയും ചെയ്യും. തുടർന്ന് അല്ലാഹു പറയും: ‘ആരുടെ ഹൃദയത്തിൽ ഒരു അണുത്തൂക്കം വിശ്വാസം നിങ്ങൾ കണ്ടെത്തുന്നുവോ അവരെ (നരകത്തിൽനിന്ന്) പുറത്തെടുക്കുക. അങ്ങനെ അവർ തിരിച്ചറിയുന്നവരെയെല്ലാം അവർ പുറത്തെടുക്കും’ (ബുഖാരി).
അതുകൊണ്ട് അന്ത്യദിനത്തിൽ അല്ലാഹുവിന്റെ തണലിൽ നമ്മുടെയരികിൽ ആരെ വേണമെന്ന് ചിന്തിക്കുക. നമ്മെ അന്വേഷിക്കുകയും ശാശ്വത സ്വർഗത്തിലേക്ക് നമ്മുടെ കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കുക.
അവസാനമായി ഒരു കാര്യം: ഏകാന്തത അനിവാര്യമായി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും. അപ്പോൾ വിജ്ഞാനവുമായി ചങ്ങാത്തം കൂടുക. അതിന് ഒരു പണ്ഡിതനാകണമെന്നില്ല.
ഇമാം ഇബ്‌നുൽ ക്വയ്യിം തന്റെ തനതായ ശൈലിയിൽ വിജ്ഞാനത്തെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: “അറിവ് എന്നത് ഹൃദയങ്ങളുടെ ജീവിതവും ഉൾക്കാഴ്ചയുടെ വെളിച്ചവും നെഞ്ചകങ്ങളുടെ ഔഷധവും മനസ്സുകളുടെ പൂന്തോപ്പും ആത്മാക്കളുടെ മാധുര്യവും ഏകാന്തതയിലെ ആശ്വാസവും വഴി നഷ്ടപ്പെട്ടവരുടെ വഴികാട്ടിയുമാണ്..’’
അലി(റ) പറഞ്ഞു: “(അറിവ് എന്നത്) അപരിചിതത്വ വേളയിലെ സുഹൃത്തും ഒറ്റയ്ക്കായിരിക്കുമ്പോൾ സംഭാഷണം നടത്തുന്നവനും സംശയങ്ങളെ ദുരീകരിക്കുന്നവനും അതിന്റെ നിധി അന്വേഷിക്കുന്നവന് ദാരിദ്ര്യം അവശേഷിപ്പിക്കാത്ത സമ്പത്തും അതിന്റെ സംരക്ഷണത്തിൽ അഭയം തേടുന്നവർക്ക് ഒരു നഷ്ടവും വരുത്താത്ത അഭയസ്ഥാനവുമാണ്’’ (മദാരിജുസ്സാലികീൻ).
ഇവിടെയാണ് പീസ് റേഡിയോയും സമീൽ ആപ്പും പ്രസക്തമാകുന്നത്. വായനക്കായി പുസ്തകങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഈ ആധുനിക യുഗത്തിൽ ഇത്തരം വിജ്ഞാനപ്രദമായ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കൂട്ടുകാരുടെ സ്ഥാനത്തു വെക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
