ജനലക്ഷങ്ങൾ മക്കയിലേക്ക്

മർവാൻ ബിൻ അബ്ദുൽ മജീദ്

2026 മെയ് 02, 1447 ദുൽഖഅദ് 14

‘അല്ലാഹുവേ, ഞാൻ നിന്റെ വിളിക്ക് ഉത്തരം നൽകി ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. തീർച്ചയായും സർവ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്ക് മാത്രമാണ്.’

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒരേ മന്ത്രം ഉരുവിട്ടുകൊണ്ട് മക്ക എന്ന കേന്ദ്രത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രവാചകൻﷺ ‘അല്ലാഹുവിന്റെ ഉത്തമ ഭൂമി’ എന്ന് വിശേഷിപ്പിച്ച, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആ പരിശുദ്ധ മണ്ണിലേക്കാണ് ഹാജിമാരുടെ ഈ പ്രയാണം. വംശീയതയുടെയും ഭാഷയുടെയും അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞുകൊണ്ട്, മനുഷ്യർക്ക് ഏകദൈവ വിശ്വാസത്തിന്റെ അകക്കാമ്പ് പകർന്നു നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് നടക്കാൻ പോകുന്നത്. മക്കയിലെ ഹറമിൽ അനുഷ്ഠിക്കുന്ന ഒരു നമസ്‌കാരത്തിന് മറ്റു പള്ളികളിൽ അനുഷ്ഠിക്കുന്നതിനെക്കാൾ ഒരു ലക്ഷം ഇരട്ടി പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇബ്‌റാഹീം നബി(അ)യും കുടുംബവും: ത്യാഗത്തിന്റെ ഓർമകൾ

ഹജ്ജിന്റെ ഓരോ കർമവും ഇബ്‌റാഹീം നബി(അ) മക്കയുടെ മണ്ണിൽ രചിച്ച സമാനതകളില്ലാത്ത ത്യാഗചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന് മുന്നിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലികഴിച്ച ആ മഹാനെ അനുസ്മരിക്കാതെ ഹജ്ജ് ചെയ്യാൻ സാധ്യമല്ല.

വിജനമായ താഴ്‌വരയിലെ പരീക്ഷണം

വാർധക്യകാലത്ത് തനിക്ക് ലഭിച്ച ഏക മകനെയും പത്‌നിയെയും അല്ലാഹുവിന്റെ കൽപനപ്രകാരം ജനവാസമില്ലാത്ത മക്കയിലെ മരുഭൂമിയിൽ താമസിപ്പിക്കാൻ അദ്ദേഹം തയ്യാറായി. മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന മണലിൽ അവരെ തനിച്ചാക്കി തിരിഞ്ഞു നടക്കുമ്പോൾ, വിങ്ങുന്ന ഹൃദയത്തോടെ ഹാജറ ബീവി ചോദിച്ചു: ‘അല്ലാഹുവാണോ നിങ്ങളോട് ഇത് ചെയ്യാൻ കൽപിച്ചത്?’ അദ്ദേഹം ‘അതെ’ എന്ന് മറുപടി നൽകിയപ്പോൾ, ‘എങ്കിൽ അല്ലാഹു ഞങ്ങളെ ഒരിക്കലും കൈവിടില്ല’ എന്നായിരുന്നു ആ മഹതിയുടെ പ്രതികരണം.

ഹാജറ ബീവിയുടെ വിശ്വാസവും സംസമിന്റെ ഉത്ഭവവും

കയ്യിലുണ്ടായിരുന്ന വെള്ളവും ഭക്ഷണവും തീർന്നപ്പോൾ കുഞ്ഞു ഇസ്മാഈൽ ദാഹം കൊണ്ട് നിലവിളിക്കാൻ തുടങ്ങി. ഒരിറ്റു വെള്ളത്തിനായി ഹാജറ ബീവി സഫാ, മർവ കുന്നുകൾക്കിടയിൽ ഓടി. ആ മാതൃഹൃദയത്തിന്റെ ആ വേദനയും അചഞ്ചലമായ വിശ്വാസവും കണ്ട റബ്ബ് ‘സംസം’ എന്ന അത്ഭുത ഉറവ ഒഴുക്കിക്കൊടുത്തു. ഇന്നും വറ്റാതെ നിലനിൽക്കുന്ന ആ അത്ഭുത പുണ്യതീർഥം ഇബ്‌റാഹീം നബി(അ)യുടെ കുടുംബത്തിന്റെ ത്യാഗത്തെ അല്ലാഹു ആദരിച്ചതിന്റെ അനശ്വരമായ അടയാളമാണ്.

കഅ്ബയുടെ പുനർനിർമാണം

പിന്നീട് ഇബ്‌റാഹീം നബിയും മകൻ ഇസ്മാഈലും ചേർന്ന് അല്ലാഹുവിന്റെ ഭവനം (കഅ്ബ) പുനർനിർമിച്ചു. കഅ്ബയുടെ ഭിത്തിയുടെ ഓരോ കല്ലും അടുക്കിവെക്കുമ്പോൾ അവർ അല്ലാഹുവിനോട് പ്രാർഥിച്ചത് തങ്ങളുടെ കർമം സ്വീകരിക്കണേ എന്നായിരുന്നു. ഹാജിമാർ കഅ്ബയെ ത്വവാഫ് ചെയ്യുമ്പോൾ ആ മഹത്തായ സമർപ്പണത്തിന്റെയും പ്രാർഥനയുടെയും സ്മരണകൾ അവരുടെയുള്ളിൽ നിറയാതിരിക്കില്ല.

മുഹമ്മദ് നബിﷺ: പീഡനങ്ങളുടെ കനൽവഴികൾ

ഇബ്‌റാഹീം നബി(അ) പടുത്തുയർത്തിയ ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയിൽ മക്കയെ വീണ്ടെടുത്തത് മുഹമ്മദ് നബിﷺയാണ്. മക്കയുടെ മണ്ണിൽ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ ഓരോ വിശ്വാസിയുടെയും കണ്ണ് നനയിക്കുന്നതാണ്.

തൗഹീദിന്റെ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ 13 വർഷത്തോളം അദ്ദേഹം മക്കയിൽ ശാരീരികവും മാനസികവുമായ ക്രൂരപീഡനങ്ങൾ നേരിട്ടു. പ്രാർഥനാനിരതനായിരിക്കെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഒട്ടകത്തിന്റെ ചീഞ്ഞഴുകിയ കുടൽമാലകൾ ശത്രുക്കൾ വലിച്ചെറിഞ്ഞു. വഴികളിൽ മുള്ളുകൾ വിതറിയും കല്ലെറിഞ്ഞും പരിഹസിച്ചും അവർ അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നിട്ടും അദ്ദേഹം അവരെ വെറുത്തില്ല. അവർ നേരിന്റെ വഴിയിൽ വരാൻ അദ്ദേഹം പ്രാർഥിച്ചു.

മൂന്ന് വർഷക്കാലം ‘ശിഅ്ബ് അബീത്വാലിബ്’ എന്ന താഴ്‌വരയിൽ അദ്ദേഹത്തെയും കുടുംബത്തെയും അനുയായികളെയും ശത്രുക്കൾ തടവിലാക്കി. ഉപരോധത്താൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവർ കഷ്ടപ്പെട്ടു. വിശപ്പ് സഹിക്കവയ്യാതെ മരത്തിന്റെ ഇലകൾ വരെ തിന്നേണ്ടിവന്ന ആ കാലഘട്ടം പ്രവാചകന്റെ ത്യാഗത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.

വധശ്രമങ്ങളിൽനിന്ന് രക്ഷപ്പെടാൻ അല്ലാഹുവിന്റെ കൽപന പ്രകാരം സ്വന്തം ജന്മനാട് വിട്ടുപോകേണ്ടി വന്നപ്പോൾ, മക്കയുടെ മലനിരകളെ നോക്കി അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, നീ അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും ഉത്തമമായതും അവന് ഏറ്റവും പ്രിയപ്പെട്ടതുമായ ഭൂമിയാണ്. നിന്നെ വിട്ടുപോകാൻ എന്നെ നിർബന്ധിതനാക്കിയിരുന്നില്ലെങ്കിൽ ഞാൻ ഒരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല.’ എട്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചുവരികയും മക്ക തന്റെ അധീനതയിലാവുകയും ചെയ്തപ്പോൾ, തന്നോട് ക്രൂരത കാണിച്ചവർക്കെല്ലാം അദ്ദേഹം മാപ്പുനൽകി മഹത്തായ മാതൃക കാണിച്ചു.

ഹജ്ജ്

തൽബിയത്ത് ചൊല്ലി ഹാജിമാർ ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടെ ലൗകികമായ എല്ലാ വികാരങ്ങളും സൗകര്യങ്ങളും ആഡംബരങ്ങളും അപ്രസക്തമാകുന്നു. അവിടെ പണക്കാരനും പാവപ്പെട്ടവനും രാജാക്കന്മാരും പ്രജകളും ഒരുപോലെയാണ്. താൻ അല്ലാഹുവിന്റെ ഒരു എളിയ അടിമ മാത്രമാണെന്ന ബോധ്യത്തോടെ, അഹങ്കാരമെല്ലാം വെടിഞ്ഞ്, കണ്ണീരോടുകൂടി അല്ലാഹുവിന്റെ മുമ്പിൽ കീഴടങ്ങുന്ന കാഴ്ച ലോകത്തെ മറ്റെല്ലാ കാഴ്ചകളെക്കാളും ഉന്നതമാണ്.

കഅ്ബയെ ത്വവാഫ് ചെയ്യുമ്പോഴും സ്വഫാ-മർവ കുന്നുകൾക്കിടയിൽ സ്അ്‌യ് ചെയ്യുമ്പോഴും മഹാന്മാരായ പ്രവാചകന്മാരെ ഓർക്കുന്ന ഹാജിമാരുടെയുള്ളിൽ വിശ്വാസത്തിന്റെ വെണ്മക്ക് തെളിച്ചം കൂടാതിരിക്കില്ല. മുസ്ദലിഫയിൽ രാപ്പാർത്തും ജംറകളിൽ കല്ലെറിഞ്ഞും അറഫാ സമതലത്തിൽ ഒത്തു ചേർന്നും ഹാജിമാർ ചെയ്യുന്ന ഓരോ കർമവും പ്രപഞ്ചനാഥനായ റബ്ബിന്റെ മുമ്പിലുള്ള കീഴൊതുങ്ങലാണ്.

പുണ്യമേറെയുള്ള അറഫാ ദിനത്തിൽ, ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങൾ നിറകണ്ണുകളോടെ സ്രഷ്ടാവിനോട് ഏറ്റുപറഞ്ഞ് ഹാജിമാർ മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുന്നു. പശ്ചാത്തപിച്ചും പാപമോചന പ്രാർഥന നടത്തിയും ഹൃദയത്തെ ശുദ്ധീകരിച്ച് നവജാത ശിശുവിനെ പോൽ പുതിയ മനുഷ്യരായി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്ന ഹാജിമാരുടെ കാഴ്ച മനസ്സിന് ഏറെ കുളിർമയേകുന്നതാണ്.

“ആ ഭവനത്തെ (കഅ്ബയെ) ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓർക്കുക)...’’(ക്വുർആൻ 2:125).

അതെ, ആ ഭവനംപോലെ സുരക്ഷിതവും പാവനവുമായ ഒരു സ്ഥലവും ഭൂമിയിലില്ല.