സാംസ്‌കാരിക അധിനിവേശം

സൽമാനുൽ ഫാരിസ് അൽഹികമി

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ ഘടകങ്ങളിലൊന്നാണ് സംസ്‌കാരം. ഒരു ജനതയുടെ വിശ്വാസം, മൂല്യങ്ങൾ, ആചാരങ്ങൾ, ഭാഷ, വസ്ത്രധാരണം, ചിന്താരീതി എന്നിവയുടെ സമുച്ചയമാണ് സംസ്‌കാരം. സംസ്‌കാരം ഒരു സമൂഹത്തിന്റെ അലങ്കാരമല്ല; അത് അവരുടെ ആത്മാവാണ്. ആ ആത്മാവ് തകർന്നാൽ, ശരീരം നിലനിൽക്കുമെങ്കിലും ജീവൻ നഷ്ടപ്പെടും.

ഇന്നത്തെ ലോകക്രമത്തിൽ സൈനികാധിനിവേശങ്ങളെക്കാൾ അപകടകരമായ രീതിയിൽ മനു ഷ്യരുടെ മനസ്സിനെയും ജീവിതരീതിയെയും പിടിച്ചടക്കുന്നത് സാംസ്‌കാരിക അധിനിവേശമാണെന്നത് അവഗണിക്കാനാവില്ല.

സാംസ്‌കാരിക അധിനിവേശം എന്നത് ഒരു തുറന്ന യുദ്ധമല്ല; മറിച്ച് വിനോദം, ഫാഷൻ, കല, വിദ്യാഭ്യാസം, മാധ്യമങ്ങൾ തുടങ്ങിയ വഴികളിലൂടെ ജനതകളുടെ ആത്മാവിലേക്കുള്ള കടന്നുകയറ്റമാണ്; പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിനകത്തേക്ക് കടന്നു കൂടുന്ന ഈ അധിനിവേശം, അവരുടെ ദീനിനെ കുറിച്ചുള്ള ബോധ്യം മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.

സംസ്‌കാരം; ഇസ്‌ലാമിക വീക്ഷണത്തിൽ

ഇസ്‌ലാം ഒരു സമ്പൂർണ മതമാണ്. വിശ്വാസവും ആരാധനയും മാത്രമല്ല, മനുഷ്യന്റെ ജീവിതത്തി ന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന സമ്പൂർണ മാർഗനിർദേശമാണത് നൽകുന്നത്. വ്യക്തിജീവിതം മുതൽ സാമൂഹിക ഘടനയടക്കം ഇസ്‌ലാം സ്പർശിക്കാത്ത ഒരു മേഖലയുമില്ല. കാരണം, ഇസ്‌ലാമിക സംസ്‌കാരം മനുഷ്യൻ സൃഷ്ടിച്ച ഒന്നല്ല; മറിച്ച് അല്ലാഹുവിന്റെ വഹ്‌യിലൂടെ ലഭ്യമായതാണ്.

‘ഇസ്‌ലാം പഴഞ്ചനാണ്’ എന്ന കപടവാദം സാംസ്‌കാരിക അധിനിവേശത്തിന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിൽ ഒന്നാണ്. ഇത് ബാലിശമായ വാദമാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. ഇസ്‌ലാം പഴക്കമുള്ളതാണ്; പക്ഷേ, പഴഞ്ചനല്ല. സൂര്യൻ എത്ര പഴക്കമുള്ളതാണ്! മനുഷ്യസൃഷ്ടിക്ക് മുമ്പേ അതുണ്ടായിരുന്നു. എന്നാൽ സൂര്യൻ പഴഞ്ചനാണോ? അല്ല! അതിന്റെ കിരണങ്ങൾ ഓരോ ദിവസവും പുതുതാണ്, ജീവൻ നൽകുന്നതാണ്. ചന്ദ്രനും അങ്ങനെ തന്നെയാണ്. പഴക്കമുള്ളതാണ്, എന്നാൽ ഒരിക്കലും പഴഞ്ചനായിട്ടില്ല. അപ്പോൾ ‘പഴക്കമുള്ളതെല്ലാം പഴഞ്ചനാണ്’ എന്ന വാദം ബുദ്ധിപരമായും ശാസ്ത്രീയമായും തെറ്റാണ്.

ഇസ്‌ലാം ദൈവികമായതിനാൽ, അത് കാലത്തെ അതിജീവിക്കുന്നതാണ്; കാലം അതിനെ പഴഞ്ചനാക്കുന്നില്ല. ക്വുർആൻ പറയുന്നു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നി രിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു’’ (അൽമാഇദ:3).

ഈ പൂർണത അംഗീകരിക്കുന്ന ഒരു സമൂഹത്തിന്, അന്യസംസ്‌കാരങ്ങളെ അനുകരിക്കേണ്ട ആവശ്യമില്ല. സലഫുകൾ ഈ ബോധത്തോടെയാണ് ജീവിച്ചത്. അവർ അന്യരുടെ ആചാരങ്ങളെയും ജീവിതശൈലികളെയും അനുകരിക്കാതെ, സ്വന്തം ദീനിലെ വ്യക്തിത്വം കാത്തുസൂക്ഷിച്ചു.

അനുകരണത്തിന്റെ അപകടം

നബിﷺ പറഞ്ഞു: “ഒരു ജനതയെ അനുകരിക്കുന്നവൻ അവരിൽപ്പെടുന്നു’’ (അബൂദാവൂദ്:4031).

ഈ ഹദീസ്, സാംസ്‌കാരിക അധിനിവേശത്തിന്റെ ഭീകരത തുറന്നുകാട്ടുന്നതാണ്. വേഷവിധാനങ്ങളിൽ, ആഘോഷങ്ങളിൽ, ജീവിത മൂല്യങ്ങളിൽ, ലൈംഗിക സ്വാതന്ത്ര്യധാരണകളിൽ, കുടുംബ സംവിധാനത്തിൽവരെ അന്യസംസ്‌കാരങ്ങൾ കടന്നുകയറുമ്പോൾ, മുസ്‌ലിം സമൂഹം അതിന്റെ ആത്മാ വിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

വർത്തമാനകാല മാധ്യമങ്ങൾ ‘പുരോഗതി,’ ‘ആധുനികത,’ ‘സ്വാതന്ത്ര്യം’ തുടങ്ങിയ മനോഹര പദങ്ങൾ ഉപയോഗിച്ച്, പാശ്ചാത്യ സാംസ്‌കാരിക മാതൃകകളെ സർവലോക സത്യമായി അവതരിപ്പി ക്കുന്നു. എന്നാൽ ഇതിനു പിന്നിലുള്ളത് ദൈവബോധമില്ലാത്ത, നൈതിക നിയന്ത്രണങ്ങളില്ലാത്ത ഒരു ജീവിത കാഴ്ചപ്പാടാണ്. ഹറാമിനെ സാധാരണമാക്കുകയാണ് അതിന്റെ ലക്ഷ്യം. ലജ്ജാബോധ ത്തെ പിന്തിരപ്പനെന്നും നഗ്‌നത പ്രകടിപ്പിക്കുന്നതിനെ സ്വാതന്ത്ര്യമെന്നും അവർ വിശേഷിപ്പിക്കുന്നു.

പരിഹാരമെന്ത്?

ഈ അധിനിവേശത്തിന്റെ ഏറ്റവും വലിയ ഇരകൾ യുവതലമുറയാണ്. ദീനിനോടുള്ള അഭിമാന ബോധം നഷ്ടപ്പെട്ട ഒരു തലമുറ, സമുദായത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്നു.

ഈ സാഹചര്യത്തിൽ ഉമർ(റ)വിന്റെ വാക്കുകൾ മുസ്‌ലിം സമുദായം ഓർക്കേണ്ടതുണ്ട്: “നാം ഒരു സമൂഹമാണ്; അല്ലാഹു നമ്മെ ഇസ്‌ലാംകൊണ്ടാണ് അഭിമാനമുള്ളവരാക്കിയത്.’’

അഭിമാനം ഇസ്‌ലാമിൽനിന്നല്ലാതെ മറ്റെവിടെയെങ്കിലും തേടുന്ന നിമിഷം, നാം അപമാനത്തിലേക്ക് തള്ളപ്പെടും. വിശ്വാസിയുടെ നിലപാട് എന്നും വ്യക്തമാണ്. ദീനിന്റെ അടിസ്ഥാനങ്ങളോട് വിരുദ്ധമായ ഏത് സംസ്‌കാരവും സ്വീകരിക്കപ്പെടാനാവില്ല. സലഫുകൾ പഠിപ്പിച്ചത് അന്ധമായ നിരസനമല്ല, മറിച്ച് ക്വുർആനും സുന്നത്തും മാനദണ്ഡമാക്കി കാര്യങ്ങളെ വിലയിരുത്തലാണ്.

നന്മയുള്ള അറിവും സാങ്കേതിക പുരോഗതിയും സ്വീകരിക്കാം. എന്നാൽ വിശ്വാസത്തെയും സ്വഭാവത്തെയും തകർക്കുന്ന സാംസ്‌കാരിക കടന്നുകയറ്റം ശക്തമായി പ്രതിരോധിക്കപ്പെടണം. കാര ണം, ദീൻ നഷ്ടപ്പെടുമ്പോൾ, ഒരു സമൂഹത്തിന് അതിന്റെ നിലനിൽപ്പുതന്നെ നഷ്ടപ്പെടുന്നു.

സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനുള്ള ഏറ്റവും ശക്തമായ ആയുധം ഇസ്‌ലാമിക വിദ്യാഭ്യാസവും ബോധവൽക്കരണവുമാണ്. ചെറുപ്രായത്തിൽ തന്നെ തൗഹീദ്, സുന്നത്ത്, ഇസ്‌ലാമിക മൂല്യങ്ങൾ എന്നിവ നൽകി വളർത്തിയില്ലെങ്കിൽ, അവർ അന്യസംസ്‌കാരങ്ങളുടെ ഇരകളായി മാറും.

മുസ്‌ലിം സമൂഹം ഇന്ന് തിരിച്ചറിയേണ്ട സത്യം ഇതാണ്; ഈ യുദ്ധം ആയുധങ്ങളാലല്ല, ആശയങ്ങളാലാണ് നടക്കുന്നത്. അതിനാൽതന്നെ, ഉണർന്ന ജാഗ്രതയും ദീനിനോടുള്ള ഉറച്ച പ്രതിബദ്ധ തയും അറിവും അനിവാര്യമാണ്. അതാണ് യഥാർഥ രക്ഷാമാർഗം.