യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും

സി മുഹമ്മദ് അജ്മൽ

2026 ജൂൺ 27, 1448 മുഹർറം 12

(ഭാഗം-02)

ഈ കുറിപ്പിന്റെ ആദ്യ ഭാഗത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാമതായി ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന മേഖലയായതുകൊണ്ട് കുറച്ചേറെ കാര്യങ്ങൾ പറയാനുണ്ട്. UDF മാനിഫെസ്റ്റോയിലെ ഒരു പ്രധാന വിദ്യാഭ്യാസ വാഗ്ദാനം ഇതാണ്:

സർക്കാർ സ്‌കൂളുകളിൽ നീറ്റ് (NEET), ജെ.ഇ.ഇ (JEE), പി.എസ്.സി (PSC), യു.പി.എസ്.സി (UPSC) പോലുള്ള മത്സരപ്പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്‌സുകൾ ((foundation courses)കൊണ്ടുവരും.

ഇത് കേൾക്കുമ്പോൾ നല്ല ആശയമാണ്. കാരണം കോച്ചിങ് (coaching) ചെലവേറിയതാണ്. എല്ലാവർക്കും അത് താങ്ങാൻ കഴിയില്ല. സ്വകാര്യ കോച്ചിങ് ലഭിക്കുന്ന കുട്ടികൾക്ക് മുൻതൂക്കം ലഭിക്കുന്നു. അതുകൊണ്ട് സർക്കാർ സ്‌കൂളുകളിൽതന്നെ മത്സരപ്പരീക്ഷാ പരിശീലനം നൽകണം എന്ന ചിന്തയ്ക്ക് ഒരു സാമൂഹിക നീതിയുടെ വശമുണ്ട്. പക്ഷേ, ഇവിടെ ഒരു വലിയ ചോദ്യം ചോദിക്കാനുണ്ട്:

കേരളത്തിലെ കുട്ടികൾ മത്സരപ്പരീക്ഷകളിൽ പിന്നിലാകുന്നത് കോച്ചിങ് ഇല്ലാത്തതുകൊണ്ടാണോ? അല്ലെങ്കിൽ, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അടിത്തറ തന്നെ ദുർബലമാകുന്നതുകൊണ്ടാണോ?

എന്റെ അഭിപ്രായത്തിൽ, UDFന്റെ ഈ വാഗ്ദാനം ഒരു യഥാർഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആ പ്രശ്‌നത്തിന്റെ യഥാർഥ കാരണത്തെ ഒന്നുകൂടി ആഴത്തിൽ മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം! ആദ്യം ചില കണക്കുകൾ നോക്കാം:

2022ൽ കേരളത്തിൽനിന്ന് എല്ലാ 23 ഐ.ഐ.ടി (IIT)കളിലേക്കും ചേർന്ന വിദ്യാർഥികളുടെ എണ്ണം ഏകദേശം 181 മാത്രമാണ്. രാജസ്ഥാനിൽനിന്ന് അതേ വർഷം 2,184 വിദ്യാർഥികൾ ഐ.ഐ. ടികളിൽ പ്രവേശിച്ചു. തെലങ്കാനയിൽനിന്ന് 1,644. JEE Advanced എഴുതിയ കേരളത്തിലെ 2,803 വിദ്യാർഥികളിൽ യോഗ്യത നേടിയത് ഏകദേശം 6.4% മാത്രം.

ഇവിടെ മറ്റൊരു യാഥാർഥ്യവുംകൂടി അറിയേണ്ടതുണ്ട്. കേരളത്തിൽനിന്ന് ഐ.ഐ.ടിയിൽ കയറിയ 181 പേരിൽ ബോംബെ, ഡൽഹി, മദ്രാസ്, കാൺപൂർ പോലുള്ള മുൻനിര ഐ.ഐ.ടികളിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പോലുള്ള മുൻനിര ശാഖകളിൽ കയറിയവരുടെ എണ്ണം വളരെ കുറവായിരിക്കും.

NEET 2025ലും അതേ മാതൃക തന്നെ. കേരള ടോപ്പർമാരുടെ റാങ്ക് AIR 109. ആദ്യ 100 റാങ്കിൽ ഒരു കേരള വിദ്യാർഥി പോലുമില്ല. 100% സാക്ഷരതയും വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നൽകുന്ന സംസ്‌കാരവുമുള്ള, അതിൽ അഭിമാനിക്കുന്ന ഒരു സംസ്ഥാനത്തിന് ഇത് ഗുരുതരമായ ഒരു മുന്നറിയിപ്പാണ്.

സി.യു.ഇ.റ്റി (CUET) വന്നതിനു ശേഷം ഡൽഹി സർവകലാശാലയിൽ കേരള വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. അതിനു മുമ്പ് കേരള ബോർഡ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ഡൽഹി സർവകലാശാലയിൽ വലിയ തോതിൽ കേരള വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു. ഉദാഹരണത്തിന്, ഹിന്ദു കോളേജ് പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമിൽ ഒരിക്കൽ 146 വിദ്യാർഥികളിൽ 120 പേരും കേരള ബോർഡിൽ നിന്നായിരുന്നു. CUET വന്നപ്പോൾ ഏകീകൃത എൻ.സി.ഇ.ആർ.ടി (NCERT) അധിഷ്ഠിത പ്രവേശന പരീക്ഷവഴി പ്രവേശനം നടന്നു. അതിനുശേഷം അതേ പ്രോഗ്രാമിൽ കേരള ബോർഡ് വിദ്യാർഥികൾ: 59ൽ 1.

ഇത് ചെറിയ മാറ്റമല്ല. ഇത് കേരള ബോർഡ് പരീക്ഷാ മാർക്കുകൾക്കും യഥാർഥ പഠന നിലവാരത്തിനും ഇടയിലുള്ള വലിയ വ്യത്യാസം പുറത്തുകാട്ടിയ സംഭവമാണ്. സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ 95%ൽ കൂടുതൽ വാങ്ങിയ വിദ്യാർഥികൾക്ക്, ഏകീകൃത പുറം പരീക്ഷകളിൽ അതേ നിലവാരം കാണിക്കാൻ കഴിഞ്ഞില്ല. അപ്പോൾ, ചോദ്യം മാർക്ക് കുറവാണോ എന്നതല്ല; മാർക്കുകൾ യഥാർഥ പഠനത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതാണ്.

‘പ്രഥം’ എന്ന സന്നദ്ധ സംഘടന നടത്തുന്ന എസർ (ASER) ലെ കണക്കുകൾ കേരളത്തിന് വളരെ അസ്വസ്ഥമായ ഒരു ചിത്രം കാണിക്കുന്നു.

അഞ്ചാം ക്ലാസ് വിദ്യാർഥികളിൽ അടിസ്ഥാന ഹരണം (basic division) ചെയ്യാൻ കഴിയുന്നവർ:

2012ൽ 45.9%
2024ൽ 21.0%

അതായത് 12 വർഷംകൊണ്ട് പകുതിയിലധികം ഇടിവ്.

മൂന്നാം ക്ലാസ് വിദ്യാർഥികളിൽ കുറയ്ക്കൽ ചെയ്യാൻ കഴിയുന്നവർ:

2012ൽ 52.7%
2024ൽ 32.6%

എട്ടാം ക്ലാസ് വിദ്യാർഥികളിൽ ഹരണം ചെയ്യാൻ കഴിയുന്നവർ:

2012ൽ 59.4%
2024ൽ 38.5%

ഇത് വീണ്ടും വായിക്കുക!

2024ൽ കേരളത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളിൽ 79% പേർക്ക് അടിസ്ഥാന ഹരണം ചെയ്യാൻ കഴിയുന്നില്ല. അപ്പോൾ നാം സംസാരിക്കുന്നത് NEET/JEE ഫൗണ്ടേഷൻ കോഴ്‌സുകളെ കുറിച്ചാണ്. ഇത് ഒരു നയപരമായ പൊരുത്തക്കേടാണ് (policy mismatch).

10 വയസ്സുള്ള കുട്ടിക്ക് ഹരണം അറിയാത്ത അവസ്ഥയിൽ, 15 വയസ്സിൽ JEE ഫൗണ്ടേഷൻ പഠിപ്പിച്ചാൽ അത് എത്രത്തോളം ഫലപ്രദമാകും?

• NAS 2021: ഗണിതത്തിൽ കേരളം ദേശീയ ശരാശരിക്ക് താഴെ.

• ദേശീയ നേട്ട സർവേ (National Achievement Survey 2021)ൽ പത്താം ക്ലാസ് ഗണിതത്തിൽ കേരളത്തിന്റെ സ്‌കോർ: 210/500.

• ദേശീയ ശരാശരി: 220.

• അതായത് കേരളം ദേശീയ ശരാശരിക്ക് താഴെയാണ്.

• പഞ്ചാബ് സ്‌കോർ: 273.

• ബീഹാർ സ്‌കോർ: 229.

അതെ, ഗണിതത്തിൽ ബീഹാർ പോലും കേരളത്തെക്കാൾ മുന്നിലാണ്. വിദ്യാഭ്യാസ രംഗത്തെ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംസ്ഥാനത്തിന് ഇത് വലിയൊരു ഉണർത്തുപാട്ടാണ് (wake-up call). നമ്മൾ അനവധി എ പ്ലസുകാരെ ഉണ്ടാക്കുന്നു; പക്ഷേ, ദേശീയ മൂല്യനിർണയത്തിൽ പിന്നിലാണ്.

• CUETൽ പ്രകടനം താഴുന്നു.

• JEE/NEETൽ മുൻനിര റാങ്കുകൾ കുറയുന്നു.

• ASERൽ അടിസ്ഥാന ഗണിത ശേഷി ഇടിഞ്ഞുകൊണ്ടിരിക്കുന്നു.

• ഇത് വ്യവസ്ഥിതിയുടെ പരാജയമാണ് (system failure).

പ്രശ്‌നമെന്താണ്?

1. പരീക്ഷകൾ ലളിതമായി; മൂല്യനിർണയം ഉദാരമായി:

കേരളത്തിലെ ബോർഡ് പരീക്ഷാ രീതി കഴിഞ്ഞ വർഷങ്ങളിൽ വളരെ ഉദാരമായി മാറിയിട്ടുണ്ട്. വിജയശതമാനം ഉയരുന്നു.

ഫുൾ എ പ്ലസ് കൂടുന്നു. 90%ൽ കൂടുതൽ മാർക്ക് സാധാരണമായി മാറുന്നു. പക്ഷേ, പഠന നിലവാരം അതേ രീതിയിൽ ഉയരുന്നില്ല. ഇത് അപകടകരമാണ്. കാരണം മാർക്ക് ഒരു സൂചനയാണ്. ആ സൂചന തെറ്റായാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും നയരൂപകർത്താക്കൾക്കും യഥാർഥ അവസ്ഥ മനസ്സിലാകില്ല.

ഒരു കുട്ടിക്ക് 95% കിട്ടുന്നു. കുടുംബം കരുതുന്നു: കുട്ടി പഠനത്തിൽ വളരെ മിടുക്കനാണ്. പക്ഷേ CUET, NEET, JEE, NAS പോലുള്ള ബാഹ്യമായ അളവുകോലുകൾ വരുമ്പോൾ യാഥാർഥ്യം പുറത്തുവരുന്നു. ഇത് കുട്ടിയുടെ പരാജയമല്ല. വ്യവസ്ഥിതി കുട്ടിയോട് സത്യം പറഞ്ഞില്ല എന്നതാണ് പ്രശ്‌നം.

2. സ്‌കൂൾ വ്യവസ്ഥിതി മാർക്കിനായി പഠിപ്പിക്കുന്നു, ധാരണയ്ക്കായല്ല:

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പലയിടങ്ങളിലും പരീക്ഷാ രീതി, പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ, ആവർത്തിക്കുന്ന ചോദ്യങ്ങൾ, ഉദാരമായ ആന്തരിക മൂല്യനിർണയം (internal assessment)എന്നിവയിലാണ് ശ്രദ്ധ. ആശയപരമായ ധാരണ, പ്രശ്‌നപരിഹാരശേഷി, സംഖ്യാബോധം, ശാസ്ത്രീയചിന്ത എന്നിവയ്ക്ക് പലപ്പോഴും രണ്ടാമത്തെ സ്ഥാനമാണ്. അതിന്റെ ഫലമായി ഒരു വിദ്യാർഥിക്ക് പാഠപുസ്തകത്തിലെ ചോദ്യം ചെയ്യാൻ കഴിയും. പക്ഷേ, അതേ ആശയം അപരിചിത മായ ഒരു സാഹചര്യത്തിൽ പ്രയോഗിക്കാൻ കഴിയില്ല. മത്സരപ്പരീക്ഷകൾ പരിശോധിക്കുന്നത് ഇതാണ്. അതുകൊണ്ട് കോച്ചിങ് ഇല്ലാത്തത് മാത്രമല്ല പ്രശ്‌നം. സ്‌കൂൾ പഠനത്തിന്റെ ആഴം കുറയുന്നതാണ് പ്രശ്‌നം.

3. പ്രൈമറി ഗണിത അടിത്തറ ഇടിഞ്ഞിരിക്കുന്നു:

ഞങ്ങൾ XandY Learningൽ ആറ് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികളുമായി ദിവസവും പ്രവർത്തിക്കുന്നു. യഥാർഥ അവസ്ഥ വ്യക്തമാണ്. ആറാം ക്ലാസിലേക്ക് വരുന്ന പല കുട്ടികൾക്കും ഗണിത അടിത്തറ ശക്തമല്ല.

• വഴികൾ അറിയാം.

• ബോഡ്മാസ് (BODMAS) കേട്ടിട്ടുണ്ട്.

• വലിയ ഹരണത്തിന്റെ ഘട്ടങ്ങൾ പഠിച്ചിട്ടുണ്ട്.

• പക്ഷേ, സംഖ്യാബോധമില്ല.

• മനക്കണക്ക് ബുദ്ധിമുട്ടാണ്.

• കണക്കാക്കാൻ (estimate ചെയ്യാൻ) അറിയില്ല.

• അപരിചിതമായ ചോദ്യം കണ്ടാൽ വഴിമുട്ടിപ്പോകും.

ഇത് കോച്ചിങ്ങിന്റെ പ്രശ്‌നമല്ല. ഇത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്.

79% അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് ഹരണം ചെയ്യാൻ കഴിയാത്ത ഒരു സംസ്ഥാനത്ത് NEET/JEEഫൗണ്ടേഷൻ കോഴ്‌സ് മാത്രം കൊണ്ടുവന്ന് മാറ്റം ഉണ്ടാക്കാമെന്ന് കരുതുന്നത് യാഥാർഥ്യബോധമില്ലാത്തതാണ്.

UDF {പ്രകടനപത്രികയുടെ ലക്ഷ്യം നല്ലതാണ്. കോച്ചിങ് ജനകീയമാക്കണം. സ്വകാര്യ കോച്ചിങ് താങ്ങാൻ കഴിയാത്ത കുട്ടികൾക്കും അവസരം ലഭിക്കണം. സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കും മത്സരപ്പരീക്ഷാ പരിചയം വേണം. ഇതിൽ ഞാൻ പൂർണമായും യോജിക്കുന്നു. പക്ഷേ, പ്രശ്‌നം തിരിച്ചറിയുന്നത് ശരിയാകണം. വിദ്യാർഥികൾ NEET/JEEൽ പിന്നിലാകുന്നത് കോച്ചിങ് ഇല്ലാത്തതുകൊണ്ടല്ല. അവർക്ക് സ്‌കൂൾ വ്യവസ്ഥിതി തന്നെ വേണ്ടത്ര ആശയപരമായ ആഴം കൊടുക്കാത്തതു കൊണ്ടാണ്.

(തുടരും)