വിദ്യാഭ്യാസ നവോത്ഥാനം കേരളത്തിൽ

മുഫ്‌ലിഹ്

2026 മാർച്ച് 28, 1447 ശവ്വാൽ 06

വിജ്ഞാനം നേടുവാൻ ശക്തമായി പ്രോൽസാഹിപ്പിക്കുകയും കൽപിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. ഉത്തമ തലമുറയിൽപെട്ടവരും അവരെ പിന്തുടർന്നുവന്നവരുമെല്ലാം വൈജ്ഞാനികമായി ഉയർ ന്നുനിന്നത് ഈ ആഹ്വാനം ഉൾക്കൊണ്ടതിനാലാണ്. എന്നാൽ കേരളത്തിലെ മുസ്‌ലിംകളുടെ ഒരു നൂറ്റാണ്ടു മുമ്പത്തെ ചരിത്രം പരിശോധിച്ചാൽ യാഥാസ്ഥികതയുടെ കറുത്ത കരങ്ങൾ അടിച്ചേൽപിച്ച വിജ്ഞാന വിരോധത്തിന്റെ ഇരുളടഞ്ഞ ഏടുകൾ കാണാനാകും.

19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഒറ്റയാൾ പട്ടാളമായി പോരാടിക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം നവോത്ഥാനത്തിന്റെ വിത്തുകൾ പാകിയ സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ വാക്കുകൾ ഈ യാഥാർഥ്യത്തെ വരച്ചുകാണിക്കുന്നു: “അക്ഷരാഭ്യാസ പ്രാപ്തരാകുന്ന പുത്ര-പുത്രിമാരെ ഖുർആൻ ഓതിക്കുന്ന മൊല്ലാന്മാരെ ഏൽപ്പിക്കുന്നു. ഖുർആൻ അവസാനിക്കുന്നത് വരെ അതിൽതന്നെ ശ്രമിപ്പിക്കുന്നു. ഒന്നോ രണ്ടോ മൂന്നോ വർഷം കൊണ്ട് ഖുർആൻ അവസാനിപ്പി ക്കുന്നു. ഉടനെ പത്തുകിതാബ് എന്ന പുസ്തകം എടുക്കുന്നു. അത് അറബി ഭാഷയിൽ ഉള്ളതാകയാൽ വാചകം ചൊല്ലി മലയാള ഭാഷയിൽ അർത്ഥപ്പെടുത്തി പഠിപ്പിക്കുന്നു. അർത്ഥപ്പെടുത്തുന്ന മലയാളം മലവാസികൾക്ക് പോലും രസിക്കാത്തതാകുന്നു’’ (മുസ്‌ലിം ജനവും വിദ്യാഭ്യാസവും - മക്തി തങ്ങൾ).

അക്കാലത്തെ മതപഠന രീതിയെക്കുറിച്ചാണ് ഇപ്പറഞ്ഞത്. ആദ്യം അറബി ഭാഷയിലെ 28 അക്ഷരങ്ങളും വിദ്യാർഥി ഹൃദിസ്ഥമാക്കുമായിരുന്നു. എന്നാൽ അതോടൊപ്പം എഴുതാൻ പഠിപ്പിക്കുമായിരുന്നില്ല. പിന്നീട് ക്വുർആൻ പാരായണം ആരംഭിച്ച് അതിലെ നാലാം ഘട്ടം പൂർത്തിയാക്കിയതിനു ശേഷം മാത്രമെ കലം (തൂലിക) വിദ്യാർഥി ഉപയോഗിക്കാൻ പാടുള്ളൂ എന്നായിരുന്നു നിയമം.

ചെത്തി മിനുക്കിയ പലകകളിൽ ഒരുതരം വെളുത്ത പൊടി തേച്ച് ആ പലകമേൽ ചെത്തിക്കൂർപ്പിച്ച മുളക്കഷ്ണം കൊണ്ട് എഴുതിക്കാണിക്കും. മാത്രമല്ല, വിശുദ്ധ ക്വുർആനെയോ അതിലെ സാരാംശത്തെയോ പറ്റി കാര്യമായി അറിവില്ലാത്ത മൊല്ലമാരായിരുന്നു അധ്യാപകരായിട്ടുണ്ടായിരുന്നത്. കേവലം വായനയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇവർ യാതൊരുവിധ ചിട്ടയോ സിലബസോ ഇല്ലാതെ അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ചായിരുന്നു പഠിപ്പിച്ചിരുന്നത്.

അഞ്ചും ആറും വർഷം നീണ്ടുനിന്നിരുന്ന ഇതുപോലുള്ള പഠനത്തോടുകൂടി എല്ലാമായി എന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് സ്ത്രീ വിദ്യാഭ്യാസമാകട്ടെ നാമമാത്രമായിരുന്നു. ആൺകുട്ടികളെ കിതാബ് ഓതാൻ പള്ളികളിലേക്കയക്കുകയായിരുന്നു അടുത്ത കടമ്പ. കാര്യമായ സിലബസൊന്നും ഇല്ലാതിരുന്ന ഈ പഠനത്തിലെ ആദ്യഘട്ടം ‘പത്തുകിതാബ്’ പഠിക്കലായിരുന്നു. പിന്നീട് നീണ്ട വർഷങ്ങൾ വ്യാകരണം പഠിക്കാനായി ചെലവിട്ട ശേഷം മതനിയമങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളിലേക്ക് തിരിച്ചെത്തുന്നു. യാതൊരു ചിട്ടയും ക്രമീകരണവും ശാസ്ത്രീയതയുമില്ലാത്ത പഠനങ്ങൾ മൂലം ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തുന്നു എന്നതല്ലാതെ കാര്യമായ പ്രയോജനമൊന്നുമില്ലായിരുന്നു.

തൗഹീദിന് വിരുദ്ധമായ ആദർശവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വികലവാദങ്ങളും കൊണ്ട് സമൂഹത്തെ കൂച്ചുവിലങ്ങിട്ട യാഥാസ്ഥിക പൗരോഹിത്യമായിരുന്നു അക്കാലത്തെ അവസാന വാക്ക്. മലയാളഭാഷയെ ആര്യനെഴുത്തെന്ന് വിശേഷിപ്പിച്ച് പഠിക്കാനോ പഠിപ്പിക്കാനോ അനുവദിച്ചില്ല. ഇംഗ്ലീഷിനെ നരകഭാഷയാക്കി അകറ്റിനിറുത്തി. ചുരുക്കിപ്പറഞ്ഞാൽ, അന്നത്തെ മുസ്‌ലിം സമൂഹം വിജ്ഞാനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന സമൂഹമായി മാറി. പണ്ഡിതരെന്നു പറയുന്നവർ സമൂഹത്തെ അങ്ങനെയുള്ളവരാക്കി മാറ്റി എന്നുവേണം പറയാൻ.

‘ഇക്വ്‌റഅ്’ അഥവാ ‘നീ വായിക്കുക’ എന്ന കൽപനയോടെ അവതരണമാരംഭിച്ച വിശുദ്ധ ക്വുർആനിന്റെ ആദ്യവചനങ്ങൾ എഴുത്തിന്റെയും വായനയുടെയും അറിവിന്റെയും പടിവാതിലുകൾ തുറക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ്. ആ പ്രേരണയുടെ പിൻബലത്തിലായിരുന്നു 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്റെ ബ്രിട്ടീഷ് ഗവൺമെന്റ് ഉദ്യോഗം വലിച്ചെറിഞ്ഞ് ദീനിന് വേണ്ടി പോരാടാൻ സയ്യിദ് സനാഉല്ല മക്തി തങ്ങൾ ഇറങ്ങിത്തിരിച്ചത്. സ്വസമൂഹം നേരിടുന്ന ദയനീയതയുടെയും ചൂഷണങ്ങളുടെയും വേര് അജ്ഞതയുടെയും അറിവില്ലായ്മയുടെയും അടിത്തട്ടിൽനിന്നാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരുവശത്ത് ബ്രിട്ടീഷ് പിന്തുണയോടെ ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിക്കുന്ന ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയും മറുവശത്ത് യാഥാസ്ഥിതിക പൗരോഹിത്യത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടുമ്പോഴും സമുദായത്തെ വിദ്യാസമ്പന്നരാക്കാനുള്ള തീവ്ര ശ്രമവും അദ്ദേഹം നടത്തി.

ആധുനികരെന്നു പെരുമ നടിച്ചിരുന്ന പാശ്ചാത്യനാടുകളിൽ സ്ത്രീകൾക്ക് മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു കാലത്താണ് മുസ്‌ലിം സമുദായത്തിന്റെ അഭ്യുന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനും അവർക്കുള്ള അവകാശങ്ങൾക്കും വേണ്ടി ശബ്ദിച്ചുകൊണ്ട് വക്കം മൗലവിയുടെ കടന്നുവരവ്. സ്ത്രീകൾക്ക് എഴുത്തുപഠിപ്പിക്കാൻ പാടില്ലെന്ന് ഫത്‌വയിറക്കിയ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ വികലവാദങ്ങൾക്കെതിരെ തന്റെ തൂലികകൊണ്ട് ആഞ്ഞടിച്ചായിരുന്നു കേരള മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ വിത്തുകൾ അദ്ദേഹം പാകിയത്.

മദ്‌റസാ പ്രസ്ഥാനത്തിലൂടെ കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസരീതിയെത്തന്നെ അടിമുടി മാറ്റിയെഴുതിയ മഹാനാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അമുസ്‌ലിംകളുടെ പഠനരീതിയുമായി സാമ്യമുള്ളതാണെന്നും അതിനാൽ അവ പാടില്ലെന്നും ജഹന്നമിന്റെ ‘മീ’മാണ് മദ്‌റസയുടെ ‘മീം’ എന്നുമെല്ലാം പറഞ്ഞ് യാഥാസ്ഥിതിക നേതൃത്വം കുപ്രചാരണങ്ങളഴിച്ചുവിട്ട് ആ മുന്നേറ്റത്തിന് തടയിടാൻ ശ്രമിച്ചു.

മതപഠനത്തിന് പുറമെ മലയാളഭാഷ, ഗണിതം, സാമൂഹ്യവിജ്ഞാനം എന്നിവ ചേർത്തു വെച്ചുകൊണ്ട് വാഴക്കാട് ദാറുൽ ഉലൂമിലൂടെ മലബാർ മേഖലയിൽ മദ്‌റസാ പ്രസ്ഥാനത്തിന് അദ്ദേഹം അടിത്തറയിട്ടു. പിന്നീട് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ചോക്കും ബോർഡും ബെഞ്ചും ഡെസ്‌കുമെല്ലാമുള്ള മദ്‌റസ സ്ഥാപിതമായി. ഇവിടെനിന്നാണ് കെ.എം. മൗലവി, ഇ. മൊയ്തു മൗലവി, പി.കെ മൂസ മൗലവി തുടങ്ങിയ, മുസ്‌ലിം കൈരളിയെ നേരിന്റെ പാതയിലേക്ക് നയിച്ച ഒരുപറ്റം നവോത്ഥാന നായകർ ഉടലെടുത്തത്.

പിന്നീട് മലയാളനാട് സാക്ഷ്യം വഹിച്ചത് തുല്യതയില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കായിരുന്നു. കെ.എം. മൗലവി, എൻ.വി. അബ്ദുസ്സലാം മൗലവി, എം.സി.സി അബ്ദുറഹ്‌മാൻ മൗലവി, മൗലാനാ അബുസ്സ്വ ബാഹ് അഹ്‌മദ് മൗലവി തുടങ്ങി അനവധി അപൂർവ പ്രതിഭകളുടെ പരിശ്രമ ഫലമായി കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി മത - ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെടുകയുണ്ടായി. കാലം മുന്നോട്ട് ഗമിച്ചപ്പോൾ നവോത്ഥാന വഴിയിൽ വിലങ്ങുതടിയായിരുന്നവർ പോലും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ മേനി നടിക്കുന്നുവെങ്കിൽ ഇ‌സ്വ‌്ലാഹി നവോത്ഥാന നായകർ നടത്തിയ പോരാട്ടങ്ങളുടെ അനന്തര ഫലമാണ് അതെല്ലാം.

ചരിത്ര വസ്തുതയെ എത്ര മായ്ക്കാൻ ശ്രമിച്ചാലും അത് തെളിഞ്ഞുകൊണ്ടേയിരിക്കുമെന്നത് യാഥാർഥ്യമാണ്. നവോത്ഥാനം ഒരു തുടക്കമല്ല, മറിച്ച് തുടർച്ചയാണ്; പ്രവാചകന്മാരുടെ തൗഹീദില ധിഷ്ഠിതമായ പ്രവർത്തനത്തിന്റെ തുടർച്ച.