മനുഷ്യൻ എന്ന സാമൂഹ്യജീവി

സ്വഫ്‌വാൻ ബറാമി അൽഹികമി

2026 ജനുവരി 17, 1447 റജബ് 28

സാമൂഹ്യജീവി എന്നതാണ് മനുഷ്യന്റെ അഡ്രസ്സ്. സ്വയം പര്യാപ്തനായി ജീവിക്കുക എന്നത് മനുഷ്യനെ സാധ്യമേയല്ല. ദിനേന വീട്ടിലും കുടുംബത്തിലും പരിസരങ്ങളിലും തുടങ്ങി സമൂഹത്തിലെ പലതലങ്ങളിലും ഉള്ളവരുമായി സഹവസിക്കൽ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഒരു ഉത്തമവിശ്വാസി എന്നാൽ ഇവിടങ്ങളിലൊക്കെ ഉത്തമനായിരിക്കണം. ആരാണ് ഉത്തമ വിശ്വാസി എന്ന, പ്രവാചകന്റെ അധ്യാപനം ശ്രദ്ധേയമാണ്. ധാരാളം ആരാധനകൾ നിർവഹിക്കുന്നവൻ എന്നല്ല അവിടുന്ന് പറഞ്ഞത്, മറിച്ച് ‘ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടം മനുഷ്യർക്ക് (احب الناس الى الله انفعهم للناس)ഏറ്റവുമധികം ഉപകാരം ചെയ്യുന്നവരാണ്’ എന്നാണ്. സമുഹമായി ജീവിക്കുന്ന മനുഷ്യരിൽ സ്രഷ്ടാവിന് ഏറ്റവും ഇഷ്ടമുള്ളവരായി ത്തീരാൻ അവന്റെ സൃഷ്ടികൾക്ക് പ്രയോജനമുള്ളവർ കൂടിയാകേണ്ടതുണ്ട് എന്നർഥം.

തന്റെ വീട്ടിലും കുടുംബത്തിലും പരിസരത്തിലും ഒതുങ്ങി, അവിടെ മാത്രം ഇടപെട്ട് ജീവിക്കേണ്ട ഒരാളല്ല വിശ്വാസി. മറിച്ച്, ഒരു പുഷ്പത്തെ പോലെ വിടർന്നു പരിലസിക്കുകയും ചുറ്റുപാടും സുഗന്ധം പരത്തുകയും ചെയ്യണം. വിശ്വാസികളുടെ വിശ്വാസം പ്രകടമാക്കേണ്ട ഇടങ്ങൾ കൂടിയാണ് ഇവ. നമ്മുടെ പരിസരങ്ങളിൽ ജീവിക്കുന്നവർക്കൊക്കെ നമ്മിൽ നിന്ന് പല നിലക്കുമുള്ള പ്രയോജനങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉപദ്രവം ആർക്കുമുണ്ടാക്കിക്കൂടാ.

ആളുകൾക്ക് ഉപകാരം ചെയ്യുക എന്നാൽ ആദ്യവും അവസാനവും നമ്മൾ ചിന്തിക്കാറുള്ളത് സാമ്പത്തികമായ പ്രയോജനങ്ങളെക്കുറിച്ചാണ്. എന്നാൽ ഇസ്‌ലാമിക അധ്യാപനം പകർത്തുന്ന വിശ്വാസിക്ക് ആധുനിക ലോകത്ത് ഏതൊക്കെ രീതിയിൽ ചുറ്റിലുമുള്ള മനുഷ്യരെ സഹായിക്കാൻ കഴിയുമെന്ന് മനസ്സിലാക്കണം. സ്രഷ്ടാവിന് ഏറ്റവും ഇഷ്ടമുള്ള കർമത്തെക്കുറിച്ച് ചോദിച്ച അനുചര നോട് പ്രവാചകൻﷺ മറുപടി നൽകിയത് ‘ഒരു മുസ്‌ലിമിന്റെ മനസ്സിൽ സന്തോഷം നിറക്കുന്നതാണ്’ എന്നായിരുന്നു.

നമ്മുടെ ചുറ്റിലുമായി പലവിധ സാഹചര്യങ്ങളിൽ കഴിയുന്നവരോട് രമ്യമായി ഇടപെട്ട് അവർക്ക് സന്തോഷം പകരാൻ സാധിക്കണം. ഡിപ്രഷനും വിരസതയും സാധാരണ അനുഭവമായി മാറിയ സഹപ്രവർത്തകരെയും അയൽവാസികളെയും, നിത്യജീവിതത്തിൽ നാം ഇടപഴകുന്ന പലരെയും നമ്മുടെ അനുഭാവപൂർണമായ വാക്കുകൾ കൊണ്ടും അന്വേഷണങ്ങൾകൊണ്ടും പുഞ്ചിരികൊണ്ടും ഒന്ന് ആശ്വസി പ്പിക്കാൻ സാധിക്കുമെങ്കിൽ അതുതന്നെ വലിയ സമ്പാദ്യമല്ലേ? സ്രഷ്ടാവ് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കർമമായി അത് മാറില്ലേ? ഇത്തരത്തിൽ സാമൂഹ്യമനസ്സോടെ ചിന്തിച്ചാൽ ഏതൊക്കെ സഹായങ്ങൾ ആർക്കൊക്കെ ചെയ്തുകൊടുക്കാൻ നിത്യജീവിതത്തിൽ നമുക്ക് സാധിക്കും! അതാണ് ഒരു വിശ്വാസി പുലർത്തേണ്ട സാമൂഹ്യബോധം.

ആളുകൾക്ക് പ്രയോജനം ചെയ്യാതിരിക്കുന്നതിനെക്കാൾ ഗുരുതരമാണ് ഒരാളെ നോവിക്കുക എന്നത്. നബിﷺയുടെ ഗൗരവമുള്ള അധ്യാപനമാണത്. അവിടുന്ന് പറഞ്ഞു:لا ضرر ولا ضرار (ഉപദ്രവമോ ഉപദ്രവിക്കലോ പാടില്ല) അർഥത്തിൽ ഏകദേശം സാമ്യതയുള്ള ഈ രണ്ട് പദങ്ങൾക്കും സൂക്ഷ്മമായി പറയുന്ന അർഥവ്യത്യാസം, ഒന്ന് മനഃപൂർവം ഉണ്ടാക്കുന്ന ഉപദ്രവവും മറ്റൊന്ന് ഉപദ്രവിക്കണമെന്ന് ലക്ഷ്യമില്ലാതെ യോ ഉപദ്രവമാകുമെന്ന് കരുതാതെയോ നാം ചെയ്യുന്ന ഒരു പ്രവർത്തനത്തിന്റെ അനന്തരഫലമായി മറ്റുള്ളവർക്ക് ഉണ്ടാകുന്ന ഉപദ്രവമാണ്. അങ്ങനെ പോലും ഒരു വിശ്വാസിയിൽനിന്ന് ഉണ്ടാകാൻ പാടില്ല എന്നർഥം.

ഒരാളെ ഉപദ്രവിക്കൽ ആകാൻ ശാരീരികമായ പീഡനമുണമെന്നില്ല. പൊതുവെ ഭക്ഷിക്കുന്നത് അനുവദനീയമായ ഉള്ളി തിന്ന് ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയിൽ വരരുതെന്ന് പ്രവാചകൻﷺ പഠിപ്പിച്ചതിന്റെ പൊരുൾ ജമാഅത്തിന് വരുന്ന മറ്റുള്ളവർക്ക് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല എന്നതാണല്ലോ. ആ രീതിയിൽ പോലും ഒരാൾക്ക് പ്രയാസകരമായി ഭവിക്കുന്ന ഒരു പ്രവർത്തനം വിശ്വാസിയുടെ ഭാഗത്തുനിന്നും ഇല്ലാതിരിക്കാൻ നമ്മൾ നല്ല ജാഗ്രത പാലിക്കേണ്ടതുണ്ട്.

എവിടെയും എന്റെ കാര്യം എനിക്ക് സാധിച്ച് കിട്ടിയാൽ മതി എന്ന സമീപനം വിശ്വാസിക്ക് ചേർന്നതല്ല. നമ്മുടെ ചുറ്റിലുമുള്ളവരോട് നമുക്ക് ബാധ്യതയുണ്ട്. അവരെ പ്രയാസപ്പെടുത്താതിരിക്കുക എന്ന ഉത്തരവാദിത്തം വിശ്വാസികൾക്കുണ്ട്.

നിരത്തിൽ വാഹനം ഓടിക്കുമ്പോൾ നമ്മുടെ വാഹനത്തിന്റെ വെളിച്ചവും ശബ്ദവും മറ്റു യാത്രക്കാർക്ക് ഉപദ്രവവും ബുദ്ധിമുട്ടും ഉണ്ടാക്കിക്കൂടാ. നമ്മുടെ ആഘോഷങ്ങളും ആനന്ദവും പ്രകടനങ്ങളും അയൽവാസികൾക്കോ മറ്റുള്ളവർക്കോ പ്രയാസമുണ്ടാക്കുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം. ഈ നിലയ്ക്ക് സൂക്ഷ്മത പാലിക്കാൻ ബാധ്യതയുള്ള വിശ്വാസികളിൽ പെട്ടവരാണ് പലപ്പോഴും, രോഗികൾ അടക്കമുള്ള പ്രയാസമനുഭവിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഇത്തരം ആഭാസങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നത് സങ്കടകരമാണ്.