പിശുക്ക്: ഒരു ഇസ്‌ലാമിക വിശകലനം
സമീർ മുണ്ടേരി
2026 മാർച്ച് 14, 1447 റമദാൻ 24

മനുഷ്യനെ അധഃപതനത്തിലേക്ക് നയിക്കുന്ന ഏറ്റവും മോശമായ സ്വഭാവങ്ങളിലൊന്നായിട്ടാണ് ഇസ്‌ലാം പിശുക്കിനെ കാണുന്നത്. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ഗുണകാംക്ഷയില്ലാത്ത അവസ്ഥയാണത്. ക്വുർആനും പ്രവാചക വചനങ്ങളും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്.
എന്താണ് പിശുക്ക്?
ലളിതമായി പറഞ്ഞാൽ അർഹമായ കാര്യങ്ങളിൽ സമ്പത്തോ സഹായമോ തടഞ്ഞുവെക്കലാണത്. ഇത് പ്രധാനമായും രണ്ട് രൂപത്തിലുണ്ട്:
1. സ്വന്തം കാര്യങ്ങളിലുള്ള പിശുക്ക്: അത്യാവശ്യ ഘട്ടങ്ങളിൽ പോലും, ഉദാഹരണത്തിന് രോഗം വന്നാൽ ചികിത്സിക്കാൻ പോലും പണം ചെലവഴിക്കാതിരിക്കുക.
ഇബ്‌നു ഖുദാമ(റഹി) പറയുന്നു: ‘പിശുക്കിൽ ഏറ്റവും ഗൗരവകരമായത് ഒരാൾക്ക് ആവശ്യമുണ്ടായിട്ടും സ്വന്തം കാര്യത്തിൽ പിശുക്ക് കാണിക്കുന്നതാണ്.’
2. മറ്റുള്ളവരോടുള്ള പിശുക്ക്: മറ്റുള്ളവർക്ക് നൽകേണ്ട ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറുക.
വിശുദ്ധ ക്വുർആൻ ചെലവഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിക്കാനാണ് കൽപിക്കുന്നത്. കൈകൾ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ടവനെപ്പോലെ പിശുക്കനാകരുതെന്നും, എന്നാൽ എല്ലാം വാരിക്കോരി നൽകി കുറ്റബോധം തോന്നുന്നവനാകരുതെന്നും
അല്ലാഹു ഓർമിപ്പിക്കുന്നു:
“നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്...’’ (അൽഇസ്‌റാഅ്: 29).
പിശുക്കിന്റെ വിവിധ മുഖങ്ങൾ
പിശുക്ക് എന്നത് കേവലം സാമ്പത്തികമായ ഒന്നല്ല. അത് പല രൂപത്തിൽ പ്രകടമാകാം:
. സലാം പറയുന്നതിലെ പിശുക്ക്: നബിﷺ പറഞ്ഞു: ‘ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ പിശുക്കൻ സലാം പറയുന്നതിൽ പിശുക്ക് കാണിക്കുന്നവനാണ്.’
. സ്വലാത്ത് ചൊല്ലുന്നതിലെ പിശുക്ക്: തന്റെ പേര് കേട്ടിട്ടും സ്വലാത്ത് ചൊല്ലാത്തവനെ ഏറ്റവും വലിയ പിശുക്കനായിട്ടാണ് പ്രവാചകൻﷺ വിശേഷിപ്പിച്ചത്.
. ബന്ധങ്ങൾ ചേർക്കുന്നതിലെ പിശുക്ക്: ചെലവ് വരുമെന്ന് ഭയന്ന് ബന്ധുക്കളിൽനിന്ന് അകന്നു നിൽക്കുന്നത് ഇതിൽ പെടുന്നു.
അല്ലാഹുവും പ്രവാചകനും വെറുക്കുന്ന സ്വഭാവം
പിശുക്കനെ അല്ലാഹുവും ജനങ്ങളും ഒരുപോലെ വെറുക്കുന്നു. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീസിൽ അല്ലാഹു കോപിക്കുന്ന മൂന്ന് വിഭാഗം ആളുകളെ കുറിച്ച് പറയുന്നുണ്ട്: ‘കളവു പറയുന്ന ഭരണാധികാരി, അഹങ്കാരിയായ ദരിദ്രൻ, പിശുക്കനായ ധനികൻ.’
സത്യവിശ്വാസവും പിശുക്കും ഒരു ദാസന്റെ മനസ്സിൽ ഒരിക്കലും ഒരുമിക്കുകയില്ലെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. മുൻകഴിഞ്ഞ സമുദായങ്ങളുടെ നാശത്തിനുവരെ കാരണമായത് ‘ശുഹ്ഹ്’ (അത്യാഗ്രഹം കലർന്ന പിശുക്ക്) ആയിരുന്നു.
പിശുക്കിലേക്ക് നയിക്കുന്ന കാരണങ്ങൾ
ഒരാളിൽ പിശുക്കുണ്ടാകാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
1. ധനത്തോടുള്ള അമിതമായ സ്‌നേഹം: സമ്പത്തിനോടുള്ള ആർത്തി മനുഷ്യനെ പിശുക്കനാക്കുന്നു.
2. ദൈവിക വാഗ്ദാനങ്ങളിലുള്ള വിശ്വാസക്കുറവ്: ചെലവഴിച്ചാൽ അല്ലാഹു പകരം നൽകുമെന്ന ഉറപ്പില്ലായ്മ. ഓരോ ദിവസവും മലക്കുകൾ ഇറങ്ങിവന്ന് ‘ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ, പിശുക്കി വെക്കുന്നവന് നീ നാശം നൽകേണമേ’ എന്ന് പ്രാർഥിക്കുന്നുണ്ട് എന്ന കാര്യം പലരും മറക്കുന്നു.
3. മക്കളെക്കുറിച്ചുള്ള ഭയം: മക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുമോ എന്ന ചിന്ത പിതാവിനെ പിശുക്കനും ഭീരുവുമാക്കും.
4. ദാരിദ്ര്യ ഭയവും സമ്പന്നനാകാനുള്ള മോഹവും: ആരോഗ്യമുള്ള കാലത്ത്, ദാരിദ്ര്യം ഭയന്നും സമ്പത്ത് മോഹിച്ചും കഴിയുമ്പോഴാണ് പിശുക്ക് കൂടുതൽ ശക്തമാവുക. മരണം തൊണ്ടക്കുഴിയിൽ എത്തുമ്പോൾ ‘ഇന്നയാൾക്ക് അത് കൊടുക്കൂ’ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് നബിﷺ ഓർമിപ്പിച്ചിട്ടുണ്ട്.
അനന്തരഫലങ്ങളും ശിക്ഷകളും
പിശുക്ക് കാണിക്കുന്നവരെ ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്:
. ഹൃദയത്തിൽ കാപട്യം (നിഫാക്വ്): അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുന്ന വരുടെ ഹൃദയത്തിൽ മരണം വരെ കാപട്യം നിറക്കുമെന്ന് സൂറതുത്തൗബയിൽ പറയുന്നുണ്ട്.
. ‘ജീവിതത്തിലെ പ്രയാസങ്ങൾ: “എന്നാൽ ആർ പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കികൊടുക്കുന്നതാണ്’’ (അല്ലയ്ൽ 8-10).
. പരലോക ശിക്ഷ: അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുന്നവർക്ക് അത് ഗുണകരമല്ല, മറിച്ച് ദോഷകരമാണ്. ‘അവർ പിശുക്കി വെച്ച ധനം പരലോകത്ത് അവരുടെ കഴുത്തിൽ മാലയായി അണിയിക്കപ്പെടും’ (ആലുഇംറാൻ: 180).
സ്വന്തം പോരായ്മകൾ തിരിച്ചറിയാതെ പോകുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പരാജയം. ഉദാരതയുടെ ഉത്തമ മാതൃകകളായ അൻസാരികളെപ്പോലെ, മനസ്സിന്റെ പിശുക്കിൽനിന്ന് മുക്തി നേടുന്നവരാണ് യഥാർഥ വിജയികൾ (അൽഹശ്ർ: 9). അല്ലാഹു നൽകിയ സമ്പത്തും അറിവും കഴിവും അവന്റെ മാർഗത്തിൽ ചെലവഴിക്കാൻ നാം തയ്യാറാകണം.
‘അല്ലാഹുവേ, പിശുക്കിൽനിന്നും ഭീരുത്വത്തിൽനിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു’ എന്ന പ്രവാചകപ്രാർഥനയെ നമുക്കും ജീവിതത്തിന്റെ ഭാഗമാക്കാം.

