മനുഷ്യോൽപത്തിയും പരലോകത്തിനുള്ള തെളിവുകളും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

2026 ജൂലൈ 11, 1448 മുഹർറം 26

(ക്വുർആനിലെ സാർവലൗകിക വിളികൾ 16)

മരണശേഷം മനുഷ്യൻ വീണ്ടും ജീവിക്കുമോ? മണ്ണായിപ്പോയ ശരീരത്തിന് എങ്ങനെയാണ് വീണ്ടും ജീവൻ ലഭിക്കുക? ഈ ചോദ്യങ്ങൾ മനുഷ്യനെ പണ്ടുമുതലേ അലട്ടുന്നതാണ്. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോട്, തങ്ങളുടെ സ്വന്തം സൃഷ്ടിയുടെ ആരംഭം മുതൽ മരണം വരെയുള്ള അവസ്ഥാവിശേഷങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാൻ അല്ലാഹു കൽപിക്കുന്നു.

ഒന്നുമില്ലായ്മയിൽനിന്ന് നിങ്ങളെ ആദ്യമായി സൃഷ്ടിച്ചവന് വീണ്ടും ജീവിപ്പിക്കാനാണോ പ്രയാസം? അനേകം സ്ഥിതിമാറ്റങ്ങൾക്ക് വിധേയരായ മനുഷ്യൻ വീണ്ടും ചില മാറ്റങ്ങൾക്ക് കൂടി വിധേയനാകുന്നതിൽ യാതൊരു അസാംഗത്യവുമില്ലെന്ന് സ്വന്തം ശരീരത്തിലേക്ക് നോക്കിയാൽ മനസ്സിലാകും. മനുഷ്യന്റെ ഉത്ഭവം മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ അവന്റെ ശരീരത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഏഴ് അവസ്ഥകളെയാണ് അല്ലാഹു ഈ വചനത്തിലൂടെ വിവരിക്കുന്നത്:

يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ

“മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും, പിന്നീട് ബീജത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 22:5).

അത്ഭുതകരമായ വളർച്ചാഘട്ടങ്ങൾ

മനുഷ്യന്റെ ശാരീരികമായ പരിണാമ ഘട്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണമാണിത്. മണ്ണിലെ മൂലകങ്ങളിൽനിന്ന് തുടങ്ങി, ഒരു തുള്ളി ബീജത്തിലൂടെ കടന്ന്, ഗർഭാശയത്തിൽ ഒട്ടിപ്പിടിക്കുന്ന ഭ്രൂണമായി (അലക്വ), പിന്നീട് രൂപം പ്രാപിക്കുന്നതും പ്രാപിക്കാത്തതുമായ മാംസപിണ്ഡമായി മാറുന്ന ആ അത്ഭുത പ്രക്രിയ ക്വുർആൻ എടുത്തുപറയുന്നു.

ആധുനിക ഭ്രൂണശാസ്ത്രം സൂക്ഷ്മദർശിനിയുടെയും മറ്റും സഹായത്തോടെ കണ്ടെത്തിയ ഈ കാര്യങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പ് ക്വുർആൻ വിവരിച്ചത് ചിന്തിക്കുന്നവർക്ക് വലിയൊരു അടയാളമാണ്. ഒരു ചെറിയ കോശത്തിൽനിന്ന് ഇത്രയും സങ്കീർണമായ മനുഷ്യശരീരം പടുത്തുയർത്താൻ ഒരു സ്രഷ്ടാവില്ലാതെ സാധ്യമല്ല. അന്ധമായ യാദൃച്ഛികതയല്ല, മറിച്ച് കൃത്യമായ പ്ലാനിംഗാണ് നമ്മുടെ ജനനത്തിന് പിന്നിലുള്ളത്.

മനുഷ്യശരീരത്തിലെ ആ ഏഴ് അത്ഭുത ഘട്ടങ്ങൾ: (അമാനി മൗലവിയുടെ ക്വുർആൻ വ്യാഖ്യാനത്തിൽനിന്ന്)

1) തുടക്കം മണ്ണിൽ നിന്ന്:

മനുഷ്യന്റെ ആദിപിതാവായ ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ചതും ഇന്ദ്രിയത്തിൽ അടക്കം ചെയ്ത മനുഷ്യബീജത്തിന്റെ ഉത്ഭവവും മണ്ണിൽ നിന്നാണല്ലോ. മണ്ണിൽനിന്നും ജലത്തിൽനിന്നുമായി ഉൽപാദിപ്പിക്കുന്ന ഭക്ഷണ പദാർഥങ്ങളിൽ നിന്ന് ആദ്യം രക്തവും പിന്നീട് ശുക്ലവും ഉണ്ടാകുന്നു. അങ്ങനെ നോക്കുമ്പോൾ നാമോരോരുത്തരും മണ്ണിൽനിന്ന് രൂപപ്പെട്ടവരാണ്.

2. ശുക്ലബീജം:

ശുക്ലജലത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നതോടെയാണ് ജീവന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. താമസിയാതെ അതിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപത്തിലേക്ക് അത് നീങ്ങുന്നു.

3. അള്ളിപ്പിടിക്കുന്ന രക്തക്കട്ട:

അനന്തരം ഈ ബീജം ഗർഭാശയഭിത്തിയിൽ അള്ളിപ്പിടിക്കുന്ന ഒരു രക്തക്കട്ടയായി മാറുന്നു. യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിൽ അതിനെ അവിടെ ഉറപ്പിച്ചു നിർത്തുന്നത് പ്രപഞ്ചനാഥന്റെ കാരുണ്യമാണ്.

4. മാംസപിണ്ഡം:

അൽപ ദിവസത്തിനകം അത് മാംസപിണ്ഡമായി മാറുന്നു. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ ഈ നാലാമത്തെ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയിലായി വിവരിക്കുന്നു; രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതും. അവയവങ്ങളും ഇന്ദ്രിയശക്തികളും പൂർത്തിയാക്കപ്പെടുക, ജീവനോടെ പ്രസവിക്കപ്പെടത്തക്കവണ്ണം പൂർണതയിലെത്തുക എന്നതെല്ലാമാണ് രൂപം നൽകപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മേൽപറഞ്ഞ നാല് ഘട്ടങ്ങളിൽ വെച്ച് കൂടുതൽ സമയമെടുക്കുന്നത് ഈ ഘട്ടത്തിലാണ്. ഇവിടെ വെച്ചാണ് ശിശുവിന്റെ ആകൃതിയും പ്രകൃതിയും നിർണയിക്കപ്പെടുന്നത്. ‘നിങ്ങൾക്ക് വ്യക്തമാക്കിത്തരുവാൻ വേണ്ടി:’

ഗർഭാശയ ലോകത്ത് വെച്ച് ആ ശിശുവിനെ വളർത്താനും വികസിപ്പിക്കാനും, ഭക്ഷണപാനീയങ്ങൾക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും അല്ലാഹു അവിടെ ശരിപ്പെടുത്തിക്കൊടുക്കുന്നു. ഇത്രയും കാലത്തെ അത്ഭുതകരമായ ആ അദൃശ്യ ജീവിതത്തെപ്പറ്റി ആലോചിക്കുന്നതായാൽ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം മനുഷ്യന് വേഗത്തിൽ ബോധ്യപ്പെടും. അതുകൊണ്ടാണ് ഈ സംഗതികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ‘നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കിത്തരുവാൻ വേണ്ടി’ എന്ന് അല്ലാഹു പറയുന്നത്.

5. ശിശുവായി പുറത്തുവരൽ:

അല്ലാഹു ഉദ്ദേശിച്ച കാലം തികയുമ്പോൾ, ഈ ബാഹ്യലോകത്തേക്ക് മനുഷ്യൻ ശിശുവായി പുറത്തുവരുന്നു. പുറത്തുവരുമ്പോൾ കരയുവാൻ മാത്രം പഠിച്ച അവൻ ഉടനെ മുലപ്പാൽ കുടിക്കുവാനും, ക്രമേണ ഓരോ അറിവും അഭ്യാസവും കരസ്ഥമാക്കുവാനും ശീലിച്ചുവരുന്നു. അജ്ഞാതലോകത്ത് വെച്ച് പരിപാലിച്ച അതേ അല്ലാഹു തന്നെ, അവനെ വളർത്തിക്കൊണ്ടു പോരുവാൻ വേണ്ടതെല്ലാം ഈ ലോകത്തും മുൻകൂട്ടി തയ്യാറാക്കിവെച്ചിട്ടുണ്ട്.

6. പൂർണവളർച്ചയും യുവത്വവും:

അങ്ങനെ, അവൻ പ്രായപൂർത്തിയും യുവത്വവും പ്രാപിക്കുന്നു. കായികമായ കരുത്തും ബുദ്ധിയും തന്റേടവും ഉള്ളവനായി അവൻ ഈ ഭൂമിയിൽ ജീവിക്കുന്നു.

7. വാർധക്യവും മരണവും:

ഇതാണ് അവസാനത്തെ സ്ഥിതിമാറ്റം. ഇത് അവനെ വീണ്ടും അദൃശ്യമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലർക്ക് ആയുഷ്‌ക്കാലം കുറവായിരിക്കും, അവർ നേരത്തെ മരിച്ചുപോകുന്നു. മറ്റു ചിലർക്ക് ദീർഘായുസ്സ് നൽകപ്പെടുന്നു. വാർധക്യം നിമിത്തം അറിവും കഴിവുമെല്ലാം നഷ്ടപ്പെട്ട് കേവലം ശിശുസമാനമായിത്തീർന്ന ശേഷമെ അവർ മരണമടയുന്നുള്ളൂ.

ജീവിതത്തിന്റെ നിയന്ത്രണം സ്രഷ്ടാവിൽ

ഗർഭാശയത്തിൽ എത്രകാലം കഴിയണം എന്നതും എപ്പോൾ ജനിക്കണം എന്നതും മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ജനിച്ചുകഴിഞ്ഞാൽ ശിശുവായും പിന്നീട് പൂർണവളർച്ചയെത്തിയ യുവാവായും നമ്മെ മാറ്റുന്നത് അല്ലാഹുവിെൻറ അലംഘനീയമായ നിയമങ്ങളാണ്.

നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം നിശ്ചയിക്കുന്നതും നമ്മളല്ല. ചിലർ ചെറുപ്പത്തിലേ വിടവാങ്ങുന്നു. ചിലർക്ക് ദീർഘായുസ്സ് ലഭിക്കുന്നു. നാം എത്ര വലിയ അറിവുള്ളവരാണെന്ന് അഹങ്കരിച്ചാലും, വാർധ ക്യമെത്തുമ്പോൾ ഒരു കുഞ്ഞിനെയെന്നപോലെ മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നാം മടങ്ങുന്നു. മനുഷ്യന്റെ നിസ്സഹായതയെയും സ്രഷ്ടാവിന്റെ സർവാധിപത്യത്തെയും ഇത് ബോധ്യപ്പെടുത്തുന്നു.

പ്രകൃതിയിലെ ഉയിർത്തെഴുന്നേൽപ്

പരലോകത്തെ നിഷേധിക്കുന്നവർക്ക് അല്ലാഹു നൽകുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വരണ്ടുണങ്ങിയഭൂമി. ജീവന്റെ യാതൊരു ലക്ഷണവുമില്ലാതെ കിടക്കുന്ന മണ്ണിലേക്ക് ഒരു മഴ പെയ്യുമ്പോൾ അത് പെട്ടെന്ന് പച്ചപിടിക്കുകയും സസ്യങ്ങൾ മുളച്ചുവരികയും ചെയ്യുന്നു.

ചൈതന്യമില്ലാത്ത മണ്ണിൽനിന്ന് സസ്യങ്ങളെ ജീവിപ്പിക്കാൻ കഴിയുന്നവന്, മണ്ണടിഞ്ഞ മനുഷ്യരെ പുനർജീവിപ്പിക്കാനും കഴിയും. പ്രകൃതിയിൽ നമ്മുടെ കണ്മുന്നിൽ ഓരോ വർഷവും നടന്നുകൊണ്ടിരി ക്കുന്ന ഈ പ്രക്രിയ പുനരുത്ഥാനത്തിന്റെ പ്രായോഗികമായ തെളിവാണ്. മരണം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് മറ്റൊരു ജീവിതത്തിലേക്കുള്ള തുടക്കമാണെന്ന് ഇത് വ്യക്തമാക്കുന്നു.

വിത്തു മുളക്കുന്നതും ഭൂമി പച്ചപ്പണിയുന്നതും വെറുമൊരു ഭൗതിക പ്രതിഭാസമല്ല, മറിച്ച് മനുഷ്യന്റെ പുനരുത്ഥാനത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തമാണ്. വരണ്ട ഭൂമിയെ ജീവിപ്പിക്കുന്നതുപോലെ, ജീർണ്ണിച്ചു പോയ അസ്ഥികളെയും അല്ലാഹു പുനരുജ്ജീവിപ്പിക്കും. വിതയ്ക്കപ്പെട്ട വിത്തുകൾ അനുകൂല സാഹചര്യത്തിൽ മണ്ണിൽനിന്ന് മുളച്ചുപൊന്തുന്നത് പോലെ, നാളെ പരലോകത്ത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഓരോ മനുഷ്യനും തന്റെ വിചാരണയ്ക്കായി മണ്ണിൽനിന്നും എഴുന്നേറ്റു വരേണ്ടതുണ്ട്. പ്രകൃതിയിലെ ഈ വലിയ മാറ്റം കാണിച്ചുതരുന്നതിലൂടെ പുനരുത്ഥാനമെന്നത് യുക്തിക്ക് നിരക്കാത്ത ഒന്നല്ല, മറിച്ച് നമ്മുടെ കൺമുന്നിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന ഒരു യാഥാർഥ്യമാണെന്ന് ക്വുർആൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

സംശയങ്ങളിൽനിന്നുള്ള മോചനം

‘നിങ്ങൾ സംശയത്തിലാണെങ്കിൽ’ എന്ന് പറഞ്ഞുകൊണ്ടാണ് വചനം തുടങ്ങുന്നത്. മനുഷ്യന്റെ യുക്തിയെയും ചിന്തയെയും ഉണർത്താനാണ് ക്വുർആൻ ശ്രമിക്കുന്നത്. ചുറ്റുമുള്ള മാറ്റങ്ങളും സ്വന്തം ശരീരത്തിന്റെ രഹസ്യങ്ങളും തിരിച്ചറിയുന്ന ഒരാൾക്ക് സത്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

സ്രഷ്ടാവിനെ അംഗീകരിക്കുന്നതിലൂടെ മാത്രമെ മനുഷ്യന് അവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ നീങ്ങുകയുള്ളൂ. ഒന്നുമില്ലായ്മയിൽ നിന്ന് നമ്മെ സൃഷ്ടിച്ചവന് നമ്മെ തിരിച്ചുകൊണ്ടുവരാൻ പ്രയാസമില്ല എന്ന ലളിതമായ സത്യം ഉൾക്കൊള്ളുമ്പോൾ ജീവിതത്തിന് പുതിയൊരു അർഥവും ലക്ഷ്യബോധവും കൈവരുന്നു.

ഈ പ്രപഞ്ചവും അതിലെ സംവിധാനങ്ങളും വ്യർഥമായി സൃഷ്ടിക്കപ്പെട്ടതല്ല എന്ന തിരിച്ചറിവാണ് യഥാർഥ വിജ്ഞാനം. സ്വന്തം സൃഷ്ടിപ്പിന്റെ ഘട്ടങ്ങളെക്കുറിച്ചും പ്രകൃതിയുടെ മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ഒരാൾക്ക് പരലോക ജീവിതത്തെക്കുറിച്ച് ഒരിക്കലും സംശയിക്കാനാകില്ല. ഈ ബോധ്യം മനുഷ്യനിൽ ഉത്തരവാദിത്തബോധം വളർത്തുന്നു; തന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ലെന്നും ചെയ്ത കർമങ്ങൾക്കെല്ലാം സ്രഷ്ടാവിന്റെ മുന്നിൽ മറുപടി പറയേണ്ടിവരുമെന്നുമുള്ള ചിന്ത അവനെ സൽകർമങ്ങളിലേക്ക് നയിക്കുന്നു. ചുരുക്കത്തിൽ, സംശയങ്ങളുടെ ഇരുട്ടിൽനിന്ന് വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കും ജീവിതത്തിന്റെ യഥാർഥ ലക്ഷ്യത്തിലേക്കുമുള്ള ഒരു വഴിവിളക്കാണ് അല്ലാഹുവിന്റെ ഈ സാർവലൗകിക ആഹ്വാനം.

(തുടരും)