ചരിത്രം; ക്വുർആനിന്റെ വീക്ഷണം
റൈഹാൻ ഷഹീദ്
2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

(മുസ്ലിം സമുദായം; ഉയർച്ചയും പതനവും 2)
ചരിത്രകാരന്മാർ നാഗരികതകളുടെ ഉയർച്ചയും പതനവും വിശദീകരിക്കാൻ വിവിധ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചിലർ സാമ്പത്തിക കാരണങ്ങൾ പറയുന്നു. ചിലർ ഭൂമിശാസ്ത്രം. ചിലർ സൈനിക ശക്തി. ചിലർ സാമൂഹികഘടന. എന്നാൽ ക്വുർആൻ ചരിത്രത്തെ മറ്റൊരു രീതിയിലാണ് വിശദീകരിക്കുന്നത്. ക്വുർആൻ ചരിത്രത്തെ യാദൃച്ഛിക സംഭവങ്ങളുടെ പരമ്പരയായി കാണുന്നില്ല. അല്ലാഹുവിന്റെ സുന്നത്തുകളുടെ (നിയമങ്ങളുടെ) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രക്രിയയായാണ് അത് അവതരിപ്പിക്കുന്നത്.
“ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച’’ (ക്വുർആൻ 13:11)
ഈ വചനം മുസ്ലിം ചരിത്രത്തിന്റെ സാരാംശം തന്നെയാണ്. ബദ്റിലെ വിജയവും അൻഡലൂസിന്റെ ഉയർച്ചയും ഇതേനിയമത്തിന്റെ ഭാഗമാണ്. ബാഗ്ദാദിന്റെ പതനവും ഇതേനിയമത്തിന്റെ ഭാഗമാണ്. ഇന്നത്തെ മുസ്ലിം ലോകത്തിന്റെ അവസ്ഥയും ഇതേ നിയമത്തിനു പുറത്തല്ല.
അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു: “ഒരു ജനവിഭാഗത്തിന് താൻ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നതുകൊണ്ടത്രെ അത്...’’ (ക്വുർആൻ 8:53).
ഈ ആയത്ത് ഒരു പ്രധാന സത്യം പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ശാശ്വതമായ അവകാശങ്ങളല്ല. അവ ഉത്തരവാദിത്തങ്ങളാണ്. അവ സംരക്ഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് ആദ്യകാല മുസ്ലിം സമൂഹം ക്വുർആനോട് ചേർന്നുനിന്നപ്പോൾ അവർ ലോകത്തിനു മാതൃകയായത്. അതേ സമൂഹം ക്വുർആനിക മൂല്യങ്ങളിൽനിന്ന് അകന്നപ്പോൾ ദുർബലമാവുകയും ചെയ്തു.
ക്വുർആൻ മുന്നറിയിപ്പുകൾ മാത്രമല്ല; പ്രത്യാശയും നൽകുന്നു. അല്ലാഹു പറയുന്നു: “നിങ്ങളിൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവൻ അവരെ ഭൂമിയിൽ അധികാരികളാക്കും... അവരുടെ ഭയത്തെ സുരക്ഷിതത്വമാക്കി മാറ്റുകയും ചെയ്യും.’(ക്വുർആൻ 24:55)

ഈ വാഗ്ദാനം ഒരു പ്രത്യേക തലമുറയ്ക്ക് മാത്രമുള്ളതല്ല. ഓരോ കാലഘട്ടത്തിലുമുള്ള വിശ്വാസികൾക്കുള്ളതാണ്. പക്ഷേ ഈ വാഗ്ദാനത്തിന് നിബന്ധനകളുണ്ട്; വിശ്വാസം, സൽകർമം, അല്ലാഹുവോടുള്ള ആത്മാർഥത പോലുള്ള. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് വിജയത്തിനു കുറുക്കു വഴികളില്ല എന്നതാണ്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ, വൈകാരിക പ്രസംഗങ്ങൾ, പഴയ മഹത്ത്വത്തിന്റെ കഥകൾ എന്നിവ കൊണ്ടൊന്നും വിജയം നേടാനാവില്ല. ഒരു ഉമ്മത്തിന്റെ നവോത്ഥാനം ആരംഭിക്കുന്നത് ഹൃദയങ്ങളിൽനിന്നാണ്. ശേഷം വീടുകളിലേക്ക്, അവിടെനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്, സമൂഹത്തിലേക്ക്, ഒടുവിൽ നാഗരികതയിലേക്ക്. അതുകൊണ്ടുതന്നെ മുസ്ലിം ചരിത്രത്തിലെ ഏറ്റവും വലിയ പാഠം ഇതാണ്: അല്ലാഹു ചരിത്രത്തെ മാറ്റുന്നത്, മനുഷ്യർ സ്വയം മാറുമ്പോഴാണ്.
ചരിത്രത്തിൽനിന്നു നാം പഠിക്കേണ്ടത്
ചരിത്രം സംഭവങ്ങളുടെ പട്ടികയല്ല; പാഠങ്ങളുടെ ശേഖരമാണ്.
മുസ്ലിം ഉമ്മത്തിന്റെ പതിനാലു നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഓരോ തലമുറയും പഠിക്കേണ്ട ചില അടിസ്ഥാന സത്യങ്ങൾ വ്യക്തമായി കാണാം. നമ്മുടെ പൂർവികർ എങ്ങനെ ഉയർന്നു എന്നതും എന്തുകൊണ്ട് ദുർബലരായി എന്നതും മനസ്സിലാക്കുമ്പോൾ ഭാവിയിലേക്കുള്ള വഴി കൂടുതൽ വ്യക്തമാകും.
1. തൗഹീദ് നമ്മുടെ ഏറ്റവും വലിയ ശക്തിയാണ്:
മുസ്ലിം സമൂഹത്തിന്റെ ആദ്യകാല വിജയത്തിന്റെ കേന്ദ്രത്തിൽ തൗഹീദ് ഉണ്ടായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനെ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസ പ്രഖ്യാപനം മാത്രമായിരുന്നില്ല; അത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിച്ച ഒരു ലോകവീ ക്ഷണമായിരുന്നു. അധികാരം, സമ്പത്ത്, പ്രശസ്തി എന്നിവയെല്ലാം അല്ലാഹുവിന്റെ വിധിക്ക് കീഴിലാണെന്ന ബോധമാണ് ആദ്യകാല മുസ്ലിംകളെ ഭയരഹിതരാക്കിയത്.
എവിടെയൊക്കെയാണോ ഈ വിശ്വാസത്തിൽ വ്യതിയാനം വന്നത് അവിടെയൊക്കെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
2. വിജ്ഞാന സമ്പാദനത്തെ ആരാധനയായി കാണണം:
ആദ്യത്തെ ദിവ്യസന്ദേശം ‘ഇക്വ്റഅ്’ എന്നായിരുന്നു. ഇസ്ലാമിക നാഗരികതയുടെ വളർച്ച ആരംഭിച്ചത് ഗ്രന്ഥശാലകളിൽനിന്നാണ്, കൊട്ടാരങ്ങളിൽ നിന്നല്ല. ഇന്നു ലോകത്തെ നയിക്കുന്ന രാഷ്ട്രങ്ങൾ ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലും നിക്ഷേപം നടത്തുന്നവയാണ്. മുസ്ലിം സമൂഹം വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും വീണ്ടും കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഒരു സമൂഹം മറ്റുള്ളവരുടെ കണ്ടുപിടിത്തങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്നാൽ അത് ഉപഭോക്തൃ സമൂഹമായി തുടരും; നിർമാതാക്കളാകാൻ കഴിയില്ല.

3. ഐക്യമില്ലാതെ ഉയർച്ചയില്ല:
ചരിത്രത്തിലെ എല്ലാ വലിയ തിരിച്ചടികൾക്കും പിന്നിൽ മുസ്ലിംകളുടെ ആഭ്യന്തര വിഭജനങ്ങൾ പ്രധാന കാരണങ്ങളിലൊന്നായിരുന്നു. ക്വുർആൻ പറയുന്നു: “നിങ്ങൾ ഭിന്നിച്ചുപോകരുത്. എങ്കിൽ നിങ്ങൾക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും’’ (ക്വുർആൻ 8:46).
അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അവ ശത്രുതയിലേക്കും പരസ്പര നശീകരണ ത്തിലേക്കും നയിക്കുമ്പോൾ സമൂഹം ദുർബലമാകുന്നു.
4. സ്ഥാപനങ്ങൾ നിർമിക്കണം:
ചരിത്രം മാറ്റിയത് വ്യക്തികൾ മാത്രമല്ല; അവർ നിർമിച്ച സ്ഥാപനങ്ങളുമാണ്. ബൈത്തുൽ ഹിക്മ, അൽഅസ്ഹർ, നിസാമിയ്യ മദ്റസകൾ, വഖ്ഫ് സ്ഥാപനങ്ങൾ, ആശുപത്രികൾ, ഗ്രന്ഥശാലകൾ എന്നിവ തലമുറകളെ രൂപപ്പെടുത്തി. ഇന്നും മുസ്ലിം സമൂഹത്തിന് ആവശ്യമുള്ളത് ദീർഘകാലം നിലനിൽക്കുന്ന വിദ്യാഭ്യാസ, ഗവേഷണ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളാണ്.
5. സാമ്പത്തിക ശക്തി അനിവാര്യമാണ്:
ആത്മീയതയും സാമ്പത്തികശക്തിയും പരസ്പരവിരുദ്ധമല്ല. സകാത്ത്, വഖ്ഫ്, ബൈത്തുൽമാൽ തുടങ്ങിയ സംവിധാനങ്ങൾ സാമൂഹികനീതിയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കാൻ രൂപപ്പെടുത്തിയവയായിരുന്നു. സാമ്പത്തികമായി ദുർബലമായ ഒരു സമൂഹത്തിന് വിദ്യാഭ്യാസത്തിലും സാമൂഹിക സേവനത്തിലും വലിയ മുന്നേറ്റം സാധ്യമല്ല.
6. ധാർമിക നേതൃത്വം:
ചരിത്രത്തിലെ ഉന്നതരായ മുസ്ലിം നേതാക്കൾ അധികാരത്തെക്കാൾ ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകിയവരായിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ), ഉമർ ഇബ്നു അബ്ദുൽ അസീസ്, സ്വലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ ഇന്നും ഓർമിക്കപ്പെടുന്നത് അവരുടെ നീതിബോധവും വിശ്വാസദാർഢ്യവും കൊണ്ടാണ്.
7. ദഅ്വത്തും സേവനവും:
വ്യാപാരികളിലൂടെയും പണ്ഡിതന്മാരിലൂടെയും അധ്യാപകരിലൂടെയും സേവനപ്രവർത്തകരിലൂടെയുമൊക്കെയാണ് ഇസ്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിയത്. കേരളം മുതൽ ഇന്തോനേഷ്യ വരെ അതിന്റെ തെളിവുകൾ കാണാം. അതുകൊണ്ട് ഒരു മുസ്ലിം സമൂഹത്തിന്റെ ശക്തി അതിന്റെ ജനസംഖ്യയിലല്ല; അതിന്റെ സംഭാവനകളിലാണ്.
ക്വുർആനോട് ചേർന്നുനിന്ന സമൂഹം ഉയർന്നു. വിജ്ഞാനത്തെ സ്വീകരിച്ച സമൂഹം വളർന്നു. നീതി സ്ഥാപിച്ച സമൂഹം ആദരിക്കപ്പെട്ടു. ഈ മൂല്യങ്ങളിൽനിന്ന് അകന്നവർ ദുർബലമാവുകയും ചെയ്തു.
ചരിത്രം നൽകുന്ന മുന്നറിയിപ്പ്
മുസ്ലിം ചരിത്രം നമ്മെ പ്രചോദിപ്പിക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ മുന്നറിയിപ്പും നൽകുന്നു. ആ മുന്നറിയിപ്പു വളരെ വ്യക്തമാണ്. ഒരു ഉമ്മത്തിനും ശാശ്വതമായ വിജയമില്ല. ചരിത്രത്തിലെ ഏറ്റവും ശക്തരായ സാമ്രാജ്യങ്ങൾ പോലും ഇല്ലാതായിട്ടുണ്ട്. ഇന്ന് റോമാക്കാർ ഇല്ല. സസാനികൾ ഇല്ല. മംഗോളുകളുടെ ആധിപത്യമില്ല. ബ്രിട്ടീഷ് സാമ്രാജ്യവും ചരിത്രത്തിന്റെ ഭാഗമായി. അതുപോലെ മുസ്ലിം ലോകവും ഉയർച്ചയും താഴ്ചയും അനുഭവിച്ചിട്ടുണ്ട്. ഇതിന്റെ കാരണം ക്വുർആൻ വ്യക്തമായി വിശദീകരിക്കുന്നു.

അല്ലാഹു പറയുന്നു: “ആ ദിവസങ്ങളിലെ ജയാപജയങ്ങൾ ആളുകൾക്കിടയിൽ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്’’ (ക്വുർആൻ 3:140).
വിജയവും പരാജയവും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അവ യാദൃച്ഛികമല്ല. അല്ലാഹുവിന്റെ സുന്നത്തുകൾക്കനുസരിച്ചാണ് അവ സംഭവിക്കുന്നത്. ഒരു സമൂഹം നീതി ഉപേക്ഷിച്ചാൽ, വിജ്ഞാനം അവഗണിച്ചാൽ, അഴിമതി വ്യാപകമായാൽ, ആഡംബരത്തിൽ മുങ്ങിയാൽ, അല്ലാഹുവിന്റെ മാർഗനിർദേശത്തിൽ നിന്ന് അകന്നാൽ, അവരുടെ ശക്തി ക്രമേണ ക്ഷയിക്കും.
ഇത് മുസ്ലിംകൾക്ക് മാത്രമല്ല. എല്ലാ സമൂഹങ്ങൾക്കും ബാധകമായ ചരിത്രനിയമമാണ്. അതുകൊണ്ടാണ് ക്വുർആൻ വീണ്ടും വീണ്ടും മുൻകാല ജനതകളുടെ കഥകൾ പറയുന്നത്. അവരെക്കുറിച്ച് ദുഃഖിക്കാനല്ല; അവരെപ്പോലെ ആകാതിരിക്കാൻ. ഇവിടെയാണ് ഇന്ന് നാം ആത്മപരിശോധന നടത്തേണ്ടത്. നമ്മുടെ ചർച്ചകൾ ഭൂതകാലത്തെക്കുറിച്ചാണോ അതോ ഭാവിയെക്കുറിച്ചോ?
നാം മുൻകാല മുസ്ലിം ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നു; എന്നാൽ പുതിയ ശാസ്ത്രജ്ഞരെ വളർത്തുന്നുണ്ടോ? നാം അൽഖവാരിസ്മിയെക്കുറിച്ച് അഭിമാനിക്കുന്നു; എന്നാൽ നമ്മുടെ കുട്ടികളെ ഗണിതത്തിലും സാങ്കേതികവിദ്യയിലും മികവുറ്റവരാക്കാൻ പരിശ്രമിക്കുന്നുണ്ടോ? നാം ബാഗ്ദാദിലെ ഗ്രന്ഥശാലകളെക്കുറിച്ച് സംസാരിക്കുന്നു; എന്നാൽ നമ്മുടെ നഗരങ്ങളിൽ പുതിയ ഗ്രന്ഥശാലകളും ഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടോ? നാം സ്വലാഹുദ്ദീനെ ഓർക്കുന്നു. പക്ഷേ നീതിക്കും ധാർമികതയ്ക്കും വേണ്ടി നിലകൊള്ളുന്ന നേതാക്കളെ വളർത്തുന്നുണ്ടോ?
ചരിത്രം ഒരു കണ്ണാടിയാണ്. അതിൽ ഭൂതകാലം മാത്രമല്ല കാണുന്നത്. നമ്മുടെ ഭാവിയും കാണാം. ചരിത്രത്തിന്റെ ഏറ്റവും വലിയ മുന്നറിയിപ്പ് ഇതാണ്: പഴയ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുന്ന സമൂഹങ്ങൾ ചരിത്രപുസ്തകങ്ങളിൽ ജീവിക്കും. പുതിയ മഹത്ത്വം സൃഷ്ടിക്കുന്ന സമൂഹങ്ങളാണ് ചരിത്രം എഴുതുക.
ചരിത്രം സൃഷ്ടിക്കുന്ന തലമുറ
മുൻഗാമികളുടെ ധീരചരിത്രത്തിൽ അഭിമാനിക്കുന്ന നമ്മൾ സ്വയം ചോദിക്കുക; നാം ചരിത്രം വായി ക്കുന്നവരാണോ അതോ ചരിത്രം സൃഷ്ടിക്കുന്നവരോ?
ഒരു സമൂഹം പൂർവികരുടെ നേട്ടങ്ങളിൽ അഭിമാനംകൊണ്ടു മാത്രം ജീവിക്കാൻ തുടങ്ങുമ്പോൾ അതിന്റെ സൃഷ്ടിപരത ക്രമേണ നഷ്ടപ്പെടുന്നു. ഓരോ സമ്മേളനത്തിലും അൽഖവാരിസ്മിയെക്കുറിച്ച് സംസാരിക്കുകയും, ഓരോ പ്രസംഗത്തിലും സ്വലാഹുദ്ദീൻ അയ്യൂബിയെ പ്രശംസിക്കുകയും, ഓരോ ലേഖനത്തിലും പഴയ ബാഗ്ദാദിന്റെ മഹത്ത്വം വിവരിക്കുകയും ചെയ്യുന്നതു മാത്രം നവോത്ഥാനത്തിനു കാരണമാകില്ല. ചരിത്രം ആദരിക്കപ്പെടേണ്ടതാണ്. എന്നാൽ അതിനെക്കാൾ പ്രധാനപ്പെട്ടത് ചരിത്രത്തെ പിന്തുടരുന്ന തലമുറകളെ സൃഷ്ടിക്കലാണ്.
ഇന്ന് മുസ്ലിം സമൂഹത്തിന് ആവശ്യമുള്ളത് പുതിയ അൽഖവാരിസ്മിമാരെയും പുതിയ ഇബ്നുൽ ഹയ്ഥമുമാരെയും പുതിയ ഇബ്നു ഖൽദൂന്മാരെയും പുതിയ സ്വലാഹുദ്ദീന്മാരെയുമാണ്. നമ്മുടെ വീടുകളിൽ നിന്നാണ് അവർ വളർന്നുവരേണ്ടത്. നമ്മുടെ മദ്റസകളിൽനിന്നും സർവകലാശാലകളിൽ നിന്നും ഗവേഷണകേന്ദ്രങ്ങളിൽനിന്നും അവർ രൂപപ്പെടണം.
ഒരു കുട്ടി ക്വുർആൻ മനഃപാഠമാക്കുന്നതോടൊപ്പം ശാസ്ത്രം, ഗണിതം, ഗവേഷണം പോലുള്ളവയിൽ മികവു തെളിയിക്കുമ്പോഴാണ് ഇസ്ലാമിക നാഗരികതയുടെ ആത്മാവിനു ചൈതന്യമുണ്ടാകന്നത്. ഒരു മുസ്ലിം യുവാവ് സാങ്കേതികവിദ്യയിലോ വൈദ്യശാസ്ത്രത്തിലോ സാമ്പത്തികശാസ്ത്രത്തിലോ നിയമത്തിലോ ഇതര വൈജ്ഞാനിക മേഖലകളിലോ ലോകോത്തര നിലവാരം കൈവരിക്കുമ്പോൾ, അത് അയാളുടെ വ്യക്തിപരമായ വിജയം മാത്രമല്ല; ഉമ്മത്തിന്റെ കൂടി വിജയമാണ്.
ഓരോ അധ്യാപകനും ഒരു ഭാവിശാസ്ത്രജ്ഞനെ വളർത്താം. ഓരോ രക്ഷിതാവിനും ഒരു ഭാവി നേതാവിനെ വളർത്താം. ഓരോ പള്ളിക്കും ഒരു വിജ്ഞാനകേന്ദ്രമാകാം. ഓരോ വിദ്യാർഥിക്കും തന്റെ പഠനത്തെ ഉമ്മത്തിനുള്ള സേവനമാക്കി മാറ്റാം. പ്രവാചകൻﷺ ഒരിക്കൽ പറഞ്ഞു: ‘ജനങ്ങളിൽ ഏറ്റവും ഉത്തമർ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവരാണ്’ (അൽമുഅ്ജമുൽ ഔസത്). ചരിത്രം പഠിച്ചാൽ പോരാ, സമൂഹത്തിന് ഉപകാരപ്പെടുന്ന പുതിയ ചരിത്രം സൃഷ്ടിക്കുകയും വേണം.
ചരിത്രത്തിന്റെ ഭാഗമാവുക
മുസ്ലിം ചരിത്രം മനുഷ്യരാശിയുടെ മഹത്തായ പൈതൃകങ്ങളിലൊന്നാണ്. അത് വിജ്ഞാനത്തിന്റെ, നീതിയുടെ, സംസ്കാരത്തിന്റെ, ശാസ്ത്രത്തിന്റെ, ധാർമികതയുടെ, മാനവികതയുടെ ചരിത്രം കൂടിയാണ്. അതുപോലെ അത് ഒരു മുന്നറിയിപ്പിന്റെ ചരിത്രവുമാണ്. മൂല്യങ്ങൾ നഷ്ടപ്പെട്ടപ്പോൾ സാമ്രാജ്യങ്ങൾ ദുർബലമായി. വിജ്ഞാനം അവഗണിക്കപ്പെട്ടപ്പോൾ നേതൃത്വം നഷ്ടപ്പെട്ടു. ഐക്യം തകർന്നപ്പോൾ ശക്തി യും തകർന്നു. അല്ലാഹു ഒരു സമൂഹത്തെയും അതിന്റെ ഭൂതകാലത്തിന്റെ പേരിൽ ആദരിക്കുന്നില്ല. അവരുടെ വിശ്വാസത്തിന്റെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് അല്ലാഹു അവരെ ഉയർത്തുന്നത്. ക്വുർആൻ പറയുന്നു: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 3:110).
‘ഉത്തമ സമുദായം’ എന്ന വിശേഷണം ചരിത്രത്തിലെ ഒരു തലമുറയ്ക്ക് മാത്രം നൽകിയ ബഹുമതിയല്ല. ഓരോ തലമുറയും സ്വന്തം ജീവിതത്തിലൂടെ ഉത്തമ സമുദായമാകാൻ പരിശ്രമിക്കേണ്ടതുണ്ട്.
നമുക്ക് നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ട് ജീവിക്കാം; അല്ലെങ്കിൽ ആ ചരിത്രം സൃഷ്ടിച്ച മൂല്യങ്ങളെ ജീവിതത്തിൽ പകർത്തി പുതിയ ചരിത്രം രചിക്കാം. നാം ഏതു വഴിയാണ് തിരഞ്ഞെടുക്കുക?
നമ്മുടെ മക്കൾ ചരിത്രം പഠിക്കുന്ന തലമുറയായി മാത്രം മാറരുത്; അവർ ചരിത്രം സൃഷ്ടിക്കുന്ന തലമുറയായി മാറണം. അവർ ബാഗ്ദാദിന്റെ ഗ്രന്ഥശാലകളെക്കുറിച്ച് വായിക്കുന്നവർ മാത്രമാകരുത്; പുതിയ ഗവേഷണകേന്ദ്രങ്ങളും വിജ്ഞാനസ്ഥാപനങ്ങളും നിർമിക്കുന്ന തലമുറയാകണം. അവർ സ്വലാഹുദ്ദീന്റെ വീരകഥകൾ കേൾക്കുന്നവർ മാത്രമാകരുത്; അവർ നീതിക്കും സത്യത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന നേതാക്കളാകണം.
ചരിത്രം മഹാന്മാരെ ഓർക്കുന്നു. ചരിത്രം രചിക്കുന്നത് സ്വപ്നം കാണാൻ ധൈര്യപ്പെടുകയും വിശ്വാസത്തോടെ പ്രവർത്തിക്കുകയും മനുഷ്യരാശിക്ക് സംഭാവന നൽകുകയും ചെയ്യുന്ന തലമുറകളാണ്.
