ജലസംരക്ഷണം; വിശ്വാസികളുടെ ബാധ്യത
മെഹബൂബ് മദനി ഒറ്റപ്പാലം
2026 ജൂലൈ 11, 1448 മുഹർറം 26

(മഴ; കാരുണ്യവാന്റെ അനുഗ്രഹ വർഷം 2)
പ്രപഞ്ചനാഥൻ മനുഷ്യന് കനിഞ്ഞുനൽകിയ അനുഗ്രഹങ്ങളിൽവെച്ച് വിലമതിക്കാനാവാത്തതാണ് ജലം. അത് സംരക്ഷിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. ജീവന്റെ നിലനിൽപ്പും പ്രകൃതിയുടെ പച്ചപ്പും ഈ സുതാര്യ ദ്രാവകത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആധുനിക ലോകം കടുത്ത ജലക്ഷാമത്തിലേക്കും ആഗോളതാപനത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട ത്തിൽ, പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാം മുന്നോട്ടുവെച്ച ജലസംരക്ഷണ പാഠങ്ങൾക്ക് പ്രസക്തിയേറുകയാണ്. ജലം കേവലം ഒരു ഭൗതിക വിഭവം മാത്രമല്ല, മറിച്ച് ദൈവത്തിന്റെ സവിശേഷമായ ദൃഷ്ടാന്തവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട അമാനത്തു(ഏൽപിച്ച സ്വത്ത്)മാണ്. പരിസ്ഥിതി സന്തുലിതാവസ്ഥയുടെ കാതലായ ജലത്തെ എങ്ങനെ സംരക്ഷിക്കണമെന്നും വിനിയോഗിക്കണമെന്നും ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്.
വിശുദ്ധ ക്വുർആൻ ജലത്തെ ജീവന്റെ ഉറവിടമായാണ് അടയാളപ്പെടുത്തുന്നത്. പ്രപഞ്ചസൃഷ്ടിപ്പിന്റെയും ജൈവഘടനയുടെയും അടിസ്ഥാനം ജലമാണെന്ന് അല്ലാഹു ക്വുർആനിലൂടെ പ്രഖ്യാപിക്കുന്നു:
“ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തിൽനിന്നാണ് സൃഷ്ടിച്ചത്. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’ (21:30).
മറ്റൊരു സൂക്തത്തിൽ, ജലം ആകാശത്തുനിന്ന് കൃത്യമായ അളവിലാണ് ഭൂമിയിലേക്ക് വർഷിക്കുന്നതെന്നും അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ബാധ്യതയാണെന്നും ഓർമിപ്പിക്കുന്നു:
“ആകാശത്തുനിന്ന് നാം ഒരു നിശ്ചയിക്കപ്പെട്ട അളവിൽ വെള്ളം ഇറക്കി. എന്നിട്ട് അതിനെ നാം ഭൂമിയിൽ സംഭരിച്ചു നിർത്തി. തീർച്ചയായും അത് വറ്റിച്ചുകളയാൻ നാം ശക്തനാണ്’’ (23:18).
ഭൂമിയിലെ ജലചംക്രമണ വ്യവസ്ഥയെക്കുറിച്ചും മഴയുടെ കൃത്യതയെക്കുറിച്ചും ക്വുർആൻ മനുഷ്യനെ ബോധവാനാക്കുന്നു. ഈ അനുഗ്രഹം ഭൂമിയിൽനിന്ന് അപ്രത്യക്ഷമായാൽ മനുഷ്യന്റെ അവസ്ഥ എന്താകുമെന്ന് ക്വുർആൻ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്:
“പറയുക: നിങ്ങളുടെ വെള്ളം ഭൂമിക്കടിയിലേക്ക് വറ്റിപ്പോയാൽ ആരാണ് നിങ്ങൾക്ക് ഒഴുകുന്ന തെളിനീര് കൊണ്ടുവന്നു തരിക?’’ (67:30).
ഈ വചനങ്ങൾ ജലം കരുതലോടെ ഉപയോഗിക്കാനും അതിന്റെ സ്രോതസ്സുകൾ കാത്തുസൂക്ഷിക്കാനുമുള്ള ശക്തമായ താക്കീതുകൾ കൂടി ഉൾക്കൊള്ളുന്നതാണ്.
പ്രവാചകാധ്യാപനങ്ങളിലെ മിതത്വത്തിന്റെ പാഠങ്ങൾ
ആരാധനാകർമങ്ങളിൽ പോലും വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന കർശന നിർദേശമാണ് പ്രവാചകൻﷺ നൽകിയിട്ടുള്ളത്. ജലവിനിയോഗത്തിൽ മിതത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ടതും, ജലം ദാനം ചെയ്യുന്നതിന്റെ പുണ്യത്തെക്കുറിച്ചും, ജലാശയങ്ങൾ സംരക്ഷിക്കുന്നതി നെക്കുറിച്ചും വ്യക്തമാക്കുന്ന നിരവധി ഹദീസുകൾ നമുക്ക് കാണാം.
ഒരിക്കൽ സഅ്ദ്(റ) വുദൂഅ് ചെയ്തുകൊണ്ടിരിക്കെ വെള്ളം പാഴാക്കുന്നത് കണ്ട് പ്രവാചകൻﷺ ചോദിച്ചു: ‘എന്താണിത് സഅ്ദ്?’ സഅ്ദ്(റ) ചോദിച്ചു: ‘വുദൂഇലും ധൂർത്തോ?’ പ്രവാചകൻﷺ പ്രതികരിച്ചു: ‘അതെ, നീ ഒഴുകുന്ന ഒരു നദിയുടെ തീരത്താണെങ്കിൽ പോലും (ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുന്നത്) ധൂർത്താണ്’ (ഇബ്നു മാജ)
പ്രവാചകന്റെ ശുദ്ധീകരണ രീതിയെക്കുറിച്ച് അനസ്(റ) പറയുന്നു: “നബിﷺ ഒരു സ്വാഅ് വെള്ളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് വെള്ളം കൊണ്ട് വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു’’ (ബുഖാരി, മുസ്ലിം). പ്രവാചകന്റെ ഈ കൃത്യത ജലം ഒട്ടും പാഴാക്കരുത് എന്നതിന്റെ വലിയ പാഠമാണ്
ജലദാനത്തിന്റെ മഹത്ത്വം
സഅ്ദ് ബിൻ ഉബാദ(റ) പ്രവാചകനോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവർക്ക് വേണ്ടി ഞാൻ ചെയ്യുന്ന ഏത് സ്വദക്വയാണ് (ദാനം) ഏറ്റവും ഉത്തമം?’’ പ്രവാചകൻﷺ മറുപടി നൽകി: “വെള്ളം കുടിക്കാൻ നൽകലാണ് (ജലദാനം)’’ (അബൂദാവൂദ്, നസാഈ). തുടർന്ന് സഅ്ദ്(റ) ജനങ്ങൾക്ക് കുടിവെള്ളത്തിനായി ഒരു കിണർ കുഴിക്കുകയും അത് തന്റെ ഉമ്മയ്ക്കായി സമർപ്പിക്കുകയും ചെയ്തു.
പ്രവാചകൻﷺ പറഞ്ഞു: “യാത്രാ മധ്യെ കഠിനമായ ദാഹത്താൽ വലഞ്ഞ ഒരു മനുഷ്യൻ ഒരു കിണറ്റിലിറങ്ങി വെള്ളം കുടിച്ചു. തിരിച്ചു കയറിയപ്പോൾ ദാഹം കൊണ്ട് മണ്ണുനക്കുന്ന ഒരു നായയെ അയാൾ കണ്ടു. ആ മനുഷ്യൻ തന്റെ ബൂട്സിൽ വെള്ളം നിറച്ച്, അത് വായകൊണ്ട് കടിച്ചുപിടിച്ച് മുകളിൽ കയറി ആ നായക്ക് കുടിക്കാൻ നൽകി. അല്ലാഹു അവന്റെ പ്രവർത്തനം സ്വീകരിക്കുകയും അവന് പാപമോചനം നൽകുകയും ചെയ്തു.’’ സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, മൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്നതിലും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?’’ പ്രവാചകൻﷺ പറഞ്ഞു: “അതെ, ജീവനുള്ള എല്ലാ ജീവികൾക്ക് വെള്ളം നൽകുന്നതിലും പ്രതിഫലമുണ്ട്’’ (ബുഖാരി).
ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുചിത്വവും
പൊതു ജലാശയങ്ങൾ മലിനമാക്കുന്നതിനെതിരെ പ്രവാചകൻ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: “ശാപത്തിന് കാരണമാകുന്ന മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക: ജലസ്രോതസ്സുകളിലും പൊതുവഴികളിലും ജനങ്ങൾ തണൽ കൊള്ളുന്ന ഇടങ്ങളിലും മലമൂത്രവിസർജനം നടത്തൽ’’ (അബൂദാവൂദ്).
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: “നിങ്ങളിലാരും കെട്ടിക്കിടക്കുന്ന, ഒഴുക്കില്ലാത്ത വെള്ള ത്തിൽ മൂത്രമൊഴിക്കരുത്; പിന്നീട് അതിൽനിന്ന് തന്നെ കുളിക്കേണ്ടി വന്നേക്കാം’’ (ബുഖാരി).
പ്രവാചകന്റെ അനുചരന്മാരായ സ്വഹാ ബികൾ ജലസംരക്ഷണത്തിലും ജലവിതരണത്തിലും അതുല്യമായ മാതൃകകളാണ് ലോകത്തിന് സമർപ്പിച്ചത്. പ്രവാചകനിൽനിന്ന് പഠിച്ച പാഠങ്ങൾ അവർ പ്രായോഗിക ജീവിതത്തിൽ അക്ഷരംപ്രതി നടപ്പിലാക്കി.
റൂമ കിണർ

മദീനയിലേക്ക് ഹിജ്റ പോയ കാലത്ത് മുസ്ലിംകൾ കടുത്ത കുടിവെള്ളക്ഷാമം നേരിട്ടു. ‘റൂമ’ എന്ന ശുദ്ധജല കിണർ ഒരു ജൂതന്റെ ഉടമസ്ഥതയിലായിരുന്നു. അവൻ വലിയ വില ഈടാക്കിയാണ് മുസ്ലിംകൾക്ക് വെള്ളം വിറ്റിരുന്നത്. ഇത് ദരിദ്രരായ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇതറിഞ്ഞ പ്രവാചകൻﷺ സദസ്സിൽ വെച്ച് പറഞ്ഞു: ‘ആരാണോ റൂമ കിണർ വാങ്ങി മുസ്ലിംകൾക്കായി വക്വ്ഫ് ചെയ്യുന്നത് (ദാനം ചെയ്യുന്നത്), അവർക്ക് പരലോകത്ത് സ്വർഗത്തിലെ തടാകമുണ്ട്.’ ഇതു കേട്ട ഉസ്മാൻ ബിൻ അഫ്ഫാൻ(റ) വലിയ വിലയ്ക്ക് ആ കിണറിന്റെ പകുതി അവകാശവും പിന്നീട് മുഴുവൻ അവകാശവും വാങ്ങി. തുടർന്ന് അദ്ദേഹം അത് മദീനയിലെ മുഴുവൻ ജനങ്ങൾക്കുമായി (മുസ്ലിംകൾക്കും അമുസ്ലിംകൾക്കും) സൗജന്യമായി തുറന്നുകൊടുക്കുകയും ചെയ്തു.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ‘ശുദ്ധജലക്ഷാമം’ ആണ്. നദികൾ മലിനമാക്കപ്പെടുന്നു, ഭൂഗർഭ ജലനിരപ്പ് താഴുന്നു, കാടുകൾ നശിപ്പിക്കപ്പെടുന്നതിലൂടെ മഴയുടെ അളവ് കുറയുന്നു. ഇവിടെയാണ് ഇസ്ലാം പഠിപ്പിച്ച ‘ഇസ്റാഫ്’ (ധൂർത്ത്) എന്ന തിന്മക്കെതിരെയുള്ള പോരാട്ടം പ്രസക്തമാകുന്നത്. ക്വുർആൻ പറയുന്നു:
“നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക; എന്നാൽ ധൂർത്ത് കാണിക്കരുത്. തീർച്ചയായും ധൂർത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’’ (സൂറത്തുൽ അഅ്റാഫ്: 31)
ഒരു തുള്ളി വെള്ളം പോലും പാഴാക്കുന്നത് പ്രപഞ്ചനാഥനോട് ചെയ്യുന്ന നന്ദികേടാണെന്ന ബോധം ഒരു മുസ്ലിമിന്റെയുള്ളിൽ ഉണ്ടാകേണ്ടതുണ്ട്.
ഇസ്ലാമിക വീക്ഷണത്തിൽ ജലസംരക്ഷണം എന്നത് കേവലമൊരു ഭൗതികമായ ആവശ്യമോ പരിസ്ഥിതി വാദമോ അല്ല, മറിച്ച് അത് പ്രപഞ്ചനാഥനോടുള്ള നന്ദിപ്രകാശനവും കൂടിയാണ്. പരലോ കത്ത് അല്ലാഹുവിന്റെ വിചാരണവേളയിൽ ചോദിക്കപ്പെടുന്ന അനുഗ്രഹങ്ങളിൽ ജലവും പെടുമെന്ന് തിരിച്ചറിയുക.
