പ്രതികാരത്തിന്റെ വാളുകളെ തോൽപിച്ച മാതൃക

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

മനുഷ്യത്വം കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുകയും സ്വാർഥത കൊടുമ്പിരികൊള്ളുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു വാർത്ത സൗദി അറേബ്യയിൽ നിന്നും പുറത്തുവന്നു. ഒരുപിടി കണ്ണീരും അതിലേറെ ചിന്തയും അതിലുപരി അല്ലാഹുവിന്റെ പ്രതിഫലത്തിലുള്ള അചഞ്ചലമായ വിശ്വാസവും തുളുമ്പിനിൽക്കുന്നതാണ് ആ സംഭവം.

തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവായ കൊലയാളി പരസ്യമായ വധശിക്ഷ ഏറ്റുവാങ്ങാൻ ഇനി കേവലം 15 മണിക്കൂറുകൾ മാത്രം ബാക്കി. നിയമം അതിന്റെ എല്ലാ വഴികളും പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതികാരത്തിന്റെ വാൾ ഏതുനിമിഷവും കൊലയാളിയുടെ കഴുത്തിൽ പതിക്കാം. കൊല്ലപ്പെട്ട മകന്റെ കുടുംബത്തിന് വേണമെങ്കിൽ ആ മരണക്കാഴ്ച കണ്ടു ഹൃദയം തണുപ്പിക്കാമായിരുന്നു. അല്ലെങ്കിൽ, കോടാനുകോടി റിയാലുകൾ ബ്ലഡ് മണി വാങ്ങി ആഡംബര ജീവിതം നയിക്കാമായിരുന്നു. എന്നാൽ, അവിടെയാണ് ഖഹ്താൻ ഗോത്രത്തിലെ, കാരുണ്യവും ആഭിജാത്യവു മുള്ള ആ പിതാവ് ലോകത്തിനുതന്നെ മാതൃകയായത്.

അദ്ദേഹം നേരെ പോയത് തന്റെ മകന്റെ ജീവനെടുത്ത കൊലയാളിയുടെ വീട്ടിലേക്കാണ്. അവിടെ കൂടിനിന്ന ബന്ധുക്കളുടെയും അധികാരികളുടെയും മുന്നിൽ ആ വൃദ്ധനായ പിതാവ് തലയുയർത്തിപ്പിടിച്ചുനിന്നുകൊണ്ട് പ്രഖ്യാപിച്ചു: ‘എന്റെ മകന്റെ ജീവനു പകരമായി കോടിക്കണക്കിന് റിയാലുകൾ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ, എന്റെ മകന്റെ രക്തത്തിന് വിലയിടാൻ ഈ ഭൗതിക ലോകത്തിലെ ഒരു സാമ്രാജ്യത്തിനും കഴിയില്ല. അതിനു ഭൗതികമായ യാതൊരു മൂല്യവുമില്ല. അതു കൊണ്ടുതന്നെ, യാതൊരുവിധ പ്രതിഫലവും വാങ്ങാതെ, കേവലം അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ഞാൻ ആ കൊലയാളിക്ക് ഇതാ പൂർണമായി മാപ്പുനൽകിയിരിക്കുന്നു!’

പ്രതികാരത്തിന്റെ കനലുകൾ എരിഞ്ഞിരുന്ന ആ അന്തരീക്ഷം പെട്ടെന്നു നിശ്ശബ്ദമായി. അവിടെ കൂടിയിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. 15 മണിക്കൂറിനപ്പുറം ശ്വാസം നിലയ്‌ക്കേണ്ടിയിരുന്ന ഒരു മനുഷ്യന്, ഒരൊറ്റ വാക്കുകൊണ്ട് ആ പിതാവ് ജീവിതം തിരിച്ചുകൊടുത്തു! ഇതു കേവലമൊരു മാപ്പുനൽകലല്ല; മറിച്ച് മനുഷ്യത്വത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പരലോക വിശ്വാസത്തിന്റെയും ഏറ്റവും ഉൽകൃഷ്ടമായ ആവിഷ്‌കാരമാണ്.

ഇസ്‌ലാമിക ശരീഅത്തിന്റെ യഥാർഥ സൗന്ദര്യത്തെയാണ് ഈ സംഭവം വ്യക്തമാക്കിത്തരുന്നത്. ഇസ്‌ലാമിലെ ‘ഖിസാസ്’ അഥവാ പ്രതികാരത്തിനുള്ള നിയമപരമായ അവകാശമെന്നത് കേവലം ചോരക്കു ചോര എന്ന നിയമമല്ല. മറിച്ച്, സമൂഹത്തിൽ സമാധാനം നിലനിർത്താനുള്ള കൃത്യമായ അതിർവരമ്പാണത്. എന്നാൽ, ആ അവകാശം നിലനിൽക്കുമ്പോൾ തന്നെ, പ്രതികാരത്തെക്കാൾ എത്രയോ ഉന്നതമാണ് മഹത്തുക്കളുടെ ക്ഷമയും മാപ്പുനൽകലും എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: “തിന്മക്ക് നൽകേണ്ട പ്രതിഫലം അതുപോലെയുള്ള തിന്മയാകുന്നു. എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും നന്മ പുലർത്തുകയും ചെയ്താൽ അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലാകുന്നു. തീർച്ചയായും അവൻ അക്രമികളെ ഇഷ്ടപ്പെടുന്നില്ല’’ (വിശുദ്ധ ക്വുർആൻ 42:40).

മകനെ നഷ്ടപ്പെട്ട ആ പിതാവ് ചിന്തിച്ചതു പരലോകത്തെക്കുറിച്ചാണ്. ഭൗതികലോകത്തെ കോടികളെക്കാൾ, തന്റെ മകന്റെ വിയോഗത്തിലൂടെ തനിക്കുണ്ടായ സങ്കടത്തെക്കാൾ വലുത് നാളെ പരലോകത്ത് അല്ലാഹു നൽകാനിരിക്കുന്ന അനശ്വരമായ സ്വർഗത്തോപ്പുകളാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ ആധുനിക ഭൗതികവാദ ലോകത്ത് ഇത്തരമൊരു ചിന്ത കാത്തുസൂക്ഷിക്കാൻ ഒരു യഥാർഥ വിശ്വാസിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?

തന്റെ മകനെ കൊന്നവനോട് ക്ഷമിക്കാൻ ആ പിതാവിനു കരുത്തുനൽകിയത് വിശാലമായ സ്വർഗത്തെക്കുറിച്ചുള്ള ക്വുർആനിന്റെ മനോഹരമായ വാഗ്ദാനങ്ങളാണ്. ഭൂമിയിലെ നഷ്ടങ്ങൾ താൽക്കാലികമാണെന്നും യഥാർഥ വിജയം പരലോകത്താണെന്നും ഇസ്‌ലാം മനുഷ്യനെ പഠിപ്പി ക്കുന്നു. കോപത്തെ അടക്കിനിർത്തുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്ത സ്വർഗത്തിന്റെ വിശാലതയെക്കുറിച്ച് ക്വുർആൻ പറയുന്നത് കാണുക:

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ടു മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്കു വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു’’ (3:133-134).

ഈ ക്വുർആൻ വചനം നെഞ്ചിലേറ്റിയതുകൊണ്ടാണ് ആ പിതാവ് തന്റെ മകന്റെ കൊലയാളിയുടെ പിതാവിന്റെ നെറുകയിൽ ചുംബിച്ച് ആലിംഗനം ചെയ്തത്. ഭൂമിയിലെ പ്രതികാര ചിന്തകൾക്കപ്പുറം, അല്ലാഹുവിന്റെ സ്‌നേഹവും കാരുണ്യവും മാത്രം ലക്ഷ്യം വയ്ക്കുന്ന ഉന്നതമായ ഇത്തരം മനസ്സ് ഒരു വിശ്വാസിക്ക് മാത്രമെ ഉണ്ടാകൂ.

ഇസ്‌ലാമിനെ അക്രമത്തിന്റെയോ പ്രതികാരത്തിന്റെയോ മതമായി ചിത്രീകരിക്കാൻ രാപകൽ അധ്വാനിക്കുന്ന നിരീശ്വരവാദികൾക്കും അഭിനവ യുക്തിവാദികൾക്കും മുന്നിൽ കനത്തൊരു പ്രഹരവും വലിയൊരു തിരിച്ചറിവുമാണ് സൗദിയിലെ ഈ സംഭവം. ഇസ്‌ലാമിലെ ക്രിമിനൽ നിയമങ്ങളെയും ഖിസാസിനെയും ‘ക്രൂരം,’ ‘മധ്യകാലഘട്ടത്തിലെ നിയമം,’ ‘ആറാം നൂറ്റാണ്ടിലെ കാടത്തം’ എന്നൊക്കെ അധിക്ഷേപിക്കുന്ന യുക്തിവാദികൾ ഈ സംഭവം കണ്ണുകൾ ശരിക്കും തുറന്നുതന്നെ കാണണം.

ഇസ്‌ലാം ഒരു ഭാഗത്ത് നീതി ഉറപ്പാക്കാൻ കടുത്ത നിയമങ്ങൾ അനുശാസിക്കുമ്പോൾ തന്നെ, മറുഭാഗത്ത് മനുഷ്യന്റെ ഹൃദയത്തെ സംസ്‌കരിച്ചെടുത്ത് അവനെ കാരുണ്യത്തിന്റെ പ്രചാരകനാക്കി മാറ്റുന്നു. ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടിൽ ഈ ജീവിതം മാത്രമാണ് എല്ലാമെല്ലാം. മരണം കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. അങ്ങനെയുള്ള ഒരു ചിന്താഗതിക്കാരന്റെ മകൻ കൊല്ലപ്പെട്ടാൽ, ഒന്നുകിൽ അയാൾ കടുത്ത വിഷാദത്തിലേക്കു പോകും. അല്ലെങ്കിൽ അയാൾ ആത്മഹത്യക്ക് തുനിയും. അല്ലാത്തപക്ഷം നിയമം കയ്യിലെടുത്ത് പരമാവധി ക്രൂരമായി പ്രതികാരം ചെയ്യാൻ ശ്രമിക്കും. കാരണം, നഷ്ടപ്പെട്ട മകനുപകരമായി അയാൾക്ക് പ്രത്യാശിക്കാൻ ഒരു പരലോകമില്ല, ദൈവമില്ല.

എന്നാൽ, ഇവിടെ ഒരു വിശ്വാസിക്ക് തന്റെ കടുത്ത ദുഃഖത്തിലും ഏറെ പ്രത്യാശയും പ്രതീക്ഷയും സന്തോഷവും നൽകാൻ അല്ലാഹുവിലുള്ള വിശ്വാസത്തിന് സാധിക്കുന്നു. പണമാണ് എല്ലാറ്റിന്റെയും മാനദണ്ഡം എന്ന് വിശ്വസിക്കുന്ന ആധുനിക മുതലാളിത്ത-ഭൗതിക ലോകത്ത്, കോടിക്കണക്കിന് റിയാലുകൾ വേണ്ടെന്നുവയ്ക്കാൻ ആ പിതാവു കാണിച്ച മനസ്സ് യുക്തിവാദികളുടെ ഏത് അളവു കോൽ വച്ചാണ് അളക്കുക? അദൃശ്യനായ ദൈവത്തിന്റെ പ്രീതിക്കു വേണ്ടി കോടികൾ നിരസിച്ച ആ പ്രവൃത്തിയെ ഏത് സ്വാർഥ ചിന്തകൾവച്ചാണ് യുക്തിവാദികൾക്ക് വിശദീകരിക്കാൻ കഴിയുക?

ഇസ്‌ലാം വാളിന്റെയും രക്തത്തിന്റെയും മതമാണെന്ന് പ്രചരിപ്പിക്കുന്നവർ അറിയുക; ഇതേ സൗദി അറേബ്യയിലെ ശരീഅത്ത് കോടതിക്കു മുന്നിലാണ് ഈ കാരുണ്യത്തിന്റെ വസന്തം വിരിഞ്ഞത്. ഇസ്‌ലാം മനുഷ്യന് ജീവിക്കാനുള്ള സമ്പൂർണ അവകാശം നൽകുന്നു. വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു: “മറ്റൊരു ജീവന് പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരു മനുഷ്യനെ കൊലപ്പെടുത്തിയാൽ, അവൻ മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയവനെപ്പോലെയാകുന്നു.

ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അവൻ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചവനെപ്പോലെയാകുന്നു’’ (5:32).

സൗദിയിലെ ആ പിതാവു ചെയ്തത് നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബിﷺ കാണിച്ചുതന്ന മഹനീയ മാതൃകയെ പിൻപറ്റലാണ്. മക്കാവിജയ ദിവസം; തന്നെയും അനുചരന്മാരെയും വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച, സ്വന്തം ജന്മനാട്ടിൽനിന്നും ആട്ടിയോടിച്ച, തന്റെ പ്രിയപ്പെട്ട കുടുംബകാരണവർ ഹംസ(റ)യെ വധിച്ച കൊലയാളികൾ ഉൾപ്പെടെയുള്ള ശത്രുക്കൾക്കു മുന്നിൽവച്ച് പ്രവാചകൻ പ്രഖ്യാപിച്ചു: ‘ഇന്ന് നിങ്ങളോട് യാതൊരു പ്രതികാരവുമില്ല, നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.’

ഭൗതികവാദത്തിന്റെ വരണ്ട മരുഭൂമിയിൽ കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും പച്ചപ്പുകൾ ഇനിയും ബാക്കിയുണ്ട്. പ്രതികാരത്തിന്റെ തീക്കനലുകൾ എരിയുന്ന ഹൃദയങ്ങളിൽ ക്ഷമയുടെ തണുത്ത മഞ്ഞുതുള്ളികൾ വർഷിക്കാൻ ഇസ്‌ലാമിന് ഇന്നും സാധിക്കുന്നു. മൂർച്ചയേറിയ വാൾത്തലപ്പിന്റെ നിഴലിൽ നിന്നും ആ കൊലയാളിക്ക് ലഭിച്ച ഈ രണ്ടാം ജന്മം, ആ കുടുംബത്തിനു മാത്രമല്ല, ലോകത്തെ മുഴുവൻ മനുഷ്യർക്കും ഒരു വലിയ പാഠമാണ്.

ഇസ്‌ലാമിനെ വെറുതെ വിമർശിക്കുന്നവർക്ക് ഇത്തരം ജീവിക്കുന്ന മാതൃകകൾ കണ്ട് സത്യം മനസ്സിലാക്കാനുള്ള തൗഫീഖ് ലഭിക്കട്ടെ.