കാലിൽ പുതിയ ചങ്ങല വീണുവോ?
ടി.കെ അശ്റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

(സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ)
ഒരു സ്വാതന്ത്ര്യദിനത്തിനു കൂടി നാം സാക്ഷിക ളായി. നമ്മുടെ രാജ്യം ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽനിന്ന് മോചനം നേടിയതിന്റെ ഓർമ പുതുക്കലാണ് ഓഗസ്റ്റ് 15. അതുകൊണ്ടുതന്നെ, കേവലം യാന്ത്രികമായ ഒരു ആഘോഷമെന്നതിനപ്പുറം, രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ അവസ്ഥകളെക്കുറിച്ച് ഓരോ പൗരനും കൃത്യമായ ബോധമുണ്ടാകേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സന്ദർഭത്തിൽ, രാജ്യത്തിന്റെ വർത്തമാനത്തെ നാം നോക്കിക്കാണേണ്ടത് കൃത്യമായ തിരിച്ചറിവോടെ യായിരിക്കണം.
അമിത ആത്മവിശ്വാസവും കടുത്ത നിരാശയും അപകടമാണ്
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനങ്ങളും നിരീക്ഷിച്ചാൽ പ്രധാനമായും രണ്ട് രീതിയിലുള്ള കാഴ്ചപ്പാടുകൾ കാണാം:
കടുത്ത നിരാശ: ‘നമ്മുടെ രാജ്യം എല്ലാം കൈവിട്ടുപോയി, ഇനി രക്ഷയില്ല’ എന്നു പറഞ്ഞ് വല്ലാത്തൊരു നിരാശ ബാധിച്ച് ജീവിക്കുന്നവർ.
അമിത ആത്മവിശ്വാസം: പ്രയാസങ്ങളെയും അരുതായ്മകളെയും മൂടിവെച്ച് ‘രാജ്യം എല്ലാം തികഞ്ഞതാണ്’ എന്ന് അവകാശപ്പെടുന്നവർ.
ഒരു സത്യവിശ്വാസിയും ജാഗ്രതയുള്ള പൗരനും സ്വീകരിക്കേണ്ടത് ഈ രണ്ട് അറ്റങ്ങളുമല്ലാത്ത മധ്യമനിലപാടാണ്.
കടുത്ത നിരാശ ആവശ്യമില്ലെന്ന് പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. വൻ പരീക്ഷണങ്ങൾക്കി ടയിലും നമ്മുടെ രാജ്യം ജനാധിപത്യപരമായി നിലനിൽക്കുന്നു എന്നത് ചെറിയൊരു കാര്യമല്ല. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റു പല അയൽ
രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ നമുക്കിത് മനസ്സിലാകും:
പാകിസ്ഥാൻ: കഴിഞ്ഞ 77 വർഷത്തെ ചരിത്രത്തിൽ (1947-2024) 30 വർഷത്തിലധികവും ഭരിച്ചത് സൈന്യമാണ്. ഒരു ഭരണാധികാരിക്കും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, രാജ്യം വീണ്ടും വിഭജിക്കപ്പെടുകയും ചെയ്തു.
മ്യാന്മർ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ആഭ്യന്തര സംഘർഷങ്ങളും കലാപങ്ങളും കാരണം ഭരണസംവിധാനങ്ങൾ പലതവണ അട്ടിമറിക്കപ്പെട്ടു.
എന്നാൽ, ഒട്ടനവധി പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് 80 വർഷത്തോളമായി ഭരണഘടനയുടെ കീഴിൽ നിന്ന് അഞ്ചു വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്താനും, ജനവിധി അംഗീകരിച്ച് മുന്നോട്ടുപോ
കാനും ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇത് നൽകുന്ന ആശ്വാസവും അഭിമാനവും ചെറുതല്ല.
വർത്തമാന ഇന്ത്യയുടെ ആശങ്കജനകമായ സൂചികകൾ
അമിതമായ ആത്മവിശ്വാസം പുലർത്താനും നമുക്കാവില്ല. കാരണം, ആഗോളതലത്തിൽ വർത്തമാന ഇന്ത്യയുടെ സ്ഥാനം പരിശോധിച്ചാൽ വൻ വീഴ്ചകൾ കാണാൻ സാധിക്കും:
ഹ്യൂമൻ ഫ്രീഡം ഇൻഡെക്സ് (Human Freedom Index): ആകെയുള്ള 165 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 109 ആണ്.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സ് (World Press Freedom Index): മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ 159ാം സ്ഥാനത്താണ്.
ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് (Human Development Index - HDI): മാനവ വികസന സൂചികയിൽ 134ാം സ്ഥാനത്ത്.
ഗ്ലോബൽ ഹംഗർ ഇൻഡെക്സ് (Global Hunger Index): പട്ടിണി സൂചികയിൽ 125ലധികം രാജ്യങ്ങളിൽ ഇന്ത്യ 111ാം സ്ഥാനത്താണ് നിൽക്കുന്നത്.
മതസ്വാതന്ത്ര്യം: ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് അന്താരാഷ്ട്ര ഏജൻസികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്ത് അസംഘടിത മേഖലയിൽ തൊഴിലില്ലായ്മ 85% വരെ ഉയർന്നിരിക്കുന്നു. വിദ്യാഭ്യാസ രംഗത്താകട്ടെ, ഇന്ത്യയിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ 50%ൽ താഴെ കുട്ടികൾക്കു മാത്രമെ രണ്ടാം ക്ലാസിലെ ലളിതമായ പാഠങ്ങൾ പോലും വായിക്കാൻ കഴിയുന്നുള്ളൂ എന്നാണ് പഠനങ്ങൾ (ASER റിപ്പോർട്ട്) വ്യക്തമാക്കുന്നത്. 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത സൗജന്യ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനൽകുമ്പോഴും അതിന്റെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുന്നു.
മറ്റൊരു വശത്ത്, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കപ്പെടുകയാണ്. കേന്ദ്ര-സംസ്ഥാന -കൺകറന്റ് ലിസ്റ്റുകൾ വെട്ടിമാറ്റി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകൾ (‘പി.എം.ശ്രീ’ പോലെയുള്ള പദ്ധതികളിലൂടെ) യൂണിയൻ ലിസ്റ്റിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. മധ്യകാല ഇന്ത്യയുടെ ബഹുസ്വര ചരിത്രങ്ങളെ വെട്ടിമാറ്റി, ഏകാത്മകമായ ഒരു ഇന്ത്യയെ പുതിയ തലമുറയുടെ മനസ്സിൽ കൊത്തിവെക്കാൻ ശ്രമങ്ങൾ നടക്കുന്നു. വിചാരണത്തടവുകാരുടെ എണ്ണം ജയിലുകളിൽ 75% മുതൽ 77% വരെയായി ഉയർന്നുനിൽക്കുന്നത് നമ്മുടെ നീതിന്യായ സിസ്റ്റത്തിന്റെ തകരാറുകളെയാണ് കാണിക്കുന്നത്.
മാതൃരാജ്യ സ്നേഹം: പ്രവാചക മാതൃക
ഇത്തരം സങ്കീർണമായ സാഹചര്യങ്ങളിൽ ഇന്ത്യയിലെ ഓരോ പൗരനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്താൻ ദൃഢപ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മാതൃ രാജ്യത്തോടുള്ള സ്നേഹവും അതിന്റെ നിർഭയത്വവും കാത്തു സൂക്ഷിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
മക്കയിൽ നിന്ന് പ്രവാചകൻﷺ മദീനയിലേക്ക് ഹിജ്റ പോകാൻ നിർബന്ധിതനായപ്പോൾ, വിങ്ങുന്ന ഹൃദയത്തോടെ മക്കയെ നോക്കി പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രത്തിൽ മുഴങ്ങുന്നുണ്ട്:
‘അല്ലാഹുവാണേ സത്യം! നിശ്ചയമായും നീ അല്ലാഹുവിന്റെ ഭൂമിയിൽ വെച്ച് ഏറ്റവും ഉത്തമമായ, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഭൂമിയാണ്. എന്റെ നാട്ടുകാർ എന്നെ പുറത്താക്കിയിരുന്നില്ല എങ്കിൽ ഒരിക്കലും നിന്നെ വിട്ടു ഞാൻ പോകുമായിരുന്നില്ല!’
തന്റെ ഭൗതികവും ആത്മീയവുമായ എല്ലാ പ്രയാസങ്ങൾക്കിടയിലും മാതൃരാജ്യത്തോടുള്ള പ്രവാ ചകന്റെ സ്നേഹമാണ് ഇവിടെ കാണുന്നത്. തുടർന്ന് മദീനയിലെത്തിയപ്പോൾ ഭരണാധികാരം ലഭിച്ചിട്ടും ഇതര മതവിഭാഗങ്ങളെ (യഹൂദരെ) ചേർത്തുപിടിച്ച് കരാറുണ്ടാക്കിക്കൊണ്ടാണ് നബിﷺ മുന്നോട്ടുപോയത്. തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ, നാടിന്റെ സുരക്ഷയ്ക്കും നിർഭയത്വത്തിനും വേണ്ടിയു ള്ള ആ കൂട്ടായ്മയാണ് ഇസ്ലാമിക മാതൃക.
അവിശ്വാസികളിൽതന്നെ ഉപദ്രവകാരികളും സമാധാനകാംക്ഷികളുമായ രണ്ടു വിഭാഗമുണ്ടായിരുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ സമാധാന കാംക്ഷികളോട് എങ്ങനെ വർത്തിക്കണമെന്ന് പരിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നു:
“മതത്തിന്റെ പേരിൽ നിങ്ങളോടു യുദ്ധത്തിനു വരാത്തവരും നിങ്ങളുടെ കിടപ്പാടങ്ങളിൽനിന്നു നിങ്ങളെ പുറത്താക്കാത്തവരുമായ ആളുകളോടു നന്മ ചെയ്യുന്നതും അവരോടു നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നിശ്ചയമായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’’ (60:8).
നമ്മുടെ കേരളത്തിൽ ഇന്നും മഹാഭൂരിപക്ഷം ആളുകളും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും വിശ്വസിക്കുന്നവരാണ്. സൈബർ ഇടങ്ങളിൽ ചിലർ വിഷം ചീറ്റിയാലും, ജനങ്ങൾ വോട്ട് ചെയ്യുന്നത് മതം നോക്കിയല്ല, മറിച്ച് തങ്ങളുടെ ക്ഷേമവും സമാധാനവും നോക്കിയാണ് എന്നത് ഇവിടുത്തെ ജനങ്ങളുടെ പൊതുബോധത്തെ വ്യക്തമാക്കുന്നു.
നിരാശ വേണ്ട; ദൈവിക വാഗ്ദാനവും ഉത്തരവാദിത്തവും
നാട്ടിൽ രാഷ്ട്രീയമായ പ്രയാസങ്ങളോ ന്യൂനപക്ഷ വേട്ടകളോ ഉണ്ടാകുമ്പോൾ വിശ്വാസികൾ അരാഷ്ട്രീയവാദികളാകാനോ അവിശുദ്ധ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കാനോ പാടില്ല. നമ്മളാൽ കഴിയുന്ന കാര്യ ങ്ങൾ ഭരണഘടനാപരമായി ചെയ്യുക, അതിനുശേഷം അല്ലാഹുവിൽ തവക്കുൽ ചെയ്യുക (ഭരമേൽപിക്കുക).
ശത്രുക്കളുടെ ഏതുതന്ത്രങ്ങളെയും പൊളിക്കാൻ അല്ലാഹുവിന് ഒരു നിമിഷം മതി. വിശുദ്ധ ക്വുർആൻ ഓർമിപ്പിക്കുന്നു: “അവർ തന്ത്രം പ്രയോഗിച്ചു, അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രം പ്രയോഗിക്കുന്നവരിൽ ഏറ്റവും ഉത്തമൻ അല്ലാഹുവാകുന്നു’’ (3: 54).
അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കിൽ, വിശ്വാസികൾക്ക് ഭൂമിയിൽ പ്രതാപം ലഭിക്കണമെങ്കിൽ അല്ലാഹു വെച്ച നിബന്ധന നാം പാലിക്കേണ്ടതുണ്ട്:
“നിങ്ങളിൽനിന്നു വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയതുപോലെത്തന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്കു പ്രാതിനിധ്യം നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്ക് അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിനുശേഷം അവർക്കു നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്, എന്നോടു യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേടു കാണിക്കുന്നപക്ഷം അവർതന്നെയാകുന്നു ധിക്കാരികൾ’’ (24:55).
അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുക, തൗഹീദിൽ (ഏകദൈവവിശ്വാസത്തിൽ) ഉറച്ചുനിൽക്കുക എന്നതാണ് ഇതിന്റെ ആദ്യ ഉപാധി. ജാറങ്ങളിലും ദർഗകളിലും പോയി അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുന്ന ശിർക്കൻ ആചാരങ്ങളിൽനിന്ന് മുക്തമായ ഒരു ജീവിതം വിശ്വാസിക്കുണ്ടെങ്കിൽ അല്ലാഹുവിന്റെ കാവലുണ്ടാകും.
കടലിനും ശത്രുപ്പടയ്ക്കും നടുവിൽ വെച്ച് ‘എന്റെ റബ്ബ് എന്റെ കൂടെയുണ്ട്’ എന്നു പ്രഖ്യാപിച്ച മൂസാനബി(അ)യെ കാത്ത അല്ലാഹുവാണ് നമ്മോടൊപ്പമുള്ളത്! തീജ്വാലകൾക്ക് നടുവിലും ‘എനിക്ക് എന്റെ രക്ഷിതാവു മതി, ഭരമേൽപിക്കുവാൻ അവൻ എത്രയോ ഉത്തമൻ’ എന്നു പ്രഖ്യാപിച്ച ഇബ്റാഹീം നബി(അ)യെരക്ഷിച്ച അല്ലാഹുവാണ് നമ്മോടൊപ്പമുള്ളത്! സൗർ ഗുഹയുടെ ഇരുട്ടിൽ വെച്ച് ‘ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്നു പറഞ്ഞ് അബൂബക്റി(റ)നെ ആശ്വസിപ്പിച്ച മുഹമ്മദ് നബിﷺയെ രക്ഷിച്ച അല്ലാഹുവാണ് നമ്മുടെ കൂടെയുള്ളത്!
ആധുനിക അധിനിവേശവും ലിബറലിസത്തിന്റെ ചങ്ങലകളും
സ്വാതന്ത്ര്യത്തിന്റെ 80 വർഷ ങ്ങൾ പൂർത്തിയാകുമ്പോൾ നമ്മുടെ കാലിലും കയ്യിലും കഴുത്തിലും അസ്വാതന്ത്ര്യത്തിന്റെ പുതിയ ചങ്ങലകൾ വീണിട്ടുണ്ട്. പണ്ടു ബ്രിട്ടീഷുകാർ അതിർത്തി കടന്നുവന്ന് നമ്മുടെ നാടു പിടിച്ചടക്കുക യായിരുന്നുവെങ്കിൽ, ഇന്ന് അതിർത്തികൾക്ക് അപ്പുറത്തിരുന്ന് നമ്മുടെ വിശ്വാസത്തെയും സംസ്കാരത്തെയും ചിന്തകളെയും സോഷ്യൽ മീഡിയ അൽഗോരിതങ്ങളിലൂടെയും ആഗോള ലിബറലിസത്തിലൂടെയും കീഴടക്കി ക്കൊണ്ടിരിക്കുകയാണ്.
നാം എന്തു കാണണം, എന്തു ചിന്തിക്കണം എന്ന് അൽഗോരിതങ്ങൾ തീരുമാനിക്കുന്നു. ഓരോരു ത്തരും ഓരോ ‘ഫിൽട്ടർ ബബിളിനുള്ളിൽ’ അകപ്പെട്ടിരിക്കുന്നു. ‘മൈ ബോഡി, മൈ റൈറ്റ്’ എന്ന വ്യാജ സ്വാതന്ത്ര്യബോധവും, കെ-പോപ്പ് (K-Pop) സംസ്കാരങ്ങളും, ധാർമികതയില്ലാത്ത ജീവിതരീതികളും നമ്മുടെ പുതിയ തലമുറയുടെ ചിന്തകളെ ഭരിക്കുന്നു.
തന്നിഷ്ടങ്ങളെ ദൈവമാക്കുന്നതിനെക്കുറിച്ച് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നു: “സത്യം അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു...’’ (23:71).
ഈ ധാർമികാധഃപതനത്തിന്റെ അനന്തരഫലങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ പ്രകടമാണ്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (KSACS) യുടെ സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്, പുതുതായി കണ്ടെത്തുന്ന എച്ച്.ഐ.വി (HIV) രോഗികളിൽ 15നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ എണ്ണം ഭയാനകമായി വർധിക്കുന്നു എന്നാണ്. മയക്കുമരുന്ന് ഉപയോഗവും, ‘ഡേറ്റിംഗ് ആപ്പു’കൾ വഴിയുള്ള അഴിഞ്ഞാട്ടവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തുന്ന റെയ്ഡുകളിൽ പിടിക്കപ്പെടുന്ന യുവാക്കളിൽ മുസ്ലിം നാമധാരികളുടെ എണ്ണം കുറവല്ല എന്നത് വേദനാജനകമാണ്.
ഇത്തരം ആന്തരികവും ബാഹ്യവുമായ അധിനിവേശങ്ങളിൽനിന്ന് നമ്മുടെ തലമുറയെ കരകയറ്റുക എന്നതാണ് സ്വാതന്ത്ര്യ ദിനത്തിൽ നാം ഏറ്റെടുക്കേണ്ട പ്രധാന ദൗത്യം. ഉമർ(റ)വിന്റെ പ്രശസ്തമായ പ്രഖ്യാപനം നാം ഓർക്കുക: “നാം ഏറ്റവും നിന്ദ്യരായ ഒരു ജനതയായിരുന്നു. തുടർന്ന് ഇസ്ലാം മുഖേന അല്ലാഹു നമുക്ക് പ്രതാപം നൽകി. അല്ലാഹു നമുക്ക് പ്രതാപം നൽകിയ ഇസ്ലാമല്ലാത്ത മറ്റൊന്നിലൂടെ നാം പ്രതാപം തേടാൻ ശ്രമിച്ചാൽ അല്ലാഹു നമ്മെ വീണ്ടും നിന്ദ്യരാക്കുകതന്നെ ചെയ്യും.’’
അപകർഷബോധം മാറ്റിവെച്ച് മതത്തിന്റെ തനിമയിലേക്ക് മടങ്ങുക. രാജ്യത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കാനും നാടിന്റെ സമാധാനത്തിനും വേണ്ടി പ്രാർഥിക്കുകയും അധ്വാനിക്കുകയും ചെയ്യുക.
