ദുരന്തങ്ങൾ: വീക്ഷണങ്ങളിലെ വൈജാത്യങ്ങൾ

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2026 ജൂലൈ 18, 1448 സ്വഫർ 04

കേരളത്തിൽ ഇന്ന് മഴക്കാലം ഭീതിയുടെയും ദുരന്തങ്ങളുടെയും കറുത്ത നാളുകളായാണ് കടന്നുപോ കുന്നത്. പ്രളയങ്ങളും ഉരുൾപൊട്ടലുകളും മറ്റും മാറിമാറി വരുന്ന, ഒരു ദുരന്തകാലത്തിന്റെ പ്രതീതിയാണ് ഇന്ന് നമ്മുടെ നാടിനുള്ളത്. പച്ചപ്പും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നമ്മുടെ മലയോര മേഖലകൾ ഇന്ന് ഭയത്തോടെയല്ലാതെ നോക്കിക്കാണാൻ കഴിയാത്ത അവസ്ഥയിലാണ്.

യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ വിവിധ അലർട്ടുകൾ മാറിമാറി പ്രഖ്യാപിക്കപ്പെടുമ്പോൾ, വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധികൾ നൽകുമ്പോൾ നാം തിരിച്ചറിയേണ്ടത് പ്രകൃതിയി ലൂടെ സ്രഷ്ടാവ് നമുക്ക് നൽകുന്ന ശക്തമായ ചില താക്കീതുകളെയാണ്. എന്നാൽ നിർഭാഗ്യവശാൽ, ദുരന്തങ്ങളെയും മനുഷ്യന്റെ വിലാപങ്ങളെയും റേറ്റിംഗിന് വേണ്ടിയുള്ള വഴികളാക്കി മാറ്റാനാണ് പല മാധ്യമങ്ങളും ചാനലുകളും മത്സരിക്കുന്നത്. ദുരന്തമുഖത്തെ ഭീതി ജനങ്ങളിൽ കുത്തിവെക്കാനും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീരിനെ റേറ്റിംഗ് കൂട്ടാനുള്ള ഉപാധിയാക്കാനും ചിലർ ശ്രമിക്കുന്നു.

ദൈവത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകളും രാഷ്ട്രീയ വിവാദങ്ങളും ചർച്ചാവിഷയങ്ങളാക്കി മാറ്റപ്പെടുമ്പോൾ, യഥാർഥത്തിൽ നാം തിരിച്ചറിയേണ്ട ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ, ഒരു യഥാർഥ വിശ്വാസി ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണണം? ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടുമ്പോൾ പുലർത്തേണ്ട ഇസ്‌ലാമിക കാഴ്ചപ്പാടുകൾ എന്തെല്ലാമാണ്? ഇവ ഓരോന്നായി നാം വിശകലനം ചെയ്യേണ്ടതുണ്ട്.

കാലത്തെ പഴിക്കരുത്

പ്രതിസന്ധികൾ വരുമ്പോൾ പലരും കാലത്തെയും സമയത്തെയും സാഹചര്യങ്ങളെയും പഴിക്കുന്നത് കാണാം. എന്നാൽ കാലത്തെയും സമയത്തെയും നിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന ബോധം വിശ്വാസിക്കുണ്ടാകണം. മുഹമ്മദ് നബിﷺയുടെ ഒരു തിരുവചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

“ഉന്നതനായ അല്ലാഹു അരുൾ ചെയ്തിരിക്കുന്നു: ആദമിന്റെ മകൻ എന്നെ വിഷമിപ്പിക്കുന്നു. അവൻ കാലത്തെ ശകാരിക്കുന്നു (പഴിക്കുന്നു). എന്നാൽ ഞാനാണ് കാലം. എന്റെ കൈകളിലാണ് സർവ അധികാരങ്ങളും. രാപകലുകളെ മാറ്റിമറിക്കുന്നത് ഞാനാണ്. അതിനാൽ നിങ്ങൾ കാലത്തെ ശകാരിക്കരുത്, കാരണം അല്ലാഹുവാണ് കാലം (കാലത്തെ നിയന്ത്രിക്കുന്നവൻ).’’

‘എന്നെ വിഷമിപ്പിക്കുന്നു’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം നമ്മുടെ വാക്കുകൾ കൊണ്ട് അല്ലാഹുവിന് എന്തെങ്കിലും പ്രയാസമുണ്ടാകുന്നു എന്നതല്ല, മറിച്ച് മനുഷ്യന്റെ വാക്കുകൾ കേട്ടാൽ അത്തരത്തിൽ തോന്നിപ്പോകും എന്നതാണ്. അത്തരം വാക്കുകൾ നിഷിദ്ധമാണ് എന്ന് മനസ്സിലാക്കിത്തരുന്ന പ്രയോഗമാണത്.

കാലത്തെയും പ്രകൃതിയെയും പഴിക്കുന്നത് കേവലം ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു ജാഹിലിയ്യ (അജ്ഞാന കാലത്തെ) ചിന്താഗതിയാണ്. വിശുദ്ധ ക്വുർആൻ അത്തരം ആളുകളുടെ ചിന്താഗതിയെ ക്വുർആനിലൂടെ ഇപ്രകാരം തുറന്നുകാട്ടുന്നു: “അവർ പറഞ്ഞു: ‘നമ്മുടെ ഈ ഭൗതിക ജീവിതമല്ലാതെ മറ്റൊന്നുമില്ല. നാം മരിക്കുന്നു, ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.’ യഥാർഥത്തിൽ അവർക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അവർ കേവലം ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്’’ (45:24).

പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും അല്ലാഹുവിന്റെ അറിവോടും നിശ്ചയത്തോടും കൂടിയാണ് നടക്കുന്നത് എന്ന് മനസ്സിലാക്കി സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുകയാണ് വിശ്വാസിയുടെ ധർമം.

വിധിയെ ആക്ഷേപിക്കരുത്

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന നഷ്ടങ്ങളിലും ദുരന്തങ്ങളിലും അല്ലാഹുവിന്റെ വിധിയെ (ക്വദ്റിനെ) കുറ്റപ്പെടുത്താൻ പാടില്ല. ഗുണവും ദോഷവും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്ന ദൃഢവിശ്വാസം നമുക്കുണ്ടാകണം. പരീക്ഷണങ്ങൾ വിശ്വാസിയെ കൂടുതൽ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള വഴികളാണ്.

കാലത്തെ കുറ്റപ്പെടുത്തി സ്വന്തം തെറ്റിനെ മറയ്ക്കരുത്

മനുഷ്യൻ സ്വന്തം കൈകൾ കൊണ്ട് വരുത്തിവെക്കുന്ന വിനകളെയും ദുരന്തങ്ങളെയും കാലത്തിന്റെയോ പ്രകൃതിയുടെയോ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കരുത്. മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണവും സ്വാർഥതയും പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. സ്വന്തം തെറ്റുകൾ തിരുത്താതെ കാലത്തെ കുറ്റപ്പെടുത്തുന്നത് ആത്മവഞ്ചനയാണ്.

മുന്നറിയിപ്പുകൾ അവഗണിക്കരുത്

ദുരന്ത സാഹചര്യങ്ങളിൽ അധികാരികളും വിദഗ്ധരും നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അപകട മേഖലകളിൽ ചെന്ന് സാഹസികത കാണിക്കരുത്,’ ‘വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ ഇറങ്ങരുത്’ തുടങ്ങിയ നിർദേശങ്ങൾ അവഗണിക്കുന്നത് വലിയ വിഡ്ഢിത്തമാണ്. സ്വന്തം ജീവനെ അപകടത്തിലാക്കുന്ന ഇത്തരം സാഹസികതകൾ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണാധികാരികളുടെയും വിശ്വാസികളുടെയും നിലപാട്

ഉമർ ബിൻ അബ്ദുൽ അസീസ്(റഹി) തന്റെ ഭരണകാലത്ത് പ്രകൃതിക്ഷോഭങ്ങൾ (ഭൂകമ്പം പോലുള്ളവ) ഉണ്ടായപ്പോൾ തന്റെ ഗവർണർമാർക്കും ജനങ്ങൾക്കും അയച്ച ഒരു കത്തുണ്ട്. ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തിയ ആ സന്ദേശം വയനാട്ടിലെയും കേരളത്തിലെയും ഇന്നത്തെ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്:

ഭൂമി കുലുങ്ങിയപ്പോൾ ഉമർ ബിൻ അബ്ദുൽ അസീസ്(റഹി) തന്റെ ഉദ്യോഗസ്ഥർക്ക് (ഗവർണർമാർക്ക്) ഇപ്രകാരം എഴുതി: “നിങ്ങൾ ജനങ്ങളോട് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു (തൗബ) മടങ്ങാനും പാപമോചനം (ഇസ്തിഗ്ഫാർ) തേടാനും ദാനധർമങ്ങൾ (സ്വദക്വ) ചെയ്യാനും കൽപിക്കുക.’’

വയനാട്ടിലെ ദുരന്തഭൂമി നമ്മുടെ കണ്ണുകൾ തുറപ്പിക്കേണ്ടതുണ്ട്. അല്ലാഹുവിലേക്ക് മടങ്ങാനും പരസ്പരം സഹായിക്കാനും പാപങ്ങൾ കൈവെടിയാനുമുള്ള വലിയൊരു സന്ദേശമാണ് ഇത്തരം സംഭവങ്ങൾ നമുക്ക് നൽകുന്നത്.

ദുരന്തങ്ങളുടെ വ്യാപ്തിയും നഷ്ടങ്ങളുടെ വേദനയും

വലിയൊരു ആപത്ത് വരുമ്പോൾ ചെറിയ നഷ്ടങ്ങൾ നാം മറന്നുപോകും. നമ്മുടെ സ്വന്തം ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ വേദനകൾ പോലും വലിയൊരു ആപത്തിന് മുന്നിൽ ഇല്ലാതാകുന്നു. ശരീരത്തിൽ ഒരു ചെറിയ മുറിവുണ്ടായാൽ ദിവസങ്ങളോളം നാം വേദനിച്ചു നടക്കാറുണ്ട്. എന്നാൽ വയനാട് ദുരന്തം വന്നപ്പോൾ, അവിടെ മനുഷ്യർക്ക് ജീവനും ജീവിതവും സർവസ്വവും നഷ്ടപ്പെട്ട വാർത്തകൾ അറിഞ്ഞപ്പോൾ നമ്മുടെ ഉള്ളിലെ ചെറിയ പ്രയാസങ്ങളെല്ലാം നാം മറന്നുപോയില്ലേ?

വെള്ളം കുത്തിയൊലിച്ച് വന്നപ്പോൾ സ്വന്തം ജീവൻ മാത്രം കയ്യിലെടുത്ത്, വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ഓടേണ്ടി വന്ന മനുഷ്യരുടെ അവസ്ഥ നാം കണ്ടതാണ്. ഇതിലും ഭയാനകമായ, മറ്റെല്ലാം മറന്നുപോകുന്ന ഒരു നാളിനെക്കുറിച്ച് വിശുദ്ധ ഖുർആൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:

“ആ മൂടിയെത്തുന്ന മഹാസംഭവത്തിന്റെ (അന്ത്യനാളിന്റെ) വർത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അന്നേ ദിവസം ചില മുഖങ്ങൾ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും’’ (ക്വുർആൻ 88:1-3)

മറ്റൊരു സ്ഥലത്ത്, അല്ലാഹു പെട്ടെന്ന് വന്നെത്തുന്ന ആ വിപത്തിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “അവർ തർക്കിച്ചുകൊണ്ടിരിക്കെ അവരെ പിടികൂടുന്ന ഒരൊറ്റ ഘോരശബ്ദത്തെയല്ലാതെ മറ്റൊന്നിനെയും അവർ കാത്തിരിക്കുന്നില്ല. അപ്പോൾ ഒരു വസ്വിയ്യത്ത് (മരണപത്രം) എഴുതാൻ പോലും അവർക്ക് സാധിക്കുകയില്ല. സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനും അവർക്ക് കഴിയില്ല’’ (ക്വുർആൻ: 36:49,50).

ഭൂമിയിൽ ഒരു ചെറിയ കുലുക്കമോ ഉരുൾപൊട്ടലോ ഉണ്ടാകുമ്പോൾ തന്നെ നാം സർവതും മറന്ന് ഓടുന്നുവെങ്കിൽ, ലോകാവസാന സമയത്തെ ഭൂമിയുടെ കുലുക്കം എത്രത്തോളം ഭയാനകമായിരിക്കും! വിശുദ്ധ ക്വുർആൻ സൂറത്തുൽ ഹജ്ജിലൂടെ മനുഷ്യകുലത്തെ മുഴുവൻ വിറപ്പുകൊള്ളിക്കുന്ന ആ രംഗം ഇപ്രകാരം വിവരിക്കുന്നു:

“ഹേ മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിൻ. തീർച്ചയായും അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരമായ ഒരു കാര്യമാകുന്നു. നിങ്ങൾ അത് കാണുന്ന ദിവസം; മുലയൂട്ടുന്ന ഓരോ അമ്മയും താൻ മുലയൂട്ടുന്ന കുഞ്ഞിനെക്കുറിച്ച് ബോധമില്ലാത്തവളായിപ്പോകും. ഗർഭവതികളായ ഓരോ സ്ത്രീയും തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ചുപോകും. മനുഷ്യരെ ലഹരി ബാധിച്ചവരെപ്പോലെ (ഉന്മത്തരായി) നിനക്ക് കാണാം. എന്നാൽ അവർ ലഹരി ബാധിച്ചവരല്ല, മറിച്ച് അല്ലാഹുവിന്റെ ശിക്ഷ അത്രത്തോളം കഠിനമായതുകൊണ്ടാണ്’’ (ക്വുർആൻ 22:1-2).

ഈ ലോകത്തെ ഓരോ ദുരന്തവും ആ മഹാവിപത്തിന്റെ ചെറുമാതൃകകളാണ്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അന്ത്യനാൾ പെട്ടെന്ന് കടന്നുവരുന്ന ചില രംഗങ്ങൾ പ്രവാചകൻ ﷺ വ്യക്തമാക്കുന്നുണ്ട്:

“രണ്ടുപേർ തങ്ങളുടെ വസ്ത്രം കച്ചവടത്തിനായി നിവർത്തിവെച്ചിരിക്കുകയായിരിക്കും, അതിനിടയിൽ പെട്ടെന്ന് അന്ത്യനാൾ സംഭവിക്കും; അവർക്കത് വിൽക്കാനോ മടക്കിവെക്കാനോ കഴിയില്ല. ഒരാൾ തന്റെ ഒട്ടകത്തെ കറന്ന പാലുമായി മടങ്ങുകയായിരിക്കും, എന്നാൽ അതവന് കുടിക്കാൻ കഴിയില്ല അപ്പോഴേക്കും അന്ത്യനാൾ വരും. ഒരാൾ തന്റെ മൃഗങ്ങൾക്ക് വെള്ളം കൊടുക്കാനുള്ള തൊട്ടി നന്നാക്കുകയായിരിക്കും, അതിൽനിന്ന് മൃഗങ്ങൾക്ക് വെള്ളം കൊടുക്കാൻ അവന് കഴിയില്ല. ഒരാൾ തന്റെ ഭക്ഷണ ഉരുള വായിലേക്ക് ഉയർത്തുകയായിരിക്കും, എന്നാൽ അതവന് കഴിക്കാൻ കഴിയില്ല; അപ്പോഴേക്കും അന്ത്യനാൾ വന്നെത്തും’’ (ബുഖാരി).

ഇത്രയും പെട്ടെന്നാണ്, അപ്രതീക്ഷിതമായാണ് ആ നാൾ കടന്നുവരിക. അങ്ങനെയെങ്കിൽ ഈ ദുരന്തങ്ങൾക്കിടയിൽ ജീവിക്കുന്ന നാം പരലോകത്തിനായി എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്?

നാം ഒരുങ്ങിയോ?

ഇത്തരം ദുരന്തങ്ങൾ നമുക്ക് മുന്നിൽ വന്നുനിൽക്കുമ്പോൾ ആർക്കാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുക? അവിടെ ഭൗതികമായ സ്വാധീനങ്ങളോ സമ്പത്തോ ഒന്നും ഉപകാരപ്പെടില്ല. പരലോകത്ത് നമ്മുടെ നന്മതിന്മകൾ തൂക്കിനോക്കുന്ന മീസാനെക്കുറിച്ച് (തുലാസ്) നാം ചിന്തിച്ചിട്ടുണ്ടോ?

വിശുദ്ധ ക്വുർആൻ പറയുന്നു: “എന്നാൽ ആരുടെ (നന്മയുടെ) തൂക്കങ്ങൾ കനത്തുപോയോ അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും. എന്നാൽ ആരുടെ തൂക്കങ്ങൾ ലഘുവായിപ്പോയോ (കുറഞ്ഞുപോയോ) അവന്റെ അഭയകേന്ദ്രം ‘ഹാവിയ’ ആയിരിക്കും. അതെന്താണെന്ന് നിനക്കറിയാമോ? അത് കത്തിയെരിയുന്ന ചൂടുള്ള നരകാഗ്‌നിയാകുന്നു’’ (101:6-11).

ദുരന്തങ്ങൾ ഏതു നിമിഷവും നമ്മെയും തേടിയെത്താം. ഇവിടെ ആരും സുരക്ഷിതരല്ല. നമ്മുടെ അന്ത്യനാൾ നമ്മുടെ മരണമാണ്. മരണത്തോടെ നമ്മുടെ കർമങ്ങളുടെ പുസ്തകം അടയുകയായി. പരലോകത്തെ മീസാനിൽ തൂക്കം വരണമെങ്കിൽ നമ്മുടെ മനസ്സും കർമങ്ങളും ശുദ്ധമായിരിക്കണം. ശിർക്കോ (ബഹുദൈവാരാധന) ബിദ്അത്തോ (അനാചാരങ്ങൾ) കലർന്ന കർമങ്ങൾ അല്ലാഹു സ്വീകരിക്കില്ല.

‘നീ അല്ലാഹുവിന് പങ്കുകാരെ ചേർത്താൽ തീർച്ചയായും നിന്റെ കർമങ്ങൾ നിഷ്ഫലമായിപ്പോകും,’ എന്ന ക്വുർആനിന്റെ മുന്നറിയിപ്പും ‘എല്ലാ ബിദ്അത്തുകളും (മതത്തിൽ കടത്തിക്കൂട്ടിയ അനാചാരങ്ങൾ) വഴികേടാകുന്നു’ എന്ന പ്രവാചക വചനവും നാം എപ്പോഴും ഓർക്കണം.

ആത്മപരിശോധനയുടെ ഭാഗമായി നമ്മൾ ഓരോരുത്തരും സ്വന്തത്തോട് ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്: നമ്മുടെ ഈമാൻ അഥവാ സത്യവിശ്വാസം സുദൃഢമാണോ? നമ്മുടെ അഞ്ച് നേരത്തെ നമസ്‌കാരങ്ങളുടെ അവസ്ഥയെന്താണ്; നാം അത് കൃത്യമായി നിർവഹിക്കുന്നുണ്ടോ? ക്വുർആനുമായുള്ള നമ്മുടെ ബന്ധം എത്രത്തോളമുണ്ട്.

നമ്മുടെ ഒഴിവുസമയങ്ങൾ നാം ഏതു വഴിക്കാണ് വിനിയോഗിക്കുന്നത്? ആത്മീയ മാർഗത്തിൽ സമയം ചെലവഴിക്കാറുണ്ടോ? നമ്മുടെ സാമ്പത്തിക രംഗം എത്രമാത്രം ശുദ്ധമാണ്? പലിശയോ ഹറാമായ സമ്പാദ്യങ്ങളോ അതിൽ കലർന്നിട്ടുണ്ടോ? ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കാറുണ്ടോ? ലഹരി വസ്തുക്കളുടെ മായികലോകം നമ്മെ ആകർഷിച്ചിട്ടുണ്ടോ?

ഈ ദുരന്തങ്ങൾ യാദൃച്ഛികമല്ല

പരീക്ഷണങ്ങൾ വരുന്നത് ചിലപ്പോൾ നമ്മുടെ തെറ്റുകൾ കാരണമാകാം. അല്ലാഹു നമ്മെ പരീക്ഷിക്കുന്നത് ശിക്ഷിക്കാനല്ല, മറിച്ച് തിരുത്തിക്കാനാണ്. ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടത് പ്രവാചകന്മാരാണ് എന്ന ബോധ്യം നമുക്കുണ്ടാകണം. നിരപരാധികൾ എന്തു പിഴച്ചു എന്ന ചോദ്യം ഉന്നയിക്കുന്നതിൽ അർഥമില്ല. അവരുടെ ഓരോരുത്തരുടെയും ആയുസ്സ് സ്രഷ്ടാവ് ആദ്യമെ തീരുമാനിച്ചതാണ്. അവധിയെത്തുമ്പോൾ തിരിച്ചുപോക്ക് അനിവാര്യമാണ്.

ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവരെ മിക്കവാറും എല്ലാ ചാനലുകാരും റേറ്റിംഗിനായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളത്. വിശ്വാസി അവരെ ചേർത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം. ഈ ലോകം യഥാർഥ ജീവിതമല്ല, പരലോകമാണ് ശാശ്വതമായ വിജയത്തിന്റെ ലോകം എന്ന് അവരെ ഓർമിപ്പിക്കണം.

വിശുദ്ധ ക്വുർആൻ ഈ ഭൗതിക ജീവിതത്തിന്റെ യാഥാർഥ്യം ഇപ്രകാരം വ്യക്തമാക്കുന്നു: “ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോക ഭവനമാണ് യഥാർഥ ജീവിതം. അവർ അത് മനസ്സിലാക്കിയിരുന്നുവെങ്കിൽ!’’ (ക്വുർആൻ 29:64).

യഥാർഥ വിജയം പരലോക വിജയമാണ്. ദുരന്തങ്ങളിൽ പെട്ട് മരണപ്പെടുന്ന വിശ്വാസികൾക്ക് പ്രവാചകൻﷺ ശഹീദിന്റെ (രക്തസാക്ഷിയുടെ) പദവിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ‘മുങ്ങിമരിച്ച വൻ ശഹീദാണ്,’ ‘കെട്ടിടങ്ങളോ മണ്ണോ ഇടിഞ്ഞുവീണുമരിച്ചവൻ ശഹീദാണ്’ എന്ന് പ്രവാചകൻ ﷺ അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ഇത് യാദൃച്ഛികമല്ല, എല്ലാം അല്ലാഹുവിന്റെ കിതാബിൽ (ലൗഹുൽ മഹ്ഫൂദിൽ) രേഖപ്പെടുത്തിയ പ്രകാരമാണ് നടക്കുന്നത്. വിശുദ്ധ ക്വുർആൻ പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ സ്വന്തം ശരീരങ്ങളിലോ യാതൊരു വിപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ ഒരു രേഖയിൽ (കിതാബിൽ) ഉള്ളതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാ കുന്നു’’ (ക്വുർആൻ 50:22).

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ബോധ്യം വലിയൊരു ആശ്വാസമാണ്. പ്രവാചകൻ ﷺ പഠിപ്പിച്ച ഒരു പ്രാർഥന നാം എപ്പോഴും ഓർക്കേണ്ടതുണ്ട്: “അല്ലാഹുവേ, നീ നൽകിയതിനെ തടയാൻ ആരുമില്ല. നീ തടഞ്ഞതിനെ നൽകാനും ആരുമില്ല. നിന്റെ ശിക്ഷയിൽനിന്ന് രക്ഷിക്കാൻ ഒരു സമ്പന്നന്റെ സമ്പത്തിനും സാധിക്കുകയില്ല.’’

ബാക്കിയുള്ളവർ ഇനി എങ്ങനെ ജീവിക്കും?

ഒന്നുമില്ലായ്മയിൽനിന്ന് നമ്മെ സൃഷ്ടിച്ചവനാണ് അല്ലാഹു. നമുക്ക് എല്ലാം നൽകിയതും അവനാണ്. അവൻ വിചാരിച്ചാൽ ഏതുനിമിഷവും നമ്മെ ഉയർത്താൻ അവന് കഴിയും. വിശുദ്ധ ക്വുർആൻ വ്യക്തമാ ക്കുന്നത് പോലെ: “ഐശ്വര്യം നൽകുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവൻ തന്നെയാണ്’’ (ക്വുർആൻ 53:48).

ദുരന്തത്തിൽ സ്വന്തക്കാർ മരണപ്പെട്ട, പാർപ്പിടം ഇല്ലാതായ, പരിക്കുകളോടെ രക്ഷപ്പെട്ട വിശ്വാസികൾ നിരാശരാകാതെ, തളർന്നുപോകാതെ, വിധിയെയും ദൈവത്തെയും പഴിക്കാതെ ഇഹലോക ജീവിതം ശാശ്വതമല്ലെന്ന സത്യം ഓർത്തുകൊണ്ട് പ്രാർഥനയോടെ ജീവിക്കുകയാണ് വേണ്ടത്. വീടുകൾ ദൈവസ്മരണകൊണ്ടും പരസ്പര സ്‌നേഹംകൊണ്ടും സമ്പന്നമാക്കുക. മഴക്കാലത്ത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവുകളെ തിരിച്ചറിയുക. അവർ തീർത്തും ഭൗതികതയുടെ കണ്ണടയിലൂടെയാണ് ഈ വിഷയങ്ങളെ നോക്കിക്കാണുന്നത്. വിശ്വാസിയാകട്ടെ, വരാനിരിക്കുന്ന പരലോകത്തെ കൂടി മുന്നിൽ വച്ചുകൊണ്ടാണ് ഈ ലോകത്തെ സുഖദുഃഖങ്ങളെ വിലയിരുത്തുന്നത്. രണ്ടും രണ്ട് കാഴ്ചപ്പാടുകളാണ്. ഭൗതികതയുടെ കാഴ്ചപ്പാടിൽ വിലയിരുത്തുന്നവർക്ക് പലതിനും ഉത്തരം ലഭിക്കുകയില്ല. എന്നാൽ പരലോക വിശ്വാസമുള്ളവർക്ക് ഇത്തരം ഘട്ടങ്ങളെ സമഗ്രമായി വിലയിരുത്തുവാനും ഉൾക്കാഴ്ചയോടുകൂടി കാര്യങ്ങളെ നോക്കിക്കാണാനും ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകുവാനും സാധിക്കും. ഇക്കാര്യം നാം തിരിച്ചറിയണം. തിന്മകളിൽനിന്നും അകന്ന്, നന്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.