ഖവാരിജുകളുമായുള്ള സംവാദം!

ശമീർ മദീനി

2026 ജൂലൈ 18, 1448 സ്വഫർ 04

(പിശാചിന്റെ ചതിക്കുഴികൾ 27)

പിശാചിന്റെ കെണികളിൽ അകപ്പെട്ടു സത്യത്തിനെതിരിൽ ഏറെ ആവേശത്തോടും വൈകാരികതയോടും കൂടി നിലയുറപ്പിച്ച കക്ഷിയായിരുന്നു ഖവാരിജുകൾ. എന്തെല്ലാം അനർഥങ്ങളാണ് അവരിലൂടെ മുസ്‌ലിം ഉമ്മത്തിനുണ്ടായത് എന്ന കാര്യം ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. എന്നാൽ, അറിവും പക്വതയുമുള്ള നേതാക്കളും പണ്ഡിതന്മാരും സമയോചിതം ഇടപെട്ടാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പലർക്കും സത്യം ഉൾക്കൊള്ളാനും തങ്ങളുടെ തെറ്റുധാരണകൾ തിരുത്താനും അത് നിമിത്തമാകും എന്നതിന് മികച്ച ഉദാഹരണമാണ് ഇബ്‌നു അബ്ബാസ്(റ)വും ഖവാരിജ് ആശയം തലക്കുപിടിച്ച് അലി(റ)വിനെ എതിർത്ത് വേറിട്ട് നിന്നവരും തമ്മിൽ നടന്ന ആശയ സംവാദം.

ഇബ്‌നുൽ ജൗസി(റഹി) ആ സംഭവം ഉദ്ധരിക്കുന്നത് കാണുക: “ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘ഖവാരിജുകൾ ഇസ്‌ലാമിക ഭരണകൂടത്തെയും സമൂഹത്തെയും വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയപ്പോൾ അവർ 6000 പേരുണ്ടായിരുന്നു. ഖലീഫ അലി(റ)വിന് എതിരിൽ വിപ്ലവവുമായി പുറപ്പെടാൻ അവർ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ അലി(റ)വിന്റെ പിന്നാലെ കൂടി ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലയോ അമീറുൽ മുഅ്മിനീൻ, ആളുകൾ താങ്കൾക്കെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.’ അപ്പോൾ അലി(റ) പറഞ്ഞു: ‘അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. അവർ നമ്മളോട് യുദ്ധം ചെയ്യുന്നതുവരെ നാം അവരോടും യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അത് അവർ താമസിയാതെ ചെയ്യും.’

അങ്ങനെ ഞാൻ (ഇബ്‌നു അബ്ബാസ്) ഒരു ദിവസം ദ്വുഹ്ർ നമസ്‌കാരത്തിന് വന്നപ്പോൾ അലി(റ) വിനോട് പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ, നമസ്‌കാരം അൽപനേരം പിന്തിക്കുകയാണെങ്കിൽ ഞാൻ അവരുമായി ഒന്ന് സംസാരിക്കാമായിരുന്നു.’ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: ‘തീർച്ചയായും അവർ താങ്കളെ അപായപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു.’

അപ്പോൾ ഞാൻ (ഇബ്‌നു അബ്ബാസ് ) പറഞ്ഞു: ‘ഇല്ല, ഞാൻ അവരുടെ അടുക്കൽ സൽസ്വഭാവിയും നല്ല മനുഷ്യനുമാണ്.’

അങ്ങനെ എനിക്ക് അദ്ദേഹം അവരുമായി സംസാരിക്കാൻ അനുവാദം നൽകി. അങ്ങനെ ഏറ്റവും നല്ല വസ്ത്രം ധരിച്ച്, മുടിയെല്ലാം ചീകിയൊതുക്കി ഞാൻ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അവരെപ്പോലെ ആരാധനാകർമങ്ങളിൽ ഉത്സാഹികളായ ആളുകളെ വേറെ ഞാൻ കണ്ടിട്ടില്ല. സുജൂദുകൾ കാരണത്താൽ അവരുടെ നെറ്റിത്തടങ്ങളിൽ വ്രണങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അവരുടെ കൈകൾ ഒട്ടകങ്ങളുടെ മുട്ടു പോലെ തഴമ്പിച്ചിട്ടുണ്ട്. നിറം മങ്ങിയ, പഴകി നേർത്ത വസ്ത്രങ്ങളായിരുന്നു അവരുടെത്. രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ചതിനാൽ മെലിഞ്ഞ് വിവർണമായ മുഖങ്ങളായിരുന്നു ഞാൻ കണ്ടത്. ഞാൻ അവരോട് സലാം പറഞ്ഞു. അപ്പോൾ അവർ എനിക്ക് സ്വാഗതമരുളി, എന്താണ് ആഗമനോദ്ദേശ്യം എന്ന് ആരാഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: ‘മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബിമാരുടെ അടുക്കൽ നിന്നാണ് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വന്നിട്ടുള്ളത്. അപ്രകാരം തന്നെ നബിﷺയുടെ ജാമാതാവ് അലിയുടെ അടുക്കൽനിന്നുമാണ് എന്റെ വരവ്. അവരിലേക്കാണല്ലോ ക്വുർആൻ അവതരിച്ചത്. നിങ്ങളെക്കാൾ ക്വുർആനിക വചനങ്ങളുടെ അർഥവും താൽപര്യവും അവർക്കാണ് കൂടുതൽ അറിയുക.’ അപ്പോൾ അവരിൽപെട്ട ഒരു വിഭാഗം പറഞ്ഞു: ‘നിങ്ങൾ ക്വുറൈശികളോട് - അഥവാ ഇബ്‌നു അബ്ബാസിനോട്- തർക്കിക്കേണ്ട; കാരണം അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത് ‘അവർ തർക്കം നടത്തുന്ന ഒരു ജനവിഭാഗമാണ്’ എന്നാണ്.

അപ്പോൾ അവരുടെ കൂട്ടത്തിൽനിന്ന് രണ്ടുമൂന്നാളുകൾ പറഞ്ഞു: ‘ഇല്ല, ഞങ്ങൾ അദ്ദേഹത്തോട് സംസാരിക്കട്ടെ. കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് കഴിയുമല്ലോ?’

അപ്പോൾ ഞാൻ (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘നിങ്ങൾ നബിﷺയുടെ ജാമാതാവിന്റെയും മുഹാജിറുകളുടെയും അൻസ്വാറുകളുടെയും പേരിൽ എന്ത് കുറ്റമാണ് ആരോപിക്കുന്നത്? അവരിലേക്കാണല്ലോ വിശുദ്ധ ക്വുർആൻ അവതരിച്ചത്? അവരിൽനിന്ന് ഒരാളെയും നിങ്ങളുടെ കൂട്ടത്തിൽ ഞാൻ കാണുന്നുമില്ല. അവരാണ് ക്വുർആനിന്റെ വിശദീകരണം ഏറ്റവും കൂടുതൽ അറിയുന്നവർ.’

അവർ പറഞ്ഞു: ‘മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഞങ്ങൾക്ക് പറയാനുള്ളത്.’

ഞാൻ പറഞ്ഞു: ‘ശരി, നിങ്ങൾ പറയൂ.’

അവർ പറഞ്ഞു: ‘ഒന്നാമത്തെ കാര്യം അദ്ദേഹം -അലി(റ)- അല്ലാഹുവിന്റെ കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞത് ‘അല്ലാഹുവിനല്ലാതെ വിധി പറയാൻ മറ്റാർക്കും അവകാശമില്ല’ (12:67) എന്നാണ്. അല്ലാഹുവിന്റെ ഈ വചനം നിലനിൽക്കെ ആ ആളുകൾക്കും അവർ വിധിക്കുന്ന വിധിക്കും എന്ത് പ്രസക്തിയാണുള്ളത്?’

അപ്പോൾ ഞാൻ പറഞ്ഞു: ‘ശരി, ഇത് ഒന്ന്. വേറെ എന്താണുള്ളത്?’

അവർ പറഞ്ഞു: ‘രണ്ടാമത്തെ കാര്യം, അദ്ദേഹം യുദ്ധം ചെയ്യുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരെയും യുദ്ധത്തടവുകാരായി പിടിക്കുകയോ യുദ്ധാർജിത സ്വത്ത് (ഗനീമത്ത്) നേടുകയും ചെയ്തിട്ടില്ല. അവർ അഥവാ എതിരാളികൾ

വിശ്വാസികളായിരുന്നുവെങ്കിൽ എങ്ങനെയാണ് അവർക്കെതിരെ യുദ്ധം ചെയ്യാനും അവരെ വധിക്കാനും സാധിക്കുക? എന്നിട്ടും എന്തുകൊണ്ടാണ്

അവരിൽനിന്നും ഒരാളെയും യുദ്ധത്തടവുകാരായി പിടികൂടാതിരുന്നത്?’

ഞാൻ ചോദിച്ചു: ‘ശരി, മൂന്നാമത്തേത് എന്താണ്?’

അവർ പറഞ്ഞു: ‘അദ്ദേഹം സ്വന്തം പേരിൽനിന്ന് അമീറുൽ മുഅ്മിനീൻ എന്ന മഹത്തായ പേര് മായ്ച്ചുകളഞ്ഞു. നിശ്ചയം അദ്ദേഹം വിശ്വാസികളുടെ നേതാവല്ലെങ്കിൽ പിന്നെ അവിശ്വാസികളുടെ നേതാവായിരിക്കും!’

ഞാൻ ചോദിച്ചു: ‘ഇതല്ലാത്ത വേറെ വല്ലതും ഉണ്ടോ?’

അവർ പറഞ്ഞു: ‘ഇതുതന്നെ മതിയല്ലോ.’

ഞാൻ അവരോട് പറഞ്ഞു: ‘അദ്ദേഹം അല്ലാഹുവിന്റെ കാര്യത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കി എന്ന് നിങ്ങൾ പറഞ്ഞല്ലോ, ഇതിനുള്ള മറുപടി ഞാൻ അല്ലാഹുവിന്റെ കിതാബിൽനിന്നുതന്നെ നിങ്ങൾക്ക് ഓതി തരാം. അത് നിങ്ങളുടെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണെങ്കിൽ നിങ്ങൾ പ്രസ്തുത വാദത്തിൽ നിന്ന് പിന്തിരിയുമോ?’

അവർ പറഞ്ഞു: ‘അതെ, തീർച്ചയായും.’

ഞാൻ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തന്റെ കാര്യത്തിൽ ഒരു കാൽക്കാശിന്റെ വിഷയത്തിൽ അഥവാ ഒരു മുയലിന്റെ വിലയുടെയത്ര നിസ്സാര കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചത് നിങ്ങൾക്കറി യില്ലേ? എന്നിട്ട് ക്വുർആനിലെ സൂറത്തുൽ മാഇദയിൽനിന്നുള്ള ‘നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്...’(5:95) എന്ന് തുടങ്ങുന്ന വചനം ഓതിക്കേൾപ്പിച്ചു.’

(തുടരും)