പ്രപഞ്ച സ്രഷ്ടാവ്; കരുണാവാരിധി

നസീമ വാടാനപ്പള്ളി

2026 ജൂലൈ 25, 1448 സ്വഫർ 11

മുസ്‌ലിംകളല്ലാത്തവർക്കു പോലും പരിചയമുള്ള, അല്ലാഹുവിന്റെ രണ്ടു നാമങ്ങളാണ് ‘റഹ്‌മാൻ,’ ‘റഹീം’ എന്നിവ. ‘അർറ്വഹ്‌മാൻ’ എന്നതിന് പരമകാരുണികൻ എന്നും ‘അർറ്വഹീം’ എന്നതിന് ‘കരുണാനിധി’ എന്നുമാണ് മലയാളത്തിൽ അർഥം കൊടുത്തുവരുന്നത്. ഈ രണ്ടു നാമങ്ങളുടെയും അർഥവിശാലത മനസ്സിലാക്കിയ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെ സ്‌നേഹിക്കാതിരിക്കാനും അവന്റെ കാരുണ്യത്തിൽ നിരാശപ്പെടാനും സാധിക്കില്ല.

ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ പൊതുവെയുള്ളതോ, ഐഹികമോ പാരത്രികമോ ആയ സകലവിധ അനുഗ്രഹങ്ങളുടെയും കർത്താവായ പരമകാരുണികൻ എന്ന് ‘അർറ്വഹ്‌മാനി’നും നന്മ ചെയ്യുന്നവർക്ക് പ്രത്യേകമായി സിദ്ധിക്കുവാനിരിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവായ കരുണാനിധി എന്ന് ‘അർറ്വഹീമി’നും വിവക്ഷ നൽകപ്പെടുന്നു.

വിശ്വാസികളിൽ തന്നെ പലരും ആഴത്തിൽ മനസ്സിലാക്കാതെ പോകുകയും കേവലം നാമം മാത്രമായി ഉരുവിടുകയും ചെയ്യുന്ന, അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ് ഇവയും.

അല്ലാഹു സ്വർഗം ഒരുക്കി വെച്ചിരിക്കുന്നത് സൂക്ഷ്മത(തക്വ്‌വ)യുള്ളവർക്കാണ്. ഒരിക്കൽ നബിﷺ പറയുകയുണ്ടായി: “നിങ്ങളിൽ ഏറ്റവും തക്വ്‌വയുള്ളവൻ ഞാനാണ്. നിങ്ങളിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ അറിയുന്നവനും ഞാനാണ്.’’

അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കുന്നതിലൂടെ മാത്രമെ ഒരാൾക്ക് ആത്മാർഥമായി അവനെ സൂക്ഷിച്ച് ജീവിക്കുവാൻ കഴിയൂ. അല്ലാഹുവിന് ഉന്നതമായ ഒട്ടേറെ നാമങ്ങളുണ്ട്. അവയിൽ 99 നാമങ്ങൾ ആരെങ്കിലും ഇഹ്സ്വാഅ് ചെയ്താൽ അവന് സ്വർഗമുണ്ടെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. ‘ഇഹ്സ്വാഅ് ചെയ്യുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ നാമങ്ങൾ അർഥം ഉൾക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തി കാണാതെ പഠിച്ച് അവകൊണ്ട് പ്രാർഥിക്കുക എന്നതാണ്.

അല്ലാഹുവിന്റെ അറിയപ്പെട്ട, ഉന്നതതും മനോഹരവുമായ നാമങ്ങളിൽ ഏറെ വിശിഷ്ടമായതാണ് അർറ്വഹ്‌മാൻ എന്നത്. അല്ലാഹുവിന്റെ അതിമഹനീയ നാമങ്ങളിൽപെട്ട ഏതെങ്കിലും ഒന്നുകൊണ്ട് ഒരാൾ അവനോട് പ്രാർഥിച്ചാൽ ഉത്തരം നൽകപ്പെടുമെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.

അല്ലാഹുവിന് വിശിഷ്ടമായ പേരുകളുണ്ടെന്നും ആ പേരുകളിൽ അവനോട് തേടുവാനും ക്വുർആൻ പറയുന്നു: “അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക...(7:180).

‘അല്ലാഹു’ എന്ന നാമത്തെപ്പോലെത്തനെ ‘അർറ്വഹ്‌മാൻ’ എന്ന നാമവും അവനു മാത്രം പ്രത്യേകമായതാണ്. ആ പേര് മറ്റൊന്നിനും നൽകിക്കൂടാ.

“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ അർറ്വഹ്‌മാൻ എന്ന് വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃ ഷ്ടമായ നാമങ്ങൾ...’’(17:110).

ഒരു വ്യക്തിക്ക് അബ്ദുർറ്വഹ്‌മാൻ എന്നു പേരിടാം. എന്നാൽ അയാളെ അബ്ദ് ചേർക്കാതെ റഹ്‌മാനേ എന്നു വിളിക്കാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അതിന്റെ ഗൗരവമറിയാതെ നമ്മൾ അങ്ങനെ വിളിച്ചുപോകാറുണ്ട്. ‘റഹ്‌മാൻ ജ്വല്ലറി’ എന്ന ബോർഡ് യാത്രക്കിടയിൽ കണ്ടതായി ഓർക്കുന്നു.

അല്ലാഹുവിന്റെ നാമങ്ങളും അവയുടെ ആശയവിശാലതയും മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. അത് അറിയാത്തവർക്ക് അല്ലാഹുവിനെ യഥാവിധി കണക്കാക്കുവാൻ കഴിയില്ല. അത്തരക്കാരിൽ ശിർക്ക് സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

അല്ലാഹു പറയുന്നു: “അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു’’ (ക്വുർആൻ 22:74).

അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഒരു മനുഷ്യനിൽ തന്റെ റബ്ബിനോടുള്ള സ്‌നേഹവും ആദരവും വർധിപ്പിക്കുന്നു; അവന്റെ കാര്യണ്യത്തിൽ പ്രതീക്ഷയും ശിക്ഷയിൽ ഭയവും അനുഗ്രഹങ്ങളിൽ നന്ദിയും മറ്റുള്ളവരിൽനിന്നുള്ള നിർഭയത്വവും ഉണ്ടാക്കുന്നു.

അല്ലാഹു പറയുന്നു: “...നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേൽ (ബാധ്യതയായി) നിശ്ചയി ച്ചിരിക്കുന്നു...’’ (ക്വുർആൻ 6:54).

നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം നൂറ് കാരുണ്യവും സൃഷ്ടിച്ചു. ഓരോ കാരുണ്യവും ആകാശഭൂമിയോളം വിശാലമാണ്. അതിൽനിന്ന് ഒരു കാരുണ്യം അവൻ ഭൂമിയിൽ വെച്ചു. അതുവഴിയാണ് മാതാവ് മക്കളോട് കരുണ കാണിക്കുന്നതും ക്രൂരമൃഗങ്ങളും പക്ഷികളുമെല്ലാം പരസ്പരം കരുണ കാണിക്കുന്നതും. എന്നാൽ അന്ത്യനാളിൽ (ബാക്കിവെച്ച) ഈ കാരുണ്യംകൊണ്ട് അവൻ അവരോടുള്ള കാരുണ്യം പൂർത്തീകരിക്കും’’ (മുസ്‌ലിം).

ലോകത്ത് കഴിഞ്ഞുപോയ മനുഷ്യരടക്കമുള്ള സകലമാന ജീവജാലങ്ങളും ഇപ്പോൾ ജീവിച്ചിരി ക്കുന്നവയും അന്ത്യനാൾവരെ ജനിക്കാനിരിക്കുന്നവയുമായ ജീവികളും പരസ്പരം കരുണ കാണിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിൽ ഒരംശംകൊണ്ട് മാത്രമാണെങ്കിൽ അവന്റെ കാരുണ്യം എത്ര വിശാലമാണ്. 99 ഭാഗവും അവന്റെയടുത്തുണ്ട്. അത് അവന് വഴിപ്പെട്ട് ജീവിക്കുന്നവർക്കാണ് നൽകപ്പെടുക.

ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബിﷺയുടെ അടുക്കൽ വരികയുണ്ടായി. ആ സമയം അവിടുന്ന് തന്റെ പേരമക്കളെ കൊഞ്ചിക്കുകയായിരുന്നു. അവിടുന്ന് തന്റെ പേരമക്കളെ ചുംബിക്കുന്നതു കണ്ടപ്പോൾ ആ ഗ്രാമീണൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങ് പേരക്കുട്ടികളെ ചുംബിക്കുകയോ? എനിക്ക് പത്തു മക്കളുണ്ട്. ഞാനിന്നുവരെ അവരിൽ ഒരാളെയും ചുംബിച്ചിട്ടില്ല.’ ഇതു കേട്ട പ്രവാചകൻ ﷺ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ ഹൃദയത്തിൽ കാരുണ്യം ഇട്ടുതരാത്തതിന് ഞാനെ ന്തു ചെയ്യാനാണ്?’

‘നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും’ എന്ന പ്രവാചകവചനം പ്രസിദ്ധമാണ്.

നമ്മളിൽ പലരും പലരെയും അവരുടെ കാരുണ്യത്തിന്റെ പേരിൽ അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവരാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്ത അവരെ വൈറലാക്കുന്നു. ഈ കാരുണ്യമെല്ലാം പരമകാരുണ്യവാനായ റബ്ബ് അവരുടെ ഹൃദയങ്ങളിൽ നിറച്ചതാണെന്നത് നാം പലപ്പോഴും വിസ്മരിക്കുകയാണ്.

ഒരു ഡോക്ടർ നമ്മെ ചികിൽസിച്ചതിലൂടെ നമ്മുടെ രോഗത്തിന് ശമനം കിട്ടിയിട്ടുണ്ടെങ്കിൽ ആ ഡോക്ടറെക്കുറിച്ച് നാം പുകഴ്ത്തിപ്പറയാറുണ്ട്. എന്നാൽ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് അവൻ ആ ഡോക്ടറെയും മരുന്നിനെയും നമുക്ക് ശമന കാരണമാക്കിയതാണെന്ന് നാം അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചുപോകുന്നു. ആ ഡോക്ടറുടെ ചികിൽസകൊണ്ട് ശമനം ലഭിക്കാത്തതിനാൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവരുമുണ്ടാകാം. അല്ലാഹുവിന്റെ കാരുണ്യത്താൽ ഇന്ന ഡോക്ടറുടെ ചികിൽസകൊണ്ട് എനിക്ക് ശമനം ലഭിച്ചു എന്ന് നന്ദിയോടെ പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്ന എത്ര പേർ നമുക്കിട യിലുണ്ട്? ഇതുപോലെ തന്നെയാണ് മറ്റെല്ലാ കാര്യങ്ങളും. അല്ലാഹുവിന്റെ കാരുണ്യമാണ് നാം അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും.