പണ്ഡിതന്മാരെ വഴിതെറ്റിക്കുന്ന ഇബ്ലീസ്!
ശമീർ മദീനി
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

(പിശാചിന്റെ ചതിക്കുഴികൾ 33)
പിശാച് മനുഷ്യരെ പല രൂപത്തിൽ കെണിയിൽപെടുത്തുമെന്നത് നമ്മൾ പലപ്പോഴായി മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. ചിലപ്പോൾ ദേഹേച്ഛകളുടെ തേരിലേറിയായിരിക്കും പിശാച് ഒരാളെ കീഴ്പ്പെടുത്തുന്നത്. അപ്പോൾ അയാൾ പഠിച്ച അറിവിനു നേരെ പോലും അയാൾക്ക് കണ്ണടയ്ക്കേണ്ടി വരും. പേരും പ്രശസ്തിയും മോഹിച്ചുകൊണ്ട് ചില പ്രത്യേക വിജ്ഞാനീയങ്ങളിലേക്ക് കടന്നുചെല്ലുന്നവരുണ്ട്. തന്റെ സമയവും സമ്പത്തും ജീവിതം തന്നെയും അതിന്റെ മാർഗത്തിൽ സമർപ്പിക്കുമ്പോൾ അതിലൂടെ തനിക്കും സമൂഹത്തിനും എന്താണു നേടാനുള്ളത് എന്ന ചിന്തപോലുമില്ലാതെ അതിൽ മുഴുകും.
നമ്മുടെ തുച്ഛമായ ആയുസ്സിൽ ഏറ്റവും ഉൽകൃഷ്ടമായ നന്മകൾ ചെയ്ത് കൂടുതൽ പുണ്യങ്ങൾ സമ്പാദിച്ചു മുന്നേറുവാനാണ് നാം ശ്രമിക്കേണ്ടത്. എന്നാൽ ഏറ്റവും ശ്രേഷ്ഠമായ ക്വുർആൻ വിജ്ഞാന ങ്ങളുടെ കാര്യത്തിൽപോലും പിശാച് വഴിതെറ്റിക്കും. പാരായണത്തിന് ഓരോ അക്ഷരത്തിനും പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട അതിമഹത്തായ ക്വുർആനിന്റെ കാര്യത്തിൽ പ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ക്വുർആൻ പാരായണങ്ങളുടെ തികച്ചും അപ്രസക്തമായ അഥവാ ‘ശാദ്ദാ’യ പാഠഭേദങ്ങളെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം നശിപ്പിക്കുന്നവരെ അതിന് ഉദാഹരണമായി ഇബ്നുൽ ജൗസി(റഹി) എടുത്തുകാട്ടുന്നുണ്ട്. മതത്തിൽ സുപ്രധാനങ്ങളായ മറ്റു അറിവുകളിൽ നിന്നൊക്കെ ഒഴിഞ്ഞുനിന്നുകൊണ്ടാണ് കാര്യമാത്ര പ്രസക്തമല്ലാത്ത ഇത്തരം കാര്യങ്ങളിൽ അവർ മുഴുകുന്നത്.
ചിലപ്പോൾ ഇത്തരം ഒറ്റപ്പെട്ട പാരായണ ഭേദങ്ങളെക്കുറിച്ച് മുടിനാരിഴകീറി ചർച്ച ചെയ്യുന്ന പള്ളിമൂലകളിലെ ഇമാമീങ്ങളോട് നമസ്കാരത്തെക്കുറിച്ചോ നമസ്കാരത്തെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങളെക്കുറിച്ചോ ചോദിച്ചാൽ കൃത്യവും വ്യക്തവുമായ ഒരു മറുപടി അയാളിൽനിന്ന് കിട്ടിക്കൊള്ളണമെന്നുമില്ല. ഇത്തരക്കാരുടെ അടുക്കൽ പഠിക്കാൻ വരുന്നവരും പഠിപ്പിക്കുന്നവരും ക്വുർആൻ എന്തിനുവേണ്ടിയാണ് അവതരിച്ചത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്തിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു!
അങ്ങനെയെങ്കിൽ അവർ ക്വുർആൻ മനഃപാഠമാക്കുന്നതിനും അതിന്റെ പദങ്ങളും ഉച്ചാരണങ്ങളും നേരേ ചൊവ്വേ ആക്കുന്നതിനും എന്നിട്ട് അതിന്റെ ആശയം ഗ്രഹിക്കുന്നതിനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും മുന്തിയ പരിഗണന നൽകുമായിരുന്നു. അങ്ങനെ മനസ്സിനെ ശുദ്ധീകരിക്കുന്നതിനും സ്വഭാവം നന്നാക്കുന്നതിനും ഏറെ ശ്രദ്ധിക്കുമായിരുന്നു. അതനുസരിച്ച് മതവിജ്ഞാനീയങ്ങളിൽ ഓരോന്നിന്റെയും പ്രാധാന്യവും മുൻഗണനയും മനസ്സിലാക്കി അതിനായി ജീവിതം ഉഴിഞ്ഞുവെച്ച് അധ്വാനിക്കുമായിരുന്നു. ഏറ്റവും സുപ്രധാനമായതിനെ അവഗണിച്ചുകൊണ്ട് നിസ്സാര കാര്യങ്ങളിൽ സമയം പാഴാക്കുന്നതിനോളം വലിയ ബുദ്ധിശൂന്യത വേറെ എന്താണുള്ളത്?
ഹസനുൽ ബസ്വ്രി(റഹി) പറയുന്നു: “ക്വുർആൻ അവതരിപ്പിക്കപ്പെട്ടത് അതനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടിയാണ്. എന്നാൽ പലരുടെയും വിചാരം പാരായണമാണ് മുഖ്യലക്ഷ്യമെന്നാണ്. അതിനാൽ അവരുടെ പ്രവർത്തനങ്ങളെ പാരായണത്തിൽ മാത്രം പരിമിതപ്പെടുത്തി.’’
അതുകൊണ്ടാണ് ആളുകൾക്കിടയിൽ സുപരിചിതമായ മുതവാതിറായ പാഠഭേദങ്ങളെ ഒഴിവാക്കി ഒറ്റപ്പെട്ട പാഠഭേദങ്ങൾകൊണ്ട് പള്ളി മിഹ്റാബുകളിൽ സ്വന്തം ‘പാണ്ഡിത്യം’ പ്രദർശിപ്പിക്കുന്ന ആളുകൾ ഉണ്ടാകുന്നത്.
ഇത്തരത്തിലുള്ള ക്വുർആൻ പാരായണ വിദഗ്ധരെക്കൊണ്ട് പരിപാടികൾ കൊഴുപ്പിക്കുകയും സമ്പത്ത് ധൂർത്തടിച്ച് ഇസ്ലാമിന്റെ ‘ഇസ്സത്ത്’ അഥവാ ‘അന്തസ്സ്’ പ്രകടിപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത് എന്ന പേരിൽ സ്ത്രീപുരുഷന്മാരും മറ്റും സംഘടിച്ച്, പള്ളികൾ അലങ്കരിച്ച്, ധാരാളം പണവും ഊർജവും ചെലവഴിച്ച് നടത്തുന്ന പരിപാടികൾ പിശാചിനെയല്ലാതെ അല്ലാഹുവിനെയോ ദീനിനെ സ്നേഹിക്കുന്ന പണ്ഡിതന്മാരെയോ സന്തോഷിപ്പിക്കുന്ന ഒന്നല്ല. കാരണം മതത്തിന്റെ അന്തസ്സും അഭിമാനവും പ്രകടിപ്പിക്കേണ്ടത് മതം പഠിപ്പിച്ച കാര്യങ്ങൾ ചെയ്തുകൊണ്ടായിരിക്കണം.
ധൃതിപിടിച്ച് ക്വുർആൻ മൊത്തം ഒറ്റരാത്രികൊണ്ട് ഓതിത്തീർക്കുന്ന, അല്ലെങ്കിൽ രണ്ടോ മൂന്നോ തവണ ഖത്തം തീർക്കുന്ന, റെക്കോർഡിന് വേണ്ടി അധ്വാനിക്കുന്ന ആളുകളെയും കാണാം. സത്യത്തിൽ അത് പിശാചിന്റെ വല്ലാത്ത കെണിയാണെന്നാണ് ഇബ്നുൽ ജൗസി(റഹി) ഓർമിപ്പിക്കുന്നത് (തൽബീസു ഇബ്ലീസ്, പേജ് 142).
എന്തുകൊണ്ടെന്നാൽ ക്വുർആൻ പാരായണം ചെയ്യുന്നതും പഠിക്കുന്നതും റബ്ബിന്റെ ഇഷ്ടവും പൊരുത്തവും ആഗ്രഹിച്ചുകൊണ്ടായിരിക്കണം. അങ്ങനെയാകുമ്പോൾ അത് അവധാനതയോടെയായിരിക്കാനാണ് ക്വുർആൻ നിർദ്ദേശിച്ചത്. അല്ലാഹു പറയുന്നു: “നീ ജനങ്ങൾക്ക് സാവകാശത്തിൽ ഓതികൊടുക്കേണ്ടതിനായി ക്വുർആനിനെ നാം (പല ഭാഗങ്ങളായി) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണ യായി ഇറക്കുകയും ചെയ്തിരിക്കുന്നു’’(17:106).
“ക്വുർആൻ സാവകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക’’ (73:4).
എന്നാൽ ക്വുർആൻ പാരായണം എന്ന പേരിൽ പാട്ടുകളുടെ ഈണത്തിലും താളത്തിലും ക്വുർആൻ ഓതി പദങ്ങളും ഉച്ചാരണങ്ങളും വരെ തെറ്റിച്ച് ‘കൈയടി’ വാങ്ങുന്ന ആളുകൾ ക്വുർആൻ പഠനത്തിന്റെ ആത്മാവ് ഉൾക്കൊള്ളാതെയാണ് അതിൽ മുഴുകുന്നത് എന്ന കാര്യം മറന്നുപോകുന്നു.
ക്വുർആൻകൊണ്ട് വിജയം നേടുന്ന ആളുകളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ!
