ആരാണു സമസ്തയെ പിളർത്തിയത്?

മുസ്തഫ കമാൽ, മൂന്നിയൂർ

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ആരാണു സമസ്തയെ പിളർത്തിയത്? അടുത്തിടെ കാന്തപുരം അബുബക്കർ മുസ്‌ലിയാർ ഒരു പ്രസംഗത്തിനിടയിൽ, എന്നെ ഇ.കെ. അബുബക്കർ മുസ്‌ലിയാരാണ് സമസ്തയിലേക്കു കൊണ്ടുവന്നതെന്നും പിന്നീട് ഞങ്ങളെ ചില ബാഹ്യശക്തികൾ തമ്മിൽ അകറ്റി എന്നും കരഞ്ഞുകൊണ്ട് പറയുന്ന ഒരു വിഡിയോ സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെ അനൂകുലിച്ച് ഈയിടെ ഔദ്യോഗിക സമസ്തയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന ‘ശജറ’കൾ, അന്ന് ഇ.കെ. അബുബക്കർ മുസ്‌ലിയാരെയും കാന്തപുരത്തെയും തമ്മിൽ അകറ്റിയത് മുജാഹിദുക ളാണെന്നു പറഞ്ഞത് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്താണു വസ്തുത?

1926 ജൂൺ 26ന് കോഴിക്കോട് ടൗൺ ഹാളിൽവച്ച് രൂപീകൃതമായ ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ’ എന്ന സംഘടന ഇതിനകം മൂന്നായി പിളർന്നതായി സംഘടനയുടെ ചരിത്രത്തിൽ കാണാം, ശൈഖ് ഹസൻ ഹസ്രത്ത്, കൈപറ്റ ബീരാൻകുട്ടി മൗലവി, അബ്ദുറഹ്‌മാൻ ഫദ്ഫരി ഹസ്രത്ത് എന്ന കുട്ടി മുസ്‌ലിയാർ, കെ.സി മുഹമ്മദ് മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിൽ 1966ൽ ‘അഖില കേരള ജംഇ യ്യത്തുൽ ഉലമ’ എന്നൊരു സംഘടന രൂപീകരിച്ചതായി കാണാം.

തബ്‌ലീഗ് ജമാഅത്ത് ബിദ്ഈ സംഘടനയാണെന്ന സമസ്ത മുശാവറയുടെ തീരുമാനമാണ് ഇവർക്ക് മറ്റൊരു സംഘടന രൂപകരിച്ചതിന് പ്രേരണ എന്ന് പറയപ്പെടുന്നു. കർമശാസ്ത്ര സംബന്ധിയായ മറ്റൊരു പ്രശ്‌നമാണ് രണ്ടാം പിളർപ്പിനു കാരണമായി പറയപ്പെടുന്നത്.

ജുമുഅ ഖുത്വുബക്ക് ഉച്ചഭാഷിണി ഉപയോഗത്തിന് മുശാവറ അനുവദിച്ചതിനോടു യോജിക്കാൻ കഴിയാതെ സമസ്തയുടെ പ്രമുഖ നേതാവായിരുന്ന സ്വദഖത്തുല്ല മുസ്‌ലിയാർ പുറത്തുപോകുകയും ഏതാനും അനുയായികളെ കൂട്ടി ‘സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ’ എന്ന സംഘടന രൂപികരിക്കുകയും ചെയ്തു.

മുകളിൽ പറഞ്ഞ രണ്ടു പിളർപ്പിനും പുറമെനിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതുകൊണ്ട് സമുദായത്തിൽ പള്ളി-മദ്‌റസകൾ വീതംവയ്ക്കുകയോ അതുമൂലമുള്ള സംഘർഷങ്ങൾ ഉടലെടുക്കുകയോ ചെയ്തില്ല.

1989ൽ ഫെബ്രുവരി 18ന് ചേർന്ന ‘സമസ്ത മുശാവറ യോഗം’ അന്ന് മുശാവറ അംഗമായിരുന്ന കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ പുറത്താക്കി. ഇതോടെ മൂന്നാം പിളർപ്പിനു കളമൊരുങ്ങി. തുടർന്ന് എപി വിഭാഗമെന്ന പേരിലും ഇകെ വിഭാഗമെന്ന പേരിലും രണ്ടു ഗ്രൂപ്പുകൾ ശക്തമായി. കാന്തപുരം വിഭാഗത്തിന് സിപിഎം അടക്കമുള്ള ഇടതുപക്ഷം പിന്തുണ നൽകിയത് ഗ്രൂപ്പിന്റെ വളർച്ചക്ക് സഹായകമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

1980കളിൽ തന്നെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്കെതിരെ സമസ്തയിൽ കോഴിക്കോട് ജില്ലയിലെ അരീക്കാട്ട് ഒരു പള്ളി നിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. 1989ൽ കാന്തപുരത്തെ സമസ്തയിൽനിന്ന് പുറത്താക്കാനുള്ള കാരണം പക്ഷേ, അതല്ല. 1986ൽ ശരീഅത്ത് വിവാദകാലത്ത് അന്നത്തെ സമസ്തയുടെ പ്രസിഡന്റായിരുന്ന ഇകെ അബൂബക്കർ മുസ്‌ലിയാർ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുമായി വേദി പങ്കിട്ടത് ‘സമസ്തയുടെ’ തീരുമാനങ്ങൾക്ക് വിരുദ്ധമാണെന്ന പ്രചാരണവുമായി കാന്തപുരം രംഗത്തുവന്നിരുന്നു.

ഈ വിവാദം തുടരവെ 1988ൽ സുന്നി യുവജന സംഘത്തിന്റെ മധ്യമേഖല സമ്മേളനം നടത്താൻ കാന്തപുരം വിഭാഗം തീരുമാനിച്ചു. പ്രസ്തുത സമ്മേളനം മാറ്റിവയ്ക്കാൻ സമസ്ത നേത്യത്വം കാന്തപുരത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നിരസിച്ചതാണ് പുറത്താക്കലിൽ കലാശിച്ചത്.

യഥാർഥത്തിൽ ‘സുന്നി’യിൽ നിന്നല്ല കാന്തപുരത്തെ ഒഴിവാക്കിയത്, മറിച്ച് സമസ്തയിൽ നിന്നാണ്. അങ്ങനെ വരുമ്പോൾ ‘സമസ്ത ഐക്യ’മാണ് വേണ്ടത്, ‘സുന്നിഐക്യ’മല്ല. സുന്നി ആശയമെന്ന് ഇരു വിഭാഗവും വ്യവഹരിക്കുന്ന വിഷയങ്ങളിൽ ഇരുവിഭാഗത്തിനും ഇന്നുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല.

പ്രവാചക ചര്യയിൽ കാണപ്പെടാത്ത കാര്യങ്ങൾക്കാണ് ഇരുവിഭാഗവും സുന്നി ആശയമെന്നു പറഞ്ഞുവരുന്നത്! മൗലൂദ്, റാതീബ്, നബിദിനാഘോഷം തുടങ്ങിയ കാര്യങ്ങൾ അനുഷ്ഠിക്കുന്നതിൽ ഈ വിഭാഗങ്ങൾ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇരു വിഭാഗവും ഒരുപോലെ വാശിയോടെ ഇതല്ലാം തുടർന്നുവരുന്നതായി കാണാം.

ഇനി ഐക്യം എന്തിനാ...?

സമസ്തയിൽ ഉടലെടുത്ത ഈ ഭിന്നതകൊണ്ട് സമുദായത്തിന് ഒരു ദോഷവും വന്നിട്ടില്ല എന്ന് അവകാശപ്പെടുന്നവരാണ് ഇരുവിഭാഗവും. ഭിന്നതമൂലം നിരവധി സ്ഥാപനങ്ങൾ, പത്ര-പ്രസിദ്ധീകരണ ങ്ങൾ തുടങ്ങി പല നേട്ടങ്ങളും സമുദായത്തിന് ലഭ്യമായി എന്നവർ അവകാശപ്പെടുന്നു. യഥാർഥത്തിൽ വേണ്ടത് ഐക്യമല്ല, ലയനമാണ്. ഇകെ വിഭാഗം കാന്തപുരം വിഭാഗത്തിൽ ലയിക്കുകയാണു വേണ്ടത്. കാരണം, ജമാഅത്ത്-മുജാഹിദ് വിഭാഗങ്ങളോട് വേദി പങ്കിടാൻ പാടില്ല എന്നത് സമസ്തയുടെ ആദ്യകാല പ്രഖ്യാപിത തീരുമാനമാണ്. അതു ലംഘിച്ചതിൽനിന്നാണ് കാന്തപുരം വേറിട്ടുപോയത്.

തുടർന്ന് കാന്തപുരം വിഭാഗം പ്രസ്തുത നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ ഇകെ വിഭാഗത്തിലെ പ്രമുഖർ അടുത്തകാലംവരെയും ജമാഅത്ത്-മുജാഹിദ് വിഭാഗങ്ങളുടെ വേദി പങ്കിട്ടുപോന്നിട്ടുണ്ട്.

അവസാനം നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സമസ്തയുടെ ചില നേതാക്കൾ വേദി പങ്കിട്ടത് വൻ വിവാദമായതിനെത്തുടർന്ന് സമസ്തയുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോകാൻ തീരുമാനിക്കുകയും അംഗങ്ങൾക്ക് പ്രസ്തുത വിഷയത്തിൽ കനത്ത താക്കീതു നൽകുകയും ചെയ്യുകയുണ്ടായി.

ഇവിടെ കാന്തപുരം നേരത്തെ എടുത്ത തീരുമാനത്തിലേക്ക് ഇകെ വിഭാഗം എത്തിയ സ്ഥിതിക്ക് രണ്ടു വിഭാഗത്തിന്റെയും ഭിന്നത അവസാനിച്ചതായി മനസ്സിലാക്കാം. ചുരുക്കത്തിൽ, കാന്തപുരം വിഭാഗ ത്തിന് ഇകെ വിഭാഗത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടെത്തിക്കാൻ സാധിച്ചു എന്നുവേണം പറയാൻ!

ലയനം സാധ്യമാവില്ല എന്നു തിരിച്ചറിഞ്ഞ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ തന്നെയാണ് ഐക്യശ്രമങ്ങൾക്ക് മുന്നിട്ടുവന്നത്. ഐക്യം സാധ്യമായാൽ അതിന്റെ പൂർണലാഭം ടിയാനു തന്നെയാണ്. കാരണം, ഐക്യ കരാറിലെ സുപ്രധാന വ്യസ്ഥകളിൽ ഒന്ന് പരസ്പരം വിമർശനം ഒഴിവാക്കുക എന്നതാണ്. കാന്തപുരം കൊണ്ടുവരുന്ന മുടി, ചട്ടി, പൊടി തുടങ്ങിയ തട്ടിപ്പുകൾക്ക് മുമ്പിൽ ഇകെ വിഭാഗം മൗനം പാലിക്കണം എന്നർഥം.

നേരെത്തെ കൊണ്ടുവന്ന കേശത്തിന് സ്വീകാര്യത ലഭിക്കാതെപോയതും കാന്തപുരം അണികൾക്കിടയിൽ പോലും സംശയം ജനിപ്പിച്ചതിൽ ഇകെ വിഭാഗത്തിന്റെ അന്നത്തെ ശക്തമായ എതിർപ്പ് ഹേതുവായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മേലിൽ അത്തരം എതിർപ്പുകൾ ഇല്ലാതാക്കാൻ ഈ ഐക്യശ്രമം ഉപകരിക്കുമെന്ന തിരിച്ചറിവാണു പുതിയ ഐക്യശ്രമങ്ങൾക്കു പിന്നിലെന്നു മനസ്സിലാക്കാൻ അധിക ബുദ്ധിയൊന്നും വേണ്ട.