ജീവിത പ്രതിസന്ധികളും ഇസ്‌ലാമിക അതിജീവനവും

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

മനുഷ്യജീവിതം എപ്പോഴും ഒരേ അവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. ഉയർച്ച-താഴ്ചകളും സന്തോഷ-സന്താപങ്ങളും മാറിമാറി വരുന്ന ജീവിതയാത്രയിൽ, മനുഷ്യന്റെ മാനസിക സമനില അഥവാ ബാലൻസ് തെറ്റിക്കുന്ന പ്രധാനപ്പെട്ട രണ്ട് സാഹചര്യങ്ങളുണ്ട്; ഞെരുക്കവും വിശാലതയും. ഈ രണ്ട് പ്രതിസന്ധികളെയും വിവേകത്തോടെ നേരിടാനും ജീവിതത്തിൽ യഥാർഥ സമാധാനം കണ്ടെത്താനും ഇസ്‌ലാം കൃത്യമായ മാർഗദർശനം നൽകുന്നുണ്ട്.

ഞെരുക്കവും വിശാലതയും

ജീവിതത്തിൽ അനുഭവപ്പെടുന്ന ഞെരുക്കങ്ങൾ പലപ്പോഴും മനുഷ്യനെ ഡിപ്രഷനിലേക്കും നിരാശയിലേക്കും നയിക്കാറുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ, രോഗങ്ങൾ, തൊഴിലില്ലായ്മ, പഠനരംഗത്തെ പരാജയം തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്നു. ഇന്ന് യുവതലമുറയെ ഏറ്റവും കൂടുതൽ തളർത്തുന്നത് കരിയറുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ്. ജോലിയെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായി കാണുകയും അതിൽ തിരിച്ചടി നേരിടുമ്പോൾ ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതി ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ദാരുണമായ കാഴ്ചകൾ നാം കാണുന്നു. പ്രാഥമിക വിദ്യാലയങ്ങളിലെ എൽ.എസ്.എസ്, യു.എസ്.എസ് മത്സരപ്പരീക്ഷകൾ മുതൽ എസ്.എസ്.എൽ.സി വരെയുള്ള പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോകുമ്പോഴേക്കും കുഞ്ഞുമനസ്സ് പോലും ഡിപ്രഷനിലേക്ക് വീണുപോകുന്നത് ഇതാണ് വ്യക്തമാക്കുന്നത്.

ജീവിതത്തിലുണ്ടാകുന്ന അമിതമായ വിശാലതയും അപകടകരമാണ്. ആവശ്യത്തിലധികം സമ്പത്ത്, സൗകര്യങ്ങൾ, സ്വാധീനം, അധികാരം എന്നിവ ലഭിക്കുമ്പോൾ സ്വാഭാവികമായി മനുഷ്യൻ വന്നവഴി മറ ക്കുകയും അഹങ്കാരിയായി മാറുകയും ചെയ്യുന്നു. സ്വഭാവത്തിൽ വരുന്ന ഈ വ്യതിയാനം അയാളെ മറ്റു ള്ളവരിൽനിന്ന് അകറ്റുകയും ഒടുവിൽ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

മരണചിന്തയും പരലോകബോധവും

ഈ രണ്ട് പ്രതിസന്ധികൾക്കും പ്രവാചകൻﷺ പഠിപ്പിച്ചുതന്ന ഒറ്റമൂലിയാണ് മരണചിന്തയും പരലോകബോധവും. മരണചിന്തയും പരലോകത്തെക്കുറിച്ചുള്ള ഓർമയുമുള്ള ഒരു വ്യക്തിക്ക് ജീവിതത്തിൽ സമനില തെറ്റാൻ സാധ്യതയില്ല.

പ്രവാചകൻﷺ അരുളി: ‘നിങ്ങൾ മരണചിന്ത അധികരിപ്പിക്കുക. ആരെങ്കിലും അത് അധികരിപ്പിച്ചാൽ, അവൻ ഞെരുക്കത്തിലാണെങ്കിൽ അതിൽനിന്ന് അവൻ വിശാലതയിലേക്ക് വരും; അവൻ വിശാലതയിലാണെങ്കിൽ അവൻ അഹങ്കരിക്കാതെ വിനയാന്വിതനാകും.’

ഒരു വിശ്വാസി ഞെരുക്കത്തിലാകുമ്പോൾ, ‘ഈ ലോകമല്ല എന്റെ ശാശ്വതമായ ഭവനം, എനിക്ക് ഇതിനപ്പുറം മറ്റൊരു ജീവിതമുണ്ട്, അവിടെ എനിക്ക് അർഹമായ സൽഫലം ലഭിക്കും’ എന്ന് ചിന്തിക്കുമ്പോൾ അവന്റെ മനസ്സ് പ്രയാസങ്ങളിൽനിന്ന് ആശ്വാസത്തിലേക്ക് കടന്നുവരുന്നു.

അതുപോലെ, വലിയ സമ്പത്തും അധികാരവുമുള്ള ഒരാൾക്ക് മരണത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ, ‘ഇതൊന്നും ശാശ്വതമല്ല, മരണം വരെ മാത്രമേ ഇതൊക്കെയുണ്ടാകൂ’ എന്ന ചിന്ത അയാളെ അഹങ്കാരിയാക്കാതെ വിനയമുള്ളവനാക്കി മാറ്റുന്നു.

പ്രതിസന്ധികളെ നേരിടേണ്ട രീതി

പരലോകബോധമുള്ള ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതികജീവിതത്തിലെ തിരിച്ചടികൾ ശാശ്വതമായ പരാജയമല്ല. ഈ ലോകത്ത് ഒരുപാട് പരീക്ഷണങ്ങളെ നേരിടേണ്ടിവരും. അവയെ ക്ഷമയോടെ തരണം ചെയ്യാൻ വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ‘ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്’ എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (ക്വുർആൻ 2:155-157).

രോഗങ്ങളും പ്രയാസങ്ങളും

രോഗാവസ്ഥകളിലും ഏകാന്തതയിലും വിശ്വാസി തളർന്നുപോകില്ല. തനിക്ക് ബാധിക്കുന്ന ചെറിയൊരു ക്ഷീണവും മനഃക്ലേശവും കാൽപാദത്തിൽ തറക്കുന്ന ഒരു മുള്ള് പോലും തന്റെ പാപങ്ങൾ പൊറുക്കപ്പെടാനുള്ള മാർഗമാണെന്ന് അവൻ വിശ്വസിക്കുന്നു.

അനീതിയും തെറ്റിദ്ധാരണകളും

സമൂഹത്തിൽനിന്നോ കുടുംബത്തിൽനിന്നോ ഭരണകൂടത്തിൽനിന്നോ അനീതി നേരിടേണ്ടി വരുമ്പോഴും, ചെയ്യാത്ത കുറ്റത്തിന് തെറ്റിദ്ധരിക്കപ്പെടുമ്പോഴും വിശ്വാസി തകരില്ല. കാരണം, അവൻ പ്രതിഫല നാളിന്റെ ഉടമനായ, അനീതിയൊട്ടും കാണിക്കാത്ത രക്ഷിതാവിൽ അടിയുറച്ച് വിശ്വസിക്കുന്നവനാണ്.

കച്ചവടവും ബിസിനസും: പരലോകചിന്തയുള്ള ഒരാൾക്ക് ബിസിനസിലും കച്ചവടത്തിലും മറ്റു ള്ളവരെ വഞ്ചിക്കാനോ തട്ടിപ്പുകളിലൂടെ പണം സമ്പാദിക്കാനോ കഴിയില്ല. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്ക് നാശമുണ്ടെന്ന ക്വുർആനിന്റെ മുന്നറിയിപ്പും ധനം സമ്പാദിച്ച വഴിയെക്കുറി ച്ചും ഏതു മാർഗത്തിൽ ചെലവഴിച്ചു എന്നതിനെക്കുറിച്ചും പരലോകത്ത് ചോദിക്കപ്പെടുമെന്ന ചിന്തയും അവനെ സത്യസന്ധനാക്കുന്നു.

അധികാര ദുർവിനിയോഗം: അധികാരവും പദവികളും ദുരുപയോഗം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരോട് അല്ലാഹുവും കാർക്കശ്യം കാണിക്കുമെന്ന പ്രവാചക മുന്നറിയിപ്പ് വിശ്വാസിയെ അധർമത്തിൽനിന്ന് തടയുന്നു.

സോഷ്യൽ മീഡിയ ഉപയോഗം: അറിയപ്പെട്ട ഇൻഫ്‌ളുവൻസറാകാനും പണത്തിനും വേണ്ടി അധർമവും തെറിയും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പ്രവണതകളിൽനിന്ന് അവൻ വിട്ടുനിൽക്കുന്നു. കാരണം, താൻ കാരണം മറ്റൊരാൾ തെറ്റിലേക്ക് നയിക്കപ്പെട്ടാൽ അതിന്റെ കുറ്റം കൂടി താൻ ചുമക്കേണ്ടി വരുമെന്ന് അവൻ തിരിച്ചറിയുന്നു.

മരണചിന്ത നിഷ്‌ക്രിയത്വമുണ്ടാക്കുന്നതല്ല

മരണചിന്തയെക്കുറിച്ച് പറയുമ്പോൾ ചിലർ തെറ്റിദ്ധരിക്കാറുള്ളത്, ‘ഏതായാലും മരിക്കേണ്ടതല്ലേ, പിന്നെ എന്തിനാണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും മറ്റും’ എന്നാണ്. എന്നാൽ ഇസ്‌ലാം കൽപിക്കുന്ന മരണചിന്ത മനുഷ്യനെ നിഷ്‌ക്രിയനാക്കാനല്ല, മറിച്ച് കൂടുതൽ കർമനിരതനാക്കാനാണ് സഹായിക്കുന്നത്.

ക്വുർആൻ വ്യക്തമാക്കുന്നത്, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ കൊണ്ട് പരലോകം തേടുന്നതോടൊപ്പം ഭൗതിക ലോകത്തെ ഓഹരി മറക്കരുത് എന്നാണ്. അന്ത്യദിനം സംഭവിക്കുന്ന ഘട്ടത്തിൽ പോലും നിങ്ങളുടെ കയ്യിൽ ഒരു ഈത്തപ്പനത്തൈ ഉണ്ടെങ്കിൽ അത് നടാൻ സമയം കിട്ടിയാൽ നടണം എന്ന് പഠിപ്പിച്ച പ്രവാചകൻﷺ, നമ്മെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാനല്ല പഠിപ്പിച്ചത്.

ഒരു വാഹനത്തിന്റെ ബ്രേക്ക് വാഹനം നിർത്തിയിടാൻ മാത്രമല്ല, അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിക്കാൻ കൂടിയാണ് സഹായിക്കുന്നത്. അതുപോലെ, സമയം കുറവാണെന്ന ബോധം (മരണചിന്ത) ഉള്ള ഒരു ഓട്ടക്കാരൻ ട്രാക്കിൽ കിടന്നുറങ്ങുകയല്ല, തന്റെ ഓട്ടത്തിന്റെ വേഗത കൂട്ടുകയാണ് ചെയ്യുക.

ഭൗതികതയുടെ പിന്നാലെ മാത്രം പാഞ്ഞുനടന്നാൽ ഈ ലോകത്ത് സമാധാനം ലഭിക്കുകയില്ല. മരണത്തെക്കുറിച്ച് നിരന്തരം ഓർക്കുകയും മരണശേഷമുള്ള ശാശ്വത ജീവിതത്തിനായി ഏറ്റവും നന്നായി ഒരുങ്ങുകയും ചെയ്യുന്നവനാണ് യഥാർഥ ബുദ്ധിമാൻ. വിദ്യാർഥികൾ നന്നായി പഠിക്കണം, ജോലിക്ക് ശ്രമിക്കണം, രോഗം വന്നാൽ ചികിത്സിക്കണം, സമൂഹത്തിന്റെ നന്മകൾക്ക് വേണ്ടി നിലകൊള്ളണം. എന്നാൽ ഇതൊന്നും ജീവിതത്തിന്റെ അന്തിമ ലക്ഷ്യമല്ല, മറിച്ച് പരലോക വിജയത്തിലേക്കുള്ള മാർഗങ്ങൾ മാത്രമാണെന്ന ബോധ്യത്തോടെ ജീവിക്കുകയാണ് വേണ്ടത്.