ലക്ഷ്യത്തിൽ പിഴച്ചവർ
മുഹമ്മദ് ഫയാസ്, നാദാപുരം
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

(സൂഫിസം; ആത്മീയതയോ തത്ത്വചിന്തയോ? 7)
സൂഫി വിഭാഗങ്ങളെ തരംതിരിച്ചവരിൽ ഏറ്റവും പ്രശസ്തൻ ഇമാം ഇബ്നു തൈമിയ്യ(റഹി)യാണ്. അദ്ദേഹം പറഞ്ഞു: “അവരിൽ ‘ഇത്തിഹാദിയ്യഃ’ ഉണ്ട്, ഇത് സൂഫികളിലെ ഏറ്റവും വലിയതും അപകടകരവുമായ വിഭാഗമാണ്. മനുഷ്യന് അല്ലാഹുവുമായി ഐക്യപ്പെടാൻ (ഇത്തിഹാദ്) കഴിയുന്ന ഘട്ടത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് ഇവർ പറയുന്നു.’’ ഇത് വ്യക്തമായ കുഫ്റാണ്.
രണ്ടാമത്തെ വിഭാഗം ‘ഹുലൂലിയ്യഃ’ ആണ്. ഇബ്നു തൈമിയ്യ(റഹി) ഇവരെ ഇത്തിഹാദിയ്യയോട് വളരെ അടുത്തായിട്ടാണ് കാണുന്നത്, എന്നാൽ അവർ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തിഹാദിയ്യക്കാർ പറയുന്നു; അല്ലാഹുവാണ് എല്ലാ വസ്തുക്കളും എന്ന്. എന്നാൽ ഹുലൂലിയ്യക്കാർ പറയുന്നതാകട്ടെ ‘അല്ലാഹു സൃഷ്ടികളിൽ ലയിച്ചുചേരുന്നു’ എന്നുമാണ്. ബുദ്ധമതം, ഹിന്ദുമതം, സൊരാസ്ട്രിയനിസം എന്നിവയിലുള്ള അതേ വിശ്വാസംതന്നെ!
ഇബ്നു തൈമിയ്യ അടുത്ത വിഭാഗമായി എണ്ണുന്നത് ‘സബ്ഈനിയ്യഃ’യെ ആണ്. അൻഡലൂസിയയിലെ മുസ്ലിംകളിൽ പെട്ടവനായിരുന്ന ഇബ്നു സബ്ഈനിലേക്ക് ചേർക്കപ്പെട്ടവരാണിവർ. ഗ്രീക്ക് തത്ത്വചിന്താപരമായ പല ആശയങ്ങളും വിവരിക്കുന്നതിലും ചർച്ച ചെയ്യുന്നതിലും എതിർക്കുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഏതുവരെയെന്നാൽ, റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന ഫ്രെഡറിക് രണ്ടാമൻ മുവഹ്ഹിദ് ഭരണകൂടത്തിന് പല ഗ്രീക്ക് തത്ത്വചിന്താപരമായ ചോദ്യങ്ങളും അതിൽ ഇസ്ലാമിന്റെ കാഴ്ചപ്പാടും ചോദിച്ചുകൊണ്ട് കത്തയച്ചപ്പോൾ, അതിന് മറുപടി നൽകിയത് ഇബ്നു സബ്ഈൻ ആയിരുന്നു. അദ്ദേഹം അതിനായി ഒരു പൂർണസന്ദേശം തയ്യാറാക്കി. ഈ കത്ത് റോമൻ സാമ്രാജ്യത്തിലെ മാർപാപ്പയെക്കൊണ്ട് ഇബ്നു സബ്ഈനെക്കുറിച്ച് ഇങ്ങനെ പറയിപ്പിച്ചു: ‘ഇന്ന് മുസ്ലിംകൾക്കിടയിൽ ഇദ്ദേഹത്തെക്കാൾ വലിയൊരു അറിവുള്ളവനില്ല.’ എന്നാൽ ഈ ഇബ്നു സബ്ഈൻ ഹുലൂൽ, ഇത്തിഹാദ് എന്നീ വാദങ്ങൾ ആദ്യമായി പറഞ്ഞവരിൽ പെട്ടവനായിരുന്നു.
‘ഹല്ലാജിയ്യഃ’യാണ് മറ്റൊരു വിഭാഗം. പേര് സൂചിപ്പിക്കുന്നതുപോലെ ഹല്ലാജിന്റെ അനുയായികളാ ണിവർ. ഇബ്നു തൈമിയ്യ(റഹി) അവരെ നേരിട്ട് സിൻദീക്വുകൾ (നിരീശ്വരവാദികൾ) എന്നു വിളിച്ചു. കാരണം ഹല്ലാജിനെപ്പോലെ അവരും ഇത്തിഹാദ് വാദിച്ചു; അവരെല്ലാവരും അല്ലാഹുവുമായി നേരിട്ടുള്ള ഇത്തിഹാദല്ല പറഞ്ഞത്. ചിലർ പ്രവാചകന്മാരുമായും സ്വാലിഹുകളുമായുമുള്ള ഇത്തിഹാദാണ് പറഞ്ഞത്. അദവിയ്യഃ, ഖാദിരിയ്യഃ, ഹാകിമിയ്യഃ എന്നീ വിഭാഗങ്ങളെക്കുറിച്ചും ഇബ്നു തൈമിയ്യ(റഹി) ചർച്ച ചെയ്തിട്ടുണ്ട്. ഈ ഓരോ വിഭാഗത്തിനും ഒരു ശൈഖും ആചാരങ്ങളും പ്രത്യേക ദിക്റുകളുമുണ്ട്.
ഇക്കാരണത്താലാണ് ഈ വിഭാഗങ്ങൾക്കിടയിലെ തർക്കങ്ങൾ വളരെ കൂടുതലായത്. ഓരോ വിഭാഗവും തങ്ങൾ മാത്രമാണ് സത്യത്തിലെന്നും ബാക്കിയുള്ളവർ അസത്യത്തിലാണെന്നും കരുതി. കാരണം അവർ സ്ഥിരതയുള്ള വിജ്ഞാനത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് മടങ്ങുന്നില്ല, തർക്കമുണ്ടാകു മ്പോൾ ക്വുർആനിലേക്കും സുന്നത്തിലേക്കും തിരിയുന്നുമില്ല. അങ്ങനെ അവർക്കിടയിൽ പിണക്കങ്ങളും തർക്കങ്ങളും വ്യാപിച്ചു. സൂഫിസത്തിനുള്ളിൽതന്നെ പല ഗ്രൂപ്പുകളും പാർട്ടികളും ഉണ്ടായി. ഏതുവരെയെന്നാൽ ഒരു വിഭാഗത്തിനുള്ളിൽതന്നെ ഒരുപാട് ശാഖകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
എന്തുകൊണ്ടാണ് അവർ ഇത്തരത്തിൽ ഭിന്നിച്ചു നിൽക്കുന്നത്? ഇതിനുള്ള ഉത്തരം എപ്പോഴും സൂഫികളുടെ ‘അറിവ് സ്വീകരിക്കുന്ന സ്രോതസ്സുകളിൽ’ ആയിരിക്കും. കാരണം അവർ വിജ്ഞാനമോ ശരീഅത്തോ സ്വീകരിക്കുന്ന ഒരൊറ്റ സ്രോതസ്സിലല്ല വിശ്വസിക്കുന്നത്; അവർ ക്വുർആനിലും സുന്നത്തിലും മാത്രം പരിമിതപ്പെടുന്നില്ല, മറിച്ച് ആർക്കും എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്ന മറ്റു സ്രോതസ്സുകളും അവർ കൂട്ടിച്ചേർക്കുന്നു:
1. ഇൽഹാം (പ്രചോദനം): ശൈഖും മുരീദും തങ്ങളുടെ ഹൃദയത്തിൽ തോന്നുന്ന വികാരത്തെയോ മനസ്സിൽ വരുന്ന ചിന്തയെയോ അല്ലാഹുവിൽനിന്ന് നേരിട്ട് വന്ന ഒരു പ്രചോദനമായി വിശ്വസിക്കുന്നു, ഈ ചിന്ത ശരീഅത്തിന് വിരുദ്ധമായാൽ പോലും!
2. ദൗക്വ് (ആസ്വാദനം), വജ്ദ് (ആത്മീയ ഉന്മാദം): സൂഫി അനുഭവിക്കുന്ന ഏത് വികാരത്തെയും മാനസികാവസ്ഥയെയും താൻ പോകുന്ന വഴി ശരിയാണെന്നതിന് തെളിവായി അവൻ കണക്കാക്കുന്നു; അവന്റെ വഴി ക്വുർആനിനും സുന്നത്തിനും വിരുദ്ധമായാൽ പോലും!
3.കശ്ഫ് (ദിവ്യബോധനം): അദൃശ്യമായ കാര്യങ്ങളും മതപരമായ യാഥാർഥ്യങ്ങളും വെളിപ്പെടുത്താൻ തനിക്ക് കഴിവുണ്ടെന്ന് ശൈഖ് അവകാശപ്പെടാൻ തുടങ്ങുന്നു. അല്ലാഹുവിൽനിന്ന് നേരിട്ടോ പ്രവാചകനിൽനിന്നോ മലക്കുകളിൽനിന്നോ അല്ലെങ്കിൽ ഖിള്ർ(അ) വഴിയോ ആണ് ഈ വിവരങ്ങൾ തനിക്കു ലഭിക്കുന്നത് എന്നാണ് അവകാശവാദം! ഒരാൾ ത്വരീക്വത്തിന്റെ ശൈഖ് ആയിരി ക്കുന്നിടത്തോളം കാലം മുരീദുകൾ അയാളുടെ ഈ കള്ളമെല്ലാം അപ്പടി വിശ്വസിക്കും!
ശൈഖ് തന്നിലേക്ക് കൂടുതൽ മുരീദുകളെ ആകർഷിക്കാനും താൻ അല്ലാഹുവിന്റെ വലിയൊരു വലിയ്യാണെന്ന് അവരുടെ മുമ്പിൽ തെളിയിക്കാനും താൻ ചെയ്യുന്നതെല്ലാം കറാമത്തുകളാണെന്ന് വരുത്തിത്തീർക്കാനും ഒരുപാട് ശരീഅത്ത് വിരുദ്ധ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നു. ഓരോ ശൈഖും തന്റെ തന്നിഷ്ടത്തെയോ മനസ്സിന്റെ തോന്നലുകളെയോ പിന്തുടരുന്നു. മുരീദ് തന്റെ ശൈഖ് പറഞ്ഞതെല്ലാം അപ്പടി പിന്തുടരുന്നു. ഓരോ ശെഖിനും ഓരോ മതം! അവരിലെ ഓരോ ഗ്രൂപ്പും തങ്ങൾ മാത്രമാണ് രക്ഷപ്പെട്ട വിഭാഗമെന്നും (അൽഫിർക്വത്തുന്നാജിയ) മറ്റുള്ളവർ വഴിപിഴച്ചവരാണെന്നും വിശ്വസിച്ചു.
പണ്ഡിതന്മാരുടെ അന്തിമ നിലപാടുകൾ
ഇമാം ശാഫിഈ പറഞ്ഞു: “ഒരാൾ പകലിന്റെ തുടക്കത്തിൽ സൂഫിയായാൽ ദ്വുഹ്ർ (ഉച്ച) സമയം എത്തുമ്പോഴേക്കും അവൻ വിഡ്ഢിയായി മാറും.’’ തസവ്വുഫ് ബുദ്ധി നഷ്ടപ്പെടുത്തുന്നതിലേക്കും അല്ലാഹു യാതൊരു പ്രമാണവും ഇറക്കാത്ത ആചാരങ്ങളിൽ മുഴുകുന്നതിലേക്കും നയിക്കുകയും ജോലികളിൽ നിന്നും യഥാർഥ ആരാധനകളിൽനിന്നും മനുഷ്യനെ അകറ്റിക്കളയും ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കി.
ഇമാം അഹ്മദ് ഇബ്നു ഹൻബൽ സൂഫികളുടെ പുസ്തകങ്ങൾ വായിക്കുന്നതിനെതിരെ -പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കാലത്തെ ഹാരിസ് അൽമുഹാസിബിയുടെ പുസ്തകങ്ങൾക്കെതിരെ-മുന്നറിയിപ്പു നൽകി. അയാളെ പിന്തുടരുന്നതിനെതിനെയും അയാളുടെ മരണശേഷം ശിഷ്യന്മാരെ പിന്തുടരുന്നതിനെയും അദ്ദേഹം കർശനമായി വിലക്കി.
ഇമാം ഇബ്നു തൈമിയ്യ ക്വുർആനും സുന്നത്തും പിന്തുടരുന്നതിലൂടെയുണ്ടാകുന്ന യഥാർഥ വിലായത്തും അടിസ്ഥാനപരമായി കൺകെട്ടിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ വ്യാജവിലായത്തും തമ്മിൽ വേർതിരിച്ചുകാണിച്ചു. അക്കാലത്ത് അവകാശപ്പെട്ടിരുന്ന വ്യാജ കറാമത്തുകളെ അദ്ദേഹം തുറന്നുകാട്ടുകയും ഇതെല്ലാം വെറും കൺകെട്ടുവിദ്യ മാത്രമാണെന്ന് ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു
ഇമാം ഇബ്നുൽ ജൗസി തന്റെ ‘തൽബീസു ഇബ്ലീസ്’ എന്ന ഗ്രന്ഥത്തിൽ പിശാച് എങ്ങനെയാണ് സൂഫികളെ വഴിതെറ്റിച്ചതെന്നും അവരെ വിജ്ഞാനം ഉപേക്ഷിച്ച് വിചിത്രമായ ആചാരങ്ങളുടെയും വഴികളുടെയും പിന്നാലെ നടത്താൻ പ്രേരിപ്പിച്ചതെന്നും വിശദീകരിക്കുന്നുണ്ട്. അബൂസുർഅത്ത് അദ്ദിമശ്ഖിയോട് സൂഫികളുടെ പുസ്തകങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘സൂക്ഷിക്കുക, ഇവ ബിദ്അത്തിന്റെയും വഴിപിഴപ്പിന്റെയും പുസ്തകങ്ങളാണ്.’ അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഈ പുസ്തകങ്ങളിൽ ഗുണപാഠങ്ങൾ (ഇബ്റത്ത്) ഇല്ലേ?’ അദ്ദേഹം പറഞ്ഞു: ‘ആർക്കാണോ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (ക്വുർആനിൽ) ഗുണപാഠമില്ലാത്തത്, അവന് ഈ പുസ്തകങ്ങളിൽ യാതൊരു ഗുണ പാഠവുമില്ല.’
അതിരുകടന്ന സൂഫി ത്വരീക്വത്തുകളെ വിമർശിച്ച ആധുനികരായ ഒരുപാട് പണ്ഡിതന്മാരുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശൈഖ് തഖിയുദ്ദീൻ അൽഹിലാലിയാണ്. അദ്ദേഹം അടിസ്ഥാനപരമായി ഒരു സൂഫിയായിരുന്നു. എന്നാൽ താൻ പോകുന്ന വഴി ബാത്വിലാണെന്നും യഥാർഥ വഴി ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങലാണെന്നും കണ്ടെത്തിയപ്പോൾ അദ്ദേഹം സൂഫിസം ഉപേക്ഷിച്ചു.
ശരിയായ സ്വർഗപാത വ്യക്തവും നിർവചിക്കപ്പെട്ടതുമാണ്. വിശുദ്ധ ക്വുർആനിൽനിന്നും പ്രവാചകന്റെ ﷺ സുന്നത്തിൽ നിന്നുമാണത് കണ്ടെത്താനാവുക.
(അവസാനിച്ചു)
