നിഷിദ്ധങ്ങളെ നിസ്സാരമാക്കുന്ന ബാത്വിനിയ്യാക്കൾ!

ശമീർ മദീനി

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

(പിശാചിന്റെ ചതിക്കുഴികൾ 32)

നിഷിദ്ധങ്ങളെ അഥവാ ഹറാമുകളെ വളരെ ഗൗരവതരമായിട്ടാണ് വിശ്വാസികൾ കാണുക. റബ്ബിന്റെ കാരുണ്യത്തിൽനിന്ന് അകലാനും കോപം കരസ്ഥമാക്കുന്നതിനും കാരണമാകും എന്നതിനാൽ അവയിൽ നിന്ന് പരമാവധി അകലം പാലിക്കാനായിരിക്കും ഒരു യഥാർഥ വിശ്വാസി ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അഥവാ വല്ല തിന്മകളും സംഭവിച്ചുപോയാൽ ഉടനെ റബ്ബിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യും.

തെറ്റ് സംഭവിച്ചുപോയാലുള്ള വിശ്വാസിയുടെ മാനസികാവസ്ഥ ഇബ്‌നു അബ്ബാസ്(റ) ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്: “ഇടിഞ്ഞു വീഴാറായ ഒരു മലയുടെ അടിയിൽ അഭയം തേടിയ മനുഷ്യനെ പോലെയാണ് തെറ്റിലകപ്പെട്ട സത്യവിശ്വാസി! ആകെ അസ്വസ്ഥമായിരിക്കും അയാളുടെ മനസ്സ്. എന്നാൽ കപട വിശ്വാസി (മുനാഫിഖ്) തന്റെ തെറ്റുകളെ കാണുന്നത് മൂക്കിനു സമീപത്തുകൂടി പറന്നുപോയ ഒരു ഈച്ചയെപ്പോലെ ആയിരിക്കും’’ (ബുഖാരി).

ബാത്വിനിയാക്കൾ എന്ന ഉൾസാര വ്യാഖ്യാനത്തിന്റെ വക്താക്കൾ തിന്മകളെ വളരെ ലാഘവത്തോടെയാണു കാണുന്നത്. ഏത് നിഷിദ്ധങ്ങളും അവർക്ക് പ്രശ്‌നമല്ല. അതിന്റെ അടിസ്ഥാന കാരണം ഇക്കൂട്ടർക്ക് മതത്തിലോ മതപരമായ അധ്യാപനങ്ങളിലോ വിശ്വാസമില്ല എന്നതു തന്നെയാണ്.

ബാത്വിനിയാക്കളിലെ അവാന്തര വിഭാഗങ്ങളാണ് ഇസ്മാഈലിയ, ബാബകിയ, മുഹമ്മറ, ഖറാമിത്വ എന്നീ വിഭാഗങ്ങൾ. ഹറാമുകൾ എന്ന ഒരു ഇനം തന്നെ അവർക്കു പരിചയമില്ല. ഇസ്മായിലിയാക്കളെ കുറിച്ച് ഇബ്‌നുൽ ജൗസി(റഹി) തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക:

“റാവന്തിയിൽ ഉണ്ടായിരുന്ന പാണ്ടു രോഗിയായ അബ്‌ലഖ് എന്ന മനുഷ്യൻ ഒരിക്കൽ ഉച്ചത്തിൽ അലറിക്കരഞ്ഞുകൊണ്ട്, ഈസാ നബിയുടെ ആത്മാവ് ഇമാമീങ്ങളിലൂടെ മാറിമാറി ഇബ്‌റാഹീം ഇബ്‌നു മുഹമ്മദ് എന്ന ആളിലേക്ക് എത്തിയെന്നും അവർക്ക് നിഷിദ്ധങ്ങൾ ഒന്നുമില്ല; എല്ലാം അനുവദനീയമാണെന്നും അയാൾ വിളിച്ചു പറഞ്ഞു.’’

അവരിലെ ചിലർ തങ്ങളുടെ വീട്ടിലേക്ക് ഒരു സംഘം ആളുകളെ വിളിക്കും. എന്നിട്ട് അവർക്ക് അന്നപാനീയങ്ങൾ നൽകി സൽക്കരിക്കും. ശേഷം തങ്ങളുടെ ഭാര്യമാരോടൊപ്പം ശയിക്കുവാൻ പ്രേരി പ്പിക്കും. ഈ വിവരം ഭരണാധികാരിയായ അസദ് ബിൻ അബ്ദുല്ലയുടെ അടുക്കൽ എത്തിയപ്പോൾ അവരെ കൊന്നുകളയാൻ അദ്ദേഹം ഉത്തരവിട്ടതായി ഇമാം ത്വബ്‌രി(റഹി) തന്റെ താരീഖിൽ (പേജ് 114) ഉദ്ധരിച്ചിട്ടു ള്ളതായി ഇബ്‌നുൽ ജൗസി(റഹി) രേഖപ്പെടുത്തുന്നു.

അവരിലെ മറ്റൊരു വിഭാഗമായ ബാബകിയാക്കളെക്കുറിച്ച് അദ്ദേഹം പറയുന്നത് കാണുക: “ബാബകുൽ കർമി എന്നയാളെ പിൻപറ്റുന്നവരാണ് ഇവർ. ഹിജ്‌റ 211ൽ അസർബൈജാനിലെ ചില മല നിരകളിൽനിന്ന് രംഗപ്രവേശം ചെയ്തയാളാണ് ഇയാൾ. അയാൾ ഒരു ജാരസന്തതിയായിരുന്നുവത്രേ. അദ്ദേഹത്തെ എന്തോ വലിയ മനുഷ്യനായിക്കണ്ട് കുറെ ആളുകൾ അയാളുടെ കൂടെ കൂടി. നിഷിദ്ധങ്ങളെല്ലാം അനുവദനീയമായി കണ്ടവരായിരുന്നു അവർ. എത്രത്തോളമെന്നാൽ, ഒരാൾക്ക് സുന്ദരിയായ ഒരു മകളോ സഹോദരിയോ ഉള്ളതായി അറിഞ്ഞാൽ അവളെ വിട്ടുതരാൻ ഇവർ അയാളോട് ആവശ്യപ്പെടുമായിരുന്നു. വിട്ടുകൊടുത്തില്ലെങ്കിൽ അയാളെ കൊന്നിട്ട് ആ സ്ത്രീയെ കൊണ്ടുപോകുമായിരുന്നുവത്രെ! ഇങ്ങനെ പത്തിരുപത് വർഷങ്ങളോളം തന്റെ ഈ തോന്നിവാസങ്ങളുമായി അയാൾ കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളെ അയാൾ കൊന്നു’’ (പേജ് 114).

വർഷത്തിലൊരു പ്രത്യേക രാത്രിയിൽ ഇവരിലെ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ഒരു സ്ഥലത്ത് ഒത്തുകൂടും. എന്നിട്ട് ലൈറ്റുകളെല്ലാം അണച്ച് സ്ത്രീകളെ കടന്നുപിടിക്കും. വേട്ടയാടൽ അനുവദനീയമാണല്ലോ എന്ന ‘ന്യായം’ പറഞ്ഞ് ഈ തോന്നിവാസത്തെയും അവർ ന്യായീകരിച്ചു വെളുപ്പിക്കുമായിരുന്നുവത്രെ! (പേജ് 115 കാണുക). പിശാച് എത്രമാത്രം ഇക്കൂട്ടരെ സ്വാധീനിച്ചിരുന്നു എന്നത് ഇതിൽനിന്നെല്ലാം വ്യക്തമാണ്.

ബാത്വിനിയാക്കൾ സത്യത്തിൽ ഇസ്‌ലാമിന്റെ പുറംചട്ടയണിഞ്ഞ കപടന്മാരായിരുന്നു. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ! അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും യഥാർഥ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വ്യക്തം. ദൈവനിഷേധത്തിന്റെ വ്യക്തമായ പല ആശയങ്ങളും അവരിൽ കാണാം. ആളുകളെ വഴിതെറ്റിക്കലാണ് അവരുടെ ഉദ്ദേശം.

പരിശുദ്ധ ക്വുർആനിനെയും തിരുസുന്നത്തിനെയും പരസ്യമായി തള്ളിപ്പറഞ്ഞാൽ സ്വീകാര്യത കിട്ടുകയില്ലെന്നും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുകയില്ലെന്നും മനസ്സിലാക്കിയ അവർ ക്വുർആനിന്റെയും സുന്നത്തിന്റെയും യഥാർഥ ആശയങ്ങളിൽനിന്നും ആളുകളെ തെറ്റിക്കാൻ കണ്ടുപിടിച്ച കുതന്ത്രമായിരുന്നു ഉൾസാര വ്യാഖ്യാനം എന്നത്. ഇബ്‌നുൽ ജൗസി(റഹി) അക്കാര്യം വ്യക്തമാക്കുന്നുണ്ട് (പേജ് 118).

സത്യത്തിൽ യഥാർഥ വിശ്വാസികൾ നിഷിദ്ധങ്ങളെ അഥവാ ഹറാമുകളെ വളരെ ഗൗരവമായിട്ടാണ് കാണുക. റബ്ബിന്റെ കാരുണ്യത്തിൽനിന്ന് അകലാനും അവന്റെ ശാപകോപങ്ങൾ കരസ്ഥമാക്കുന്നതിനുതകുന്നതുമായ കാര്യമെന്ന നിലയിൽ അവയിൽ നിന്നൊക്കെ പരമാവധി അകലം പാലിക്കാനുമായിരിക്കും ഒരു വിശ്വാസി ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അഥവാ വല്ല തിന്മകളും വന്നുപോയാൽ ഉടനെ റബ്ബിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവരാണ് അവർ.

അല്ലാഹു പറയുന്നു: “വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്കു വേണ്ടി. -പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (3:135).