വിദ്യാർഥിനികൾ ചരിത്രം കുറിച്ച ‘പ്രൊഫ്കോൺ’
ഹന്ന മുഹമ്മദ്
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം കരിമ്പനകളുടെ നാട്ടിൽ സമാപിച്ചത് പെൺകരുത്തിന്റെ പുതിയ അധ്യായം തുന്നിച്ചേർത്തുകൊണ്ടാണ്. ആയിരക്കണക്കിനു വിദ്യാർഥിനികൾക്ക് മാത്രമായി ഒരുക്കിയ പ്രത്യേക വേദിയിലെ ആങ്കറിംഗ്, വീഡിയോ റെക്കോർഡിംഗ്, ക്വിസ്, വിവിധ മൽസരങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, ആക്റ്റിവിറ്റികൾ, വളണ്ടിയർ പ്രവർത്തനങ്ങൾ, ഭക്ഷണ വിതരണം എന്നിവയ്ക്ക് ക്യാമ്പസ് വിദ്യാർഥിനികൾ നേതൃത്വം നൽകിയത് ഏറെ ശ്രദ്ധേയമായി.
ഇസ്ലാം സ്ത്രീകൾക്ക് അവർക്കനുയോജ്യമായ പദവിയും ഉത്തരവാദിത്തവും നൽകിയിട്ടുണ്ട്. പ്രവാചകകാലം മുതലേ അവർക്ക് അത് അനുഭവിക്കാനായിട്ടുമുണ്ട്. സ്ത്രീകൾ മനഷ്യവർഗത്തിൽ പെടുമോ എന്നുപോലും ചർച്ച നടന്നിരുന്ന ഒരു കാലത്താണ് ഇസ്ലാം അവരെ കൈപിടിച്ചുയർത്തിയത്. ഇതിന് ചരിത്രം സാക്ഷിയാണ്. അതൊന്നും മനസ്സിലാക്കാതെ, പഠിക്കാതെ ഇസ്ലാമിലെ പെണ്ണിനെ അളക്കാൻ വരുന്നവർ അറിവില്ലായ്മയെ അലങ്കാരമാക്കിയവരാണ്. ഒരു സമൂഹത്തിനു മേൽ ഉന്നയിക്കുന്ന ദുരാരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട.
അറിവും മതപരമായ നിഷ്ഠയും കൊണ്ട് ചരിത്രത്താളുകളിൽ ഇടം പിടിച്ച മഹതികളുടെ കൂട്ടത്തിലേക്ക് ഇനിയും പേരുകൾ ചേർക്കപ്പെടേണ്ടതുണ്ട്. അതിന് അവരെ അർഹരാക്കിത്തീർക്കുക എന്നത് കാലഘട്ടത്തിന്റെകൂടി ആവശ്യമാണ്. കേരളത്തിൽ മത-സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എത്രയോ മുസ്ലിം വനിതകൾ കഴിഞ്ഞുപോയിട്ടുണ്ട്. അതിനൊരു തുടർച്ച അനിവാര്യമാണ്. ലിബറൽ ചിന്ത പിടികൂടി മതത്തോടു വെറുപ്പ് പ്രകടിപ്പിച്ചു ജീവിക്കുന്ന മുസ്ലിം യുവതി-യുവാക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ അവർക്ക് തിരിച്ചറിവു പകർന്നുകൊടുക്കേണ്ടത് മതസംഘടനകളുടെ ബാധ്യതയാണ്. ഈ തിരിച്ചറിവോടെയാണ് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും വിസ്ഡം ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷനും ആ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി നടത്തിവരുന്നതാണ് ‘പ്രൊഫ്കോൺ’ എന്ന പേരിലുള്ള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം.
ഇത്തവണ അതിന് ആതിഥേയത്വം വഹിച്ചത് പാലക്കാട് ജില്ലയാണ്. വൈജ്ഞാനിക വിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ചു കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്യാമ്പസുകളിലെ വിദ്യാർഥി- വിദ്യാർഥിനികൾ പാലക്കാടിന്റെ മണ്ണിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സ്ത്രീകളുടെ സംഘാടന മികവു കണ്ടു രാഷ്ട്രീയ മേഖലയിലുള്ള അതിഥികൾ അഭിനന്ദനമറിയിക്കുകയുണ്ടായി.
ആങ്കറിംഗും വീഡിയോ റെക്കോർഡിംഗുമടക്കം എല്ലാം കൈകാര്യം ചെയ്തത് ഇസ്ലാമികമായി വസ്ത്രം ധരിച്ച പെൺകുട്ടികളായിരുന്നു. അവർക്ക് ആ വേഷം ഒരുതരത്തിലും തടസ്സമല്ലായിരുന്നു. കോൺഫിഡൻസ് നൽകുന്നതും കംഫർട്ടുമായിരുന്നു.
പെൺകുട്ടികൾക്കായി ഒരുക്കിയ പ്രത്യേക വേദിയിലെ ഉദ്ഘാടന സെഷൻ വിസ്ഡം ഗേൾസ് സംസ്ഥാന സെക്രട്ടറി വഫ ഷെറിയുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് നുബ്ല എം ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം ഗേൾസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തന മേഖലകളെക്കുറിച്ചും അറിവിനോടൊപ്പം വിവേകവും ഉണ്ടാകേണ്ടതിനെക്കുറിച്ചും അവർ സംസാരിച്ചു.
വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. ജീവിതലക്ഷ്യം എന്തായിരിക്കണം, സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിന്റെ പ്രാധാന്യം, മതത്തിന്റെ അതിർവരമ്പുകളെ ലംഘിച്ചു ജീവിക്കുന്നവർക്കു വരാനിരിക്കുന്ന മോശമായ പര്യവസാനം എന്നിങ്ങനെയുള്ള കാര്യങ്ങൾ അവർ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.
വിസ്ഡം വിമൻ പാലക്കാട് ജില്ല പ്രസിഡന്റ് സലീന പാലക്കാഴി അറിവു നേടേണ്ടതിന്റെയും ഉപകാരപ്രദമായ അറിവു ലഭിക്കാനായി പ്രാർഥിക്കേണ്ടതിന്റെയും ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ഉണർത്തി ആശംസകളർപ്പിച്ചു. പാലക്കാട് ജില്ല വിസ്ഡം ഗേൾസിന്റെ പ്രതിനിധി മുഫീദ തന്റെ ആശംസാപ്രസംഗത്തിൽ, ഈ ലോകം വിട്ടുപോകുമ്പോൾ പരലോകവിജയം നേടാനാവശ്യമായ നന്മകളുമായി മടങ്ങാൻ സാധിക്കണമെന്ന് സൂചിപ്പിച്ചു. വിസ്ഡം ഗേൾസ് സെക്രട്ടറി ഫാത്വിമ ഫഹ്മി പ്രോഗ്രാമുകളെക്കുറിച്ച് വിശദീകരിച്ചു.

Who do you look up To? THE GENERATION THAT LIVED IT എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വിസ്ഡം ഗേൾസ് ജനറൽ സെക്രട്ടറി ഹനീന ടികെ, ഡോ. ഫിദ, ഹിബ ഹാരിസ് എന്നിവർ പങ്കടുത്തു.
പരലോക ജീവിതത്തിൽ നഷ്ടം വരുന്ന രൂപത്തിൽ സോഷ്യൽ മീഡിയകളെ ഉപയോഗിക്കരുത്, വഴികേടിലേക്കു നയിക്കുന്ന ഇൻഫ്ളുവൻസർമാരെ സൂക്ഷിക്കണം എന്ന ആമുഖത്തോടെ തുടങ്ങിയ ചർച്ച ഏറെ ശ്രദ്ധേയമായി. ഉമ്മു സലമ(റ), ഹഫ്സ(റ), പ്രസിദ്ധ കവയത്രി ഖൻസാഅ്(റ) പോലുള്ളവരുടെ ധീരോദാത്തവും ത്യാഗനിർഭരവും വൈജ്ഞാനികവുമായ ജീവിതം ചർച്ചക്ക് വിഷയീഭവിച്ചു. ഇതുപോലുള്ള മഹതികളായിരിക്കണം നമുക്കു വഴികാട്ടുന്ന ഇൻഫ്ളുവൻസർമാർ എന്ന ആഹ്വാനം വിദ്യാർഥിനിക ൾക്കൊരു ദിശാസൂചികയായി മാറിയേക്കാം.
കരിയർ ബിൽഡിംഗുമായി ബന്ധപ്പെട്ട് മുഹമ്മദ് അജ്മൽ സി നടത്തിയ ക്ലാസ് വിദ്യാർഥിനികളുടെ ഒരുപാട് തെറ്റായ ധാരണകളെ തിരുത്തിയെഴുതുന്നതായിരുന്നു. കുട്ടികളോട് അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞും അവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞും ഈ സെഷൻ ഉണർത്തുപാട്ടായി മാറി.
A LIFE Written in Sujood എന്ന വിഷയത്തിൽ ഹംസക്കുട്ടി സലഫി നടത്തിയ സംസാരം, ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നമസ്കാരത്തിന്റെ പ്രാധാന്യവും മഹത്ത്വവും അത് ഉപേക്ഷിക്കുന്നതിന്റെ ഗൗരവവും വിശദീകരിക്കുന്നത് കുട്ടികൾ സാകൂതം ശ്രവിക്കുന്നുണ്ടായിരുന്നു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ കതിരും പതിരും വേർതിരിച്ചറിഞ്ഞു നല്ല വ്യക്തിത്വങ്ങൾക്ക് ഉടമകളാകുവാനും കുട്ടികളുടെ മേഖലകളിൽ പ്രാവീണ്യം നേടുവാനും ഭൗതികമായ അറിവിനൊപ്പം ധാർമിക വിജ്ഞാനവും നേടാനും ഉപദേശിച്ചു.
WHAT THE PROPHET? has to say to misogynistis എന്ന വിഷയത്തിൽ ഹംദ സിപി സംസാരിച്ചു. സൂറത്തുൽ അഹ്സാബിലെ 35ാം സൂക്തത്തിൽ യഥാർഥ വിശ്വാസികളുടെയും വിശ്വാസിനികളുടെയും 10 ഗുണങ്ങൾ എടുത്തുപറയുന്നുണ്ട്. അല്ലാഹു തൃപ്തിപ്പെടുന്ന ആ മഹത്തായ കാര്യങ്ങൾ ചെയ്താൽ ആണിനും പെണ്ണിനും ലഭിക്കുന്നത് ഒരേ പ്രതിഫലമാണ്. പെണ്ണിനെ അതിൽനിന്ന് ഒഴിവാക്കിയിട്ടില്ല. സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇസ്ലാം അനുവദിച്ചു നൽകിയിട്ടുണ്ടെന്ന് പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.
What Campus Doesn’t Show You എന്ന വിഷയത്തിൽ ഡോ. റസീല, നുബ്ല എം എന്നിവർ സംസാരിച്ചു: ഇസ്ലാമിക നിലപാടിൽ ഊന്നി നിന്നുകൊണ്ട് ഒരു ക്യാമ്പസിൽ ജീവിക്കുമ്പോൾ ഒറ്റപ്പെടലും മറ്റുമുണ്ടാകും. തികച്ചും ഫ്രീഡത്തിന്റെ ലോകമായിരുന്ന പ്രൊഫഷണൽ കോളേജിൽ പഠിക്കുമ്പോഴും ഇസ്ലാമിക ചിട്ടകളിൽ നിലനിന്നുകൊണ്ട് പഠനത്തെ മുന്നോട്ടു കൊണ്ടുപോയിരുന്ന കാലഘട്ടത്തെക്കുറിച്ച് അവർ പങ്കുവച്ചു. മുസ്ലിം കുട്ടികൾ എന്ന നിലയ്ക്ക് സമകാലിക സാഹചര്യത്തിൽ പ്രശ്നങ്ങൾ തരണം ചെയ്യേണ്ടിവരും. അനിസ്ലാമിക കാര്യങ്ങളോട് മുഖം തിരിക്കുമ്പോൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിനെയെല്ലാം മറികടക്കാ നായാൽ ജീവിതത്തിൽ വിജയിക്കാം.
The debt you can Never repay എന്ന വിഷയത്തിൽ സുബൈർ സലഫി ക്ലാസെടുത്തു. മാതാപിതാക്കളോടുള്ള കടമകളും കടപ്പാടുകളും നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി സംസാരിച്ചു. റബ്ബിനെ മാത്രം ആരാധിക്കണമെന്നു കൽപിക്കുന്നതിന്റെ തൊട്ടുടനെ പല ആയത്തുകളിലും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചാണ് ക്വുർആൻ പറയുന്നത്. വൈബുകൾക്കിടയിൽ കടമകളെ മറക്കരുത്. മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു നേട്ടവും കൊണ്ട് ഉപകാരമുണ്ടാകില്ല. മാതാപിതാക്കൾക്ക് ഒരു ആവശ്യം വരുമ്പോൾ അതു നാം പരിഗണിക്കണം; നമുക്കെത്ര വലിയ തിരക്കാണെങ്കിലും.
കർമശാസ്ത്ര സംശയനിവാരണ സെഷന് ശമീർ മദീനി, സ്വാദിഖ് മദീനി എന്നിവർ നേതൃത്വം നൽകി. നമസ്കാരം, നമസ്കാരത്തിലുള്ള വസ്വാസ്, ജംഉം ക്വസ്റും, സ്ത്രീ പള്ളി പ്രവേശം, മഹ്റം, ഹിജാബ്, യാത്ര, ഹജ്ജും ഉംറയും, സ്ത്രീകളുടെ വിദ്യാഭ്യാസം, അവകാശങ്ങൾ, വലിയ്യ് തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് പ്രാമാണികമായ ഉത്തരങ്ങൾ നൽകി.
ഡോ. അബ്ദുല്ല ബാസിൽ സമകാലിക വിഷയങ്ങളിലെ ഇസ്ലാമിക നിലപാടുകളെക്കുറിച്ചുള്ള വിദ്യാർഥിനികളുടെ ചോദ്യങ്ങൾക്ക് സോദാഹരണം മറുപടി നൽകി.
പെൺകുട്ടികളുടെ വസ്ത്രധാരണം, ഫാഷൻ ഭ്രമം പോലുള്ള വിഷയങ്ങളിൽ ഹഫ ഹാരിസ് പ്രൗഢമായ സംസാരം നടത്തി: അല്പവസ്ത്രധാരണം കോൺഫിഡന്റ് നൽകുന്നതാണെന്ന ചിന്ത കുട്ടികളുടെ തലച്ചോറിലേക്ക് കുത്തിവെക്കപ്പെടുന്നു. പെൺകുട്ടികൾ മാർക്കറ്റ് ചെയ്യപ്പെടുന്നു. ന്യൂറോ മാർക്കറ്റിംഗ് ആണ് പെൺകുട്ടികളെ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ രഹസ്യം!
Faith, Freedom & The Muslimah Reflection Time -
"The quite War Within’ ഈ വിഷയത്തിൽ പ്രൊഫസർ ഹാരിസ് ബിൻ സലീം സംസാരിച്ചു. ‘നാം നിസ്സാരമായി കാണുന്ന പലതും പിന്നീട് ജീവിതത്തിൽ വരുന്ന പ്രയാസങ്ങളുടെ വ്യാപ്തിയിലൂടെയാണ് മനസ്സിലാക്കുക. അല്ലാഹു ഒരു കാര്യത്തെ തൊട്ട് മനുഷ്യനെ തടഞ്ഞുവെങ്കിൽ അതിലേക്ക് ചെല്ലുന്നതിന്റെ പ്രത്യാഘാതം അതിഗൗരവതരമായിരിക്കും. അതിരില്ലാത്ത ആൺ-പെൺ സൗഹൃദം വലിയ അപകടത്തിലേക്കു നയിക്കും. അനുവദനീയമല്ലാത്ത ബന്ധങ്ങൾ നല്ലൊരു വിവാഹ ജീവിതത്തിനു തടസ്സമായി വരും.’ ഈ വിഷയത്തിലെ സംശയനിവാരണം ശ്രദ്ധേയമായിരുന്നു.
മുനവ്വർ സ്വലാഹി ചിന്തയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി:
• നമുക്കുണ്ടെന്നു പറയുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും നമുക്കുണ്ട് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് നമ്മുടെ മനസ്സാണ്.
• മനസ്സാകുന്ന ബലൂണിലേക്ക് നെഗറ്റീവ്സ് മാത്രം കൊടുത്തുകൊണ്ടിരുന്നാൽ നമ്മുടെ മനസ്സിനുണ്ടാവുന്ന പ്രയാസങ്ങൾ എത്രമാത്രമായിരിക്കുമെന്ന് ചിന്തിക്കുക.
• നമ്മുടെ ബുദ്ധി വികാരങ്ങൾക്ക് താഴെയാവരുത്.
• മനസ്സിൽ ഫീലിംഗ്സ് ഉണ്ടാകുന്നത് തെറ്റല്ല.
• മറ്റുള്ളവർ നമ്മോടു ദേഷ്യപ്പെട്ടാൽ നമ്മിലുള്ള തെറ്റുകളെ പഠിച്ചു തിരുത്തുക.
• ദേഷ്യം നല്ല സ്വഭാവമല്ല; അതിനെ നിയന്ത്രിക്കാൻ കഴിയൽ നമ്മുടെ ക്വാളിറ്റിയാണ്.
When|Face Myself എന്ന വിഷയത്തിൽ ശിഹാബ് എടക്കര സംസാരിച്ചു: ‘മനുഷ്യരെന്ന നിലയ്ക്ക് നമ്മിൽ തെറ്റുകുറ്റങ്ങൾ സംഭവിക്കും. തെറ്റുകളിൽനിന്നും അല്ലാഹു സുരക്ഷിതരാക്കിയത് പ്രവാചകന്മാരെ മാത്രമാണ്. അല്ലാഹു ക്വുർആനിൽ ധാരാളം സ്ഥലങ്ങളിൽ പശ്ചാത്താപത്തിന്റെ മഹത്ത്വം പറയുന്നുണ്ട്. തെറ്റു സംഭവിച്ചാൽ ആത്മാർഥമായി ഖേദിച്ചു മടങ്ങിയവന് അല്ലാഹു പൊറുത്തുതരുമെന്നത് അവന്റെ വാഗ്ദാനമാണ്. തെറ്റിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന കൂട്ടുകാരിൽനിന്നും അകന്നുമാറണം. തെറ്റുകളെ നിസ്സാരമാക്കുന്നവർ നമുക്കു കൂട്ടുകാരായി ഉണ്ടാകുവാൻ പാടില്ല. അല്ലാഹു നമുക്കു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക.’
നിറഞ്ഞ മനസ്സോടെ, ഒട്ടേറെ വിഷയങ്ങളിൽ ലഭിച്ച ഉൾക്കാഴ്ചയോടെ വിദ്യാർഥിനികൾ തിരിച്ചുപോകുന്ന കാഴ്ച അനുഭൂതിദായകമായിരുന്നു.
(ഈ ആസ്വാദനക്കുറിപ്പ് പൂർണമല്ല; വിട്ടുപോയ ആളുകളും സെഷനുകളുമുണ്ട്).
