സ്വൂഫിസത്തിന്റെ കടന്നുവരവ്
മുഹമ്മദ് ഫയാസ്, നാദാപുരം
2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

(സൂഫിസം: ആത്മീയതയോ തത്ത്വചിന്തയോ? 2)
തസവ്വുഫിന്റെ തുടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്തുകൊണ്ടാണ് അത് ഉണ്ടായത് എന്ന് ചോദിക്കാതെ കടന്നുപോകാൻ കഴിയില്ല. ഉദാഹരണത്തിന്, മുഅ്തസിലുകൾ എന്തുകൊണ്ടാണ് ഉണ്ടായതെന്ന് മനസ്സിലാക്കാം; ഇസ്ലാമിലെ പല കാര്യങ്ങളും മറ്റു മതങ്ങളിലെയും വിശ്വാസങ്ങളിലെയും പോലെ ചർച്ച ചെയ്യപ്പെടണമെന്ന് അവർ കരുതി. ക്വുർആനും സുന്നത്തും ഈ ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകിയിട്ടില്ലെന്ന് അവർ കരുതി, അതിനാൽ ബുദ്ധിക്കാണ് (അക്വ്ൽ) പ്രാധാന്യമെന്ന് അവർ പറഞ്ഞു. തീർച്ചയായും ഇത് തെറ്റായ ചിന്തയാണ്. എന്നാൽ സ്വൂഫിസത്തിന്റെ കാര്യത്തിൽ ചോദ്യം ഇതാണ്: ഇസ്ലാമിൽ എന്താണ് കുറവുണ്ടായിരുന്നത്, അവരൊരു പ്രത്യേക ഗ്രൂപ്പായി മാറാൻ? സുഹ്ദ് (ഭൗതികവിരക്തി) നമുക്ക് പോരാതെ വന്നോ? ഇല്ല എന്നാണ് ഉത്തരം. പിന്നെ എന്തുകൊണ്ട് സ്വൂഫികളും തസവ്വുഫും ഉണ്ടായി?
ആദ്യത്തെ നൂറ്റാണ്ടുകൾ കഴിയുകയും ഇസ്ലാമിക ലോകത്തിന്റെ ഭൂപടം സ്ഥിരപ്പെടുകയും ഇസ്ലാമിക വിജയങ്ങൾ നിലയ്ക്കുകയും ചെയ്തപ്പോൾ ഇസ്ലാമിലേക്ക് വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള ജനവിഭാഗങ്ങൾ കടന്നുവന്നു. മുസ്ലിംകളുടെ അവസ്ഥ മാറാൻ തുടങ്ങി. വീടുകളിൽ അമിതമായ ആഡംബരങ്ങൾ പ്രവേശിച്ചു. ദുനിയാവ് പലതരം ആസ്വാദനങ്ങളാലും പ്രലോഭനങ്ങളാലും നിറഞ്ഞു. പല ആളുകളും നേരായ മതത്തിൽനിന്ന് അകലുകയും ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളിൽനിന്ന് വ്യതിചലിക്കുകയും ചെയ്തു.
ഈ അവസ്ഥയ്ക്കെതിരെ ചിലയാളുകൾ പ്രതികരിച്ചു. ചിലർ ദുനിയാവിന്റെ ബഹളങ്ങളിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു. അവർ ഏകാന്തതയും കഠിനമായ സുഹ്ദും ആരാധനകളും തേടിപ്പോയി. തുടക്കത്തിൽ ഇത് നല്ല നിയ്യത്തോടെയായിരുന്നു (ഉദ്ദേശ്യം), എന്നാൽ കാലക്രമേണ അത് ക്രിസ്തീയ സന്യാസത്തിന് സമാനമായ മറ്റൊരു രൂപം കൈക്കൊണ്ടു.
മറ്റു ചിലർ, പ്രത്യേകിച്ച് പേർഷ്യൻ നാടുകളിൽനിന്ന് ഇസ്ലാമിലേക്ക് കടന്നുവന്നവർ, തങ്ങളുടെ പഴയ മതങ്ങളായ സൊരാസ്ട്രിയനിസം, ഹിന്ദുമതം, ബുദ്ധമതം എന്നിവയുടെ തത്ത്വചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. യഥാർഥ മുസ്ലിമിന്റെ ജീവിതത്തിൽനിന്നും ഇസ്ലാമിക ശരീഅത്തിൽനിന്നും ഓടിയൊളിക്കാനുള്ള ഒരു മാർഗമായി അവർ തസവ്വുഫിനെ കണ്ടു. അവർ തങ്ങളുടെ പഴയ ആശയങ്ങൾക്ക് ഇസ്ലാമിന്റെ വസ്ത്രം ധരിപ്പിച്ചു. അതിൽനിന്ന് സ്വഹാബികളുടെയും താബിഉകളുടെയും പ്രവാചകന്റെയും ജീവിതരീതിയിൽനിന്ന് വ്യത്യസ്തമായ ഒരു പുതിയ മദ്ഹബ് ജനിച്ചു. തങ്ങളുടെ പഴയ സംസ്കാരത്തിൽ നിന്ന് പൂർണമായി മാറാതെ തന്നെ കൂടുതൽ നല്ല മുസ്ലിംകളാകാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ കരുതി.
അതായത്, ഇസ്ലാമിക രാജ്യത്തിന്റെ അന്നത്തെ അവസ്ഥ ഫലഭൂയിഷ്ഠമായ ഒരു മണ്ണുപോലെയായിരുന്നു. കിഴക്കൻ സംസ്കാരങ്ങളായ പേർഷ്യക്കാരുടെയും പടിഞ്ഞാറൻ സംസ്കാരങ്ങളായ ഗ്രീക്കുകാരുടെയും കടന്നുവരവ് ഈ മണ്ണിൽ നടപ്പെട്ട സ്വൂഫിസത്തിന്റെ വിത്ത് പോലെയായിരുന്നു. കാലക്രമേണ ഈ വിത്ത് വളരുകയും ആശയം വികസിക്കുകയും ചെയ്തു. ഇസ്ലാമിൽ ഇല്ലാതിരുന്ന, എന്നാൽ ആ വിദേശ സംസ്കാരങ്ങളിൽ ഉണ്ടായിരുന്ന ചില പദങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ‘വഹ്ദത്തുൽ വുജൂദ്’ (ഏകദൈവ അസ്തിത്വവാദം), ‘വഹ്ദത്തുൽ അദ്യാൻ’ (സർവമത സത്യവാദം), പ്രവാചകനെക്കാൾ ഉയർന്ന പദവിയുള്ള ‘വലിയ്യ്,’ ശരീഅത്തിന് മുകളിലുള്ള ‘ഇൽമുൽ ബാത്വിൻ’ (ആന്തരിക ജ്ഞാനം) തുടങ്ങിയ പദങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടു. ക്വുർആനിലോ സുന്നത്തിലോ ഇല്ലാത്ത ഈ പദങ്ങൾ, യാതൊരു വിജ്ഞാനത്തിന്റെയോ ശരീഅത്തിന്റെയോ മാനദണ്ഡങ്ങളില്ലാതെ പൊതുബോ ധത്തിലേക്ക് കടന്നുകൂടി.
മതത്തെക്കുറിച്ചുള്ള അജ്ഞ ത കൂടുകയും വിജ്ഞാനം കുറയുകയും ചെയ്ത ഒരു സമയത്താണ് ഈ ആശയങ്ങൾ വ്യാപിച്ചത്. ഇബ്നുൽ ജൗസി(റഹി) തന്റെ ഗ്രന്ഥത്തിൽ സ്വൂഫികളുടെ അവസ്ഥയെ ഉപമിക്കുന്നത് ഇങ്ങനെയാണ്: ‘ഇബ്ലീസ് അവരുടെ അടുക്കൽ വിജ്ഞാനത്തിന്റെ വിളക്കുകൾ കെടുത്തുകളഞ്ഞപ്പോൾ അവർ ഇരുട്ടിൽ തപ്പിത്തടഞ്ഞു.’ ഓരോ നൂറ്റാണ്ടിലും വ്യതിയാനങ്ങൾ കൂടിക്കൂടി വന്നു. ഒടുവിൽ തസവ്വുഫിന് സ്വന്തമായി പേരും ശൈഖുമാരും പുസ്തകങ്ങളും സങ്കീർണമായ പദാവ ലികളും പ്രത്യേക ആചാരങ്ങളും ഇസ്ലാമിന്റെ യാഥാർഥ്യത്തിന് പുറത്തുള്ള പല വിശ്വാസങ്ങളുമുണ്ടായി.
തസവ്വുഫ് അതിന്റെ തുടക്കത്തിൽ സുഹ്ദിലേക്ക് (ഭൗതികവിരക്തി) ചായ്വുള്ളതായിരുന്നു, നിയന്ത്രിതമായ സുഹ്ദ് നല്ലൊരു കാര്യമാണ്. എന്നാൽ കാലക്രമേണ അത് ഒരുകൂട്ടം ആളുകൾക്കിടയിൽ ഒരു പൂർണ മദ്ഹബായി മാറി. അതിന് അതിന്റെതായ ഭാഷയും മതത്തിന് അതിന്റെതായ വ്യാഖ്യാനവു മുണ്ടായി. അത് പലപ്പോഴും ശരിയായ പ്രവാചകചര്യയ്ക്ക് അനുസൃതമായിരുന്നില്ല. മിക്കപ്പോഴും ഈ മദ്ഹബുകൾ പ്രതികരണങ്ങളിലോ മറ്റ് സംസ്കാരങ്ങളുടെ സ്വാധീനങ്ങളിലോ അധിഷ്ഠിതമായിരുന്നു, ചിലരിലെങ്കിലും അത് തഹ്രീഫ് (വികലമാക്കൽ) വരെ എത്തിച്ചു.
സ്വൂഫിസത്തിന്റെ ചരിത്രപരമായ വേരുകൾ
തസവ്വുഫ് എന്നാൽ എന്താണെന്നും ഈ പേരുതന്നെ പുറത്തുനിന്ന് വന്നതാണെന്നും അത് വൈകിയാണ് പ്രത്യക്ഷപ്പെട്ടതെന്നും നമ്മൾ മനസ്സിലാക്കി.
എങ്കിലും സൂഫിസം എവിടെനിന്ന് വന്നു എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആരാണ് ഇത് ഉണ്ടാക്കിയത്? ഇത് ഇസ്ലാമിനുള്ളിൽതന്നെ പേരില്ലാതെ ഉണ്ടായിരുന്നതാണോ അതോ പുറത്തുനിന്ന് വന്നതാണോ? ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്.
‘അൽകശ്ഫു അൻ ഹഖീഖത്തിസ്സൂഫിയ്യഃ’ (സൂഫിസത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തൽ) എന്ന പുസ്തകത്തിൽ പറയുന്നത് ‘സൂഫിസം ഒരു ആശയമെന്ന നിലയിലും വഴിയെന്ന നിലയിലും പുതിയൊരു കാര്യമല്ല’ എന്നാണ്. അത് ഇസ്ലാമിന്റെയുള്ളിൽനിന്ന് ഉണ്ടായതല്ല. പ്രസ്തുത പുസ്തകത്തിൽ പറയു ന്നത്, സൂഫിസം വളരെ പഴയൊരു കാര്യമാണെന്നും അതിനുമുമ്പുള്ള എല്ലാ നാഗരികതകളിലും സമൂഹങ്ങളിലും അത് നിലനിന്നിരുന്നു എന്നുമാണ്.
അറബികൾക്കിടയിൽ സ്വൂഫിസത്തിന്റെ ആദ്യത്തെ അടയാളം ജാഹിലിയ്യാ കാലത്തെ അറബികളിൽ തന്നെയായിരുന്നു, അന്ന് അവർ അതിനെ ‘കഹാനഃ’ (ജ്യോതിഷം/കൺകെട്ട്) എന്നാണ് വിളിച്ചിരുന്നത്. ഓരോ അറബി ഗോത്രത്തിലും ഒരു കൽപിത ജ്യോത്സ്യനോ (കാഹിൻ) അറിവുകാരനോ ഉണ്ടായിരുന്നു. അറബികൾക്കിടയിലെ ഏറ്റവും പ്രശസ്തരായ കാഹിനുകളായിരുന്നു ശിഖ് ഇബ്നു സ്വാബ്, സുത്വൈഹ് എന്നിവർ. ഇസ്ലാമുമായി സംഘട്ടനത്തിൽ ഏർപ്പെട്ട അറിവുകാരിലൊരാളായിരുന്നു മുസൈലിമത്തുൽ കദ്ദാബ്, അൽഅസ്വദുൽ അൻസി, സജാഹ് എന്നിവർ.
അതായത്, അറബികൾക്കിടയിൽ കഹാനത്തിന്റെ കാര്യത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല. അത് പുരുഷനായാലും സ്ത്രീയായാലും അവർക്ക് ഗോത്രങ്ങൾക്കിടയിൽ മറ്റാർക്കുമില്ലാത്ത അധികാരവും സ്വാധീനവുമുണ്ടായിരുന്നു. തർക്കങ്ങളുണ്ടാകുമ്പോൾ അവർക്കിടയിൽ തീർപ്പുണ്ടാക്കാൻ ഇവരെയാണ് സമീപിച്ചിരുന്നത്. ഗോത്രത്തിന്റെ നിർണായകമായ കാര്യങ്ങളിൽ അറബികൾ കാഹിനുകളോട് ആലോചിച്ചിരുന്നു. ഗോത്രവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും കാഹിന് ഒരു അഭിപ്രായമുണ്ടാകണമായിരുന്നു. ഈ പദവി കാഹിൻ തന്റെ മക്കൾക്ക് പാരമ്പര്യമായി നൽകിയിരുന്നു.
കൽപ്പിത കാഹിനുകൾക്ക് സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടെന്നും ഭാവി പ്രവചിക്കാൻ കഴിയുമെന്നും അറബികൾ വിശ്വസിച്ചിരുന്നു. താൻ അദൃശ്യ ജീവികളുമായി, പ്രത്യേകിച്ച് ജിന്നുകളുമായി സമ്പർക്കത്തിലാണെന്ന് കാഹിൻ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു; മറ്റാർക്കും കാണാൻ കഴിയാത്ത കാര്യങ്ങൾ താൻ കാണുന്നുവെന്നും വരാനിരിക്കുന്ന കാര്യങ്ങളുടെ വാർത്തകൾ അവർ തനിക്ക് കൊണ്ടുവരുന്നുവെന്നും അയാൾ അവകാശപ്പെടും. തങ്ങളുടെ സംസാരം എപ്പോഴും അസ്പഷ്ടവും അതേസമയം ആകർഷകവുമായിരിക്കാൻ അവർക്ക് ‘സജ്അ്’ (അനുപ്രാസ ശൈലി) രീതിയിൽ സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നു. അവർ എപ്പോഴും വിചിത്രവും നിഗൂഢവുമായ വാക്കുകൾ പറയുമായിരുന്നു, അത് കേൾവിക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
(തുടരും)
