വഴിയിലെ മര്യാദകൾ: ഇസ്‌ലാമിന്റെ ഉന്നത പാഠങ്ങൾ

സമീർ മുണ്ടേരി

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

ഇസ്‌ലാം കേവലം ആരാധനാകർമങ്ങൾ മാത്രമല്ല, മറിച്ച് ഉന്നതമായ സംസ്‌കാരവും മര്യാദകളും (അദബ്) കൂടി ഉൾക്കൊള്ളുന്ന ജീവിതദർശനമാണ്. അറിവ് നേടുന്നതിനു മുമ്പ് മര്യാദ പഠിക്കാനാണ് മുൻഗാമികൾ നമ്മെ ഉപദേശിച്ചത്. ഉമർ(റ) പറഞ്ഞത് ‘ആദ്യം മര്യാദകൾ പഠിക്കൂ, എന്നിട്ട് അറിവ് നേടൂ’ എന്നാണ്. അറിവ് എത്രയുണ്ടായാലും അദബില്ലെങ്കിൽ ആ അറിവുകൊണ്ട് കാര്യമില്ലെന്ന് അബ്ദുല്ലാ ഹിബ്‌നുൽ മുബാറക്(റ) നമ്മെ ഓർമിപ്പിക്കുന്നു.

ഇസ്‌ലാം പഠിപ്പിച്ച മര്യാദകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘വഴികളോടുള്ള മര്യാദകൾ.’ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതുപോലെ തന്നെ പൊതുവഴികളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വഴികളിലൂടെ നടക്കുമ്പോഴും അവിടെ സമയം ചെലവഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന മര്യാദകൾ താഴെ പറയുന്നവയാണ്:

1. വഴികളിലെ ഇരിപ്പിടങ്ങൾ ഒഴിവാക്കുക

കഴിയുന്നതും വഴിയോരങ്ങളിൽ വെറുതെ ഇരിക്കുന്നത് ഒഴിവാക്കാനാണ് പ്രവാചകൻﷺ നിർദേശിച്ചത്. ഒരിക്കൽ നബിﷺ സ്വഹാബികളോട് പറഞ്ഞു: “വഴികളിലെ ഇരിപ്പിടങ്ങൾ നിങ്ങൾ ഒഴിവാക്കുക.’’ അപ്പോൾ അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾക്ക് സംസാരിച്ചിരിക്കുവാൻ അത്തരം സദസ്സുകൾ അനിവാര്യമാണ്.’’ നബിﷺ മറുപടി പറഞ്ഞു: “ഇരിക്കാൻ നിങ്ങൾ നിർബന്ധിതരാണെങ്കിൽ വഴി കൾക്ക് അതിന്റെ അവകാശം നിങ്ങൾ നൽകുക’’ (ബുഖാരി, മുസ്‌ലിം).

2. വഴിയുടെ അവകാശങ്ങൾ എന്തൊക്കെയാണ്?

വഴിയോരങ്ങളിൽ ഇരിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട ‘വഴിയുടെ അവകാശങ്ങൾ’ പ്രവാ ചകൻﷺ വിശദീകരിച്ചു തന്നിട്ടുണ്ട്:

സലാം മടക്കൽ: വഴിയേ പോകുന്നവർ സലാം പറഞ്ഞാൽ അത് മടക്കുക എന്നത് വഴിയുടെ അവകാശമാണ്.

ഉപദ്രവം തടയുക: മറ്റുള്ളവർക്ക് ശാരീരികമായോ മാനസികമായോ പ്രയാസമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കുക.

ദൃഷ്ടി താഴ്ത്തുക: അന്യസ്ത്രീകളിലേക്കും ഹറാമായ കാഴ്ചകളിലേക്കും നോക്കാതെ കണ്ണിനെ നിയന്ത്രിക്കുക. ‘സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ നീ പറയുക’ എന്ന ക്വുർആൻ വചനം (24: 30) വഴികളിലും ബാധകമാണ്.

നന്മ കൽപിക്കലും തിന്മ വിരോധിക്കലും: വഴിയോരങ്ങൾ പ്രബോധനത്തിനുള്ള വേദിയാക്കുക. നന്മയുടെ വഴികൾ ആളുകൾക്ക് കാണിച്ചുകൊടുക്കുക. ‘സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നവന്, അത് പിൻപറ്റുന്നവരുടെ പ്രതിഫലം ലഭിക്കും’ എന്ന് നബിﷺ അരുളിയിട്ടുണ്ട്.

നല്ലത് പറയൽ: അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി, നല്ല വാക്കുകൾ മാത്രം സംസാരിക്കുക. ‘സംസാരം മരുന്നു പോലെയാണ്; കുറച്ചാൽ ഉപകരിക്കും, കൂടിയാൽ കൊല്ലും’ എന്ന അംറുബ്‌നുൽ ആസി(റ)ന്റെ വാക്കുകൾ ഓർക്കുക.

3. വഴികാണിച്ചുകൊടുക്കൽ

വഴിതെറ്റി അലയുന്നവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്നത് വലിയ പുണ്യമാണ്. വഴിതെറ്റിച്ചു പറയുന്നതും പരിഹസിക്കുന്നതും ഇസ്‌ലാമിക വിരുദ്ധമാണ്. വഴിതെറ്റിയവന് വഴി കാണിച്ചുകൊടുക്കുന്നത് സ്വദഖയാണെന്ന് ഹദീസുകളിൽ കാണാം.

4. വഴിയിൽ കുഴപ്പമുണ്ടാക്കരുത്

സമരങ്ങളുടെയും ഹർത്താലുകളുടെയും പേരിൽ വഴികൾ തടസ്സപ്പെടുത്തുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും ഇസ്‌ലാം വിലക്കുന്നു. ‘ഭീഷണിപ്പെടുത്തിക്കൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടും, അത് (മാർഗം) വക്രമായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടും നിങ്ങൾ പാതകളിലെല്ലാം ഇരിക്കരുത്’ എന്ന് ക്വുർആൻ (7:86) താക്കീത് ചെയ്യുന്നു.

5. ഉപദ്രവം നീക്കൽ

വഴിയിൽ നിന്ന് മുള്ളോ കല്ലോ പോലുള്ള ഉപദ്രവങ്ങൾ എടുത്തുമാറ്റുന്നത് നിസ്സാരമായി കാണരുത്. അത് ഈമാനിന്റെ ഭാഗമാണ്. നബിﷺ പറഞ്ഞു: “ഈമാനിന് എഴുപതിലധികം ശാഖകളുണ്ട്. അതിൽ ഏറ്റവും ഉയർന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനവും, ഏറ്റവും താഴെ വരുന്നത് വഴിയിലെ ഉപദ്രവങ്ങൾ നീക്കലുമാണ്’’ (മുസ്‌ലിം).

വഴിയിൽ ജനങ്ങൾക്ക് ശല്യമായി നിന്ന ഒരു മരം മുറിച്ചുമാറ്റിയതിന്റെ പേരിൽ സ്വർഗത്തിൽ പ്രവേശിച്ച മനുഷ്യനെ നബിﷺ കണ്ടതായി ഹദീസിലുണ്ട്. നരകത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയായും അവിടുന്ന് ഇതിനെ എണ്ണുന്നു.

6. വഴിയിൽ മലമൂത്ര വിസർജനം പാടില്ല

ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതും ശാപം ലഭിക്കുന്നതുമായ കാര്യമാണ് പൊതുവഴികളിലെ മലമൂത്ര വിസർജനം. ‘ശപിക്കപ്പെട്ട മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക; ജലാശയങ്ങൾക്ക് സമീപവും വഴികളിലും തണലിലും മലമൂത്ര വിസർജനം നടത്തുക എന്നത്’ എന്ന് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.

7. സഹായം നൽകൽ

ഭാരം ചുമക്കുന്നവരെ സഹായിക്കുന്നതും വാഹനത്തിൽ കയറാൻ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതും ധർമമാണ്. ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്നത് വഴിയുടെ അവകാശമായി ഉമർ(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

8. വഴിയിൽ ഉറങ്ങരുത്

യാത്രയ്ക്കിടയിൽ രാത്രി വിശ്രമിക്കുമ്പോൾ വഴിയിൽ കിടന്നുറങ്ങുന്നത് നബിﷺ വിലക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇഴജന്തുക്കൾ സഞ്ചരിക്കുന്ന വഴിയാണത് എന്നതിനാലാണിത്.

ഇസ്‌ലാമിക മര്യാദകൾ പള്ളിയിലും വീട്ടിലും മാത്രമല്ല, അങ്ങാടിയിലും പൊതുവഴികളിലും പാലിക്കേണ്ടതാണ്. നമ്മുടെ സഞ്ചാരപാതകൾ ശുചിത്വമുള്ളതും സുരക്ഷിതവും പരസ്പര ബഹുമാനമുള്ള തുമായ ഇടങ്ങളായി മാറ്റാൻ വിശ്വാസികൾക്ക് സാധിക്കണം.