മുഹർറം ദുശ്ശകുന മാസമോ?

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2026 ജൂൺ 20, 1448 മുഹർറം 05

ഈ ലോകത്തിന്റെയും അതിലുള്ള മുഴുവൻ പ്രതിഭാസങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും. തങ്ങൾക്ക് അല്ലാഹു നിർണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാൻ ഉപയുക്തമായ രൂപത്തിലുള്ള പകലും ക്ഷീണം മാറ്റുവാൻ ശാന്തസുന്ദരമായ രാത്രിയും നൽകിയതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നാണ് ക്വുർആൻ പറയുന്നത്.

“തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 3:190).

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങൾ പന്ത്രണ്ടൊണെന്ന് വിശുദ്ധ ക്വുർആൻ പറയുന്നു:

“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാൽ ആ (നാല്) മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്...’’ (ക്വുർആൻ 9:36).

അല്ലാഹു ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സമയത്തിനും പ്രത്യേകത നൽകയിട്ടുണ്ട്. ഉപരിസൂചിത സൂക്തത്തിൽനിന്ന് നാല് മാസങ്ങൾക്ക് പ്രത്യേകതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ റമദാൻ മാസത്തിന് പ്രത്യേകതയുണ്ടെന്നും ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവോ പ്രവാചകനോ ശ്രേഷ്ഠതയുണ്ടെന്ന് പറഞ്ഞിട്ടുള്ള മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കും പ്രത്യേകതയും ശ്രേഷ്ഠതയുമുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്.

അല്ലാഹു പവിത്രമാണെന്ന് വിശുദ്ധക്വുർആനിലൂടെ വ്യക്തമാക്കിയ മാസങ്ങളിൽ ഒരു മാസമായ മുഹർറം മാസത്തിലെ ചില ദിവസങ്ങളുടെ ശ്രേഷ്ഠതകളെ സംബന്ധിച്ചാണ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത്.

ജാഹിലിയ്യത്തിൽ

ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യത്തിൽ (അജ്ഞാനകാലം) പോലും ക്വുറൈശികൾ മുഹർറം മാസത്തിൽ ചില ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചിരുന്നു. റമദാൻ നോമ്പ് നിർബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ഠിക്കുവാനായി പ്രവാചകൻﷺ ജനങ്ങളോട് കൽപിച്ചിരുന്നു. റമദാനിലെ നോമ്പ് നിർബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്. ഒരു ഹദീസ് ശ്രദ്ധിക്കുക:

ആഇശ(റ) പറയുന്നു: “ക്വുറൈശികൾ ജാഹിലിയ്യത്തിൽ ആശൂറാഇ(മുഹർറം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. പ്രവാചകനും അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോൾ പ്രവാചകൻﷺ അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാൻ കൽപിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാൻ നിർബന്ധമാക്കിയപ്പോൾ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേശിക്കുന്നവർ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാൻ ഉദ്ദേശിക്കാത്തവർ അത് ഒഴിവാക്കുകയും ചെയ്തു’’ (ബുഖാരി).

മുഹർറം പത്ത്

മുഹർറം മാസത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു, അതിൽ തന്നെ പത്താം ദിവസത്തെ പ്രത്യേകം ശ്രേഷ്ഠതയുള്ളതായി പ്രഖ്യാപിച്ചിരിക്കുന്നു. കാരണം ആ ദിവസത്തിലാണ് അല്ലാഹു മൂസാ നബി(അ)യെ ഫിർഔനിൽനിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരു ഹദീസ് ശ്രദ്ധിക്കുക:

ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: “പ്രവാചകൻ ﷺ മദീനയിലേക്ക് വന്നു, ആ സന്ദർഭത്തിൽ ജൂതന്മാർ ആശൂറാഅ് (മുഹർറം പത്ത്)ന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു, അപ്പോൾ നബിﷺ ചോദിച്ചു: ‘ഇതെന്താണ്?’ (നിങ്ങൾ എന്തുകൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്). അവർ പ്രത്യുത്തരം നൽകി: ‘ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്രാഈല്യരെ അവരുടെ ശത്രുക്കളിൽനിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ഈ ദിവസം മൂസാ(അ) നോമ്പനുഷ്ഠിക്കുകയുണ്ടായി.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘മൂസായോട് നിങ്ങളെക്കാൾ കൂടുതൽ അർഹതയുള്ളവർ ഞാനാണ്.’ അങ്ങനെ ആ ദിവസം നബി(സസ്വ) നോമ്പനുഷ്ഠിച്ചു, ആ ദിവസം നോമ്പനുഷ്ഠിക്കുവാൻ കൽപിക്കുകയുമുണ്ടായി’’ (ബുഖാരി).

ശ്രേഷ്ഠത

മുഹർറം പത്തിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ പ്രത്യേകത നമുക്ക് സ്വഹീഹായ ഹദീസുകളിൽ കാണുവാൻ സാധിക്കും.

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം. പ്രവാചകൻﷺ പറയുകയുണ്ടായി: “റമദാൻ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹർറം മാസത്തിലെ നോമ്പാണ്. നിർബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്’’ (മുസ്‌ലിം).

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: “ആശൂറാഅ് നോമ്പനുഷ്ഠിക്കുവാൻ വേണ്ടി ഉദ്ദേശിക്കുകയും പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നത്‌പോലെ മറ്റൊരു ശ്രേഷ്ഠമാക്കപ്പെട്ട ദിവസത്തെയും പ്രവാചകൻﷺ പ്രതീക്ഷിക്കുന്നതായി ഞാൻ കണ്ടില്ല, അതുപോലെ റമദാൻ മാസത്തെയും’’(ബുഖാരി).

പ്രതിഫലം

മുഹർറം പത്തിലുള്ള വ്രതത്തിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്.

പ്രവാചകൻﷺ പറയുന്നു: “അറഫാദിനത്തിലുള്ള നോമ്പിനാൽ അതിന് മുമ്പുള്ള ഒരു വർഷത്തെയും അതിന് ശേഷമുള്ള ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. ആശൂറാഅ് നോമ്പിന് അതിന് ശേഷമുള്ള ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാൻ അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്നു’’ (മുസ്‌ലിം).

താസൂആഅ്

മുഹർറം ഒമ്പതിനാണ് ‘താസൂആഅ്’ എന്ന് പറയുന്നത്. ആ ദിവസവും നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളിൽ നിന്ന് നമുക്ക് ഗ്രഹിക്കുവാൻ സാധിക്കും.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകൻﷺ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിന് കൽപിക്കുകയും ചെയ്തപ്പോൾ അവർ (സ്വഹാബികൾ) പറയുകയുണ്ടായി: ‘പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂതക്രൈസ്തവർ മഹത്വപ്പെടുത്തുന്നുണ്ടല്ലോ.’ അപ്പോൾ നബിﷺ ﷺ പറഞ്ഞു: ‘അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അടുത്തവർഷം ഒൻപതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ഠിക്കുന്നതാണ്.’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘അടുത്ത വർഷം വന്നപ്പോഴേക്ക് നബി ﷺ വഫാത്തായിരുന്നു’’(മുസ്‌ലിം).

ശകുനപ്പിഴയുടെ മാസമല്ല

മുഹർറം മാസത്തിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ ചിലയാളുകൾ ഈ മാസത്തെ ശകുനമായി കാണാറുണ്ട്. പ്രത്യേകിച്ച്

അതിലെ ആദ്യത്തെ പത്ത് ദിനങ്ങളെ. ആ ദിനങ്ങളിൽ യാത്ര പുറപ്പെടുകയോ വിവാഹം കഴിക്കുകയോ മറ്റു നല്ലകാര്യങ്ങൾ ചെയ്യുകയോ ചെയ്യാറില്ല. കാരണം അത് ദുശ്ശകുനത്തിന്റെ ദിനമായിട്ടാണ് അവർ കണക്കാക്കുന്നത്. പണ്ഡിതന്മാർ അങ്ങനെയാണ് അവരെ പഠിപ്പിക്കുന്നത്.

എന്നാൽ നബിﷺയോ അദ്ദേഹത്തെ മുഴുവൻ കാര്യങ്ങളിലും പിൻപറ്റിയ സച്ചരിതരായ സ്വഹാബികളോ അങ്ങനെ പഠിപ്പിച്ചതായി നമുക്ക് കാണാൻ സാധ്യമല്ല. അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ പഠിപ്പിക്കുന്നത് പവിത്രമായ നാല് മാസങ്ങളിൽ ഒരു മാസമാണ് മുഹർറം എന്നാണ്. ഇസ്‌ലാം ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശ്ശകനത്തിന്റെ ദിവസമായും മാസമായും പഠിപ്പിക്കുന്നില്ല. മുഹർറം മാസത്തിലെ നഹ്‌സ് ഉണ്ടാക്കിയത് ഇസ്‌ലാമിൽനിന്ന് വ്യതിചലിച്ച് പോയ ശിയാക്കളാണ് എന്ന് നമുക്ക് ആധികാരികമായ ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. ശിയാക്കളുടെ ഒരുപാട് കാര്യങ്ങൾ സമസ്തക്കാർ കടമെടത്ത കൂട്ടത്തിൽ ദുശ്ശകുനവും സ്വീകരിച്ചു എന്നതാണ് യാഥാർഥ്യം.

അബൂഹുറയ്‌റ(റ)യിൽ നിന്ന്; പ്രവാചകൻﷺ പറയുകയുണ്ടായി: “അദ്‌വയും (രോഗം വരുന്നത് അല്ലാഹുവിന്റെ വിധിയുടെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരുന്നതാണെന്ന വിശ്വാസം), ദുശ്ശകുനവും (പക്ഷികളെ പറപ്പിച്ചുകൊണ്ട് ഭാഗ്യപരീക്ഷണം നടത്തൽ), മയ്യിത്തിന്റെ എല്ലുകൾ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും... ഇസ്‌ലാമിൽ ഇല്ലാത്തതാണ്’’ (ബുഖാരി, മുസ്‌ലിം).

ഏത് തരത്തിലുള്ള ദുശ്ശകുനം നോക്കലും ഇതിൽ പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തിൽ കാലിക്കൊട്ടയോ കാലിച്ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും, ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ വഴിയിൽ വെച്ച് ആരെങ്കിലും അതിനെ തടയുന്നതും, ഇടയ്ക്കു വെച്ച് ആരെങ്കിലും വാഹനത്തിൽനിന്ന് ഇറങ്ങുന്നതുമൊക്കെ ശകുനപ്പിഴയാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള വിശ്വാസമെല്ലാം തെറ്റാണ് എന്നാണ്.

നബിﷺ പറയുകയുണ്ടായി: “ദുശ്ശകുനം ശിർക്കാകുന്നു, ദുശ്ശകുനം ശിർക്കാകുന്നു...’’ (അഹ്‌മദ്. സ്വഹീഹായ ഹദീസ്).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം. പ്രവാചകൻﷺ പറഞ്ഞു: “ആരുടെയെങ്കിലും ആവശ്യം ദുശ്ശകുനത്താൽ തടയപ്പെടുകയാണെങ്കിൽ അവൻ ശിർക്ക് ചെയ്തു.’’ അപ്പോൾ സ്വഹാബികൾ ചോദിച്ചു: “പ്രവാചകരേ, അതിനുള്ള പ്രായച്ഛിത്തം എന്താണ്?’’ തിരുമേനിﷺ പറഞ്ഞു: “ഇങ്ങനെ പറയലാണ്: അല്ലാഹുവേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല. നിന്റെ ശകുനമല്ലാതെ മറ്റൊരു ശകുനവുമില്ല, നീയല്ലാതെ യഥാർഥത്തിൽ ഒരു ഇലാഹുമില്ല’’ (അഹ്‌മദ്).

ഒരു മുസ്‌ലിം മതത്തന്റെ പേരിൽ ചെയ്യുന്ന മുഴുവൻ കാര്യങ്ങൾക്കും തെളിവ് വേണം. പ്രമാണങ്ങൾ പഠിപ്പിക്കാത്ത കാര്യങ്ങൾ മതത്തിന്റെ പേരിൽ വെച്ചുകെട്ടുന്നത് കടുത്ത അപരാധമാണ്.

“നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കൽനിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കൽനിന്നുതന്നെ ഉണ്ടാകുന്നാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. (അതിന്) സാക്ഷിയായി അല്ലാഹു മതി’’ (ക്വുർആൻ 4:79).