ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം
ഡോ. ടി. കെ. യൂസുഫ്
2026 ജൂൺ 27, 1448 മുഹർറം 12

മുസ്‌ലിംകളിൽ ഇസ്‌ലാമിന്റെതല്ലാത്ത കാരണങ്ങളാൽ ഉടലെടുത്ത ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ-സുന്നികൾ എന്നിങ്ങനെ രണ്ടായാണ് തരംതിരിക്കാറുളളത്. പ്രവാചകൻﷺ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ രണ്ട് വിഭാഗങ്ങൾ രുപം കൊണ്ടിട്ടില്ല. പ്രവാചകന്റെ വിയോഗാനന്തരം ഖിലാഫത്ത് നബികുടുംബത്തിന് മാത്രം അർഹതപ്പെട്ടതാണ് എന്ന വാദഗതിയോടു കൂടി രംഗത്ത് വരികയും ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക് തികച്ചും എതിരായ വിശ്വാസങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ശീഇകൾ (ശിയാക്കൾ). അവരുടെ വിശ്വാസ പ്രമാണങ്ങൾ വിചിത്രവും സങ്കീർണവും ക്വുർആനിനും സുന്നത്തിനും കടകവിരുദ്ധവുമാണ്. മുസ്‌ലിം സമുദായത്തെ തൗഹീദിൽനിന്ന് വ്യതിചലിപ്പിച്ചതിൽ ശീഈ വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
മുസ്‌ലിംകൾ അനവധി വിഭാഗങ്ങളായി വേർപിരിഞ്ഞിട്ടുണ്ടെങ്കിലും ശീഇകളും സുന്നികളും തമ്മിലുള്ള തർക്കവും സംഘട്ടനങ്ങളുമാണ് ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിലുകൾക്ക് കാരണമായിട്ടുളളത്. ഇസ്‌ലാമിന്റെ ചരിത്രത്തിലെ പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ ഈ സംഘട്ടനങ്ങളുടെ ശക്തിക്ക് ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട് ശീഈ-സുന്നി തർക്കങ്ങളെയും സംഘട്ടനങ്ങളെയും ആളിക്കത്തിക്കുന്നതിന് വേണ്ടിയാണ് ശത്രുക്കൾ ശ്രമിച്ചിട്ടുള്ളത്.
മുസ്‌ലികളിലെ ഭിന്നിപ്പുകൾ ഇല്ലാതാക്കി അവരെ ഐക്യമുള്ളവരാക്കിത്തീർക്കുക എന്നത് മഹത്തായ ഒരു പുണ്യകർമമാണ്. ക്വുർആനിന്റെ ഐക്യപ്പെടാനുള്ള ആഹ്വാനം കാണുക: “നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്...” (ആലുഇംറാൻ: 103)
ഈ പിടിവള്ളിയിൽനിന്ന് അകന്നതുകൊണ്ടാണ് മുസ്‌ലിംകൾ ഭിന്നിച്ച് കക്ഷികളായി പിരിഞ്ഞത്. തർക്കവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുമ്പോൾ അവലംബിക്കേണ്ട മാർഗവും ക്വുർആൻ വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും” (നിസാഅ്: 59).
കേവലം തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഉപരിയായി മുസ്‌ലികൾക്കിടയിൽ യുദ്ധവും സംഘട്ടനവും ഉണ്ടാകുകയാണങ്കിൽ അപ്പോൾ സ്വീകരിക്കേണ്ട മാർഗവും ക്വുർആൻ പറഞ്ഞു തരുന്നുണ്ട്.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടിൽ ഒരു വിഭാഗം മറുവിഭാഗത്തിനെതിരിൽ അതിക്രമം കാണിച്ചാൽ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങൾ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കിൽ നീതിപൂർവം ആ രണ്ടു വിഭാഗങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഹുജുറാത്ത്: 9).
ഇങ്ങനെ മുസ്‌ലിം ഐക്യത്തിന് വേണ്ട ഒട്ടനവധി മാർഗനിർദേശങ്ങൾ ക്വുർആനും സുന്നത്തും വ്യക്തമാക്കുന്നുണ്ടെങ്കിലും ശീഈ-സുന്നി സംഘട്ടനം പരിഹരിക്കാൻ ഈ നിർദേശങ്ങൾ ഫലപ്രദമാകാ നിടയില്ല. കാരണം ഈ പറഞ്ഞ മാർഗങ്ങളെല്ലാം ക്വുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകൾക്ക് ബാധകമായതാണ്. പ്രമാണങ്ങൾക്ക് വിരുദ്ധമായ വിശ്വാസ-ആചാരങ്ങൾ വെച്ച് പുലർത്തുന്ന ശീഇകൾക്ക് ഈ മാനദണ്ഡം സ്വീകാര്യമാകില്ല. അതനുസരിച്ച് ഐക്യപ്പെടാൻ അവർ തയ്യാറാകുകയുമില്ല.
ശീഇകളെയും സുന്നികളെയും അടുപ്പിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ശീഇകളും സുന്നികളും തമ്മിൽ വിശ്വാസത്തിലും മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും വ്യത്യാസമില്ല എന്ന നിലയ്ക്കാണ് ഈ ശ്രമങ്ങളെല്ലാം നടന്നിട്ടുള്ളത്. ഇവർ തമ്മിലുളള തർക്കം ശാഖാപരമാണന്ന ധാരണയിൽനിന്നാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുളളത്. കർമശാസ്ത്രവിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന മദ്ഹബുകൾക്കിടയിൽ വേണമെങ്കിൽ ഒരു ഐക്യം സാധ്യമാകാനിടയുണ്ട്. എന്നാൽ ശീഇകളും സുന്നികളും തമ്മിൽ ഇത് അസാധ്യമാണ്. ഈ രണ്ട് വിഭാഗങ്ങൾ തമ്മിൽ അടിസ്ഥാന അന്തരമുണ്ടായിട്ടും അവർ തമ്മിൽ കാതലായ വ്യത്യാസമില്ല എന്ന് പലരും ഫത്‌വ നൽകുന്നത് ജനങ്ങളെ ബോധപൂർവം വഴിതെറ്റിപ്പിക്കാനുളള ശ്രമമാണ്. സർവോപരി ഇത്തരം ഫത്‌വകൾ അല്ലാഹുവിന്റെ സത്യ മതത്തിൽനിന്നും ആളുകളെ അകറ്റാനുള്ള ഒരു ശ്രമം കൂടിയാണ്. ശീഇകളുടെ പിഴച്ച വിശ്വസമാണ് യഥാർഥ ഇസ്‌ലാം എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുകയാണെങ്കിൽ അതിന്റെ ഭവിഷ്യത്ത് അപകടകരമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിലയിരുത്തലുകൾ വ്യക്തമായ തെളിവുകളുടെയും പ്രമാണങ്ങളുടെ പിൻബലത്തിലും മാത്രമെ നടത്താൻ പാടുള്ളൂ. കാരണം, രണ്ട് വിഭാഗങ്ങൾ തമ്മിലുളള അഭിപ്രായ വ്യത്യാസം മറച്ചുവെക്കുന്നതിലൂടെ അത് നിർമാർജനം ചെയ്യാനാവുകയില്ല; മറിച്ച് അത് കൂടുതൽ ശക്തിയാർജിക്കുകയാണുണ്ടാകുക. ഒരു രോഗിയെ ആരോഗ്യവാനായി ഗണിക്കുകയും അതനുസരിച്ച് അവനുമായി ഇടപഴകുകയും ചെയ്താൽ അതിന്റെ ഫലം വിനാശകരമായിരിക്കും.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ശീഇകളോട് രാജിയാകുന്നതിലൂടെ രാഷ്ടീയ-സാമുദായിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും പാരത്രിക രക്ഷ ആഗ്രഹിക്കുന്നവർക്ക് അവരുടെ വിശ്വാസവൈകല്യം മറച്ചുവെക്കാൻ കഴിയുകയില്ല. മതം ഗുണകാംക്ഷയാണ് എന്ന തത്ത്വത്തിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ശീഇകളുടെ ശിർക്കൻ വിശ്വാസങ്ങളെ തമസ്‌കരിക്കുന്നതോ അല്ലെങ്കിൽ അവ കണ്ടില്ലെന്ന് നടിക്കാതെ മണലിൽ തലപൂഴ്ത്തുന്നതോ ആയ നിലപാട് ഒരിക്കലും അഭികാമ്യമല്ല. അതുകൊണ്ട് തന്നെ ആത്മാർഥതയുള്ള പ്രബോധകർ ഈ അടിസ്ഥാന ഭിന്നത അനാവരണം ചെയ്യാനാണ് പരിശ്രമിക്കേണ്ടത്. തെറ്റായ വിശ്വാസങ്ങൾ വെച്ചു പുലർത്തുന്ന ശീഇകൾ അണിഞ്ഞിട്ടുള്ള തെറ്റിദ്ധാരണയുണ്ടാക്കുന്ന മുഖംമൂടി അനാവരണം ചെയ്യൽ അനിവാര്യമാണ്.
ശീഇകളുടെയും സുന്നികളുടെയും വിശ്വാസം പഠനവിധേയമാക്കിയെങ്കിൽ മാത്രമെ അവർ തമ്മിൽ അനുരഞ്ജനം സാധ്യമാകുമോ എന്ന് വിലയിരുത്താനാകുകയുള്ളൂ. സുന്നികൾ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന സ്രോതസ്സ് ശീഇകളോട് എതിരായിത്തീരുന്നത് ഏതെല്ലാം കാര്യങ്ങളിലാണ് എന്ന് സൂക്ഷ്മമായി വിലയിരുത്തുന്നത് അനിവാര്യമാണ്. ശീഇകൾ ആര് എന്നതിന് ഒരു നിർവചനം ആവശ്യമാകുന്നത് പോലെ സുന്നികൾ ആര് എന്നതിനും ഒരു നിർവചനം അനിവാര്യമാണ്. ശീഇകൾ തങ്ങളാണ് സത്യത്തിലെന്ന് വാദിക്കുന്നതുകൊണ്ടും സുന്നികൾക്കെതിൽ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നതിനാലും അവരുടെ വിശ്വാസവും പഠനവിധേയമാക്കേണ്ടതുണ്ട്.
ശീഈ വിശ്വാസ സംഹിതകളെക്കുറിച്ച് ലഭ്യമായ പുസ്തകങ്ങൾ അവലംബിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു പഠനമാണിത്. സമഗ്രവും സമ്പൂർണവുമാണ് എന്ന് അവകാശപ്പെടുന്നില്ല. ശീഈ നേതാക്കൾക്ക് ആത്മീയ പരിവേഷം ചാർത്തി അവരെ സംപൂജ്യരായി ഗണിക്കുന്നവർക്കും, ശീഇകൾ ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങൾ മുറുകെ പിടിക്കുന്ന ഒരു വിഭാഗമാണ് എന്ന് തെറ്റിദ്ധരിച്ചവർക്കും, ശീഈ -സുന്നി ഐക്യത്തിന്റെ സാധ്യതകൾ ആരായുന്നവർക്കും ശീഇകളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ ഈ ലേഖന പരമ്പര സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
(തുടരും)
