രോഗം; അനുഗ്രഹം, പരീക്ഷണം

വി.വി. ബഷീർ വടകര

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

(രോഗം ഒരു പരീക്ഷണമാണ്-3)

എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര അനുഗ്രഹങ്ങളിലൂടെ കടന്നുപോകുമ്പോഴും ചെറിയ ഒരു പ്രതിസന്ധി നേരിടുമ്പോഴേക്കും തളർന്നു പോകുന്ന മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിലെ സുഖലോലുപതയിൽ മതിമറന്ന് ഉല്ലസിക്കുമ്പോൾ അതൊരു പരീക്ഷണമാണെന്ന് പലരും തിരിച്ചറിയാറില്ല. യഥാർഥത്തിൽ ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് അല്ലാഹു സംവിധാനിച്ചിട്ടുളളത്. സുഖവും ദുഃഖവും സമ്മിശ്രമായ ജീവിതം! ദുൻയാവിലെ അസ്വാദനങ്ങൾക്കിടയിലായിരിക്കാം ചില ദുരന്തങ്ങൾ നമ്മെ തേടിയെത്തുന്നത്. അത് രോഗമായോ സാമ്പത്തിക പ്രയാസമായോ അതല്ലെങ്കിൽ അടുത്തവരുടെ മരണമായോ ഒക്കെ സംഭവിച്ചേക്കാം.

അല്ലാഹു ചിലരെ സമ്പത്ത് നൽകി പരീക്ഷിക്കുന്നു. ചിലരെ സമ്പത്ത് നൽകാതെയും പരീക്ഷിക്കുന്നു. രണ്ടും മനുഷ്യന്റെ നന്മയ്ക്കാണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. രോഗം അല്ലാഹുവിന്റെ അനുഗ്രഹമാണ്, അതോടൊപ്പം പരീക്ഷണവുമാണ്. ആ അനുഗ്രഹത്തെയും പരീക്ഷണത്തെയും കുറിച്ച് അറിവ് ലഭിക്കാതാകുമ്പോഴാണ് മനുഷ്യൻ നിരാശനാകുന്നതും അവസാനം ആത്മഹത്യയിലേക്ക് എത്തിച്ചേരുന്നതും.

പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നതും! വിശുദ്ധ ക്വുർആൻ പറയുന്നു: “നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (67:2).

തുടക്കവും ഒടുക്കവുമുള്ള ഇഹലോക ജീവിതത്തിൽനിന്ന് ഒടുക്കമില്ലാത്ത പരലോക ജീവിതത്തിലേക്കുള്ള മാർഗം എളുപ്പമാക്കാനാണ് രോഗം ഒരു പരീക്ഷണമായി നമുക്ക് നൽകുന്നത്. മനുഷ്യൻ എന്ന നിലയിൽ വന്നുപോകുന്ന തെറ്റുകുറ്റങ്ങൾ പൊറുക്കപ്പെടാൻ പര്യാപ്തമാകുന്നതാണ് നമുക്ക് റബ്ബ് നൽകുന്ന രോഗങ്ങൾ. അത് മനസ്സിലാകുമ്പോഴാണ് രോഗവും ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിയുക. അതിനു പ്രധാനമായും വേണ്ട ഒരു ഗുണമാണ് ക്ഷമ.

അയ്യൂബ് നബി(അ)ക്ക് രോഗം ബാധിച്ചപ്പോൾ അദ്ദേഹം സ്വീകരിച്ച നിലപാട് വിശ്വാസികൾക്ക് എന്നും മാതൃകയാണ്. വർഷങ്ങൾ നീണ്ട കടുത്ത രോഗം അദ്ദേഹത്തെ പിടികൂടി. സമ്പത്തെല്ലാം നഷ്ടപ്പെട്ട് അദ്ദേഹം പരമ ദരിദ്രനായി. ചുറുചുറുക്കുള്ള നിരവധി മക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. അവരെല്ലാം മരണപ്പെട്ടു. ബന്ധുമിത്രാദികളെല്ലാം അകന്നുപോയി. എന്നിട്ടും അദ്ദേഹം നിരാശനായില്ല. അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ല. നിരന്തരം അല്ലാഹുവോട് പ്രാർഥിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാ പ്രയാസങ്ങളും അല്ലാഹു നീക്കിക്കൊടുത്തു. നഷ്ടപ്പെട്ടതിനെല്ലാം പകരം നൽകി.

അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ സത്യവിശ്വാസികളായ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (2:155-157).

നബിﷺപറഞ്ഞു: “പരീക്ഷണം ഒരു അടിമയിൽ ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ അയാൾ ഭൂമിക്ക് ഉപരിയിൽ സഞ്ചരിക്കുമ്പോൾ ഒരു പാപം പോലും അയാൾക്ക് ഉണ്ടാകില്ല’’ (മുസ്‌നദു അഹ്‌മദ്).

ക്യാൻസർ വാർഡുകളിൽ മരണത്തോട് മല്ലിട്ട് ജീവിക്കുന്ന, കൊടിയ വേദനയിൽ പുളയുന്ന നിരവധി ജീവനുകളെ നമുക്ക് കാണാൻ കഴിയും. വേദന സഹിക്കവയ്യാതെ ‘എന്നെയൊന്ന് കൊന്നുതാ’ എന്ന് അട്ടഹസിക്കുന്ന ആളുകളെയും നമുക്ക് കാണാൻ കഴിയും.

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കാലിൽ ഒരു മുള്ള് തറക്കുന്ന വേദന സഹിച്ചാൽ പോലും അത് പ്രതിഫലാർഹമാണ് എന്നാണ് നബി ﷺ നമ്മെ പഠിപ്പിച്ചത്. ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങളാണ് രോഗം. ചികിത്സിക്കുവാനും ക്ഷമിക്കുവാനുമാണ് നാം കൽപിക്കപ്പെട്ടിരിക്കുന്നത്.

മാറാരോഗമാണെന്ന് അറിഞ്ഞാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വേദന സഹിക്കാൻ വയ്യ, മറ്റുള്ളവർക്ക് ഞാനൊരു ഭാരമായിത്തീരേണ്ട എന്നൊക്കെയാണ് അതിന് ന്യായം പറയാറുള്ളത്. വിധവകളായ രണ്ട് സഹോദരിമാർക്ക് മാറാരോഗം ബാധിച്ചപ്പോൾ സഹോദരൻ രണ്ടുപേരെയും കൊല ചെയ്യുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈയിടെയാണ്. ആത്മഹത്യാ കുറിപ്പിൽ എഴുതിയത് ‘ആർക്കും ഭാരമാകുന്നില്ല’ എന്നായിരുന്നു!

ആത്മഹത്യ നരകത്തിലേക്കുള്ള എടുത്തുചാട്ടമാണെന്ന് വിശ്വാസികൾ മനസ്സിലാക്കണം. തനിക്ക് ജീവൻ നൽകിയ, മറ്റൊരുപാട് അനുഗ്രഹങ്ങൾ നൽകിയ തന്റെ രക്ഷിതാവിനെ രോഗാവസ്ഥയിൽ മറക്കുകയല്ല, അവനോട് കൂടുതൽ അടുക്കുകയാണ് വേണ്ടത്.

നിസ്സാരമായ തലവേദന ബാധിച്ചാൽ പോലും അല്ലാഹുവിനെ ഓർത്ത് ക്ഷമിച്ചാൽ പ്രതിഫലമുണ്ട് എന്നാണ് നബിﷺ പഠിപ്പിച്ചത്. അതുവഴി അന്ത്യനാളിൽ ഒരു പദവി ഉയർത്തപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുമെന്നും വിശ്വാസികൾക്ക് സന്തോഷവാർത്തയായി നബി ﷺ പറഞ്ഞു.

ജാബിർ ബിൻ അബ്ദുല്ല(റ)യിൽനിന്ന് നിവേദനം, നബിﷺ ഉമ്മു സായിബിന്റെ അടുക്കൽ അല്ലെങ്കിൽ ഉമ്മു മുസ്വയ്യിബിന്റെ അടുക്കൽ പ്രവേശിച്ചു പറഞ്ഞു: “ഹേ, ഉമ്മു സായിബ്! നിനക്കെന്തു പറ്റി? നീ വിറക്കുന്നുണ്ടല്ലോ?’’ അവർ പറഞ്ഞു: “പനിയാണ്. അതിൽ അല്ലാഹു ബറകത്ത് ചെയ്യാതിരിക്കട്ടെ.’’ നബിﷺ പറഞ്ഞു: “നീ പനിയെ ചീത്ത പറയരുത്. ഇരുമ്പിന്റെ മാലിന്യങ്ങളെ ഉല നീക്കുന്നത് പോലെ മനുഷ്യന്റെ പാപങ്ങളെ പനി ഇല്ലാതാക്കും’’ (മുസ്‌ലിം 2575).

ഒരു രോഗത്തെയും ചീത്ത പറയരുതെന്നും രോഗത്തിൽ ക്ഷമ അവലംബിച്ചും അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചും നിലകൊള്ളണം എന്നുമാണ് നബിﷺ പഠിപ്പിക്കുന്നത്. നബിﷺക്ക് പനി ബാധിച്ചതും രണ്ടുപേർ അനുഭവിക്കുന്ന തീവ്ര വേദന അനുഭവിച്ചതും അതിന് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞതും ഹദീസിൽ കാണാൻ കഴിയും.

രോഗം കാരണം ക്ഷമിച്ചതിന്റെ പേരിൽ സ്വർഗത്തിന് കാരണക്കാരിയായ ഒരു സ്വഹാബി വനിതയെ കുറിച്ച് നബിﷺ പഠിപ്പിക്കുകയുണ്ടായി. ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം സ്വഹാബികളിൽ ഒരാളോട് പറയുകയുണ്ടായി: “സ്വർഗക്കാരിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?’’ അദ്ദേഹം പറഞ്ഞു: “അതെ.’’ നബിﷺ പറഞ്ഞു: “ഈ കറുത്ത സ്ത്രീയാണത്. കാരണം അവർ ഇടയ്ക്കിടയ്ക്ക് ബോധംകെട്ട് വീഴാറുണ്ട്. ആ സമയത്ത് അവരുടെ വസ്ത്രം നീങ്ങി നഗ്‌നത പ്രകടമാകാറുണ്ട്.’’ ആ സ്ത്രീ പറഞ്ഞു: “നബിയ്, അങ്ങ് എനിക്കു വേണ്ടി പ്രാർഥിക്കണം.’’ നബിﷺ പറഞ്ഞു: “നീ ക്ഷമിക്കുകയാണെങ്കിൽ നിനക്ക് സ്വർഗമുണ്ട്. നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ആശ്വാസത്തിനായി ഞാൻ പ്രാർഥിക്കാം.’’ അവർ പറഞ്ഞു: “ഞാൻ ക്ഷമിച്ചുകൊള്ളാം. എന്റെ നഗ്‌നത പ്രകടമാകുന്നുണ്ടല്ലോ നബിയേ....അത് പ്രകടമാകാതിരിക്കാൻ അങ്ങ് പ്രാർഥിച്ചാലും.’’ അപ്പോൾ നബിﷺ അവർക്കു വേണ്ടി പ്രാർഥിച്ചു’’ (ബുഖാരി 5652). രോഗാവസ്ഥയ്ക്ക് മുമ്പേ നമ്മൾ ചെയ്ത നന്മകൾ രോഗാവസ്ഥയിൽ ചെയ്യാൻ കഴിയാത്ത കർങ്ങൾക്ക് പ്രതിഫലം ലഭിക്കാൻ കാരണമാകും എന്നും പ്രവാചകൻﷺ പഠിപ്പിക്കുകയുണ്ടായി.

രോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക എന്നുള്ളത് വിശ്വാസികളുടെ ബാധ്യതയാണ്. രോഗികളുടെ മുമ്പിൽ വച്ച് രോഗത്തിന്റെ കാഠിന്യം പറഞ്ഞ് പ്രയാസപ്പെടുത്താൻ പാടില്ല. അല്ലാഹു ഉദ്ദേശിച്ചാൽ താങ്കളുടെ രോഗം പരിപൂർണമായി ശിഫയാകും എന്ന ആശ്വാസവാക്കാണ് പറയേണ്ടത്.

രോഗം സുഖപ്പെടുത്താൻ അല്ലാഹുവിന് മാത്രമെ കഴിയൂ. അതുകൊണ്ടുതന്നെ അനുവദനീയമായ ചികിത്സ നടത്തുകയും പ്രാർഥിക്കുകയുമാണ് വേണ്ടത്. വിശ്വാസത്തിന് ഭംഗം വരുന്ന ഒരുതരം ചികിത്സയും ഇസ്‌ലാം അനുവദിക്കുന്നില്ല. ഏലസ്സും തകിടും നൂലും പോലുള്ളവ കെട്ടാനോ മന്ത്രവാദ ചികിത്സ നടത്താനോ പാടില്ല. രോഗി മരണത്തെ കൊതിക്കാനും പാടില്ല. നബിﷺ പറഞ്ഞു: “നിങ്ങൾ ആരും തന്നെ മരണം ആഗ്രഹിക്കരുത്. അവൻ സച്ചരിതനാണെങ്കിൽ നന്മ കൂടുതൽ വർധിപ്പിക്കാനും ദുഷ്‌കർമിയാണെങ്കിൽ പശ്ചാത്തപിക്കാനും അവസരം ലഭിക്കുമല്ലോ.’’ എന്നാൽ കഠിനമായ പ്രയാസമാണെങ്കിൽ ഇങ്ങനെ പ്രാർഥിക്കാം: “അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ നീ എന്നെ ജീവിപ്പിക്കേണമേ. അല്ലാഹുവേ, എനിക്ക് മരണമാണ് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ.’’