സമയം: ഒരു അമൂല്യ സമ്പത്ത്
മുഫീദ് പാലക്കാഴി
2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

(ഭാഗം: 02)
ഗഫ്‌ലത്ത്
സമയത്തെക്കുറിച്ചുള്ള അശ്രദ്ധയെ ‘ഗഫ്‌ലത്ത്’ എന്ന് വിശേഷിപ്പിക്കാം. ഇത് ഹൃദയത്തെ ബാധിക്കുന്ന ഒരു മാരക രോഗമാണ്. അല്ലാഹുവിനെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ബോധമില്ലാതെ ഭൗതികമായ കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്ന അവസ്ഥയാണിത്. ഗഫ്‌ലത്ത് ഉള്ളവർ സമയത്തിന്റെ വില തിരിച്ചറിയുന്നില്ല.
ക്വുർആനും ഹദീസും ഗഫ്‌ലത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആത്മീയ അന്ധത: പ്രകൃതിയിലെ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ഹൃദയത്തിന് സീൽ വെക്കൽ: നിരന്തരം അശ്രദ്ധ കാണിക്കുന്നവരുടെ ഹൃദയവും കേൾവിയും കാഴ്ചയും മുദ്രവെക്കപ്പെടുന്നു:
“ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചകൾക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടർ. അക്കൂട്ടർ തന്നെയാകുന്നു അശ്രദ്ധർ’’ (ക്വുർആൻ 16:108). പിന്നീട് അവർക്ക് സത്യം തിരിച്ചറിയാൻ കഴിയില്ല.
മൃഗങ്ങളെക്കാൾ താഴ്ന്ന അവസ്ഥ: ബുദ്ധിയും വിവേചന ശക്തിയും ഉപയോഗിക്കാതെ, കേവലം ഭക്ഷണത്തിനും സുഖാഡംബരങ്ങൾക്കുമായി സമയം ചെലവഴിക്കുന്നവരെ അല്ലാഹു മൃഗങ്ങളോടാണ് ഉപമിക്കുന്നത്:
“ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ് ശ്രദ്ധയില്ലാത്തവർ’’(7:179).
മരണസമയത്തെ ഖേദം: ഗഫ്‌ലത്തിൽ കഴിയുന്നവർ മരിക്കുമ്പോഴാണ് അവരുടെ കാഴ്ചയ്ക്ക് തെളിച്ചമുണ്ടാകുന്നത്. അന്ന് അവർ തങ്ങൾ പാഴാക്കിയ നിമിഷങ്ങളെക്കുറിച്ച് ഖേദിക്കുമെങ്കിലും തിരിച്ചുവരവ് അസാധ്യമായിരിക്കും.
പിശാചിന്റെ സാമീപ്യം: അല്ലാഹുവിന്റെ സ്മരണയിൽനിന്ന് വിട്ടുനിൽക്കുന്നവരിലേക്ക് പിശാച് എളുപ്പത്തിൽ അടുക്കുന്നു.
ഗഫ്‌ലത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തരമായ സ്മരണയും മരണത്തെക്കുറിച്ചുള്ള ഓർമയുമാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ മഹത്തുക്കളായ പണ്ഡിതന്മാർ സമയത്തെ അങ്ങേയറ്റം മൂല്യമുള്ള ഒന്നായാണ് കണ്ടിരുന്നത്. അവരുടെ വിജ്ഞാന വിപ്ലവത്തിന് പിന്നിലെ രഹസ്യം ഓരോ സെക്കന്റും അവർ കണക്കാക്കി ചെലവഴിച്ചു എന്നതാണ്.
ഇമാം ശാഫിഈ(റഹി) പറഞ്ഞു: “സമയം ഒരു വാൾ പോലെയാണ്, നീ അതിനെ മുറിച്ചില്ലെങ്കിൽ അത് നിന്നെ മുറിക്കും.’’ സമയത്തെ നാം നിയന്ത്രിച്ചില്ലെങ്കിൽ സമയം നമ്മെ നിയന്ത്രിക്കുകയും നാം അറിയാതെ തന്നെ ജീവിതം അവസാനിക്കുകയും ചെയ്യും എന്നർഥം.
ഇബ്‌നുൽ ജൗസി(റഹി) നൂറുകണക്കിന് കനപ്പെട്ട ഗ്രന്ഥങ്ങളെഴുതിയ മഹാനാണ്. സമയം പാഴാക്കാതിരിക്കാൻ സന്ദർശകർ വരുമ്പോൾ പോലും അദ്ദേഹം പേന ചെത്തി വെക്കുന്ന ജോലി ചെയ്യുമായിരുന്നുവത്രെ! അനാവശ്യമായ സംസാരങ്ങളിൽ ഏർപ്പെടാതെ കൈകൾക്ക് പണി നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്.
മുൻകാല പണ്ഡിതന്മാർ ഉറക്കവും ഭക്ഷണവും ആവശ്യത്തിന് മാത്രമാക്കി ആരാധനയിലും വിജ്ഞാനത്തിലും മുഴുകി. അവരുടെ ഓരോ നിമിഷവും അല്ലാഹുവിനായി സമർപ്പിക്കപ്പെട്ടതായിരുന്നു.
സാമൂഹിക ബന്ധങ്ങളും സമയവും
സമയം വിനിയോഗിക്കുമ്പോൾ സാമൂഹികമായ ബാധ്യതകൾ നിറവേറ്റുന്നതും ഇസ്‌ലാമിക വീക്ഷണത്തിൽ പ്രധാനമാണ്. തിരക്കിനിടയിൽ കുടുംബത്തെയും സുഹൃത്തുക്കളെയും അവഗണിക്കുന്നത് ശരിയല്ല. പ്രവാചകൻﷺ തന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നു. അദ്ദേഹം തന്റെ ഭാര്യമാരെ സന്ദർശിക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും ഓരോ ദിവസവും നിശ്ചിത സമയം മാറ്റിവെച്ചിരുന്നു.
മറ്റുള്ളവരുടെ സമയത്തിന് വിലകൽപിക്കുന്നത് ഒരു വിശ്വാസിയുടെ ഗുണമാണ്. വാഗ്ദാനം പാലിക്കുന്നത് സമയനിഷ്ഠയുമായി ബന്ധപ്പെട്ടതാണ്. ഒരാൾക്ക് സമയം നൽകിയാൽ അത് കൃത്യമായി പാലിക്കണമെന്നും വൈകുന്നത് മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുമെന്നും നബി ﷺ പഠിപ്പിച്ചു.
പ്രവാചകൻﷺ തന്റെ പ്രസംഗങ്ങൾ ചുരുക്കി നടത്തുമായിരുന്നു. ജനങ്ങളുടെ സമയത്തെ അദ്ദേഹം അങ്ങേയറ്റം വിലമതിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ടാൽ അദ്ദേഹം നമസ്‌കാരം ചുരുക്കുമായിരുന്നു. ഇത് മറ്റുള്ളവരുടെ പ്രയാസങ്ങളെ മാനിക്കുന്നതിന്റെ ഭാഗമാണ്.
പ്രായോഗിക ടൈം മാനേജ്മെന്റ്
നമസ്‌കാരം: ജോലികൾ നമസ്‌കാര സമയങ്ങൾക്കിടയിൽ ക്രമീകരിക്കുക.
ആത്മവിചാരണ: ദിവസവും ഉറങ്ങുന്നതിന് മുൻപ് അന്ന് ചെയ്ത കാര്യങ്ങളെക്കുറിച്ച് സ്വയം വിചാരണ നടത്തുക. എവിടെയാണ് സമയം പാഴായത് എന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക.
മുൻഗണനാക്രമം പാലിക്കുക: ഓരോ കാര്യത്തിന്റെയും പ്രസക്തിയും പ്രാധാന്യവും പ്രാധാന്യമില്ലായ്മയും മനസ്സിലാക്കി, ആദ്യം ചെയ്യേണ്ടത് ആദ്യം ചെയ്യുക. അല്ലാഹുവിനോടുള്ള ബാധ്യതകൾക്കായിരിക്കണം മുൻഗണന.
ടെക്‌നോളജി മിതമായി ഉപയോഗിക്കുക: സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുക. അത് സമയത്തെ കൊല്ലുന്ന ഒന്നാകാതിരിക്കാൻ ശ്രദ്ധിക്കുക.
ഓരോ മനുഷ്യനും നൽകപ്പെട്ടിട്ടുള്ള സമയം കൃത്യമാണ്; അത് നീട്ടാനോ കുറയ്ക്കാനോ ആർക്കും സാധ്യമല്ല. സമയം പാഴാക്കുന്നത് ജീവിതം തന്നെ പാഴാക്കുന്നതിന് തുല്യമാണ്.
യഥാർഥ വിജയം സമയത്തെ ഭൗതിക ലാഭങ്ങൾക്കായി ഉപയോഗിക്കുന്നതിനൊപ്പം പരലോകത്തേക്കുള്ള നിക്ഷേപമായി മാറ്റുന്നതിലുമാണ്. ആരാധനകളും ജോലിയിലുള്ള സത്യസന്ധതയും കുടുംബത്തോടുള്ള പെരുമാറ്റവുമെല്ലാം സമയ മാനേജ്മെന്റിന്റെ ഭാഗമാണ്. അതിനാൽ, അശ്രദ്ധയുടെ ഉറക്കത്തിൽനിന്ന് ഉണർന്ന്, പ്രവാചക മാതൃക പിന്തുടർന്ന്, ഓരോ നിമിഷത്തെയും ധന്യമാക്കാൻ ശ്രമിക്കുന്നവനാണ് യഥാർഥ ബുദ്ധിമാൻ. സമയം ഒരു അമാനത്താണെന്ന ബോധ്യം ഓരോ വിശ്വാസിയുടെയും ഓരോ ശ്വാസത്തിലും ഉണ്ടായിരിക്കണം. കടന്നുപോകുന്ന ഓരോ സെക്കന്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന ബോധ്യത്തോടെ അവയെ ഫലപ്രദമായി വിനിയോഗിക്കാൻ നമുക്ക് സാധിക്കണം.
(അവസാനിച്ചു)
