ജനവിധിയിലെ തിരിച്ചറിവുകൾ
നബീൽ പയ്യോളി
2026 മെയ് 23, 1447 ദുൽഹിജ്ജ 07

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രീപോളുകളെയും എകിസ്റ്റ് പോളുകളെയും വിദഗ്ധ നിരീക്ഷണങ്ങളെയും അപ്രസക്തമാക്കിയ വിജയമാണ് യുഡിഎഫ് നേടിയത്. കേരള ചരിത്രത്തിൽ ഏറ്റവുമധികം ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി ഭരിക്കുന്നു എന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പ് റിസൾട്ടിനുണ്ട്. ജനമനസ്സ്ഭരണമുന്നണിക്ക് വിരുദ്ധമായിരുന്നു എന്നതാണ് പരാജയകാരണമായി പൊതുവെ വിലയിരുത്തപ്പെടുന്നത്. ജനഹിതം മനസ്സിലാക്കാൻ സാധിക്കില്ലെന്ന തുറന്നുപറച്ചിലുകൾ ഇടതുനേതാക്കളിൽനിന്നും ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനവികാരത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഇടതുപക്ഷത്തിന് സാധ്യമായില്ല എന്നതുകൊണ്ട് തന്നെ ജനങ്ങൾ അവർക്കെതിരെ വോട്ട് ചെയ്തു, യുഡിഎഫ് ഭരണം ഉറപ്പിച്ചു.
നിലപാടിലെ കൃത്യത
വിവാദ വിഷയങ്ങളിൽ ഉചിതമായ നിലപാടെടുക്കുക എന്നത് വലിയ പ്രയാസകരമായ കാര്യമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി നിലപാടെടുക്കുക എന്നത് അസാധ്യമാണ്. നിഷ്പക്ഷം എന്നൊന്നില്ല,
മറിച്ച് കൃത്യമായ പക്ഷത്ത് അഥവാ ശരിയുടെ പക്ഷത്ത് ചേർന്ന് നിൽക്കുക എന്നതാണ് പ്രധാനം. അവിടെ പൊതുവെ പൊതുപ്രവർത്തകർ പരാജയപ്പെടാറാണ് പതിവ്. അതിൽനിന്നും വിപരീതമായി ഏത് കൊടുങ്കാറ്റ് വന്നാലും നിലപാടിൽ മാറ്റം വരുത്തില്ല, അതെന്റെ ബോധ്യത്തിൽനിന്നും എടുത്തതാണ് എന്ന ഉറച്ച ശബ്ദം വേറിട്ട അനുഭവമായി കേരളം കണ്ടു. അനീതിക്കെതിരെയും വർഗീയ വിഷങ്ങൾക്കെതിരെയും നോ പറയാനും ശക്തമായ നിലപാടുകൾ ഉയർത്തിപ്പിടിക്കാനും സാധിച്ചു എന്നതാണ് പ്രതിപക്ഷ നേതാവിനെ ജനം അത്രമേൽ സ്വീകരിക്കാൻ കാരണമായത് എന്നതാണ് യാഥാർഥ്യം. വർഗീയതയിൽ കലങ്ങിമറിയാറുള്ള തിരഞ്ഞെടുപ്പ് രംഗത്തെ ഭൂരിപക്ഷ-ന്യുനപക്ഷ വർഗീയതയ്ക്ക് കൂട്ടുനിൽക്കില്ല എന്ന തെളിഞ്ഞ നിലപാട് സ്വീകരിച്ചതിനാൽ പ്രബുദ്ധ ജനത കൂടെ നിന്നു. വർഗീയതയോട് നോ പറയേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല നാളെയുടെ തലമുറയുടെ സമാധാന ജീവിതത്തിനു വേണ്ടി കൂടിയാണ് എന്ന സന്ദേശം ഇളംതലമുറയും പഴയ തലമുറയും ഉൾക്കൊണ്ടു. നിലപാടെടുക്കേണ്ടതും അത് ഉറക്കെ പ്രഖ്യാപിക്കേണ്ടതുമായ ഘട്ടത്തിൽ ഒട്ടും അമാന്തം കാണിക്കാതെ, പൂർണമായ ബോധ്യത്തോടെ അതിനു തയ്യാറാകണം; സമൂഹത്തിന് ബോധ്യമാകുന്ന വിധം ക്രിസ്റ്റൽ ക്ലിയറായിത്തന്നെ.
സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മത-സാമൂഹിക കൂട്ടായ്മകളെ അർഹമായ പരിഗണനയോടെ ചേർത്തുനിർത്തുന്നതോടൊപ്പം അവരുടെ അപരവിദ്വേഷ ചിന്തകൾക്ക് വഴങ്ങില്ലെന്ന നിലപാടിന്റെതു കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. മലപ്പുറത്തെയും മുസ്‌ലിം സമൂഹത്തെയും നിരന്തരം നാവുകൊണ്ട് കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ കാണിച്ച ആർജവം സമാധാന കാംക്ഷികളുടെ പിന്തുണക്ക് കാരണമായെന്നതിൽ സംശയമില്ല. മുസ്‌ലിം-ക്രിസ്ത്യൻ സമൂഹങ്ങളെ തമ്മിലടിപ്പിക്കാൻ പണിയെടുത്ത സംഘപരിവാർ കുതന്ത്രങ്ങളെ തകർത്തുകളയുന്നവിധം മലയാളികൾ വോട്ടവകാശം ഉപയോഗപ്പെടുത്തിയത് അഭിമാനകരമാണ്.
നമ്മൾ ഒരു ടീം
‘ഞാൻ’ അല്ലാതെ മാറ്റാരുണ്ട് എന്നു ചിന്തിക്കുന്ന സാമൂഹിക പരിസരത്ത് ‘നമ്മൾ ഒരുമിച്ചാണ്’ എന്ന ശബ്ദമുയർന്നത് ഈ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പ്രധാന ഘടകമാണ്. മനുഷ്യർ വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഒരാൾ വിചാരിച്ചാൽ മാത്രം മാറ്റം സാധ്യമല്ലെന്ന് ചരിത്രത്താളുകൾ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ‘ഞാൻ’ അല്ല ‘നമ്മുടെ ടീം’ ആണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് പ്രഖ്യാപിക്കുന്നത് സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല. ഓരോരുത്തരും അവരവരുടെ ഭാഗധേയം നിർവഹിക്കുന്ന മനോഹരമായ ചങ്ങലയിൽ ഞാനുമുണ്ടെന്ന് ജനം തീരുമാനിക്കുകയായിരുന്നു. ചാനൽ മുറികളിലെ ജഡ്ജിമാരും നിരീക്ഷണ വിദഗ്ധരും പ്രവചന സിംഹങ്ങളും അമ്പേ പരാജയപ്പെട്ടത് ഈ ടീം സ്പിരിറ്റ് തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ടാണ്. മനുഷ്യൻ ചേർത്തു നിർത്തലിനോട് ചേർന്നുനിൽക്കുന്നവനാണ്. വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ധിക്കാരസ്വരത്തോട് അകലം പാലിക്കാനേ സാധാരണക്കാർക്ക് കഴിയൂ.
ചുറ്റുമുള്ളവരെ ബോധപൂർവം ചേർത്ത് നിർത്തുകയും അവർക്ക് അർഹമായ ഇടം നൽകുകയും അവരുടെ പ്രതീക്ഷകളും പ്രത്യാശകളും ആകുലതകളും അഭിപ്രായങ്ങളും കേൾക്കാനും പരിഗണിക്കാനും തയ്യാറായാൽ ലക്ഷ്യത്തിലേക്കുള്ള കരുത്തായി അവർ ഊർജസ്വലരായി പ്രവർത്തിക്കും. നമുക്ക് കൂടുതൽ ശക്തമായ ടീം ഉണ്ടാവുകയും അതുവഴി ഫലപ്രദമായി ലക്ഷ്യപ്രാപ്തി നേടുകയും ചെയ്യാം. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കണെമെന്ന് ജനങ്ങൾ ആഗ്രഹിച്ച പലരും ഇടത്-വലത് മുന്നണികളിലൂടെ സ്ഥാനാർഥി ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. അർഹരായ ധാരാളം പേരുള്ളപ്പോൾ അങ്ങനെ സംഭവിക്കുക സ്വാഭാവികം. അങ്ങനെ അവസരം ലഭിക്കാതെ പോയവരെ കൂടെ നിർത്തി പോരാടാൻ സാധിച്ചു എന്നത് ലീഡർഷിപ്പിന്റെ വിജയമാണ്.
വികസന കാഴ്ചപ്പാടുകൾ
നാടിന്റെ സ്പന്ദനം മനസ്സിലാക്കിയും ഓരോ മേഖലയിലെയും സാധ്യതകളെ ഉപയോഗപ്പെടുത്തിയുമുള്ള ജനകീയ വികസന കാഴ്ചപ്പാടുളെയാണ് പി.ആർ വർക്കുകൾക്കപ്പുറം ജനം സ്വീകരിച്ചത്. വിദ്യാർഥി കളും തൊഴിലാളികളും സംരംഭകരും കർഷകരും അടക്കമുള്ള സമൂഹത്തെ മുഴുവൻ പരിഗണിച്ച് വികസന സാധ്യതകളെ ഗൗരവപൂർവം അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നതും ജനങ്ങളുടെ പിന്തുണക്ക് ആക്കം കൂട്ടി. ക്ഷേമ പ്രവർത്തനങ്ങളും വികസനവും ഒരേപോലെ കൊണ്ടുപോകാൻ സാധിക്കണം. പണം ഏതാനും പേരുടെ കൈകളിൽ മാത്രം കറങ്ങേണ്ടതല്ല; സമൂഹത്തിൽ അത് നിർബാധം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കണം.
പണം എത്രമേൽ സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെടുന്നുവോ അതിനനുസരിച്ച് സമ്പദ്‌വ്യവസ്ഥ ശക്തമാവും. ഈ ബോധ്യത്തിൽനിന്നും സാമ്പത്തിക വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുക എന്നതാണ് ഇന്നിന്റെ ആവശ്യം. അഴിമതിയും ധൂർത്തും അധികാര കേന്ദ്രീകരണവും ഏറെക്കാലം ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, ആരോഗ്യസംരക്ഷണം, വിനോദം, സമാധാനാന്തരീക്ഷം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ നിർവഹിക്കപ്പെടുമ്പോഴാണ് ഒരു സർക്കാർ ജനങ്ങളുടെ സർക്കാരായി മാറുന്നത്. അവകാശങ്ങളെ ഔദാര്യങ്ങളായി അവതരിപ്പിക്കുന്ന പ്രവണത അഭിമാനബോധമുള്ളവർക്ക് അംഗീകരിക്കാവതല്ല.
വിശ്വാസികളും മതനിരപേക്ഷതയും
ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രത്യേകത അത് എല്ലാറ്റിനെയും ഒരുപോലെ ഉൾകൊള്ളുന്നു എന്നതുതന്നെയാണ്. സംഘപരിവാർ പ്രത്യയശാസ്ത്രം വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്ന ഇന്ത്യൻ മതനിരപേക്ഷതയുടെ അന്തസ്സിനെ തിരസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഉയർന്ന ജനാധിപത്യ-മതനിരപേക്ഷ ബോധവും വിദ്യാഭ്യാസ സാംസ്‌കാരിക നിലാവാരവും പുലർത്തുന്ന മലയാളികൾക്ക് ഇതിനോട് സമരസപ്പെടുക സാധ്യമല്ല. വർഗീയതയെ വോട്ടാക്കി മാറ്റാനുള്ള അവരുടെ കുൽസിത ശ്രമങ്ങളെയും മലയാളികൾ ചെറുത്തു തോൽപിച്ച ഒന്നായി ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടതുണ്ട്. മതമില്ലാത്ത ജീവനുകളല്ല, മതവിശ്വാസത്തിന് ജീവനെക്കാൾ വിലകൽപിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ട് തന്നെ വിശ്വാസി സമൂഹത്തെ അവഗണിക്കാനും അപരവൽക്കരിക്കാനും അജണ്ടകൾ നെയ്യാൻ ശ്രമിക്കുന്ന ഭരണകൂടത്തെ തിരുത്താൻ ജനം തീരുമാനിച്ചത് വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ വോട്ടുകൾ ഏകീകരിച്ചു എന്ന പതിവ് പല്ലവികൾക്ക് ഇടമില്ലാത്തവിധം സർവജനവിഭാഗങ്ങളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്.
തിരിച്ചറിവ് നയിക്കട്ടെ
പുതിയ സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ട്, പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കണം. മുമ്പത്തെക്കാളുപരി സോഷ്യൽ ഓഡിറ്റിംഗ് ശക്തമായി ഇന്നുണ്ട്. ജനം പ്രതികരിക്കുമെന്ന ബോധ്യമുണ്ടാവണം. സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ഒരേപോലെ പരിഗണിക്കാനും ചേർത്തുനിർത്താനും പുതിയ സർക്കാരിന് ബാധ്യതയുണ്ട്. നിലപാടുകളിൽ വെള്ളം ചേർക്കാതെ തെളിമയാർന്ന ഭരണമാണ് ജനം ആഗ്രഹിക്കുന്നത്. ജനഹിതം മറന്ന് അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. വലിയ പ്രതീക്ഷയോടെ ജനം നൽകിയ അംഗീകാരത്തെ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം. ‘നമ്മൾ ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്’ എന്ന വാചകം ചെവികളിൽ സദാ മുഴങ്ങിക്കൊണ്ടിരിക്കണം. അതിനനുസരിച്ച് കർമപദ്ധതികൾ നടപ്പിലാക്കി ജനകീയ സർക്കാരായി മാറണം. സംഘപരിവാറിന് അടിയറവെച്ച ആഭ്യന്തര വകുപ്പും സർക്കാർ ഉദ്യോഗസ്ഥരും ഇനി ഉണ്ടാകാതിരിക്കാൻ ജാഗ്രതവേണം. കഴിഞ്ഞ കാലങ്ങളിൽ നടന്ന അഴിമതികളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കണം. എന്നാൽ മാറിവരുന്ന സർക്കാരുകൾ പരമ്പരാഗതമായി ചെയ്തുവരുന്ന അന്യായമായ രാഷ്ട്രീയ പകപോക്കൽ സംഭവിച്ചുകൂടാ. സത്യവും നീതിയും കൈവിടരുത്. അക്ഷരാർഥത്തിൽ ജനാധിപത്യം പൂത്തുലഞ്ഞ വിധിയിൽ പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ തയ്യാറാകണം. ഇടതുപക്ഷവും ഞങ്ങളാണ് ഇടതുപക്ഷം എന്ന് പറയുന്ന വരും ഗൗരവതരമായ ഇടപെടൽ നടത്തുന്ന കേരളത്തെയാണ് ജനം ആഗ്രഹിക്കുന്നത്. അതാണ് നമ്മുടെ ഭാവിയുടെ പ്രതീക്ഷ. മൂന്ന് ഇടങ്ങളിലുണ്ടായ ജാഗ്രതക്കുറവ് മൂലം സംഘപരിവാർ ജയിച്ചുകയറിയ സാഹചര്യത്തെ സഗൗരവം പഠിച്ച് ഇനി അത്തരം അബദ്ധം ആവർത്തിക്കില്ലെന്നു തീരുമാനിക്കണം.
തമിഴ്‌നാട് വിധി
രാജ്യത്ത് സംഘപരിവാറിന് മുമ്പിൽ സധൈര്യം പോരാടിയ സ്റ്റാലിന്റെ കക്ഷിയുടെ പരാജയം നമ്മെ നിരാശപ്പെടുത്തിയതാണ്. പകരം വന്ന വിജയ് ജനാധിപത്യത്തോട് ചേർന്ന് നിൽക്കും എന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ഇടം കൊടുക്കാതെ, മറ്റൊരു തിരഞ്ഞെടുപ്പിന് അവസരം നൽകാതെ വിജയ് നേതൃത്വം നൽകിയ ഭരണകൂടത്തിന് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഇന്ത്യാസഖ്യം അതിവേഗം തീരുമാനിച്ചത്. ജനാധിപത്യവും ഫാസിസവും തമ്മിലുള്ള വൈര്യത്തിൽ സംഘപരിവാറിന് ഇടം നൽകാതിരിക്കാനുള്ള ജാഗ്രത പ്രതീക്ഷ നൽകുന്നതാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്ത വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ സംഘ്പരിവാർ വിരുദ്ധതയുടെ അടയാളപ്പെടുത്തലായി. ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് സംസ്ഥാന ഭരണത്തെ ഞെരിച്ചുകൊല്ലുന്ന മോഡി-ഷാ കൂട്ടുകെട്ടിനെ സർവസജ്ജരായി നേരിടാൻ വിജയിക്ക് എത്രത്തോളം സാധിക്കുന്നു എന്നത് പ്രധാനമാണ്. പ്രത്യയശാത്ര അടിത്തറയില്ലാതെ താരപരിവേഷത്തിൽ സംഘടിച്ച ടിവികെക്ക് ജനാധിപത്യ-മതനിരപേക്ഷത സംരക്ഷണവും വർഗീയ-ഫാസിസ്റ്റ് വിരുദ്ധതയും എത്രമേൽ ശക്തമായി നടപ്പിലാക്കാൻ സാധിക്കുമെന്നത് പ്രതീക്ഷയോടെ കാത്തിരിക്കാം.
ബംഗാളിലെ വോട്ട് ചോരി
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനെ ജനാധിപത്യവിശ്വാസികൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. സംഘപരിവാർ സർവ സന്നാഹങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ്സ് തുടക്കം മുതൽതന്നെ പറഞ്ഞതാണ്. എസ്.ഐ. ആർ നടപ്പിലാക്കി അത് സാധ്യമാക്കിയിരിക്കുകായാണ് അവരി പ്പോൾ. മമതാ ബാനർജി തോറ്റതടക്കം തിരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി പ്രതിപക്ഷം ഇതിനോടകം തന്നെ ആരോപിച്ചുകഴിഞ്ഞു. റിസൾട്ട് വന്ന ഉടനെത്തന്നെ ബംഗാൾ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞത് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ബംഗാൾ തെരഞ്ഞെടുപ്പിലെ അട്ടിമറികൾക്കെതിരെ മമതയോടൊപ്പം ചേർന്ന് പ്രതികരിക്കാം എന്നതാണ്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഈ അനീതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുന്നോട്ട് വരണം എന്ന മമതയുടെ ആഹ്വാനവും പ്രതീക്ഷ നൽകുന്നതാണ്.
രാജ്യത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ അഭിപ്രായ വ്യതാസങ്ങൾ മറന്ന് ഒന്നിച്ചിറങ്ങാൽ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാവേണ്ടതുണ്ട്. ഒരുമിച്ച് നിന്നാൽ മാത്രമെ ശത്രുവിനെ നിഷ്പ്രഭമാക്കാൻ സാധ്യമാവൂ എന്ന തിരിച്ചറിവോടെ കൂടുതൽ വിവേകത്തോടെ നിയമ-ജനാധിപത്യ വഴികളിലൂടെ രാജ്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കാം.
