വീട് അനുഗൃഹീതമാകണോ?

അബ്ദു റഊഫ് അൽഹികമി

2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

സുരക്ഷയ്ക്കും സന്തോഷത്തിനും വിശ്രമത്തിനും വേണ്ടി അല്ലാഹു നമുക്ക് നൽകിയ വലിയൊരു അനുഗ്രഹമാണ് നമ്മുടെ ഭവനം. “അല്ലാഹു നിങ്ങൾക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു’’ (ക്വുർആൻ 16:80).

‘വീട്’ എന്നത് അനുഗ്രഹങ്ങൾ നിറഞ്ഞ സമാധാനത്തിന്റെ കേന്ദ്രമാണ്. എന്നാൽ ഇന്ന് പല വീടുകളിലും ശാന്തിയും സമാധാനവും ഐശ്വര്യവും (ബറകത്ത്) നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇസ്‌ലാമിക അധ്യാപനങ്ങളിൽനിന്നുള്ള അകൽച്ചയും മതവിരുദ്ധമായ കാര്യങ്ങൾ ജീവിതത്തിലേക്ക് കടന്നുകൂടിയതുമാണ് ഇതിന് പ്രധാന കാരണം

ഇന്നത്തെ വീടുകളിൽ ബിഗ് സ്‌ക്രീനുകളും സാറ്റലൈറ്റ് ചാനലുകളും നിറഞ്ഞിരിക്കുന്നു. മുൻഗാമികൾ അറിയാത്തതും അനുഭവിക്കാത്തതുമായ ഒരുപാട് അനുഗ്രഹങ്ങൾ നമുക്കു നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ അനുഗ്രങ്ങൾ ആസ്വദിക്കുന്ന നമുക്ക് എങ്ങനെയൊക്കെയോ ബറകത്ത് കുറഞ്ഞിരിക്കുന്നു. എത്ര സമ്പാദിച്ചാലും നമുക്ക് മതിയാകുന്നില്ല, ആരോഗ്യം ക്ഷയിക്കുന്നു, മുൻഗാമികളിൽ കാണാത്ത രോഗങ്ങൾ പിടിപെടുന്നു; ആകെ തിരക്കാണ്, സമയം മതിയാകുന്നില്ല...

ഇത്തരത്തിൽ സമയത്തിലും സമ്പത്തിലും ജോലിയിലും കുടുംബത്തിലും എവിടെയും ബറകത്തില്ലാത്ത അവസ്ഥ അനുഭവിക്കുണ്ടോ? എങ്കിൽ നമ്മുടെ ഭവനങ്ങളിൽ ബറകത്ത് ലഭിക്കുന്ന വഴികൾ മനസ്സിലാക്കി അവയിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. നമ്മുടെ വീടുകളിൽ എങ്ങനെ ബറകത്തും നന്മയു ആശ്വാസവും സമാധാനവും നിറക്കാം?

1. സൂക്ഷ്മതയോടെ ജീവിക്കുക

അല്ലാഹു നിർബന്ധമായും ചെയ്യാൻ പറഞ്ഞ കര്യങ്ങൾ നിർവഹിച്ചുകൊണ്ടും ഹറാമായ കാര്യങ്ങളി ൽനിന്ന് ഒഴിവായിക്കൊണ്ടും ഹലാലായ മാർഗത്തിലൂടെ സമ്പാദിച്ചുകൊണ്ടും സൂക്ഷ്മതയോടുകൂടിയ ജീവിതം നയിക്കുന്ന ഭവനങ്ങളിൽ അല്ലാഹുവിന്റെ ബറകത്ത് ഉണ്ടാകും എന്നാണ് വിശുദ്ധ ക്വുർആനിന്റെ അധ്യാപനം.

“ആ നാടുകളിലുള്ളവർ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നാം അവർക്ക് അനുഗ്രഹങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവർ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോൾ അവർ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി’’ (ക്വുർആൻ 7:96).

2. വീട്ടിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിനെ ഓർക്കുക

ജാബിർ(റ) നിവേദനം; നബിﷺ പറഞ്ഞു: “ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുകയാണെങ്കിൽ (ബിസ്മി ചൊല്ലിയാൽ) പിശാച് (അവന്റെ കൂട്ടാളികളോട്) പറയും: ‘നിങ്ങൾക്കിവിടെ രാപ്പാർക്കാൻ ഇടമില്ല, ഭക്ഷണവുമില്ല.’ എന്നാൽ ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിനെ സ്മരിക്കാതിരുന്നാൽ പിശാച് പറയും: ‘നിങ്ങൾക്കിവിടെ രാപ്പാർക്കാൻ ഇടം ലഭിച്ചിരിക്കുന്നു.’ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കാതിരുന്നാൽ പിശാച് പറയും: ‘നിങ്ങൾക്കിവിടെ താമസിക്കാനുള്ള ഇടവും ഭക്ഷണവും ലഭിച്ചിരിക്കുന്നു’’ (സ്വഹീഹു മുസ്‌ലിം).

അല്ലാഹു സ്മരിക്കപ്പെടുന്ന വീടിനെ പ്രവാചകൻﷺ ഉപമിച്ചത് കാണുക: “അല്ലാഹുവിനെ സ്മരിക്കുന്ന വീടിന്റെയും സ്മരിക്കാത്ത വീടിന്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്’’ (സ്വഹീഹു മുസ്‌ലിം).

നമ്മുടെ വീടുകളിൽ ബറകത്ത് നിറയേണ്ടത് ചുമരുകളിലെ അലങ്കാരങ്ങൾ കൊണ്ടല്ല, മറിച്ച് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൾ കൊണ്ടാണ്. ആഡംബരങ്ങളെക്കാൾ പ്രധാനം ആത്മീയമായ ഉണർവാണെന്ന് നാം മനസ്സിലാക്കണം.

മനുഷ്യരുടെ കണ്ണിൽ സാധാരണമായ ഒരു വീട്, എന്നാൽ അതിൽ അല്ലാഹു സ്മരിക്കപ്പടുന്നുണ്ടെ ങ്കിൽ ആകാശലോകത്തുള്ളവർക്ക് അത് നക്ഷത്രത്തെപ്പോലെ പ്രകാശിക്കുന്ന ഒന്നായിരിക്കും. അതിനാൽ, നമ്മുടെ വീടുകളെ വെറും കെട്ടിടങ്ങളാക്കി മാറ്റാനല്ല, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൊണ്ട് ധന്യമായ ഇടങ്ങളാക്കി മാറ്റാനാണ് നാം പരിശ്രമിക്കേണ്ടത്.

3. വീട്ടിലുള്ളവരോട് സലാം പറയൽ

വിശുദ്ധ ക്വുർആനിൽ ഒന്നിലധികം തവണ എടുത്തുപറഞ്ഞ വിഷയമാണ് വീട്ടിലുള്ളവരോട് സലാം പറയുക എന്നത്. അല്ലാഹു പറയുന്നു: “ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങൾക്ക് ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടിയത്രെ (ഇതു പറയുന്നത്)’’ (ക്വുർആൻ 24:27).

“എന്നാൽ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽനിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം’’ (24:61).

വീട്ടിൽ ചെല്ലുമ്പോൾ സലാം പറയുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, അതിലൂടെ വീടുകളിൽ ബറകത്തും സ്‌നേഹവും അല്ലാഹുവിന്റെ സ്മരണയും നിറയുന്നു. സലാം പറയുന്ന വീടുകൾ ജീവിക്കുന്ന ഹൃദയങ്ങളുള്ള വീടുകളാണ്. സലാമിന് ഏറ്റവും അർഹമായ വീട് സ്വന്തം വീടാണ്; സലാം വ്യാപിപ്പിക്കേണ്ടവരിൽ ഏറ്റവും പ്രഥമർ നമ്മുടെ കുടുംബാംഗങ്ങളാണ്.

അനസ്(റ) പറയുന്നു: റസൂൽﷺ എന്നോട് പറഞ്ഞു: “എന്റെ പ്രിയ മകനേ, നീ നിന്റെ വീട്ടുകാരുടെ അടുക്കൽ പ്രവേശിക്കുമ്പോൾ സലാം പറയുക; അത് നിനക്കും നിന്റെ വീട്ടുകാർക്കും ബറക്കത്തായിരിക്കും’’ (തിർമിദി).

ചില ആളുകൾ അന്യരെ വലിയ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യും. എന്നാൽ സ്വന്തം വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയാൻ മടിക്കും. യഥാർഥത്തിൽ ഏറ്റവും കൂടുതൽ ബറകത്ത് അർഹിക്കു ന്നത് സ്വന്തം വീടും ഭാര്യയും മക്കളുമല്ലേ?

ശൈഖ് അഹ്‌മദ് ഈസ അൽമഅ്‌സറാവി പറയുന്നു: “ഇന്ന് ആളുകൾ ‘അസ്സലാമു അലൈക്കും’ എന്ന് മാത്രം പറയുന്നു; ‘വറഹ്‌മതുല്ലാഹി വബറകാതുഹു’ എന്നു പൂർണമായി പറയുന്നത് വിട്ടുപോയി. അതിനാലാണ് ജീവിതത്തിലെ പല മേഖലകളിൽനിന്നും റഹ്‌മത്തും ബറകത്തും നഷ്ടപ്പെട്ട് പോകുന്നത്.’’