പശ്ചിമേഷ്യൻ പ്രതിസന്ധികളെ പ്രമാണങ്ങളിലൂടെ വായിക്കുമ്പോൾ

യാസീൻ അൽഹികമി

2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

പശ്ചിമേഷ്യൻ പ്രതിസന്ധികളെയും സംഘർഷങ്ങളെയും കേവലമൊരു രാഷ്ട്രീയ പോരാട്ടമായി മാത്രം ചുരുക്കിക്കാണാൻ ഒരിക്കലും സാധിക്കില്ല. മറിച്ച്, രാഷ്ട്രീയ ലക്ഷ്യങ്ങളും സങ്കുചിതമായ മത വിശ്വാസങ്ങളും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്ന വളരെ സങ്കീർണമായ ഒരു അവസ്ഥയാണിത്. സ്വാധീനശക്തിക്ക് വേണ്ടിയുള്ള കിടമത്സരം, സമുദ്ര കവാടങ്ങളുടെയും തുറമുഖങ്ങളുടെയും നിയന്ത്ര ണം, എണ്ണയും ഗ്യാസും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ കൈക്കലാക്കൽ തുടങ്ങിയ വലിയ ഭൗമരാഷ്ട്രീയ താൽപര്യങ്ങളാണ് യഥാർഥത്തിൽ ഇതിന് പിന്നിലുള്ളത്. എന്നാൽ നിർഭാഗ്യവശാൽ, ഇതിൽ ഉൾപ്പെട്ട ഇരുവിഭാഗവും തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി മതത്തെ അതിക്രൂരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഓരോ തവണ പ്രതിസന്ധികൾ ആവർത്തിക്കുമ്പോഴും യാഥാർഥ്യങ്ങൾ അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്; രാഷ്ട്രീയ സംഭവവികാസങ്ങളെ മനസ്സിലാക്കുന്നതിലും നിലപാടുകൾ തീരുമാനിക്കുന്നതിലും സലഫികൾ അവലംബിക്കുന്ന മൻഹജ് കേവലമൊരു ബൗദ്ധിക സിദ്ധാന്തമല്ല. മറിച്ച്, വഞ്ചനാത്മകമായ മുദ്രാവാക്യങ്ങളിൽനിന്നും വൈകാരികതകളിൽനിന്നും അകന്നുനിന്നുകൊണ്ട്, നിലപാടുകളെ അല്ലാഹുവിന്റെ വചനങ്ങളുമായും നബി ﷺയുടെ സുന്നത്തുമായും ബന്ധിപ്പിക്കാനുള്ള ഗൗരവകരമായ ശ്രമമാണത്.

സയണിസ്റ്റ് പദ്ധതികളുടെ അടിസ്ഥാനം പരിശോധിച്ചാൽ, ‘നൈൽ നദി മുതൽ യൂപ്രട്ടീസ് നദി വരെ’ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുക എന്നത് ഒരു ദൈവനിശ്ചയമാണെന്ന അന്ധവിശ്വാസത്തിലാണ് അവർ നിലകൊള്ളുന്നത് എന്ന് കാണാൻ സാധിക്കും. വെറും മിത്തുകളെ അടിസ്ഥാനമാക്കിയാണ് സയണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നത് എന്ന് പ്രമുഖ ചിന്തകൻ റോജർ ഗാരോഡി തന്റെ ‘ദ ഫൗണ്ടിംഗ് മിത്ത്‌സ് ഓഫ് മോഡേൺ ഇസ്രായേൽ’ (The Founding Myths of Modern Israel) എന്ന ഗ്രന്ഥത്തിലൂടെ കൃത്യമായി തുറന്നുകാട്ടിയിട്ടുണ്ട്. പാശ്ചാത്യ ശക്തികൾ മതേതരവാദികളെന്ന് അവകാശപ്പെടുമ്പോഴും, അവർ ഇസ്രായേലിനെ അന്ധമായി പിന്തുണയ്ക്കുന്നതിന് പിന്നിലും അവരുടെ വികലമായ ക്രൈസ്തവ വിശ്വാസങ്ങളുണ്ട്. മസ്ജിദുൽ അക്വ്‌സ തകർത്ത് അവിടെ ഒരു ക്ഷേത്രം നിർമിക്കപ്പെടുമ്പോഴാണ് ക്രിസ്തുവിന്റെ രണ്ടാം വരവ് ഉണ്ടാകുക എന്ന അവരുടെ വിശ്വാസം, സയണിസ്റ്റ് ലക്ഷ്യങ്ങൾ മേഖലയിൽ നടപ്പിലാക്കാനുള്ള ഒരു ഉപാധിയായി അവരെ മാറ്റിയിരിക്കുന്നു. ഇതാണ് ഈ സംഘർഷത്തിലെ ഒരു വശം.

മറുവശത്ത്, ഇസ്‌ലാമിന്റെയും പ്രവാചക കുടുംബത്തിന്റെയും പേര് പറഞ്ഞ് സുന്നി മുസ്‌ലിംകളെ വേട്ടയാടുകയും പശ്ചിമേഷ്യയിൽ തങ്ങളുടെ പേർഷ്യൻ സാമ്രാജ്യത്വ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കു കയും ചെയ്യുന്ന ഇറാനിലെ റാഫിദികളാണ്. ഇറാൻ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് തികച്ചും അബദ്ധജടിലമായ ഒരു വാദമാണ്. പുറമെ ഇസ്‌ലാമും ഉള്ളിൽ കുഫ്റും വെച്ചുപുലർ ത്തുന്ന ഒരു രാജ്യമാണത് എന്ന യാഥാർഥ്യത്തെ ബോധപൂർവം അവഗണിക്കാൻ ഒരു സത്യവിശ്വാസിക്കും സാധിക്കില്ല. ശിയാവിശ്വാസത്തിന്റെ യഥാർഥ വൈകല്യങ്ങളെക്കുറിച്ച് പഠിച്ച അസ്ഹറിലെ പ്രമുഖ പണ്ഡിതൻ ഡോ. മുഹമ്മദ് അമാറ വ്യക്തമാക്കിയത്, ശിയാക്കളെ ഒരു ചിന്താധാര എന്ന് വിളിക്കുന്നതിന് പകരം ‘ശിയാ മതം’ എന്ന് വിളിക്കുന്നതാണ് കൂടുതൽ കൃത്യത എന്നാണ്. സുന്നി സമൂഹം വിശ്വസിക്കുന്ന അല്ലാഹുവും പ്രവാചകനുമല്ല തങ്ങളുടെതെന്ന് അവരുടെ പ്രമുഖ പണ്ഡിതനായ നിഅ്മത്തുള്ള അൽജസാഇരി തന്റെ ഗ്രന്ഥത്തിൽ സംശയലേശമന്യേ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, അബൂബക്കർ(റ) ആരുടെ ഖലീഫയാണോ അവനാണ് അല്ലാഹു എന്ന് വിശ്വസിക്കാൻ അവർ തയ്യാറല്ല. നബിﷺയുടെ സച്ചരിതരായ സ്വഹാബികളെയും സുന്നി ലോകത്തെയും മുഴുവൻ കാഫിറുകളാക്കുന്ന വ്യതിചലിച്ച വിശ്വാസമുള്ളവരാണവർ. ഇങ്ങനെയുള്ളവരെ ഇസ്‌ലാമിക പ്രതിരോധത്തിന്റെ വക്താക്കളായി കാണുന്നത് ഇസ്‌ലാമിക അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കടുത്ത അജ്ഞതയാണ്.

കയ്‌പ്പേറിയ ഒരു ഭൗമരാഷ്ട്രീയ സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കാനും ബ്ലാക്ക്‌മെയിൽ ചെയ്യാനും പാശ്ചാത്യശക്തികൾ ഉപയോഗിച്ച പ്രധാന ആയുധം റാഫിദീ ഭരണകൂടത്തിന്റെ ഈ സാന്നിധ്യമാണ്. ഇറാന്റെ നിരന്തരമായ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാം എന്ന വ്യാജേനയാണ് അവർ ഈ മേഖലയിൽ ഇടപെടലുകൾ നടത്തുന്നത്. സമീപകാലത്തായി അയൽരാജ്യങ്ങളായ മുസ്‌ലിം നാടുകൾക്കും സുന്നി ജനവാസകേന്ദ്രങ്ങൾക്കും നേരെ അവർ തൊടുത്തുവിട്ട ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഈ യാഥാർഥ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഈയൊരു ഭീഷണി കാരണം, ഇറാന്റെ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സയണിസ്റ്റുകളെ അഭയം പ്രാപിക്കുകയാണ് ഏകവഴിയെന്ന് തെറ്റിദ്ധരിച്ച് ചില അറബ് രാജ്യങ്ങൾ ‘അബ്രഹാം ഉടമ്പടികൾ’ (Abraham Accords)പോലുള്ള കരാറുകളിലേക്ക് വേഗത്തിൽ നീങ്ങാൻ നിർബന്ധിതരായി. ഇതിൽ നിന്ന് വ്യക്തമാകുന്നത്, ഇറാനിലെ നിലവിലെ ഭരണകൂടം മുസ്‌ലിം സമുദായത്തിന് ഒരു മുതൽക്കൂട്ടല്ല, മറിച്ച് വലിയൊരു ദുരന്തമാണ് എന്നാണ്.

ഈയൊരു പശ്ചാത്തലത്തിലാണ്, ഇറാനോടൊപ്പം നിൽക്കുക എന്നത് ഇസ്‌ലാമിനോടൊപ്പം നിൽക്കുന്നതിന് തുല്യമാണെന്നും, നിഷ്പക്ഷത പാലിക്കുന്നതോ വിമർശിക്കുന്നതോ ആയ ഏത് നിലപാടും ജൂതന്മാർക്ക് അനുകൂലമായി ഭവിക്കുമെന്നുമുള്ള ഒരു വ്യാജ ദ്വന്ദവാദം നമ്മുടെ സമൂഹത്തിൽ ചിലർ പ്രചരിപ്പിക്കുന്നത്. കേവലം രണ്ട് ചോയ്സുകളിൽ മാത്രം കാര്യങ്ങളെ ഒതുക്കുന്ന ഈ വാദം യാഥാർഥ്യങ്ങളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ട് അതിക്രമികൾ തമ്മിൽ യുദ്ധം നടക്കുമ്പോൾ അതിലൊരാളെ പിന്തുണച്ചേ മതിയാകൂ എന്ന് നിർബന്ധം പിടിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഇറാന്റെ രാഷ്ട്രീയ നീക്കങ്ങൾക്കു പിന്നിൽ വെറും സാമ്രാജ്യ വികസനമാണ്. സിറിയയിലും ഇറാഖിലും ലബനനിലും യമനിലും അവർ ലക്ഷക്കണക്കിന് സുന്നി മുസ്‌ലിംകളെയാണ് കൊന്നൊടുക്കിയത്. സയണിസ്റ്റുകളോട് യുദ്ധം ചെയ്തു എന്നതുകൊണ്ട് മാത്രം അവർ ഇസ്‌ലാമിന്റെ വക്താക്കളാകുന്നില്ല. ഇവരിൽ ആരെയും പിന്തുണയ്ക്കാതെ സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ യഥാർഥ നിലപാട്.

യുദ്ധങ്ങളുടെയും ഫിത്നകളുടെയും സമയത്ത് വൈകാരികതയെ ചൂഷണം ചെയ്യുക എന്നത് വഴിപിഴച്ച രാഷ്ട്രീയ കക്ഷികൾ സ്വീകരിക്കുന്ന രീതിയാണ്. ജനങ്ങളെ ഇളക്കിവിട്ട്, തങ്ങളോടൊപ്പം നിൽക്കാത്തവരെയെല്ലാം ഇസ്‌ലാമിന്റെ ശത്രുക്കളായി അവർ ചിത്രീകരിക്കും. ഇത്തരം സന്ദർഭങ്ങളിൽ വികാരങ്ങൾക്ക് അടിമപ്പെടാതെ, അല്ലാഹുവിന്റെ ശരീഅത്തിന് പൂർണമായി കീഴ്പ്പെടാനാണ് സലഫുകൾ എക്കാലത്തും പഠിപ്പിക്കുന്നത്. മതത്തിന്റെയും ബുദ്ധിയുടെയും തുലാസിൽ നോക്കുമ്പോൾ എല്ലാ പക്ഷത്ത് നിന്നുമുള്ള അതിക്രമങ്ങളെയും നിരാകരിക്കുക എന്നത് പരിഗണിക്കപ്പെടുന്ന ഒരു നിലപാടാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സമുദായം സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം തർക്കങ്ങളും ഭിന്നതകളും വെടിയുകയും, മുസ്‌ലിം ഭരണാധികാരികളുടെ ഔദ്യോഗിക നിലപാടുകളോട് ചേർന്നുനിൽക്കുകയും ചെയ്യുക എന്നതാണ്.

മസ്ജിദുന്നബവിയിലെ മുദർരിസും മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ പ്രഗൽഭ സലഫി പണ്ഡിതൻ ഡോ. ശൈഖ് സുലൈമാൻ റുഹൈലി(റഹി) പറയുന്നു: “ചിലർ ഇപ്പോഴത്തെ സാഹചര്യങ്ങളെ ചൂഷണം ചെയ്ത് സയണിസ്റ്റുകളിൽ വിശ്വാസമർപ്പിക്കാനും അവരോട് അടുക്കാനും പ്രേരിപ്പിക്കുന്നത് നാം കേട്ടു. മറ്റു ചിലരാകട്ടെ, ഇതേ അവസരം ഉപയോഗിച്ച് ഇറാനിൽ വിശ്വാസമർപ്പിക്കാനും അവരുമായി സഹകരിക്കാനും ആഹ്വാനം ചെയ്യുന്നു. എന്നാൽ അല്ലാഹു ക്വുർആനിലൂടെ നമുക്ക് മുന്നറിയിപ്പ് നൽകുന്നു: ‘സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുതയുള്ളവർ യഹൂദരും അല്ലാഹുവിൽ പങ്കുകാരെ ചേർക്കുന്നവരും (മുശ്‌രിക്കുകൾ) ആണെന്ന് തീർച്ചയായും നിനക്ക് കാണാം.’’

ഇമാം അസ്സഅദി(റഹി) ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഈ രണ്ട് വിഭാഗങ്ങളാണ് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ഏറ്റവും കൂടുതൽ ശത്രുത പുലർത്തുന്നവർ. മുസ്‌ലിംകളെ ദ്രോഹിക്കാൻ ഇത്രയധികം പരിശ്രമിക്കുന്നവർ വേറെയില്ല. മുസ്‌ലിംകളോടുള്ള കടുത്ത വിദ്വേഷം, അസൂയ, ധിക്കാരം എന്നിവയാണ് ഇതിന് കാരണം.

അതുപോലെ, ഐക്യമുണ്ടാക്കാൻ എന്ന വ്യാജേന ‘ഇഖ്‌വാനുൽ മുസ്‌ലിമീൻ’ ഉൾപ്പെടെയുള്ള ഹിസ്ബി കക്ഷികളെയും പ്രസ്ഥാനക്കാരെയും കുറിച്ച് മിണ്ടാതിരിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നത് നാം കേട്ടു. എന്നാൽ പ്രതിസന്ധികളിലും കുഴപ്പങ്ങളിലും ഇത്തരം ബിദ്അത്തുകാർ കൂടുതൽ അപകടകാരികളാണെന്നും അവരുടെ ഇടപെടലുകൾ ദോഷകരമാണെന്നും തിരിച്ചറിവുള്ളവർക്ക് അറിയാം. അവരെ ആശ്രയിക്കുന്നത് ഐക്യമല്ല, മറിച്ച് ഭിന്നിപ്പാണ് ഉണ്ടാക്കുക.

വിവേകമുള്ള ഒരാൾ യഹൂദരിലോ മുശ്‌രിക്കുകളിലോ ഇത്തരം കക്ഷിവാദികളിലോ വിശ്വാസമർപ്പിക്കുകയില്ല. അവരോടുള്ള ഇടപാടുകൾ ഭരണാധികാരികളിൽ നിക്ഷിപ്തമായ രാഷ്ട്രീയ കാര്യമാണെന്ന് അയാൾക്കറിയാം. പൊതുനന്മയും സുരക്ഷയും പരിഗണിച്ച് അവർ തീരുമാനങ്ങളെടുക്കും. അതിനാൽ ഭരണാധികാരികളുടെ അധികാരങ്ങളിൽ കൈകടത്താനോ കാര്യങ്ങൾ കുഴപ്പത്തിലാക്കാനോ പാടുള്ളതല്ല.’’

ചുരുക്കത്തിൽ, ഒന്നിലും പക്ഷം ചേരാതെ യാഥാർഥ്യത്തോടൊപ്പം നിലകൊള്ളുന്നവരെ വഞ്ചകരാണെന്ന് മുദ്രകുത്തിയും സംശയങ്ങൾ ജനിപ്പിച്ചും അവരെ ഇല്ലാത്തൊരു ദ്വന്ദവാദത്തിൽ തളച്ചിടാൻ ശ്രമിക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. മതത്തെയും വ്യതിചലിച്ച രാഷ്ട്രീയ പദ്ധതികളെയും തമ്മിൽ വേർതിരിച്ച് കാണാൻ നമുക്ക് സാധിക്കണം. യാഥാർഥ്യങ്ങളെ മറന്നുകൊണ്ട് വെറും മുദ്രാവാക്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക. സലഫുകളുടെ മൻഹജ് മുറുകെപ്പിടിക്കുകയും, കാര്യങ്ങളെ കൃത്യമായി നോക്കിക്കാണുകയും, വൈകാരികതകൾക്ക് മുന്നിൽ സ്വന്തം ചിന്താശേഷിയെ അടിയറവു പറയാതിരിക്കുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.