വ്രതം:ആത്മ നിയന്ത്രണത്തിന്റെ പരിശീലനക്കളരി

കെ. സജ്ജാദ്

2026 ഫെബ്രുവരി 21, 1447 റമദാൻ 03

‘എന്ത് ചെയ്യും? അങ്ങനെയൊക്കെ സംഭവിച്ചു പോയി! ആ സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല’ എന്തെങ്കിലും വീഴ്ച ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മിൽ പലരും ഇങ്ങനെയൊക്കെ പറയാറുണ്ട്. ആയിരക്കണക്കിന് കിലോ ഭാരമുള്ള റോക്കറ്റുകളെ തന്റെ വിരൽതുമ്പുകൾ കൊണ്ട്നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ശാസ്ത്രജ്ഞനും സുദീർഘമായമണിക്കൂറുകളിലൂടെ മനസ്സാന്നിധ്യം കൈവിടാതെ തന്റെ രോഗിയുടെ ആന്തരികാവയവങ്ങൾ മാറ്റിവെക്കുന്ന ഡോക്ടറും അതികഠിനമായ ചൂടിനെ അതിജീവിച്ച് കൃഷിയിടങ്ങളിൽപണിയെടുക്കുന്ന കർഷകനും അവരവരുടെ മേഖലകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുന്നുണ്ട്.

എന്നാൽ ഇത്ര ശക്തരും പ്രതിഭകളുമായ ആളുകൾ തന്നെ തികച്ചും ലളിതവുംനിസ്സാരവുമായ കാര്യങ്ങളുടെ പേരിൽസ്വയം നിയന്ത്രിക്കാനാവാതെ ക്ഷോഭിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാറില്ലേ?

സംസ്‌കാര സമ്പന്നരെന്ന് അഹങ്കരിക്കുമ്പോഴും അടിപിടി, കൊലപാതകം, പീഡനംതുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നിത്യവും നമുക്കിടയിൽ സംഭവിക്കുന്നു എന്നത് യാഥാർഥ്യമല്ലേ?

മാന്യതയുടെ വേഷവും ഭാഷയും ബാഹ്യ ആവരണമായി സ്വീകരിക്കുന്ന പലരും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചിലപ്പോൾ ക്ഷുദ്രജീവികളായി മാറുന്നില്ലേ?

കായികമായി ശക്തരായവരും കഠിന പ്രയത്‌നങ്ങൾ കൊണ്ട് മാതൃകയാകുന്നവരുമായ ചിലർ ആത്മ നിയന്ത്രണത്തിന്റെ കാര്യത്തിൽ പരാജയപ്പെട്ടു പോകുന്നത് കാണാറില്ലേ? ആത്മനിയന്ത്രണവും ക്ഷമയും നഷ്ടപ്പെട്ട് അവിവേകത്തിലും അവിശുദ്ധ പ്രവർത്തനങ്ങളിലും അകപ്പെട്ട് പോകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.

ആവർത്തിച്ച് ചെയ്യുന്ന തിന്മകൾ മനസ്സിൽ നിന്നും മസ്തിഷ്‌ക്കത്തിൽ നിന്നും പറിച്ചെറിയാൻ ആഗ്രഹിച്ചിട്ടും അതിന് സാധിക്കാത്ത എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഇവിടെയാണ് വ്രതത്തിന്റെ പ്രസക്തി വർധിക്കുന്നത്.

വർഷത്തിലൊരു മാസം മുസ്‌ലിം സമൂഹത്തിന് നിർബന്ധ കർമമായി നിശ്ചയിക്കെപ്പട്ട നോമ്പിലൂടെ ഓരോ വ്യക്തിയുടെയും ആത്മനിയന്ത്രണവും അതുവഴിയുണ്ടാകുന്ന ആത്മീയ വിമലീകരണവുമാണ് മതം പ്രധാനമായും ലക്ഷ്യമിടുന്നത്.

വ്യക്തിയെ പരിവർത്തിപ്പിക്കുകയും അതുവഴി അവനിലുണ്ടാകുന്ന വിശുദ്ധിയിലൂടെ സാമൂഹിക നവോത്ഥാനം സാക്ഷാത്കരിക്കുകയും ചെയ്യുകയെന്ന പ്രായോഗിക പദ്ധതി കൂടിയാണ് റമദാൻ വ്രതം.

ഒരു നല്ല ശാസ്ത്രജ്ഞനും ഒരു മികച്ച ഡോക്ടർക്കും കഠിനാധ്വാനിയായ ഒരു കർഷകനും ഒരു ദിവസം കൊണ്ട് കിട്ടിയതല്ല അവരുടെ മേഖലയിലെ മികവുകൾ, മറിച്ച് കടുത്ത പരിശീലനങ്ങളിലൂടെയും കഠിനാധ്വാനങ്ങളിലൂടെയും വർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണ് ഇതെല്ലാം.

ഇതുപോലെ തന്നെയാണ് ആത്മനിയന്ത്രണവും വിശുദ്ധമായ ജീവിതക്രമവും. നിരന്തര പരിശീലനത്തിലൂടെയും ആത്മീയ ബോധവൽക്കരണത്തിലൂടെയും സമ്പാദിക്കേണ്ടതാണ് അവ.

വ്രത ദിനങ്ങളിൽ നിർദേശിക്കപ്പെടുന്ന ചിട്ടകളും നിബന്ധനകളും ഒരുവ്യക്തിയെ ഈ പരിശീലനത്തിന് വിധേയമാക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

സമൂഹത്തെ സാക്ഷിയാക്കി താൻ വിവാഹം കഴിച്ച, തന്റെ ജീവന്റെ പാതിയായി ചേർത്ത് നിർത്തിയ ഭാര്യയുമായുള്ള വൈകാരിക ലൈംഗിക ബന്ധത്തെ ദൈവ തൃപ്തിക്ക് വേണ്ടി വ്രതദിനത്തിന്റെസൂര്യോദയം മുതൽ അസ്തമയം വരെ ഒഴിവാക്കാൻവിശ്വാസിയോട് ഇസ്‌ലാം നിർദേശിക്കുന്നു. ലൈംഗികമായആഗ്രഹമുണ്ടെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഇണയുമായുള്ള ബന്ധപ്പെടൽ ദൈവപ്രീതിക്ക് വേണ്ടി മാത്രംനോമ്പിന്റെ പകലിൽ ഒഴിവാക്കുന്ന ദമ്പതിമാർ ഒരു അന്യപുരുഷനെയോ സ്ത്രീയെയോ ഒരു നിലയ്ക്കും ആഗ്രഹിക്കാൻ പാടില്ല എന്ന സന്ദേശവും വ്രതം നമുക്ക് നൽകുന്നു.

ശക്തമായ വിശപ്പും ദാഹവും ഉണ്ടെങ്കിലും തന്റെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയതും അനുവദിക്കപ്പെട്ടതുമായ ഭക്ഷണ പാനീയങ്ങൾ കൺമുന്നിൽ ഉണ്ടായിട്ടും ദൈവത്തിന്റെ ഇഷ്ടത്തിന് വേണ്ടി അത് കഴിക്കാതെ മാറ്റി വെക്കുന്ന ഒരു വ്യക്തിക്ക് തനിക്ക് അവകാശപ്പെടാത്ത സമ്പത്ത് തട്ടിയെടുക്കാൻ പാടില്ലെന്ന ഒരു മാനസിക ബോധം ലഭിക്കുന്നുണ്ട്.

റമദാനിന്റെ പകലിൽ ലൈംഗിക ബന്ധം നിഷിദ്ധമാണെന്ന് പറഞ്ഞു. ഇനി ഒരാൾ തന്റെ ഇണയുമായി അത്തരമൊരു ബന്ധം സ്ഥാപിച്ചാൽമതം നിർദേശിക്കുന്ന പ്രായച്ഛിത്തം അറുപത് അഗതികൾക്കുള്ള ഭക്ഷണമോ രണ്ടുമാസത്തെ തുടർച്ചയായവ്രതാനുഷ്ഠാനമോആണ്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ള, ദൈവിക മാർഗ ദർശന ലംഘനത്തിന്നിർദേശിക്കപ്പെടുന്ന പരിഹാരം ദൈവിക നിയമ ലംഘനം എത്ര മാത്രം കടുത്തതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്കിൽ തീർത്തും നിഷിദ്ധമായ പരസ്ത്രീ-പുരുഷ ബന്ധത്തിന്റെ ശിക്ഷ എത്ര കഠിനമായിരിക്കുമെന്ന ബോധം കൂടി ഇത് നമുക്ക് നൽകുന്നുണ്ട്.

വിശപ്പിന്റെ ഗൗരവം ബോധ്യപ്പെടുത്താനും വിശക്കുന്നവന്റെ അന്നം ഉറപ്പുവരുത്താനും വ്രത ദിനങ്ങൾ നമ്മെ പരിശീലിപ്പിക്കുന്നുണ്ട്.

ഒരു പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുമ്പോൾ പട്ടിണിയുടെ വില എന്തെന്ന്മനുഷ്യർ അറിയുന്നു. വ്രതദിനങ്ങൾ അവസാനിച്ച് ഫിത്വ‌്‌ർ പെരുന്നാളിന് അത്തർ പുരട്ടും മുൻപ് നിശ്ചിത അളവ് പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും നൽകാൻ നിർദേശിക്കുന്നതിലൂടെ ഇസ്‌ലാംനടപ്പിൽ വരുത്തുന്നത് ഈ ആശയമാണ്.

വ്രത ദിനങ്ങളിൽ കൂടുതൽ ഫലപ്രദമായ ക്ഷേമ പ്രവർത്തനങ്ങളും പരസഹായ പദ്ധതികളും നടപ്പിലാക്കാനുള്ള പ്രേരണകളും പ്രവാചകൻﷺ നൽകുന്നുണ്ട്.

ലോകം ശാന്തമായി ഉറങ്ങുന്ന രാവുകൾ ദീർഘ നേരം പ്രാർഥനക്കും പ്രകീർത്തനങ്ങൾക്കും വേണ്ടി മാറ്റി വെക്കുക വഴി തിന്മകൾ കൊണ്ട് പതക്കുന്നമനസ്സുകളിൽ ധർമചിന്തകളുടെ കുളിര് കോരിച്ചൊരിയുകയാണ് ഇസ്‌ലാം.

ദൈവിക വചനങ്ങളായ ക്വുർആനിന്റെ പഠനം, പാരായണം, പ്രചാരണം എന്നിവ വഴി ഹൃദയം ദൈവിക മാർഗത്തിൽ കീഴടങ്ങുന്നു!

ബദ്ർ പോരാട്ടങ്ങളുടെ ഓർമ പകരുന്ന റമദാൻ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് പകർന്നു നൽകുന്നു. ചുരുക്കത്തിൽ എല്ലാം ദൈവത്തിലർപ്പിച്ച് ഒരു ആത്മീയ യാത്ര; ആത്മ നിയന്ത്രണം സാധ്യമാക്കുന്ന മനോഹര പ്രയാണം, അതത്രെ വിശുദ്ധ റമദാൻ.