ക്വുർആൻ പഠിക്കുന്നവരുടെ മഹത്ത്വം

മുഹമ്മദ് ശാഫി ഒറ്റപ്പാലം

2026 ഫെബ്രുവരി 21, 1447 റമദാൻ 03

വായിക്കുവാനും പഠിക്കുവാനും പ്രോത്സാഹനമേകിയാണ് വിശുദ്ധ ക്വുർആൻ അവതീർണമായിത്തുടങ്ങിയത് തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഏറെ അർഹമായ ഗ്രന്ഥം ഈ ദൈവികഗ്രന്ഥം തന്നെ എന്നതിൽ സംശയമില്ല. വിശുദ്ധ ക്വുർആനിന്റെ പഠനത്തിന് വിവിധ മുഖങ്ങളുണ്ട്. അർഥമറിഞ്ഞ് കൊണ്ടുള്ള പഠനം, അവതരണ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞുകൊണ്ടുള്ള പഠനം, വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങൾ (തഫ്‌സീറുകൾ) അവലംബിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പഠനം തുടങ്ങിയവ ഉദാഹരണം.

വിശുദ്ധ ക്വുർആൻ ഹൃദിസ്ഥമാക്കുന്ന പഠനം ഇവയിൽനിന്നും ഏറെ വ്യത്യസ്തമാണ്. പല സന്ദർഭങ്ങളിലായി പലതും ഹൃദിസ്ഥമാക്കിയവരാണ് നമ്മൾ. ഗാനങ്ങൾ, കഥകൾ, മഹദ്‌വചനങ്ങൾ തുടങ്ങി ഒട്ടനേകം കാര്യങ്ങൾ. എന്നാൽ മറ്റു ഗ്രന്ഥങ്ങൾ മനഃപാഠമാക്കുന്നത് പോലെയല്ല

വിശുദ്ധ ക്വുർആൻ മനഃപാഠമാക്കുന്നത്. ക്വുർആൻ മനഃപാഠമാക്കുകയും നന്നായി പാരായണം ചെയ്യുകയും ചെയ്യുന്ന വ്യക്തിക്ക് ഏറെ പ്രത്യേകതകൾ ഉണ്ട് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. അത്തരം പ്രത്യേകതകളിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു:

നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുവാൻ അർഹൻ

ഇസ്‌ലാമിന്റെ അടിസ്ഥാന കർമങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് നമസ്‌കാരം. ഏറെ പവിത്രതയും സ്ഥാനവുമുള്ള നമസ്‌കാരത്തിന് നേതൃത്വം നൽകുക എന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ആരെയാണ് നമസ്‌കാരത്തിന്റെ നേതൃത്വം നൽകാൻ നിയമിക്കേണ്ടതെന്ന് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്.

അബൂമസ്ഉൗദ്(റ) പറയുന്നു; നബിﷺ പറഞ്ഞു: “ഏറ്റവും നന്നായി ക്വുർആൻ പാരായണം ചെയ്യുന്നവർ ജനങ്ങൾക്ക് ഇമാമായി നിൽക്കണം’’ (മുസ്‌ലിം).

മറമാടുന്നിടത്ത് മുൻഗണന

യുദ്ധം പോലുള്ള ചില സന്ദർഭങ്ങളിൽ ധാരാളം മരണം സംഭവിക്കുമ്പോൾ ഒന്നിലധികം വിശ്വാസികളെ ഒരുമിച്ച് ഒരു ക്വബ്‌റിൽ മറമാടാറുണ്ട്. ആ സമയത്ത് അവരിൽ ആരെയാണ് ആദ്യമായി ക്വബ്‌റിലേക്ക് ഇറക്കേണ്ടത് എന്ന സംശയം സ്വാഭാവികമാണ്. നബിﷺ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:

ജാബിറുബ്‌നു അബ്ദില്ല(റ) നിവേദനം: “ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായ രണ്ടാളുകളെ പ്രവാചകൻﷺ ഒരു വസ്ത്രത്തിൽ ഒരുമിച്ചുകൂട്ടി. ശേഷം പ്രവാചകൻﷺ ചോദിച്ചു: ‘ഇവരിൽ ആരാണ് ക്വുർആൻ കൂടുതലായി പഠിച്ചിട്ടുള്ളത്?’’അപ്പോൾ അവരിലൊരാളിലേക്ക് ചൂണ്ടിക്കാണിക്കപ്പെട്ടു. അദ്ദേഹത്തെയാണ് പ്രവാചകൻﷺ ആദ്യമായി ക്വബറിൽ വെച്ചത്’’ (ബുഖാരി).

നേതൃത്വത്തിൽ ആദ്യപരിഗണന

ക്വുർആൻ അറിയുന്നവരെയാണ് സമൂഹത്തിന്റെ നേതൃത്വം ഏൽപിക്കേണ്ടത് എന്ന് ഇസ്‌ലാമിക ചരിത്രം നമ്മെ അറിയിക്കുന്നു. മക്കയിലെ അമീറായ ഉമർ(റ)വിനെ നാഫിഅ്ബ്‌നു അബ്ദുൽ ഹാരിസ് അസ്‌ഫഹാനിൽ വെച്ച് കണ്ടുമുട്ടി. ഉമർ(റ) ചോദിച്ചു: ‘താഴ്‌വരയുടെ ആളുകളുടെ (ബദവികളുടെ) നേതൃത്വം ആരെയാണ് ഏൽപിച്ചത്?’ നാഫിഅ്(റ) പറഞ്ഞു: ‘ഇബ്‌നു അബസയെ.’ ഉമർ(റ) ചോദിച്ചു: ‘ആരാണ് ഇബ്‌നു അബസ?’ നാഫിഅ്(റ) പറഞ്ഞു: ‘ഞങ്ങളുടെ അടിമകളിൽപെട്ട ഒരാളാണ്.’ ഉമർ(റ) പറഞ്ഞു: ‘ഒരു അടിമയെയാണോ അവർക്ക് നേതൃത്വം നൽകുന്നവനായി നിയമിച്ചത്?’ നാഫിഅ്(റ) മറുപടി നൽകി: ‘അദ്ദേഹം ക്വുർആൻ പഠിച്ചവനും അനന്തരാവകാശത്തിൽ ആഴത്തിലറിവുള്ളവനുമാണ്.’ ഉമർ(റ) പറഞ്ഞു: ‘തീർച്ചയായും നിങ്ങളുടെ പ്രവാചകൻﷺ പറഞ്ഞിരിക്കുന്നു; വിശുദ്ധ ക്വുർആനെ കൊണ്ട് അല്ലാഹു ചിലരെ ഉയർത്തുകയും ചിലരെ താഴ്ത്തുകയും ചെയ്യും’’ (മുസ്‌ലിം).

(തുടരും)