ഐഹിക ജീവിതവും വഞ്ചകനായ പിശാചും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
2026 ജനുവരി 10, 1447 റജബ് 21

(ക്വുർആനിലെ സാർവലൗകിക വിളികൾ 4)
മനുഷ്യൻ എപ്പോഴും തിരക്കിലാണ്. സമ്പാദിക്കണം, വീടു നിർമിക്കണം, ഉയരങ്ങൾ കീഴടക്കണം... ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൻ ഏറ്റവും വലിയൊരു സത്യം മറന്നുപോകുന്നു; ഈ ഓട്ടം ഒരുനാൾ അവസാനിക്കുമെന്നുംനാം നേടിയതൊന്നും കൂടെ കൊണ്ടുപോകാനാവില്ലെന്നുമുള്ള സത്യം.
ഭൗതിക സൗകര്യങ്ങളുടെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ മനുഷ്യരോട്, ‘നിൽക്കൂ, നിങ്ങൾ വഞ്ചിതരാകരുത്’ എന്ന് സ്രഷ്ടാവ് വിളിച്ചു പറയുന്നതാണ് സൂറത്തുൽ ഫാത്വിറിലെ അഞ്ചാം വചനം.
മനുഷ്യജീവിതത്തിന്റെ ഉത്ഭവം, വൈവിധ്യം, ദൈവഭയം എന്നിവയെക്കുറിച്ച് മുൻ ഭാഗങ്ങളിൽ നാം ചർച്ച ചെയ്യുകയുണ്ടായി. അതിന്റെ തുടർച്ചയായി, ക്വുർആൻ മനുഷ്യരെ ഐഹികജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചും വഞ്ചകനായ പിശാചിനെ കുറിച്ചും മുന്നറിയിപ്പ് നൽകുകയാണ് ഈ വചനത്തിലൂടെ. അല്ലാഹുവിന്റെ വാഗ്ദാനം യാഥാർഥ്യമാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. മരണത്തെയും പരലോകത്തെയും കുറിച്ച് മറന്ന്, ഇഹലോകത്തിന് അമിത പ്രാധാന്യം നൽകി ജീവിക്കുന്ന മനുഷ്യർക്കുള്ള ശക്തമായ താക്കീതും ഉപദേശവുമാണിത്.
يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ
‘ഹേ, മനുഷ്യരേ! നിശ്ചയമായും അല്ലാഹുവിെൻറ വാഗ്ദാനം യഥാർഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ ‘ (35: 5).
ഇവിടെ ‘വാഗ്ദാനം’ (വഅ്ദ്) എന്ന് പറഞ്ഞിരിക്കുന്നത് മരണശേഷമുള്ള ഉയിർത്തെഴുന്നേൽപ്, വിചാരണ, പരലോക ജീവിതം തുടങ്ങിയവയെ കുറിച്ചാണ്. ശാസ്ത്രം എത്ര വളർന്നാലും മനുഷ്യന് നിഷേധിക്കാൻ കഴിയാത്ത സത്യമാണ് മരണം. മരണത്തിനപ്പുറം ഒന്നുമില്ല എന്ന് വിശ്വസിച്ച് ജീവിക്കുന്നവരുണ്ട്. അവരോട് ക്വുർആൻ പറയുന്നു; ആ വാഗ്ദാനം സത്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.
‘ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’ എന്ന പ്രയോഗം വളരെ അർഥവത്താണ്. പണവും പ്രതാപവും അധികാരവുമെല്ലാം ശാശ്വതമാണെന്ന മട്ടിൽ അതിനുവേണ്ടി മൽസരിക്കുകയും ധാർമികത കൈവിടുകയും ചെയ്യുന്നവരോട്, ഇതൊക്കെ വെറും അലങ്കാരങ്ങൾ മാത്രമാണെന്നും, യഥാർത്ഥ ജീവിതം വരാനിരിക്കുന്നതേയുള്ളൂ എന്നും ഈ വചനം ഓർമിപ്പിക്കുന്നു. വാഹനം ഓടിക്കുന്നവൻ കാഴ്ചകളിൽ ഭ്രമിച്ച് ഡ്രൈവിംഗിൽ അശ്രദ്ധനായാൽ അപകടം സംഭവിക്കുന്നതുപോലെ, ജീവിതയാത്രയിൽ ഭൗതികതയിൽ മാത്രം ശ്രദ്ധിച്ചാൽ പരലോകം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണിത്.
വഞ്ചകനായ പിശാച് : മറ്റൊരു അപകടം മനുഷ്യനെ വഴിതെറ്റിക്കാൻ കാത്തിരിക്കുന്ന ‘അൽഗറൂർ’ (പരമവഞ്ചകൻ) ആണ്. അഥവാ പിശാചാണ്. രണ്ട് രീതിയിലാണ് അവൻ മനുഷ്യനെ അല്ലാഹുവിെൻറ കാര്യത്തിൽ വഞ്ചിക്കുന്നത്.
ഒന്ന്: പാപങ്ങളെ മനോഹരമായി തോന്നിപ്പിക്കുക. ‘ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ, ഇതിലൊന്നും കുഴപ്പമില്ല’ എന്ന് തോന്നിപ്പിച്ച് തെറ്റിലേക്ക് നയിക്കുന്നു.
രണ്ട്: അല്ലാഹുവിെൻറ കാരുണ്യത്തെ ദുർവ്യാഖ്യാനം ചെയ്യുക. ‘നീ എത്ര തെറ്റ് ചെയ്താലും ദൈവം പൊറുത്തു തരും, അതുകൊണ്ട് ഇപ്പോൾ തെറ്റ് ചെയ്‌തോളൂ’ എന്ന് മന്ത്രിച്ചുകൊണ്ട്, പശ്ചാത്താപം നീട്ടിവെപ്പിച്ച് ഒടുവിൽ പാപിയായി മരിപ്പിക്കാൻ അവൻ ശ്രമിക്കുന്നു. ഈ കെണിയിൽ വീഴരുതെന്ന് ഈ ആയത്ത് പ്രത്യേകം ഉണർത്തുന്നു.
ഈ ലോകം വെറുക്കപ്പെടേണ്ട ഒരിടമല്ല, മറിച്ച് പരലോകത്തേക്കുള്ള കൃഷിയിടമാണ്. യാത്ര പോകുന്ന ഒരാൾ വിശ്രമിക്കാൻ ഒരിടത്ത് ഇറങ്ങിയാൽ, അവിടെ സ്ഥിരതാമസ സ്ഥലം പണിയാൻ നിൽക്കാതെ യാത്ര തുടരുന്നത് പോലെയാകണം വിശ്വാസിയുടെ ജീവിതം. ഈ ലോകത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം, പക്ഷേ, അത് നമ്മുടെ ലക്ഷ്യത്തെ (പരലോകം) മറക്കുന്നതാവരുത്. കണ്ണിനു മുന്നിലുള്ള ഈ കാഴ്ചകൾക്കപ്പുറം, വരാനിരിക്കുന്ന അനശ്വരമായ സത്യത്തെ കാണാനുള്ള ഉൾക്കാഴ്ചയാണ് മനുഷ്യന് വേണ്ടത് എന്ന് ചുരുക്കം.

