തട്ടിപ്പുകളുടെ കൂട്ടുകെട്ട്

മുഹമ്മദ് അമീൻ

2026 ജനുവരി 17, 1447 റജബ് 28

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം 6)

രിയാദിലെ ഒരു ഉച്ചസമയം. പ്രശസ്തനായ ‘സഹ്‌വ’ നേതാവ് സഅദ് അൽഫക്വീഹിന്റെ വീട്ടിലേക്ക് അതിഥിയായി മറ്റൊരു സഹ്‌വ ആചാര്യൻ എത്തുന്നു - സഫർ അൽഹവാലി. പുറമെ നോക്കുന്നവർക്ക് അതൊരു സൗഹൃദ സന്ദർശനമായിരുന്നു. നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ദീർഘനേരം അവർ അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഒടുവിൽ സഫർ അൽഹവാലിയെ യാത്രയയക്കാൻ സഅദ് അൽഫക്വീഹ് എയർപോർട്ടിലേക്ക് കൊണ്ടുപോയി.

വിമാനത്താവളത്തിന്റെ കവാടത്തിൽ വെച്ച് സഅദ് അൽ-ഫക്വീഹ് ചോദിച്ചു: ‘ഞാൻ രാജ്യം വിട്ട് പുറത്തേക്ക് പോവുകയാണ് (രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ). താങ്കളിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്? എന്താണ് താങ്കൾ ഞങ്ങൾക്ക് നൽകുന്ന ഉറപ്പ്?’

അപ്പോൾ സഫർ അൽഹവാലി നൽകിയ മറുപടി ‘രക്തത്തിന് പകരം രക്തം, നാശത്തിന് പകരം നാശം’ എന്നായിരുന്നു.

മുസ്‌ലിം ഭരണകൂടത്തിനെതിരെയും തൗഹീദിന്റെ പണ്ഡിതന്മാർക്കെതിരെയും പോരാടാൻ, ഒരു ഇഖ്‌വാനി മറ്റൊരു ഇഖ്‌വാനിക്ക് നൽകുന്ന വാഗ്ദാനമാണിത്!

സഅദ് അൽഫക്വീഹ് തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ ഈ സംഭവം, ഇഖ്‌വാനികളുടെ ഉള്ളിലിരിപ്പ് എത്രമാത്രം അപകടകരമാണ് എന്നതിന്റെ തെളിവാണ്.

ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അൽക്വാഇദയും പിന്നീട് ഐസിസും സൗദി അറേബ്യയിൽ രക്തച്ചൊരിച്ചിലുകൾ നടത്തിയത്. അൽക്വാഇദ നേതാവായിരുന്ന അലി അൽഫഖാഅ്‌സി എന്ന ഭീകരൻ ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്:

‘സൽമാൻ അൽഔദ, സഫർ അൽഹവാലി, ആയിദ് അൽഖർനി തുടങ്ങിയവരുടെ കാസറ്റുകളും പ്രസംഗങ്ങളുമാണ് ഞങ്ങളെ ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. ഇന്ന് അവർ ടിവിയിൽ വന്ന് സമാധാനം പ്രസംഗിക്കുന്നു. പക്ഷേ, ഞാനിന്ന് ജയിലിലാണ്.’

ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സൗദിയിലെ ചരിത്രം പരിശോധിക്കുന്ന ഈ പരമ്പരയുടെ ആറാം ഭാഗത്തിൽ, അവരുടെ രഹസ്യ അജണ്ടകളുടെയും പിൽക്കാലത്ത് അവരുടെ നേതാക്കന്മാർ തന്നെ നടത്തിയ കുറ്റസമ്മതങ്ങളുടെയും കാണാപ്പുറങ്ങൾ നാം പരിശോധിക്കുകയാണ്.

രണ്ട് തട്ടുകൾ, ഒരേ ലക്ഷ്യം!

ഇഖ്‌വാനികളുടെ തന്ത്രം എക്കാലത്തും ഒന്നുതന്നെയായിരുന്നു; ‘വിഭജിച്ചു ഭരിക്കുക.’ സഅദ് അൽഫക്വീഹിന്റെയും മുഹമ്മദ് അൽമസ്അരിയുടെയും നേതൃത്വത്തിൽ ഒരു വിഭാഗം വിദേശത്തിരുന്ന് (ലണ്ടൻ കേന്ദ്രീകരിച്ച്) സൗദി ഭരണകൂടത്തെ പരസ്യമായി ആക്രമിക്കാൻ തീരുമാനിച്ചു. അതേസമയം, സൽമാൻ അൽഔദ, സഫർ അൽഹവാലി, നാസർ അൽഉമർ എന്നിവർ രാജ്യത്തിനകത്തു നിന്ന് ജനങ്ങളെ ഇളക്കിവിടാനും തീരുമാനിച്ചു. ഇത് വെറുമൊരു യാദൃച്ഛികതയായിരുന്നില്ല, കൃത്യമായ ആസൂത്രണമായിരുന്നു.

മുഹമ്മദ് അൽമസ്അരി പിന്നീട് പരസ്യമായി സമ്മതിച്ച ഒരു കാര്യമുണ്ട്; ലണ്ടനിൽ വെച്ച് അവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ, ഖത്തറിൽനിന്ന് അവർക്ക് പണം എത്തിച്ചുനൽകിയത് സൗദിയിലുണ്ടായിരുന്ന സൽമാൻ അൽഔദയായിരുന്നു. സൗദി അറേബ്യയെ തകർക്കാൻ വിദേശത്തിരുന്ന് ഗൂഢാലോചന നടത്തുന്നവർക്ക്, രാജ്യത്തിനകത്തിരുന്ന് ഇവർ സഹായം നൽകുകയായിരുന്നു.

‘മുദക്കിറതുന്നസ്വീഹ’ ഉപദേശമോ അട്ടിമറിയോ?

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ശ്രമങ്ങളിൽ ഒന്നായിരുന്നു ‘മുദക്കിറതുന്നസ്വീഹ’ എന്ന പേരിൽ അറിയപ്പെട്ട രേഖ. പുറമെ നോക്കുമ്പോൾ ഭരണാധികാരികൾക്കുള്ള ഗുണകാംക്ഷ നിറഞ്ഞ ഉപദേശമായി തോന്നുമെങ്കിലും, യഥാർഥത്തിൽ അതൊരു ഭീഷണിയായിരുന്നു. സൽമാൻ അൽഔദ, സഫർ അൽഹവാലി, അയിള് അൽഖർനി തുടങ്ങിയവർ ഒപ്പിട്ട ഈ രേഖ, ബി.ബി.സി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളിലൂടെയാണ് അവർ പരസ്യപ്പെടുത്തിയത്.

ഇതിനെക്കുറിച്ച് പിൽക്കാലത്ത് അയിള് അൽഖർനി ‘അൽ-ലിവാനി’ൽ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്: ‘അതൊരു ഉപദേശമായിരുന്നില്ല, മറിച്ച് ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്താനുള്ള ഒരു രാഷ്ട്രീയ നീക്കമായിരുന്നു. ഭരണകൂടത്തിനു മേൽ ഞങ്ങൾക്ക് ഒരു അധീശത്വം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളെ ഇളക്കിവിട്ട് സർക്കാറിനെ മുട്ടുകുത്തിക്കാനാണ് ഞങ്ങൾ അത് വിദേശ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.’

തൗഹീദിന്റെ പണ്ഡിതസഭയായ സൗദി ഹൈഅത്തു കിബാറുൽ ഉലമ അന്നുതന്നെ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇതൊരു ഉപദേശമല്ല, മറിച്ച് രാജ്യത്ത് ഫിത്‌ന (കുഴപ്പം) ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ശൈഖ് ബിൻ ബാസ്(റഹി) അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി.

തുടർന്ന്, ‘ലജ്‌നത്തുൽ ഹുഖൂഖ്’ എന്ന പേരിൽ ഇവർ പുതിയൊരു സംഘടനയുണ്ടാക്കി. ഇതിന്റെ തലപ്പത്ത് സാദ് അൽഫക്വീഹ്, മുഹമ്മദ് അൽമസ്അരി എന്നിവരായിരുന്നു. ലക്ഷ്യം മനുഷ്യാവകാശമായിരുന്നില്ല, മറിച്ച് ഭരണകൂടത്തെ അട്ടിമറിക്കലായിരുന്നു. സൽമാൻ അൽഔദ ഖത്തറിലെ ഒരു പ്രമുഖനുമായി ബന്ധപ്പെട്ട് ഇവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു എന്ന് മുഹമ്മദ് അൽമസ്അരി തന്നെ വെളിപ്പെടുത്തുന്നുണ്ട്.

പണ്ഡിതന്മാരെ വ്യക്തിഹത്യ ചെയ്യുന്ന തന്ത്രം

സൗദി അറേബ്യയിൽ ഇഖ്‌വാനികൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം അവിടുത്തെ സലഫി പണ്ഡിതന്മാരായിരുന്നു. ശൈഖ് ഇബ്‌നു ബാസ്(റഹി), ശൈഖ് ഉസൈമീൻ(റഹി) തുടങ്ങിയ പണ്ഡിതന്മാർ ജനങ്ങളുടെ മനസ്സിൽ വലിയ സ്വാധീനമുള്ളവരായിരുന്നു. ഇവരെ തകർക്കാതെ വിപ്ലവം സാധ്യമല്ലെന്ന് ഇഖ്‌വാനികൾക്കറിയാമായിരുന്നു. അതിനായി അവർ രണ്ട് തന്ത്രങ്ങൾ പ്രയോഗിച്ചു:

പണ്ഡിതന്മാരോട് വെറുപ്പുണ്ടാക്കൽ

സൽമാൻ അൽഔദയെപ്പോലെയുള്ളവർ യുവാക്കളോട് ചോദിച്ചു: ‘ഈ പണ്ഡിതന്മാർക്ക് ലോകവിവരം ഉണ്ടോ? അവർ എപ്പോഴും ആർത്തവത്തെക്കുറിച്ചും പ്രസവരക്തത്തെക്കുറിച്ചും (നിഫാസ്) വുദൂഇനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾ അവർക്ക് അറിയില്ല.’ ഇതൊരു വലിയ ചതിപ്രയോഗമായിരുന്നു. ഇസ്‌ലാമിൽ ഭരണ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഭരണാധികാരികളാണ് (ഉലൂൽ അംറ്). പണ്ഡിതന്മാർ അവർക്ക് ഉപദേശം നൽകുകയാണ് വേണ്ടത് എന്ന പാഠം ഇവർ വിസ്മരിക്കുകയാണ്.

വ്യാജ സ്തുതി

മുഹമ്മദ് അൽമസ്അരി വെളിപ്പെടുത്തിയ ഒരു സംഭവമുണ്ട്: സൽമാൻ അൽഔദ ഒരിക്കൽ ശൈഖ് ഇബ്‌നു ബാസിനെ പരസ്യമായി പുകഴ്ത്തി സംസാരിച്ചു. അപ്പോൾ മസ്അരി ചോദിച്ചു: ‘നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ പുകഴ്ത്തുന്നത്? അദ്ദേഹം നമുക്കെതിരല്ലേ?’ സൽമാൻ അൽഔദയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു: ‘അദ്ദേഹം പെട്ടെന്ന് മരിച്ച് സ്വർഗത്തിൽ പോകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു (നമുക്ക് ശല്യം ഒഴിയുമല്ലോ). എന്നാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തേണ്ടത് ജനങ്ങളെ കൈയിലെടുക്കാൻ ആവശ്യമാണ്. ഇല്ലെങ്കിൽ അദ്ദേഹം പുറപ്പെടുവിക്കുന്ന ഫത്‌വകൾ നമുക്ക് പാരയാകും.’

ഇതാണ് ഇഖ്‌വാനികളുടെ കാപട്യം. ജനങ്ങളുടെ മുന്നിൽ പണ്ഡിതന്മാരെ ബഹുമാനിക്കുന്നതായി നടിക്കുകയും രഹസ്യമായി അവർ മരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുക! (അല്ലാഹുവിൽ അഭയം!).

അയിള് അൽഖർനിയുടെ കുറ്റസമ്മതം

2019ൽ സൗദി ടിവിയിലെ ‘അൽലിവാൻ’ എന്ന പരിപാടിയിൽ അയിള് അൽഖർനി നടത്തിയ കുറ്റസമ്മതം സൗദിയിലെ ഇഖ്‌വാനിസത്തിന്റെ മേലുള്ള അവസാനത്തെ ആണിയായിരുന്നു. ‘ഞാൻ ഇന്ന് ചരിത്രപരമായ ഒരു സത്യം തുറന്നുപറയുന്നു’ എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് അയാൾ നടത്തിയ വെളിപ്പെടുത്തലുകൾ ഇവയാണ്:

‘സഹ്‌വ (ഇഖ്‌വാനി) പ്രസ്ഥാനം വരുത്തിവെച്ച തെറ്റുകൾക്ക് ഞാൻ അല്ലാഹുവിനോടും പിന്നീട് സൗദി സമൂഹത്തോടും മാപ്പ് ചോദിക്കുന്നു.’ തങ്ങൾ മൂന്ന് വലിയ തെറ്റുകൾ ചെയ്തുവെന്ന് അയാൾ സമ്മതിക്കുന്നു:

1. ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ: ക്വുർആനും സുന്നത്തും അടിസ്ഥാനമാക്കി ഭരിക്കുന്ന ഒരു ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടുകയും ഭരണകൂടവുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയും ചെയ്തു.

2. പണ്ഡിതന്മാരെ പാർശ്വവൽക്കരിക്കൽ: ശൈഖ് ഇബ്‌നു ബാസ്(റഹ്), ശൈഖ് ഉസൈമീൻ(റഹി) തുടങ്ങിയ ഉന്നത പണ്ഡിതന്മാരെ തഴയുകയും അവരുടെ ശബ്ദം ജനങ്ങളിലെത്തുന്നത് തടയുകയും ചെയ്തു. ‘അവർക്ക് ലോകവിവരം ഇല്ല’ എന്ന് പ്രചരിപ്പിച്ചു.

3. സമൂഹത്തിൽ കാർക്കശ്യം നടപ്പിലാക്കൽ: ഇസ്‌ലാമിലെ വിശാലതയെ തകർത്ത്, ജനങ്ങളുടെ മേൽ അനാവശ്യമായ കാർക്കശ്യം അടിച്ചേൽപിച്ചു. അനുവദനീയമായ കാര്യങ്ങൾ പോലും ഹറാമാക്കി (നിഷിദ്ധമാക്കി) ജനങ്ങളെ മതത്തിൽനിന്ന് അകറ്റി.

അധികാരത്തിനായുള്ള ദാഹം

തന്റെ പഴയകാല തെറ്റുകൾക്ക് സൗദി സമൂഹത്തോട് അയിള് അൽഖർനി മാപ്പ് ചോദിച്ചു. എന്നാൽ, സഫർ അൽഹവാലിയെപ്പോലെയുള്ളവർ തങ്ങളുടെ വിഘടനവാദപരമായ എഴുത്തുകൾ കാരണം ഇന്ന് ജയിലിലാണെങ്കിലും അയാൾ എഴുതിവിട്ട വിഷം പുസ്തകങ്ങളിലൂടെ ഇന്നും പ്രചരിക്കുന്നുണ്ട് എന്നത് ഗൗരവകരമാണ്. ജയിലിലാകുന്നതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ ‘മുസ്‌ലിംകളും പാശ്ചാത്യ സംസ്‌കാരവും’ എന്ന തന്റെ പുസ്തകത്തിൽ അയാൾ പറയുന്നത് കാണുക: ‘ഒരു തെരുവിൽ തന്നെ പള്ളിയും അതിനടുത്ത് പലിശ ബാങ്കും കാണുന്നത് പുതിയ തരം ശിർക്കാണ്.’ പലിശ പാപമാണ്, സംശയമില്ല. എന്നാൽ അതിനെ ‘ശിർക്ക്’ എന്നു വിളിച്ച് ഭരണകൂടം മുശ്‌രിക്കാണെന്ന് വരുത്തിത്തീർക്കുകയാണ് ഇവരുടെ ലക്ഷ്യം.

അബു മുഹമ്മദ് അൽമഖ്ദിസി (യഥാർഥ പേര്: ഇസാം അൽബർഖാവി) എഴുതിയ ‘അൽകവാശിഫുൽ ജലിയ്യ’ എന്ന പുസ്തകം സൗദി അറേബ്യ കാഫിർ രാഷ്ട്രമാണെന്ന് സ്ഥാപിക്കാൻ വേണ്ടി എഴുതിയതാണ്. ഈ പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കിയത് മുഹമ്മദ് അൽമസ്അരിയാണ്. ഇവർ ഒരേ തൂവൽ പക്ഷികളാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇഖ്‌വാനി നേതാവായ മുഹമ്മദ് അഹ്‌മദ് അൽറാഷിദ് (യഥാർഥ പേര്: അബ്ദുൽ മുൻഇം അൽഅസ്സി) എഴുതിയ ‘അൽമസാർ’ എന്ന പുസ്തകം സൗദിയിലെ സർവകലാശാലകളിൽ രഹസ്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. അതിൽ അയാൾ സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് ഭരണകൂടങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഈ ഭരണാധികാരികൾ ശൂറയിലൂടെ വന്നവരല്ല. അവർ അധികാരം അനന്തരാവകാശമായി നേടിയവരോ, അല്ലെങ്കിൽ അധിനിവേശ ശക്തികൾ ഇരുത്തിയവരോ ആണ്. അതിനാൽ അവർക്ക് ബൈഅത്തോ (പ്രതിജ്ഞ) അനുസരണമോ ഇല്ല. അവരോടുള്ള നമ്മുടെ നിലപാട് ‘മദ്ഹബുസ്സൈഫ് അസ്സലഫി’ (വാളിന്റെ സലഫി മാർഗം) ആയിരിക്കണം.’

ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘടന സൗദി അറേബ്യയിൽ നടപ്പിലാക്കിയത് കൃത്യമായ അജണ്ടകളായിരുന്നു. ഭരണകൂടത്തെ തക്ഫീർ ചെയ്യുക. പണ്ഡിതന്മാരെ ജനങ്ങളിൽനിന്ന് അകറ്റുക. സലഫി മൻഹജിനെ വികൃതമാക്കുക. വിദേശികളുടെയും (സാദ് അൽഫഖീഹ്, മസ്അരി) സ്വദേശികളുടെയും (സഫർ, സൽമാൻ) കൂട്ടുകെട്ടിലൂടെ അട്ടിമറി നടത്തുക. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ, ഈ ഗൂഢനീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

എന്നാൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് കഴിഞ്ഞുപോയ ഒരു ചരിത്രമല്ല; മറിച്ച് പല രൂപങ്ങളിൽ, പല പേരുകളിൽ ഇന്നും പതിയിരിക്കുന്ന അപകടമാണ്. പണ്ഡിതന്മാരുടെ വേഷമണിഞ്ഞും വിപ്ലവകാരികളുടെ വേഷമണിഞ്ഞും അവർ വന്നേക്കാം. എന്നാൽ അല്ലാഹുവിന്റെ വചനവും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്ന, സലഫുകളുടെ പാത പിന്തുടരുന്നവർക്ക് മാത്രമെ ഈ ചതിക്കുഴികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. സൗദി അറേബ്യ എന്ന തൗഹീദിന്റെ മണ്ണ് ഇന്നും സുരക്ഷിതമായി നിലകൊള്ളുന്നത് ഇത്തരം വിഷവിത്തുകളെ തിരിച്ചറിഞ്ഞ് പിഴുതെറിഞ്ഞതുകൊണ്ടാണ്. വരുംതലമുറയെങ്കിലും ഈ ചരിത്രം പഠിക്കുകയും മതം പറഞ്ഞ് വരുന്ന രാഷ്ട്രീയ കച്ചവടക്കാരെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.