മുസ്‌ലിംകളും വൈദ്യശാസ്ത്ര പുരോഗതിയും

ഡോ. ടി. കെ. യൂസുഫ്

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 2)

പ്രവാചക വൈദ്യത്തിൽ പരാമർശിക്കപ്പെട്ട പച്ചമരുന്നുകൾ ഫലപ്രദവും സർവരോഗ സംഹാരി കളുമായിരുന്നുവെങ്കിലും മുസ്‌ലിംകൾ ഒരിക്കലും അവരുടെ ചികിത്സ അവയിൽ മാത്രം പരിമിതപ്പെടുത്തിയില്ല. ഭൗതിക വിജ്ഞാനങ്ങൾ നിരന്തര ഗവേഷണങ്ങൾക്ക് വിധേയമാവണമെന്ന് അവർ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ‘വിജ്ഞാനം വിശ്വാസിയുടെ നഷ്ടപ്പെട്ട സ്വത്താണ്, അത് എവിടെ കണ്ടാലും അവൻ കൈക്കലാക്കണം’ എന്ന തിരുവചനമാണ് അവർക്ക് അതിന് പ്രചോദനം നൽകിയത്.

അമവി കാലഘട്ടത്തിൽ മുസ്‌ലിംകൾ ഇതര നാടുകളിലെത്തിയപ്പോൾ അവിടങ്ങളിലുളള അറിവുകൾ സ്വായത്തമാക്കാനാണ് ആദ്യമായി ശ്രമിച്ചത്. ഗ്രീക്ക് വൈദ്യഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തുകയും റോമൻ ഭിഷഗ്വരന്മാരെ തങ്ങളുടെ പ്രദേശത്ത് കുടി യിരുത്തുകയും ചെയ്തു. റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞപ്പോഴും അവരുടെ വിജ്ഞാനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ മുസ്‌ലിംകൾ പ്രത്യേകം ഉത്സാഹം കാണിക്കുകയുണ്ടായി. അവയിലെ വൈദ്യവിധികളാണ് പിന്നീട് ലോകത്തിന് ഏറ്റവും പ്രയോജനകരമായിത്തീർന്നത്.

ഖലീഫ മർവാൻ ബിൻ ഹകമിന്റെ കാലഘട്ടത്തിൽ ഏറ്റവും പ്രസിദ്ധ വിവർത്തകനായിരുന്ന മാസിർജുവാ എന്ന ജൂത ഭിഷഗ്വരൻ ‘കുന്നാശ്’ എന്ന പേരിലുളള ഒരു ഗ്രീക്ക് വൈദ്യശാസ്ത്ര വിജ്ഞാനകോശം വിവർത്തനം ചെയ്യുകയുണ്ടായി. അബ്ബാസിയ കാലഘട്ടമായപ്പോയേക്കും മുസ്‌ലിംകൾക്ക് സ്വന്തമായ ഒരു വൈദ്യവിജ്ഞാന ശേഖരമുണ്ടായിരുന്നു. അതിൽ മാത്രം പരിമിതപ്പെടുത്താതെ ഗ്രീക്ക്, പേർഷ്യൻ, റോമൻ, ഇന്ത്യൻ വൈദ്യഗ്രന്ഥങ്ങളിൽനിന്നുളള വിവർത്തന പദ്ധതി അവർ തുടർന്നുകൊണ്ടിരുന്നു. മുസ്‌ലിംകൾ ഭാഷാന്തര പ്രക്രിയ നിർവഹിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഇത്തരം വൈദ്യവിരങ്ങളെല്ലാം ആരും കാണാതെ ചിതൽ തിന്നുപോകുമായിരുന്നു.

അബ്ബാസിയ കാലഘട്ടത്തിലെ മുസ്‌ലിംകൾ മുൻവൈദ്യവിജ്ഞാനങ്ങളിലുണ്ടായിരുന്ന തെറ്റുകൾ തിരുത്തുകയും അവ കൂടുതൽ കുറ്റമറ്റതാക്കാൻ ശ്രമിക്കുകയും ചെയ്തു. വൈദ്യസിദ്ധാന്തങ്ങളിലെ അബദ്ധങ്ങൾ പോലും അവർ തിരുത്തുകയുണ്ടായി. ഉദാഹരണമായി, ഇബ്‌നു നഫീസ് ജാലീന്യൂസിന്റെ (ഗാലന്റെ), ഹൃദയത്തിന്റെ വലത്തെയും ഇടത്തെയും അറകളുടെ അന്തർഭാഗത്ത് ഒരു ദ്വാരമുണ്ടെന്ന ധാരണ തിരുത്തുകയുണ്ടായി. വൈദ്യവിജ്ഞാനം അങ്ങേയറ്റം പുരോഗതി പ്രാപിച്ച അബ്ബാസിയ കാലഘട്ടത്തിൽ ധാരാളം ആതുരാലയങ്ങളും വൈദ്യവിജ്ഞാന സർവകലാശാലകളും സ്ഥാപിക്കുകയുണ്ടായി.

വൈദ്യപഠനത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം

വൈദ്യശാസ്ത്രത്തിലെ മുസ്‌ലിം പുരോഗതി കേവലം യാദൃച്ഛികമായി ഉണ്ടായതല്ല; മറിച്ച് നിരന്തര പഠന ഗവേഷണഫലമായി കണ്ടെത്തിയതു തന്നെയാണ്. ഈ രംഗത്തെ ഇസ്‌ലാമിക രീതിശാസ്ത്രത്തിന് ധാരാളം പ്രത്യേകതകൾ കാണാൻ കഴിയും. അതിൽ ഏറ്റവും സവിശേഷമായത് ഇസ്‌ലാം മറ്റു നാഗരികതകളോടും സംസ്‌കാരങ്ങളോടും ഒരു തുറന്ന സമീപനം സ്വീകരിച്ചു എന്നതാണ്. മുസ്‌ലിംകൾ അല്ലാത്തവരിൽനിന്ന് വിവര ശേഖരണം നടത്തുന്നതിന് അവർ ഒട്ടും വൈമനസ്യം കാണിച്ചിരുന്നില്ല. എല്ലാ സമുദായങ്ങളുടെ അറിവിൽനിന്നും അനുഭവങ്ങളിൽനിന്നും സ്വായത്തമാക്കേണ്ട ഒരു നിധിയായിട്ടാണ് അവർ വിജ്ഞാനത്തെ ഗണിച്ചിരുന്നത്. വൈദ്യവിജ്ഞാനത്തിന് അക്കൂട്ടത്തിൽ അവർ വലിയ പ്രാധാന്യം നൽകിയിരുന്നു. കാരണം, ഇസ്‌ലാമിൽ ശരീഅത്ത് വിജ്ഞാനം കഴിഞ്ഞാൽ പിന്നീട് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വിജ്ഞാന ശാഖ വൈദ്യമാണ്. ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം വൈദ്യം എന്ന പേരിൽ ഒരു അധ്യായം തന്നെയുണ്ട്. ആരാധനാകർമങ്ങളും ശരീഅത്ത് നിയമങ്ങളും അനുസരിച്ച് ജീവിക്കണമെങ്കിൽ ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. അതുകൊണ്ടാണ് പൂർവികരായ മുസ്‌ലിംകൾ വൈദ്യരംഗത്ത് കാര്യമായ പഠന ഗവേഷണങ്ങൾ നടത്തിയത്. ഹിജ്‌റ 85ൽ മരണപ്പെട്ട ഖാലിദ് ബിൻ യസീദ് അൽഅമവി അലക്‌സാൻഡ്രിയ ലൈബ്രറിയിൽ ഉണ്ടായിരുന്ന ഗ്രീക്ക് വൈദ്യഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യാൻ കാണിച്ച ശ്രമങ്ങൾ ഇതിനുദാഹരണമാണ്.

വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്ന കാര്യത്തിൽ വമ്പിച്ച വിപ്ലവമുണ്ടായത് ഹാറൂൺ റഷീദിന്റെ കാലത്താണ്. ഗ്രീക്ക്, പേർഷ്യൻ, റോമൻ ഇന്ത്യൻ തുടങ്ങി അക്കാലത്ത് നിലനിന്നിരുന്ന എല്ലാ നാഗരികതകളിൽനിന്നും ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. പക്ഷേ, ഈ വിവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിവരങ്ങളൊന്നും തങ്ങളുടെതാണെന്ന് മുസ്‌ലിംകൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്നതാണ്. വേണമെങ്കിൽ അവർക്ക് മറ്റുള്ളവരിൽനിന്ന് ലഭ്യമായ വിവരങ്ങൾ തങ്ങളുടെതായി ലോകത്തിന്റെ മുമ്പിൽ സമർപ്പിക്കാമായിരുന്നു. എന്നാൽ വളരെ ബഹുമാനപുരസ്സരം മറ്റുള്ളവരുടെ പേരുകൾ പറഞ്ഞുകൊണ്ടാണ് തങ്ങളുടെ സംഭാവനകൾ മുസ്‌ലിംകൾ ലോകത്തിന് നൽകിയിട്ടുളളത്.

പ്രസിദ്ധ മുസ്‌ലിം ഭിഷഗ്വരനായിരുന്ന അല്ലാമാ അബൂബക്കർ അൽറാസി തന്റെ ലോക പ്രശസ്ത വൈദ്യശാസ്ത്ര ഗ്രന്ഥമായ ‘കിതാബുൽ ഹാവി’യിൽ പറയുന്നത് ഹിപ്പോക്രാറ്റസ്, ഗാലൻ, അർമസോസ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിൽനിന്നും എടുത്ത വിവരങ്ങളാണ് ഞാൻ ഇതിൽ ഉൾകൊള്ളിച്ചിട്ടുളളത് എന്നാണ്. ഈ വിശ്വസ്തതയായിരുന്നു മുസ്‌ലിംകളുടെ ഏറ്റവും വലിയ നേട്ടം. സത്യത്തിൽ ഗ്രീക്ക്, പേർഷ്യൻ, റോമൻ വംശങ്ങളിലെ പുതുതലമുറക്ക് അവരുടെ പൂർവികരെക്കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കിയത് മുസ്‌ലിംകളാണ്.

കേവല വിവർത്തനത്തിലുപരി ലഭ്യമായ വിവരങ്ങളിലെ അബദ്ധങ്ങളും പോരായ്മകളും പരിഹരിച്ച് നിരന്തര ഗവേഷണത്തിലൂടെ അതിനെ പരിപോഷിപ്പിക്കാനും അവർ ശ്രമിക്കുകയുണ്ടായി. ഇതര ജനവിഭാഗങ്ങളിൽനിന്ന് ബുദ്ധിശക്തിയിലും ചിന്താശക്തിയിലും മുസ്‌ലിംകൾ ഒട്ടും പിന്നിലല്ലാത്തതു കൊണ്ട് അവർക്ക് നൂറ്റാണ്ടുകളോളം വൈജ്ഞാനികരംഗത്തെ മേൽക്കോയ്മ നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.

മുസ്‌ലിംകൾ വൈദ്യവിജ്ഞാനത്തെ അവരുടെ കുത്തകയാക്കിയില്ല എന്നതാണ് ഈ രംഗത്ത് അവർ ചെയ്ത മറ്റൊരു സേവനം. മറ്റു മതസ്ഥർക്കും ഇതിൽ പങ്കാളിത്തം നൽകുകയും അവരുടെ സേവനങ്ങളും ഈ രംഗത്ത് ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അബൂനസ്ർ മസീഹീ, കുസ്താബിൻ ലൂകാ ബഹ്‌ലബകി എന്നീ ജൂത-ക്രൈസ്തവ പേരുകൾ വൈദ്യരംഗത്ത് അറിയപ്പെട്ടത് ഇതുകൊണ്ടാണ്. ഇസ്‌ലാമിക സാമ്രാജ്യത്ത് ചില ക്രൈസ്തവ കുടുംബങ്ങൾക്ക് വൈദ്യം അറിയുന്നതുകൊണ്ട് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ഹാറൂൺ റഷീദിന്റെ കാലത്തെ രാഷ്ട്ര നേതാവായിരുന്ന ജഅ്ഫർ ബർബകിക്ക് ‘ഗബ്രിയേൽ ബിൻ ബക്തിശൂഅ്’ എന്ന ഒരു വൈദ്യനുണ്ടായിരുന്നു. മുസ്‌ലിംകൾ വൈദ്യരംഗത്ത് മതവിവേചനം കാണിച്ചിരുന്നില്ല എന്നതിന് ചരിത്രത്തിൽ ധാരാളം തെളിവുകൾ കാണാൻ കഴിയും. സ്വലാഹുദ്ദീൻ അയ്യൂബി ഈജിപ്തിൽ പ്രവേശിച്ച സമയത്ത് അദ്ദേഹത്തിന്റെ കൂടെ 18 ഭിഷഗ്വരന്മാരുണ്ടായി രുന്നു. അവരിൽ 8 മുസ്‌ലിംകളും 5 ജൂതന്മാരും 4 ക്രിസ്ത്യാനികളും 1 സാമിരിയുമാണുണ്ടായിരുന്നത്.

വൈദ്യശാസ്ത്രത്തെ തത്ത്വചിന്തയെ പോലെ ഒരു കേവല വിജ്ഞാനമായി കാണാതെ ആ രംഗത്ത് ധാരാളം പരീക്ഷണങ്ങൾ നടത്താൻ മുസ്‌ലിംകൾ മുന്നോട്ട് വരികയുണ്ടായി. ഒരു രോഗത്തിനുതന്നെ വ്യത്യസ്ത ചികിത്സാരീതികൾ അവർ പരീക്ഷിക്കുകയുണ്ടായി. ഈ പരീക്ഷണങ്ങളുടെ ഫലങ്ങളെല്ലാം അവർ രേഖപ്പെടുത്തുകയും ചെയ്തു. ഇബ്‌നു സീന പറയുന്നത് ‘ഞാൻ രോഗികളെ നിരന്തരമായി നിരീക്ഷിച്ചു, അപ്പോൾ എനിക്ക് ധാരാളം കാര്യങ്ങൾ അവരിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു’ എന്നാണ്. രോഗിയുടെ നിലവിലുള്ള അവസ്ഥയും രോഗത്തെക്കുറിച്ചുള്ള പഴയ സിദ്ധാന്തവും തമ്മിൽ വൈരുധ്യമാകുമ്പോൾ പുതിയ പരീക്ഷണത്തിന് നിർബന്ധിതരാകുന്നുവെന്നാണ് റാസി പറയുന്നത്. അതുപോലെ ശസ്ത്രക്രിയയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണ ങ്ങൾ അതേ രൂപത്തിൽ തന്നെ പിന്തുടരുന്നതിന് പകരമായി നവീന ഉപകരണങ്ങൾ കണ്ടുപിടിക്കാനാണ് മുസ്‌ലിംകൾ ശ്രമിച്ചത്. മുസ്‌ലിം സർജനായിരുന്ന അബുൽ കാസിം സഹറാവി കണ്ടുപിടിച്ച ശസ്ത്രക്രിയ ഉപകരണങ്ങൾ നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രം ഉപയോഗിക്കുകയുണ്ടായിട്ടുണ്ട്.

മുസ്‌ലിംകൾ വൈദ്യശാസ്ത്ര രംഗത്ത് മുന്നേറാനുളള ഏറ്റവും പ്രധാനമായ പ്രചോദനം അവരുടെ മതനിയമ സംഹിതയാണ്. ഭൂമിയിൽ പല വിജ്ഞാന ശാഖകളിലും പഠന ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതൊന്നും മതപരമായ പരിവേഷത്തിലല്ല നടക്കാറുളളത്. എന്നാൽ വൈദ്യശാസ്ത്ര രംഗത്ത് ക്വുർആനും ഹദീസുകളും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. വൈദ്യരംഗം കൈകാര്യം ചെയ്യുന്ന മുസ്‌ലിംകൾ ഈ നിർദേശങ്ങൾക്കനുസരിച്ചാണ് പഠനം നടത്താറുളളത്. നബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹുവാണ് രോഗവും ഔഷധവും ഇറക്കിയത്, എല്ലാ രോഗങ്ങൾക്കും അവൻ ഔഷധം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് നിങ്ങൾ ചികിത്സിക്കുക. നിഷിദ്ധമായതുകൊണ്ട് ചികിത്സിക്കരുത്’’ (അബൂദാവൂദ്).

ചികിത്സാരംഗത്ത് ഒരു മുസ്‌ലിം അനുവർത്തിക്കേണ്ട മുഴുവൻ കാര്യങ്ങളും ഈ മൂന്ന് വാചകങ്ങളിൽ അടങ്ങിയിട്ടുണ്ട്. ചൂട് വെക്കുന്ന ചികിത്സയും ഹദീസ് വിലക്കിയതാണ്. ആധുനിക വൈദ്യവും അതിന് താൽക്കാലിക ആശ്വാസമല്ലാതെ സ്ഥായിയായ ഗുണം കാണുന്നില്ല. എന്നാൽ തിരുവൈദ്യവിധികളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ആധുനിക വൈദ്യവും ശാസ്ത്രീയമാണെന്ന് തെളിയിച്ചതാണ്.

ചികിത്സാരംഗത്ത് മുസ്‌ലിംകൾക്ക് നൂറ്റാണ്ടുകളോളം മുന്നേറാൻ പ്രചോദനം നൽകിയത് ഇസ്‌ലാമിക അധ്യാപനങ്ങൾ തന്നെയാണ്. (തുടരും)