ബദ്‌റിലെ ഗുണപാഠം

മൂസ സ്വലാഹി കാര

2026 മാർച്ച് 07, 1447 റമദാൻ 17

ഇസ്‌ലാമിക ചരിത്രത്തിൽ അല്ലാഹുവിന്റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങൾക്ക് നബിﷺയും സ്വഹാബത്തും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ർ യുദ്ധം. ശത്രുക്കളിൽ നിന്ന് നബിﷺക്ക് നേരെയുള്ള പരിഹാസവും ആരോപണങ്ങളും അക്രമവും എതിർപ്പുകളും കടുത്ത സാഹചര്യത്തിലാണ് ഈ യുദ്ധത്തിന് അല്ലാഹു അനുമതി നൽകിയത്. മുസ്‌ലിംകൾ വിജയം പുൽകിയ ബദ്ർ യുദ്ധത്തെ ‘യൗമുൽ ഫുർക്വാൻ’ (സത്യാസത്യവിവേചനത്തിന്റെ ദിവസം) എന്നാണ് ക്വുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: “സത്യാസത്യ വിവേചനത്തിന്റെ ദിവസത്തിൽ നമ്മുടെ ദാസന്റെ മേൽ നാം അവതരിപ്പിച്ചതിലും നിങ്ങൾ വിശ്വസിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു’’(8:41). “ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീർച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്’ എന്ന വചനത്തിലെ (44:16) ‘അൽബത്ശതുൽ കുബ്‌റാ’ (ഏറ്റവും വലിയ പിടുത്തം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബദ്ർ യുദ്ധമാണെന്ന് ഇബ്‌നു മസ്ഊദ്(റ) അഭിപ്രായപ്പെട്ടതായി കാണാം.

സത്യസന്ധമായും ആത്മാർഥതയോടെയും വിശ്വാസം നിലനിർത്തിയവർക്കാണ് എക്കാലത്തും ശത്രുക്കളിൽനിന്ന് പരീക്ഷണം നേരിടേണ്ടി വന്നിട്ടുള്ളത്. നബിﷺ പറഞ്ഞു: “ഏറ്റവും കഠിനമായ പരീക്ഷണം പ്രവാചകന്മാർക്കാണ്. പിന്നെ അവരെ പിൻപറ്റിയവർ, പിന്നെ അവരെ പിൻപറ്റിയവർ’’ (ബുഖാരി). ബദ്‌റിലേക്ക് പുറപ്പെട്ട നബിﷺക്കും അനുചരന്മാർക്കും ആൾബലവും ആയുധബലവുമല്ല ശക്തിപകർന്നത്. ഇവ രണ്ടും നന്നെ കുറവായിരുന്നു. ആദർശബലമാണ് വിജയത്തിന് തുണയായത്. മുന്നൂറോളം വരുന്ന മുസ്‌ലിം സൈന്യവും ആയിരത്തിലധികം വരുന്ന ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുർആൻ വിവരിക്കുന്നത്. അല്ലാഹു പറയുന്നു: “(ബദ്‌റിൽ) ഏറ്റുമുട്ടിയ ആ രണ്ടു വിഭാഗങ്ങളിൽ തീർച്ചയായും നിങ്ങൾക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികൾക്ക്) തങ്ങളുടെ ദൃഷ്ടിയിൽ അവർ (വിശ്വാസികൾ) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവർക്ക് തന്റെ സഹായം കൊണ്ട് പിൻബലം നൽകുന്നു. തീർച്ചയായും കണ്ണുള്ളവർക്ക് അതിൽ ഒരു ഗുണപാഠമുണ്ട്’’ (3:13).

ഇസ്‌ലാമിക പ്രമാണങ്ങളിൽനിന്നും സ്വീകാര്യമായ ചരിത്രത്തിൽനിന്നും ഈ യുദ്ധത്തെ വായിക്കുന്നവർക്ക് ജീവിതത്തിൽ വെളിച്ചമേകുന്ന ധാരാളം ഗുണപാഠങ്ങൾ ഗ്രഹിക്കാൻ കഴിയും. അവയിൽ ചിലത് സൂചിപ്പിക്കാം.

പ്രാർഥനയും സഹായതേട്ടവും അല്ലാഹുവിനോട് മാത്രം

ഇവ രണ്ടും ആരാധനയിൽ പ്രധാനപ്പെട്ടവയാണ്. ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങൾ അവനോട് മാത്രെമ ചോദിക്കാവൂ എന്നതിനും അതിലൂടെ മാത്രമെ ആഗ്രഹസാഫല്യം സാധ്യമാവുകയുള്ളൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്‌റിൽ നടന്ന പ്രാർഥനയും സഹായതേട്ടവും സത്യത്തിന്റെ ആളുകൾക്ക് അല്ലാഹു നൽകിയ വിജയവും. അല്ലാഹു പറയുന്നു: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്ക് മറുപടി നൽകി’’ (8:9).

നബിﷺ ക്വിബ്‌ലക്ക് മുന്നിട്ട് രണ്ട് കൈകളും നീട്ടി ‘അല്ലാഹുവേ, എനിക്ക് നൽകിയ വാഗ്ദാനം നീ പൂർത്തിയാക്കേണമേ, അല്ലൂഹുവേ ഈ ചെറു സംഘത്തെ നീ നശിപ്പിക്കരുത്’ എന്നാണ് തേടിയത്. എന്നാൽ ഈ മാതൃക പിൻപറ്റേണ്ടതിനു പകരം നമ്മുടെ നാട്ടിലെ മുസ്‌ലിംകളിൽ അധികവും ഇതിനുവിരുദ്ധമായി പ്രവർത്തിക്കുന്നതാണ് നാം കാണുന്നത്. ജനങ്ങളെ നേർവഴിയിൽ നയിക്കേണ്ട പണ്ഡിതന്മാർ പ്രവാചക മാതൃകക്ക് വിരുദ്ധമായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. ബദ്‌റിൽ രക്തസാക്ഷികളായ സ്വഹാബികളുടെ പേരിൽ ഒരു മുസ്‌ലിയാർ എഴുതി വിടുന്നത് കാണുക: “ഏതേതു പ്രശ്‌നങ്ങളായിരുന്നാലും ശരി, ഐഹികമാകട്ടെ പാരത്രികമാകട്ടെ, ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടിയാൽ തീർച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്‌ലാമിക പ്രമാണങ്ങളിൽ അതിന് മതിയായ രേഖകൾ സ്പഷ്ടമായിരിക്കെ അത് ശിർക്കാണെന്നു പറയുന്നവരുടെ തലക്കാണ് വട്ട്’’ (ബദ്ർ മൗലിദ് പരിഭാഷയും വിവരണവും, പേജ്:43). പ്രമാണങ്ങൾ പഠിപ്പിച്ചതിന് വിപരീതം പ്രചരിപ്പിക്കുന്നവർ യാതൊരു രേഖയും ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ഈ അപകടം നിറഞ്ഞ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുക.

ഭരമേൽപിക്കേണ്ടത് അല്ലാഹുവിൽ മാത്രം

വിശ്വാസികൾ ഏതൊരു നന്മ തീരുമാനിച്ചാലും ഭരമേൽപിക്കേണ്ടത് അല്ലാഹുവിലാണ്. ബദ്‌റിലേക്ക് പുറപ്പെട്ട നബിﷺയും അനുയായികളും അല്ലാഹുവിൽ മാത്രമാണ് തവക്കുലാക്കിയത് അഥവാ ഭരമേൽപിച്ചത്. ആ ബലം തന്നെയാണ് വിജയത്തിന് ഹേതുവായതും. അല്ലാഹു പറയുന്നു: “..അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്’’(8:19).

ഒരു വിശ്വാസി അല്ലാഹുവിൽ ഭരമേൽപിച്ചാൽ രക്ഷിതാവായി അല്ലാഹുവിനെ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. തവക്കുൽ അല്ലാഹുവിൽ മാത്രമായിരിക്കണമെന്ന ഗുണപാഠം ഉൾക്കൊള്ളേണ്ടതിനു പകരം ബദ്ർ ശുഹദാക്കളുടെ മേൽ തവക്കുലാക്കാനാണ് മുസ്‌ലിയാർ പഠിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും. “ഞങ്ങളുടെ നാഥാ ബദ്ർ ശുഹദാക്കളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ആശകളെ നിറവേറ്റിത്തരേണമേ...പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും തടഞ്ഞുവെക്കേണമേ... ആശീർവാദത്തോടെ ഞങ്ങളെ രക്ഷപ്പെടുത്തേണമേ’’ എന്ന തേട്ടവും (ബദ്ർ മൗലിദ്, പേജ്: 42) മുസ്‌ലിയാർ പഠിപ്പിക്കുന്നുണ്ട്!

ബദ്ർ ശുഹദാക്കളുടെ നാമങ്ങൾ വീടുകളിൽ എഴുതി കെട്ടിത്തൂക്കിയാൽ അതിലൂടെ കാവൽ ലഭിക്കുമെന്ന് കള്ളക്കഥകളിലൂടെ ഇവർ പ്രചരിപ്പിക്കുന്നു. ബദ്ർ മൗലിദിൽ വന്ന ഒരു കഥ ഇങ്ങനെ വായിക്കാം: “ഒരാൾ തന്റെ വീട്ടുവാതിലിന്റെ മേലെ കട്ടിലപ്പടയിൽ ബദ്‌രീങ്ങളുടെ നാമങ്ങൾ എഴുതിവെച്ച് പരിശുദ്ധ ഹജ്ജ് കർമത്തിനായി പുണ്യമക്കയിലേക്ക് യാത്രതിരിച്ചു. മോഷണ ശ്രമത്തിനിടെ ചില സംസാരവും ആയുധങ്ങളുടെ ചിലമ്പൽ ശബ്ദവും അവർ കേട്ടു. ഉടനെ മോഷ്ടാക്കൾ സ്ഥലം വിട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവും മോഷ്ടാക്കൾ പ്രസ്തുത വീട്ടിൽ മോഷണ ശ്രമം നടത്തിയെങ്കിലും ആദ്യ ദിവസത്തെ അനുഭവം ഉണ്ടായതിനാൽ നിരാശയോടെ മടങ്ങേണ്ടി വന്നു. ആൾതാമസമില്ലാത്ത വീട്ടിലെ ഈ അനുഭവം മോഷ്ടാക്കളെ അത്ഭുതപ്പെടുത്തി. മോഷണ ശ്രമം അവർ ഉപേക്ഷിച്ചു. വീട്ടുടമസ്ഥൻ പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോൾ മോഷ്ടാക്കൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘താങ്കൾ ഹജ്ജിനു പുറപ്പെട്ടപ്പോൾ വീടിന്റെ സംരക്ഷണാർഥം എന്തായിരുന്നു ചെയ്തത്? അതൊന്നു പറഞ്ഞു തരണം.’ ‘വലാ യഊദുഹു ഹിഫ്ദ്വുഹുമാ വഹുവൽ അലിയ്യുൽ അദ്വീം’ എന്ന സൂക്തവും ബദ്‌രീങ്ങളുടെ നാമങ്ങളും എഴുതിവെച്ചതല്ലാതെ വേറെയൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് വീട്ടുടമസ്ഥൻ മറുപടി പറഞ്ഞു. ഇതുകേട്ട് മോഷ്ടാവ് പറഞ്ഞു: ‘മനസ്സിലായി, സംരക്ഷണ മരുന്ന് ലഭിച്ചു. അല്ലാഹുവിന് സ്തുതി’’ (സുന്നിഅഫ്കാർ, 2015 ജനുവരി).

ഇങ്ങനെയുള്ള കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് എന്താണ് നേട്ടം? ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു, ശിർക്കിൽ അകപ്പെടുന്നു എന്നതല്ലേ വാസ്തവം?

യഥാർഥ സഹായം അല്ലാഹുവിൽനിന്ന് മാത്രം

അല്ലാഹുവിന്റെ അടിമകളെ സഹായിക്കുക എന്നത് അല്ലാഹുവിന്റെ ബാധ്യതയത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകും. അല്ലാഹു നൽകുന്ന സഹായത്തിന്റെ അവകാശികളാവാൻ അടിമകൾ ചെയ്യേണ്ടത് അവനെയും സഹായിക്കുക എന്നതാണ്. അതായത് മതത്തിന്റെ സംരക്ഷകരാവുക. അല്ലാഹു പറയുന്നു: “...തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും...’’ (22:40). “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചിച്ചു നിർത്തുകയും ചെയ്യുന്നതാണ്’’(47:7).

ബദ്‌റിൽ മുസ്‌ലിം സൈന്യം ദുർബലമായിരുന്നു. അവരുടെ വിശ്വാസദാർഢ്യത്തിന്റെ ഫലമായി വ്യത്യസ്ത രീതിയിലുള്ള സഹായങ്ങളാണ് അല്ലാഹുവിൽനിന്ന് ലഭ്യമായത്. അല്ലാഹു പറയുന്നു: “നിങ്ങൾ ദുർബലമായിരിക്കെ ബദ്‌റിൽ വെച്ച് അല്ലാഹു നങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക നിങ്ങൾ നന്ദിയുള്ളവരായേക്കാം’’ (3:123). അല്ലാഹു നൽകിയ സഹായങ്ങളെക്കുറിച്ച് ക്വുർആൻ പറഞ്ഞുതരുന്നുണ്ട്:

(എ). മലക്കുകളെ ഇറക്കി സഹായിച്ചു: അല്ലാഹു പറയുന്നു: “(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദർഭം (ഓർക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കൽ ശത്രുക്കൾ ഈ നിമിഷത്തിൽ തന്നെ വന്നെത്തുകയുമാണെങ്കിൽ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകൾ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങൾക്കൊരു സന്തോഷ വാർത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകൾ സമാധാനപ്പെടുവാൻ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിൻബലം നൽകിയത്. (സാക്ഷാൽ) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽനിന്നു മാത്രമാകുന്നു’’ (3:124-126).

(ബി). മുസ്‌ലിം സൈന്യം എണ്ണത്തിൽ കുറവായിരുന്നു. ശത്രുക്കൾ നോക്കിയപ്പോൾ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിക്കും വിധം മുസ്‌ലിംകളിൽ വർധനയുണ്ടായി. അല്ലാഹു പറയുന്നു: “...(അവിശ്വാസികൾക്ക്) തങ്ങളുടെ ദൃഷ്ടിയിൽ അവർ (വിശ്വാസികൾ) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്...’’(3:13).

(സി). മഴയിറക്കി സഹായിച്ചു. അല്ലാഹു പറയുന്നു: “അല്ലാഹു തന്റെ പക്കൽനിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദർഭം (ഓർക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളിൽനിന്ന് പിശാചിന്റെ ദുർബോധനം നീക്കിക്കളയുന്നതിനും നിങ്ങളുടെ മനസ്സുകൾക്ക് കെട്ടുറപ്പ് നൽകുന്നതിനും പാദങ്ങൾ ഉറപ്പിച്ച് നിർത്തുന്നതിനും വേണ്ടി അവൻ നിങ്ങളുടെ മേൽ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിരുന്ന സന്ദർഭവും (ഓർക്കുക)’’ (8:11).

(ഡി). ശത്രുക്കൾക്ക് അല്ലാഹു ഭയം നൽകി. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവ് മലക്കുകൾക്ക് ബോധനം നൽകിയിരുന്ന സന്ദർഭം (ഓർക്കുക). ഞാൻ നിങ്ങളുടെ കൂടെയുണ്ട്, അതിനാൽ സത്യവിശ്വാസികളെ നിങ്ങൾ ഉറപ്പിച്ചു നിർത്തുക. സത്യനിഷേധികളുടെ മനസ്സുകളിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്...’’ (8:12).

(ഇ). അല്ലാഹു തന്റെ വിജയ വാഗ്ദാനം പൂർത്തിയാക്കി. അല്ലാഹു പറയുന്നു: “സത്യത്തെ സത്യമായി പുലർത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീർക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്മാർക്ക് അതെത്ര അനിഷ്ടകരമായാലും ശരി’’(8:8).

ദൃഢവിശ്വാസമുള്ളവർക്ക് സത്യത്തിൽ ഉറച്ച് നിൽക്കാൻ തുണയാകുന്ന സഹായം അല്ലാഹുവിൽ നിന്ന് ലഭിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

അഹങ്കാരവും ലോകമാന്യവും ആപത്ത്

അല്ലാഹു വിലക്കിയ രണ്ട് കാര്യങ്ങളാണിവ. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായി കാണലുമാണ് അഹങ്കാരം. എല്ലാ കാലത്തും പ്രവാചകന്മാർ പ്രധാനമായും നേരിട്ട പരീക്ഷണം അഹങ്കാരികളിൽ നിന്നാണ്. അഹങ്കാരികൾക്ക് എന്നും നാശം മാത്രമെ ഉണ്ടായിട്ടുള്ളൂ. കർമങ്ങളിൽ നിഷ്‌കളങ്കത ഇല്ലാതാവലാണ് ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രർത്തിച്ചാൽ ഉണ്ടാകുന്നത്. അത്തരം പ്രവർത്തനങ്ങൾ അല്ലാഹു ആരിൽ നിന്നും സ്വീകരിക്കുകയില്ല. ശത്രുസൈന്യം യുദ്ധത്തിന് പുറപ്പെട്ടത് ഈ രണ്ട് ദുർഗുണങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ്. അത് വിശ്വാസികളിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് അല്ലാഹു താക്കീത് നൽകുന്നുമുണ്ട്. അല്ലാഹു പറയുന്നു: “ഗർവ്വോട് കൂടിയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും തങ്ങളുടെ വീടുകളിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(8:47).

പിശാച് മനുഷ്യന്റെ മുഖ്യശത്രു തന്നെ

ശൈത്വാൻ മനുഷ്യന്റെ മുഖ്യശത്രുവാണെന്ന് സംശയലേശമന്യെ അല്ലാഹു ബോധ്യപ്പെടുത്തിത്തന്ന യുദ്ധമാണ് ബദ്ർ. ചീത്ത പ്രവർത്തനങ്ങളിൽ ആകൃഷ്ടതയുണ്ടാക്കി ചതിയിൽ ചാടിക്കുക എന്നതാണ് ശൈത്വാന്റെ കുതന്ത്രം. ശത്രുപക്ഷത്തിന് അവരുടെ പ്രവർത്തനങ്ങളെ ശൈത്വാൻ ഭംഗിയാക്കി തോന്നിച്ചു. അവർ ചതിയിൽ അകപ്പെട്ടു, എന്ന് മാത്രമല്ല അവസാനം ശൈത്വാൻ പിന്തിരിയുകയും ചെയ്തു. അല്ലാഹു പറയുന്നു: “ഇന്ന് ജനങ്ങളിൽ നിങ്ങളെ തോൽപിക്കാൻ ആരും തന്നെയില്ല. തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവർക്ക് അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിച്ച സന്ദർഭവും (ഓർക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങൾ അന്യോന്യം കണ്ടുമുട്ടിയപ്പോൾ ‘എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. തീർച്ചയായും നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട്. തീർച്ചയായും ഞാൻ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ’ എന്ന് പറഞ്ഞുകൊണ്ട് അവൻ (പിശാച്) പിന്മാറിക്കളഞ്ഞു’’ (8;48).

ഓർക്കുക, ഇതുതന്നെയാണ് എല്ലാ ചെയ്തികളിലും പിശാചിന്റെ ശൈലി. മനുഷ്യന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കും. ആത്മാർഥതയില്ലാത്ത വിശ്വാസികളെ അവന് പെട്ടെന്ന് പിഴപ്പിക്കുവാൻ സാധിക്കും. അല്ലാഹുവിനോടേ പ്രാർഥിക്കൂ എന്ന ആദർശം മുറുകെ പിടച്ചതിന്റെ പേരിൽ ബദ്ർ യുദ്ധത്തിൽ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തവരെ വിളിച്ച് തേടുന്ന ദുരവസ്ഥയിലേക്ക് മുസ്‌ലിംകൾ എത്തിനിൽക്കുന്നുവെങ്കിൽ അത് പിശാചിന്റെ വിജയമാണ്. പൈശാചികതയെ തോൽപിക്കാൻ കഴിയുന്ന വിശ്വാസദാർഢ്യതയാണ് നോമ്പുകൊണ്ട് നാം നേടിയെടുക്കേണ്ടത്.