പാപക്കറകൾ മായ്ക്കുന്ന കണ്ണീർത്തുള്ളികൾ
അനസ് അൽഹികമി, വെട്ടത്തൂർ
2026 മാർച്ച് 21, 1447 ശവ്വാൽ 02

രാത്രിയുടെ യാമങ്ങൾ നിശ്ശബ്ദമാകുമ്പോൾ, ലോകം ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ, എന്നെങ്കിലും സ്വന്തം മനസ്സിനുനേരെ ഒരു കണ്ണാടി പിടിച്ചുനോക്കിയിട്ടുണ്ടോ? തിരക്കുകൾ ഒഴിഞ്ഞ, ബഹളങ്ങളില്ലാത്ത ആ ഏകാന്തതയിൽ, സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം കേൾക്കുന്ന നിമിഷങ്ങളിൽ, മനസ്സ് നമ്മോട് ചിലത് പറയാറില്ലേ? ചെയ്തുപോയ അബദ്ധങ്ങളുടെ, ആരും കാണാതെ പോയ പാപങ്ങളുടെ, തിരുത്താൻ കഴിയാത്ത തെറ്റുകളുടെ കരിനിഴലുകൾ ആ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നില്ലേ? ചിലപ്പോൾ ഒരു വലിയ പാറക്കല്ല് നെഞ്ചിൽ കയറ്റിവെച്ചതുപോലൊരു ശ്വാസംമുട്ടൽ അനുഭവപ്പെടാറില്ലേ?
‘എനിക്കിനി രക്ഷയുണ്ടോ,’ ‘റബ്ബ് എനിക്ക് മാപ്പുതരുമോ’ തുടങ്ങിയ ചോദ്യങ്ങൾ ഉള്ളിന്റെയുള്ളിൽ നിന്ന് ഒരു വിങ്ങലായി ഉയരുന്നുണ്ടോ?
മരണമെന്ന യാഥാർഥ്യം ഏതു നിമിഷവും വാതിലിൽ മുട്ടിയേക്കാം. ക്വബ്‌റാകുന്ന ഇരുട്ടറയിൽ തനിച്ചാകുമ്പോൾ കൂട്ടിനുണ്ടാകുക നാം ചെയ്ത സൽകർമങ്ങൾ മാത്രമായിരിക്കും. എന്നാൽ, നമ്മുടെ ഏടുകൾ നിറയെ പാപങ്ങളാണെങ്കിലോ? നിരാശപ്പെടേണ്ടതില്ല, കാരുണ്യവാനായ അല്ലാഹു നമുക്കായി ഒരു വാതിൽ മലർക്കെ തുറന്നിട്ടിട്ടുണ്ട്. അതാണ് ‘ഇസ്തിഗ്ഫാർ’ (പാപമോചനം തേടൽ).
കണ്ണീരുകൊണ്ട് പാപങ്ങളെ കഴുകിക്കളയാനുള്ള അവസരം
വെറുക്കപ്പെട്ടവനിൽനിന്ന് ഇഷ്ടപ്പെട്ടവനിലേക്ക് ഒരു അടിമയെ ഉയർത്തുന്ന അത്ഭുതമാണത്. പാപങ്ങൾ ചെയ്തുകൂട്ടി, ഇനി മടങ്ങാൻ വഴിയുണ്ടോ എന്ന് ഭയന്നു നിൽക്കുന്നവരോട് കാരുണ്യവാനായ അല്ലാഹുവിന്റെ മറുപടി എത്ര സ്‌നേഹനിർഭരമാണ്! അല്ലാഹു പറയുന്നു: “സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ ത്തൊട്ട് നിങ്ങൾ നിരാശരാകരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 39:53).
അല്ലാഹുവിന്റെ വാഗ്ദാനം നോക്കൂ: “ഹേ മനുഷ്യാ! നീ എന്നോട് പ്രാർഥിക്കുകയും എന്നിൽ പ്രതീ ക്ഷയർപ്പിക്കുകയും ചെയ്യുന്ന കാലത്തോളം, നീ ചെയ്തത് എന്തൊക്കെയാണെങ്കിലും ഞാനത് പൊറുത്തുതരും; എനിക്കതിൽ ഒരു മടിയുമില്ല. ഹേ മനുഷ്യാ,! നിന്റെ പാപങ്ങൾ ആകാശത്തോ ളമെത്തിയാലും, നീ എന്നോട് പാപമോചനം തേടിയാൽ നിനക്ക് ഞാൻ പൊറുത്തുതരും’ (തിർമിദി).
ഇസ്തിഗ്ഫാർ (പാപമോചനം) എന്നത് പരലോകത്തേക്കുള്ള ഒരു കരുതൽ മാത്രമല്ല, മറിച്ച് ഈ ലൗകിക ജീവിതത്തിലെ സകല പ്രതിസന്ധികൾക്കുമുള്ള ഒറ്റമൂലി കൂടിയാണ്. പ്രവാചകൻﷺ അരുളുന്നു: ‘ആരെങ്കിലും ഇസ്തിഗ്ഫാർ പതിവാക്കിയാൽ, എല്ലാ പ്രയാസങ്ങളിൽനിന്നും അല്ലാഹു അവന് മോചനം നൽകും. എല്ലാ ദുഃഖങ്ങളിൽനിന്നും അവന് ആശ്വാസം നൽകും. അവൻ വിചാരിക്കാത്ത വഴിയിലൂടെ അവന് ഉപജീവനം നൽകുകയും ചെയ്യും’’ (അബൂദാവൂദ്).
സമ്പത്തും സന്താനങ്ങളുമടക്കമുള്ള ഭൗതികമായ പല അനുഗ്രഹങ്ങളും ലഭിക്കുവാൻ നൂഹ് നബി(അ) തന്റെ ജനതയോട് പറഞ്ഞത് കാണുക: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. എങ്കിൽ അവൻ നിങ്ങൾക്ക് ആകാശത്തുനിന്ന് ധാരാളമായി മഴ അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും’’ (ക്വുർആൻ 71:10-12).
മഴ ലഭിക്കാനും ശാരീരികമായ കരുത്ത് വർധിക്കാനും ഹൂദ് നബി(അ) നിർദേശിച്ച മാർഗവും ക്വുർആൻ പഠിപ്പിക്കുന്നുണ്ട്: “നിങ്ങൾ അവനിലേക്ക് ഖേദിച്ചുമടങ്ങുക. എങ്കിൽ അവൻ നിങ്ങൾക്ക് ആകാശത്തുനിന്ന് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി കൂട്ടിത്തരികയും ചെയ്യും’’ (ഹൂദ്: 52).
മനുഷ്യരെ വഴിതെറ്റിക്കുമെന്ന് ശപഥം ചെയ്തവനാണ് പിശാച്. എന്നാൽ അവനെ തോൽപിക്കാൻ അല്ലാഹു നൽകിയ ആയുധമാണ് ഇസ്തിഗ്ഫാർ. ഒരു ഹദീസിൽ ഇപ്രകാരം കാണാം: “പിശാച് അല്ലാഹുവിനോട് പറഞ്ഞു: ‘നിന്റെ പ്രതാപമാണ് സത്യം! നിന്റെ ദാസന്മാരുടെ ആത്മാവ് അവരുടെ ശരീരത്തിലുള്ള കാലത്തോളം ഞാൻ അവരെ വഴിപിഴപ്പിച്ചുകൊണ്ടേയിരിക്കും.’ അപ്പോൾ അല്ലാഹു പറഞ്ഞു: ‘എന്റെ പ്രതാപവും മഹത്ത്വവുമാണ് സത്യം! അവർ എന്നോട് പാപമോചനം തേടുന്ന കാലത്തോളം ഞാൻ അവർക്ക് പൊറുത്തു കൊടുത്തുകൊണ്ടേയിരിക്കും’’ (അഹ്‌മദ്).
പിശാച് മനുഷ്യരെക്കൊണ്ട് തെറ്റ് ചെയ്യിക്കാൻ ശ്രമിക്കും. എന്നാൽ തോറ്റുകൊടുക്കരുത്. ഓരോ തവണ വീഴുമ്പോഴും ഇസ്തിഗ്ഫാറിലൂടെ എഴുന്നേൽക്കുക. പിശാചിന്റെ നടുവൊടിക്കുന്ന പ്രഹരമാണത്.
നാം ചെയ്യുന്ന ഓരോ തെറ്റും നമ്മുടെ ഹൃദയത്തിൽ ഓരോ പാട് വീഴ്ത്തുന്നുണ്ട്. നബിﷺ പറഞ്ഞു: “ഒരു അടിമ തെറ്റ് ചെയ്താൽ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നു. അവൻ അത് ഉപേക്ഷിക്കുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം മിനുക്കപ്പെടും. എന്നാൽ അവൻ തെറ്റിലേക്ക് മടങ്ങിയാൽ ആ പുള്ളി വലുതാകും. അങ്ങനെ അത് അവന്റെ ഹൃദയത്തെ മൂടും’’ (തിർമിദി).
തെറ്റുകൾ ചെയ്ത് ഹൃദയം കറുത്തുപോവുകയും ഉൾക്കൊള്ളാൻ കഴിയാത്തവിധം കടുത്തുപോകു കയും ചെയ്താൽ കണ്ണീരിൽ കുതിർന്ന ഇസ്തിഗ്ഫാർ പരിഹാരമാണ്. തുരുമ്പുപിടിച്ച ഇരുമ്പിനെ മിനുക്കിയെടുക്കുന്നതുപോലെ, ഇസ്തിഗ്ഫാർ നമ്മുടെ ഹൃദയത്തെ വെട്ടിത്തിളങ്ങുന്നതാക്കി മാറ്റും.
പാപം ചെയ്ത ഉടനെ നെഞ്ച് പിടയുകയും ‘നാഥാ എനിക്ക് തെറ്റുപറ്റി’ എന്നു പറഞ്ഞ് സുജൂദിൽ വീഴുകയും ചെയ്യുന്നവനെ അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. രാവിന്റെ അന്ത്യയാമങ്ങളിൽ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ, ഏകാന്തതയിൽ ഇരുന്ന് റബ്ബിനോട് മാപ്പിരക്കുന്നതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്. ക്വുർആൻ സ്വർഗാവകാശികളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: “രാത്രിയിൽ അൽപസമയം മാത്രമെ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരു മായിരുന്നു’’ (51:17-18).
ഈ വരികൾ വായിക്കുമ്പോൾ, നമ്മുടെ മനസ്സ് പിടയുന്നുണ്ടെങ്കിൽ, അത് ഈമാനുള്ള ഹൃദയത്തിന്റെ ലക്ഷണമാണ്. അല്ലാഹു നമ്മെ തിരിച്ചുവിളിക്കുകയാണ്. പാപങ്ങളിൽ മുഴുകി, ദൈവത്തോട് അകന്ന്, സമാധാനമില്ലാതെ അലയുന്ന ജീവിതം നമുക്ക് വേണ്ട.
ഒന്ന് ആലോചിച്ചു നോക്കൂ! ഇന്ന് രാത്രി മലക്കുൽ മൗത്ത് നമ്മുടെ ആത്മാവിനെ പിടിക്കാൻ വന്നാൽ, അല്ലാഹുവിന്റെ മുന്നിൽ കാണിക്കാൻ നമ്മുടെ കയ്യിൽ എന്തുണ്ട്? ‘നാളെ നന്നാകാം’ എന്നു പറഞ്ഞ് നമ്മൾ മാറ്റിവെക്കുന്ന ആ ‘നാളെ’ ഒരുപക്ഷേ, നമ്മുടെ കലണ്ടറിൽ ഉണ്ടാവണം എന്നില്ല. അതുകൊണ്ട്, മരണസമയത്ത് ‘റബ്ബേ, എനിക്കൊരൽപം സമയം നീട്ടിത്തരുമോ, ഞാൻ നല്ലവനായി ജീവിച്ചോളാം’ എന്ന് കെഞ്ചുന്നതിന് മുമ്പ് നമുക്ക് ഇന്നേ മടങ്ങാം.
ഒരു റമദാൻ കൂടി നമുക്ക് ലഭിച്ചു. കറപിടിച്ച ഹൃദയങ്ങളെ കണ്ണീരിൽ കുതിർന്ന പാപമോചന തേട്ടം കൊണ്ട് വെളുപ്പിക്കാൻ നമുക്ക് ഈ റമദാനിൽ സാധിച്ചുവോ?
പാപസുരക്ഷിതനായ നബിﷺ പോലും ദിവസവും നൂറു തവണ പാപമോചനം തേടാറുണ്ടായിരുന്നു വെങ്കിൽ, നമ്മൾ എത്രമാത്രം അല്ലാഹുവിലേക്ക് മടങ്ങണം!
ചെയ്ത തെറ്റുകളെ ഓർത്ത് ഹൃദയം പൊട്ടി കരയാം. ഇനി ആ തെറ്റിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് ഉറച്ച തീരുമാനമെടുക്കാം. എല്ലാ പാപങ്ങളിൽ നിന്നും പരിപൂർണമായി വിട്ടുനിൽക്കാം.

