അബൂബക്കർ റാസി: വൈദ്യ ശാസ്ത്രത്തിലെ ഇതിഹാസം

ഡോ. ടി. കെ. യൂസുഫ്

2026 മെയ് 16, 1447 ദുൽഖഅദ് 27

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 10)

ഇസ്‌ലാമിക നാഗരികതയുടെ പര്യായമായി വിശേഷിപ്പിക്കാൻ പറ്റിയ ഒരു വ്യക്തിയാണ് ഇമാം റാസി. കാരണം, അദ്ദേഹം കേവലം ഒരു ഭിഷഗ്വരനോ അധ്യാപകനോ ആയിരുന്നില്ല. വൈദ്യശാസ്ത്രത്തെ പോലെ വേറെയും ധാരാളം വിജ്ഞാന ശാഖകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അബൂബക്കർ മുഹമ്മദ് ബിൻ യഹ്‌യ ബിൻ സകരിയ്യ അൽറാസി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ടെഹ്‌റാനിൽ നിന്ന് ഏതാനും കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ‘റയ്യ്’ എന്ന സ്ഥലത്താണ് അദ്ദേഹം 864ൽ ജനിച്ചത്. ചെറുപ്പം മുതൽതന്നെ വിജ്ഞാനകുതുകിയായിരുന്ന അദ്ദേഹം റയ്യിൽനിന്ന് തന്നെയാണ് മതവും വൈദ്യശാസ്ത്രവും തത്ത്വചിന്തയും പഠിച്ചത്. അവിടെയുളള പണ്ഡിതർ അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണ ശമിപ്പിക്കാതെ വന്നപ്പോൾ അദ്ദേഹം ബാഗ്ദാദിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം വൈദ്യപഠനത്തിനാണ് മുൻഗണന നൽകിയത്. ലോകത്തിലെതന്നെ ആദ്യത്തെ വൈദ്യവിജ്ഞാന കോശമായ ‘ഫിർദൗസുൽ ഹിക്മ’ എന്ന ഗ്രന്ഥം രചിച്ച അലിയ്യ് ബിൻ സൈൻ അത്ത്വബ്‌രിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.

എ.ഡി ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച അബൂബക്കർ റാസി ക്ലിനിക്കൽ മെഡിസിന്റെ ആചാര്യനായിട്ടാണ് അറിയപ്പെടുന്നത്. രോഗ ചികിത്സയിൽ രാസ സംയുക്തങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് അദ്ദേഹമാണ്. ജീവികളുടെ കുടലിൽനിന്നും നിർമിച്ചെടുക്കുന്ന നൂൽ ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നാൻ പ്രയോജനപ്പെടുത്തിയതും അദ്ദേഹമാണ്. രോഗികളുടെ രോഗവിവരവും ചികിത്സയും അത് അവരിൽ ഉണ്ടാക്കുന്ന മാറ്റവും രേഖപ്പെടുത്തുന്ന ഒരു ഫയൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. രോഗപ്പകർച്ചയുടെ ജനിതക കാരണങ്ങൾ കണ്ടെത്തിയ അദ്ദേഹം മരുന്ന് പരീക്ഷണത്തിന് മൃഗങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ‘കിതാബുൽ ഹാവി’യാണ് റാസിയുടെ ഏറ്റവും പ്രസിദ്ധ ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നത്.

പ്രസിദ്ധ ഗ്രീക്ക് ഭിഷഗ്വരനായ ഗാലന്റെ ചില അബദ്ധങ്ങൾ റാസി തന്റെ ‘അശ്ശുകൂക് അലാഗാലിയാനൂസ്’ എന്ന കൃതിയിലൂടെ തിരുത്തുകയും അതിലെ തെറ്റായ ധാരണകൾ സവിസ്തരം വിവരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യവുമായി ബന്ധമുളള രസതന്ത്രം, സസ്യശാസ്ത്രം എന്നിവയിലും റാസി അവഗാഹം നേടിയതായി കാണാം. ഒരുപാട് വർഷങ്ങൾ വൈദ്യപഠനത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന് ശേഷമാണ് റാസിക്ക് ഈ രംഗത്ത് പ്രസിദ്ധനാകാൻ കഴിഞ്ഞത്. ഇസ്‌ലാമിക ലോകത്ത് അന്ന് പ്രസിദ്ധമായിരുന്ന മിക്ക ആശുപത്രികളുടെയും മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അക്കാലത്ത് മാറാരോഗങ്ങളായി ഗണിച്ചിരുന്ന പലതും അദ്ദേഹം സുഖപ്പെടുത്തിയതോടുകൂടി എല്ലാവരും അദ്ദേഹത്തെ അറിയുന്ന ഒരു അവസ്ഥ സംജാതമായി. അബ്ബാസിയ്യ ഭരണത്തിലെ മന്ത്രിയായിരുന്ന അള്ദുദ്ദൗല അദ്ദേഹത്തെക്കുറിച്ച് കേൾക്കുകയും ബാഗ്ദാദിലെ അള്ദി ആശുപത്രിയുടെ മേധാവിത്വം അദ്ദേഹത്തെ ഏൽപി ക്കുകയും ചെയ്തു. അമ്പതോളം ഡോക്ടർമാർ സേവനം ചെയ്തിരുന്ന അക്കാലത്തെ ഏറ്റവും വലിയ ആതുരാലയമായിരുന്ന അത് ഒരു ഉന്നത മെഡിക്കൽ കോളേജായിരുന്നു. റാസി അന്ന് ബാഗ്ദാദിലെ മാത്രമല്ല ലോകത്ത് എല്ലായിടത്തുമുളള ഡോക്ടർമാർക്ക് ഒരു അവലം ബമായിരുന്നു. അദ്ദേഹത്തിന് ഈ മഹത്ത്വം യാദൃച്ഛികമായി ലഭിച്ചതായിരുന്നില്ല, മറിച്ച് കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നേടിയതായിരുന്നു.

റാസിയുടെ കാലഘട്ടത്തിൽ ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, ഈജിപ്ഷ്യൻ... തുടങ്ങിയ വൈദ്യവിധികൾ പ്രചാരത്തിലുണ്ടായിരുന്നു. വിവർത്തനങ്ങളിലൂടെ അദ്ദേഹം അതെല്ലാം പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. വൈദ്യസിദ്ധാന്തങ്ങൾ മാത്രം അവലംബിക്കാതെ പ്രായോഗിക വൈദ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്. റാസി തന്റെ രോഗികളോട് രോഗവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ചോദിച്ചിരുന്നു. ആധുനിക വൈദ്യം പല മരുന്നുകളും ആദ്യമായി പരീക്ഷിക്കുന്നത് പല ജീവികളിലുമാണ്. എന്നാൽ റാസി മരുന്നു കൾ കുരങ്ങുകളിൽ പരീക്ഷിച്ചു കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. ഓപ്പറേഷൻ ചെയ്താൽ തുന്നാൻ പൂച്ചയുടെ കുടലിൽനിന്നും നിർമിച്ചെടുത്ത നൂലാണ് ഉപയോഗിച്ചിരുന്നത്. വളരെ അടുത്ത കാലംവരെ ആ രീതി തുടർന്നിരുന്നു. സിരകളിലെ രക്തസ്രാവവും ധമനികളിലെ രക്തസ്രാവവും നിർത്തുന്നതിന് അദ്ദേഹം രണ്ട് രീതികളാണ് പ്രയോഗിച്ചിരുന്നത്. പനി ഒരു രോഗമല്ലെന്നും രോഗലക്ഷണം മാത്രമാണെന്നും സമർഥിച്ച അദ്ദേഹമാണ് ആദ്യമായി ചികിത്സയിൽ ‘അവീൻ’ ഉപയോഗിച്ചത്.

രാസപദാർഥങ്ങൾ ഔഷധമായി നിർദേശിച്ചിരുന്ന റാസി പോഷകാഹാരവും പച്ചമരുന്നുകളും ഫലിക്കാതെ വരുന്ന ഘട്ടങ്ങളിൽ മാത്രമാണ് അവ നൽകിയിരുന്നത്. റാസിയുടെ അപാരമായ ബുദ്ധിവൈഭവം വെളിപ്പെടുത്തുന്ന ധാരാളം സംഭവങ്ങളുണ്ട്. അതിലൊന്ന് ബാഗ്ദാദിൽ ആശുപത്രി നിർമാണത്തിനുളള സ്ഥലം തെരഞ്ഞെടുത്ത രീതിയാണ്. നാലു സ്ഥലങ്ങളാണ് ആശുപത്രിക്കുവേണ്ടി ഉണ്ടായിരുന്നത്. ഈ നാലു സ്ഥലങ്ങളിലും ഓരോ മാംസക്കഷ്ണം കൊണ്ടുവെച്ചിട്ട് ഏത് സ്ഥലത്താണ് ഏറ്റവും കൂടുതൽ സമയം കേടുകൂടാതിരിക്കുന്നത് എന്ന് നോക്കിയാണ് അത് തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ മുഴുവൻ സമയവും അദ്ദേഹം വൈദ്യത്തിനുവേണ്ടി ചെലവഴിച്ചു. ഒന്നുകിൽ രോഗികളുടെ കൂടെ, അല്ലെങ്കിൽ വിദ്യാർഥികളുടെ കൂടെ. ബാക്കി സമയം ഗ്രന്ഥ രചനയും പാരായണവും. 113 ഗ്രന്ഥങ്ങളും 28 പ്രബന്ധങ്ങളും വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകാളാണ്. ‘അൽ ഹാവീ ഫീ ഇൽമിത്തദാവീ’ എന്ന സർവ വിജ്ഞാന കോശമാണ് അവയിൽ ഏറ്റവും ലോകപ്രസിദ്ധമായിട്ടുളളത്. ഒട്ടുമിക്ക യൂറോപ്യൻ ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്തിട്ടുണ്ട്. 1486ൽ വടക്കൻ ഇറ്റലിയിലെ ബ്രേഷ്യയിലാണ് ആദ്യമായി ഇത് അച്ചടിച്ചത്. അച്ചടിയന്ത്രം കണ്ടെത്തിയതിന് ശേഷം അച്ചടിക്കപ്പെടുന്ന ഏറ്റവും ബൃഹത്തായ ഗ്രന്ഥം ഇതായി രിക്കും. 25 വാള്യങ്ങളുളള ഈ മഹദ്ഗ്രന്ഥം പതിനാറാം നൂറ്റാണ്ടിൽ വീണ്ടും ഇറ്റലി യിൽ അച്ചടിക്കപ്പെട്ടിട്ടുണ്ട്.

പത്ത് വാള്യങ്ങളുള്ള ‘അൻ മൻസൂരി’ എന്ന ഗ്രന്ഥമാണ് റാസി വൈദ്യശാസ്ത്രത്തിന് നൽകിയ മറ്റൊരു സംഭാവന. ക്വുറാസാനിലെ ഭരണാധികാരിയായിരുന്ന മൻസൂർ ബിൻ ഇസ്ഹാഖി ലേക്ക് ചേർത്തുകൊണ്ടാണ് ആ പേര് നൽകിയത്. നേത്രരോഗങ്ങൾ, ആന്തരിക രോഗങ്ങൾ, ശസ്ത്രക്രിയ എന്നിവ വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ലാറ്റിൻ, ജർമൻ, ഇംഗ്ലീഷ്, ഹിബ്രൂ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 1481ൽ മിലാനിലാണ് ആദ്യമായി അത് പ്രസിദ്ധീകരിച്ചത്. പതിനേഴാം നൂറ്റാണ്ടുവരെ യൂറോപ്യന്മാരുടെ അവലംബം അതായിരുന്നു. വൈദ്യരംഗത്തുളള കണ്ടെത്തലുകൾ ആ വ്യക്തികളുടെ പേര് സഹിതമാണ് അദ്ദേഹം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ട്തന്നെ ഗാലൻ, ഹിപ്പോക്രാറ്റസ്, അർമാനിസൂസ്, തുടങ്ങിയ പൂർവികരുടെയും യഹ്‌യ ബിൻ മാസിവൈഹി, ഹനീൻ ബിൻ ഇസ്ഹാഖ് എന്നീ സമകാലീനരുടെയും പേരുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കാണാവു ന്നതാണ്.

ആധുനിക വൈദ്യശാസ്ത്രം ഹോളിസ്റ്റിക് മെഡിസിൻ എന്ന ഒരു വിഭാഗത്തിലും ഗവേഷണം നടത്തുന്നുണ്ട്. വാക്കുകളിലും വിചാരങ്ങളിലും കർമങ്ങളിലും ഒരാൾ ശുദ്ധി പുലർത്തുകയാണെങ്കിൽ രോഗങ്ങൾ വരികയില്ലെന്നാണ് ഈ സിദ്ധാന്തത്തിന്റെ ആകെത്തുക. ഈ വിഷയം പരാമർശിക്കുന്ന ‘അത്ത്വിബ്ബുർറൂഹാനി’ എന്ന ഒരു ഗ്രന്ഥവും റാസി രചിച്ചിട്ടുണ്ട്. ആത്മസംസ്‌കരണത്തിനും ദേഹേഛകൾ വെടിയാനും ദുശ്ശീലങ്ങൾക്കെതിരെ പോരാടാനുളള മാനസിക ശക്തിയാർജിക്കാനാണ് ഇതിൽ ആവശ്യപ്പെടുന്നത്. വ്യക്തിജീവിതത്തിൽ അദ്ദേഹം ഇത് പുലർത്തിയിരുന്നു. ഉത്തമമായ സ്വഭാവം വെച്ചുപുലർത്തുകയും സഹജീവികളോട് കരുണ കാണിക്കുകയും സാമ്പത്തിക രംഗത്ത് അങ്ങേയറ്റം ഉദാരത കാണിക്കുകയും ചെയ്തിരുന്നു. പാവപ്പെട്ട രോഗികൾക്ക് അദ്ദേഹം സ്വന്തം പണം മാസാന്തം ഒരു ശമ്പളം കണക്കെ നൽകിയിരുന്നു. രാജാക്കന്മാരെ ചികിത്സിക്കുന്ന അതേ മനോഭാവത്തിലാണ് ദരിദ്രരെയും ചികിത്സിക്കേണ്ടത് എന്ന് അദ്ദേഹം ശിഷ്യരെ ഉപദേശിച്ചിരുന്നു. ‘അഖ്‌ലാക്വുത്ത്വബീബ്’ എന്ന ഒരു പുസ്തകത്തിൽ അദ്ദേഹം ഡോക്ടറുടെ പെരുമാറ്റ രീതികൾ വിശദീകരിക്കുന്നുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി ‘ത്വിബ്ബുൽ ഫുക്വറാഅ്’ എന്ന പേരിൽ ഒരു ഗ്രന്ഥം പോലും അദ്ദേഹം രചിച്ചിട്ടുണ്ട്. ഭക്ഷണരീതികൊണ്ടും വിലകുറഞ്ഞ പച്ചമരുന്നുകൾകൊണ്ടും എങ്ങനെ ചികിത്സിക്കാം എന്നാണ് അതിൽ പറയുന്നത്.

സ്വന്തമായി നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം തന്റെ ശിഷ്യന്മാരെ ഗ്രന്ഥരചനക്ക് പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം അവരോട് ‘ഒരു വിദ്യാർഥി ധാരാളം ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ച് കഴിഞ്ഞാൽ അവയിൽ ഇല്ലാത്ത കാര്യങ്ങൾ ഉൾകൊളളിച്ച് മറ്റൊരു രചന നടത്തേണ്ടതുണ്ട്’ എന്ന് പറയാറുണ്ടാ യിരുന്നു. റാസിയുടെ ‘ഹാവി’ എന്ന ഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിന് ഫ്രഞ്ച് രാജാവായിരുന്ന ലൂയിസ് പതിനൊന്നാമൻ ധാരാളം സ്വർണം സമ്മാനമായി നൽകിയിരുന്നു. തനിക്ക് വല്ല രോഗവും വന്നാൽ ഇത് അവലംബിക്കാം എന്ന ഉദ്ദേശ്യമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ഇന്നും പല യൂറോപ്യൻ സർവകലാശാലകളിലും അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ട വിഭാഗങ്ങളുണ്ട്. വൈദ്യശാസ്ത്രത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം തന്റെ അറുപതാമത്തെ വയസ്സിൽ (923 നവംബർ) ഈ ലോകത്തോട് വിടപറഞ്ഞു. പ്രയോജനപ്രദമായ വിജ്ഞാനത്തിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.

(തുടരും)