ബിൻലാദൻ മുതൽ സുറൂറിസം വരെ
മുഹമ്മദ് അമീൻ
2026 ജനുവരി 10, 1447 റജബ് 21

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം 5)
ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് ഒരൊറ്റ രൂപമുള്ള സംഘടനയല്ല. ശൈഖ് ഹമദ് അൽ അതീഖ് ഇതിനെ ഉപമിക്കുന്നത് ‘പകിട’യോടാണ്. പകിടയ്ക്ക് ആറ് വശങ്ങളുണ്ട്; ഒരിടത്ത് ഒന്ന്, ഒരിടത്ത് രണ്ട്, മറ്റൊരിടത്ത് ആറ് എന്നിങ്ങനെ അക്കങ്ങൾ എഴുതിയത്. സംഖ്യകൾ മാറുമ്പോഴും പകിട എന്ന വസ്തു ഒന്നുതന്നെയാണ്. ഇതുപോലെയാണ് ഇഖ്‌വാനികളും. ഒരിടത്ത് അവർ സൗമ്യരായ ‘ബന്നാവിയ്യുകൾ’ ആയിരിക്കും. മറ്റൊരിടത്ത് തീവ്രവാദക്കാരായ ‘ഖുതുബിയ്യുകൾ’ ആയിരിക്കും. സൗദി അറേബ്യ പോലുള്ള തൗഹീദിന്റെ മണ്ണിൽ അവർ ‘സുറൂറികൾ’ എന്ന സലഫി വേഷം കെട്ടിയ രൂപത്തിലായിരിക്കും. എന്നാൽ ഇവരുടെയെല്ലാം ഉള്ളിലെ വിഷവും ആദർശവും ഒന്നുതന്നെയാണ്.
ഈ ലക്കത്തിൽ, ഇഖ്‌വാനികൾ കാലങ്ങളായി ഒളിപ്പിച്ചുപോന്ന ചില ഞെട്ടിക്കുന്ന സത്യങ്ങൾ, അവരുടെ തന്നെ നേതാക്കളുടെ കുറ്റസമ്മതങ്ങളിലൂടെയും ചരിത്രരേഖകളിലൂടെയും നമുക്ക് പരിശോധിക്കാം.
ഉസാമ ബിൻ ലാദൻ: ഇഖ്‌വാനികളുടെ ‘പുറത്താക്കപ്പെട്ട’ സന്തതി
ഇഖ്‌വാനുൽ മുസ്‌ലിമൂനും ആഗോള ഭീകരവാദവും തമ്മിലുള്ള ബന്ധം നിഷേധിക്കാനാവാത്ത വിധം വ്യക്തമാണ്. അൽഖാഇദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദനും അയാളുടെ പിൻഗാമിയായ അയ്‌മൻ അൽസവാഹിരിയും ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ ഉൽപന്നങ്ങളായിരുന്നു എന്നത് ചരിത്രസത്യമാണ്.
ഇക്കാര്യം സ്ഥിരീകരിച്ചത് അയ്‌മൻ അൽസവാഹിരി തന്നെയാണ്. പുറത്തുവന്ന ഒരു വീഡിയോ സന്ദേശത്തിൽ അയാൾ വ്യക്തമാക്കുന്നത് കാണുക: “ശൈഖ് ഉസാമ ബിൻ ലാദൻ അറേബ്യൻ ഉപദ്വീപിലെ (അവർ സൗദി അറേബ്യ എന്ന് വിളിക്കാറില്ല - ‘ജസീറത്തുൽ അറബ്’ എന്നാണ് വിളിക്കുക) ഇഖ്‌വാനുൽ മുസ്‌ലിമൂൻ അംഗമായിരുന്നു.’’
എന്നാൽ ഇഖ്‌വാനികൾ പലപ്പോഴും പറയും, ‘ഞങ്ങൾ ബിൻലാദനെ പുറത്താക്കിയതാണ്’ എന്ന്. ശരിയാണ്, അയാൾ പുറത്താക്കപ്പെട്ടു. പക്ഷേ, എന്തിനായിരുന്നു ആ പുറത്താക്കൽ? അയാൾ തീവ്രവാദിയായതുകൊണ്ടായിരുന്നില്ല, മറിച്ച് ‘സംഘടനാ അച്ചടക്കം’ ലംഘിച്ചു എന്നതായിരുന്നു കാരണം.
‘അഫ്ഗാൻ ജിഹാദ്’ നടക്കുന്ന സമയത്ത് പാകിസ്ഥാനിലെ ലാഹോറിലുള്ള ‘ജമാഅത്തെ ഇസ്‌ലാമി’ക്ക് സഹായം എത്തിച്ച് മടങ്ങാനായിരുന്നു ഇഖ്‌വാനി നേതൃത്വം ബിൻലാദനോട് നിർദ്ദേദശിച്ചത്. ‘നീ ലാഹോർ വിട്ട് അങ്ങോട്ട് പോകരുത്’ എന്നായിരുന്നു കൽപന. എന്നാൽ ബിൻലാദൻ ആ നിർദേശം മറികടന്ന് പെഷവാറിലേക്കും അഫ്ഗാനിലേക്കും പോയി. സംഘടനയുടെ അനുവാദമില്ലാതെ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് അവർ അയാളെ പുറത്താക്കിയത്. അല്ലാതെ അദ്ദേഹത്തിന്റെ തീവ്ര ആശയങ്ങളോടുള്ള എതിർപ്പ് കൊണ്ടായിരുന്നില്ല. ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് തീവ്രചിന്താഗതിക്കാരുടെ ഒരു ‘വിളനിലം’ ആണെന്ന് ഇത് തെളിയിക്കുന്നു.
ഈ ബന്ധം അവിടെ അവസാനിച്ചില്ല. അൽഖാഇദ രൂപീകരിക്കപ്പെട്ട ശേഷം, ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ പിൽക്കാല സുപ്രീം ഗൈഡ് ആയിരുന്ന മുസ്തഫ മശ്ഹൂർ പെഷവാറിൽ ചെന്ന് ബിൻലാദനെ കണ്ടു. ‘നീ നിന്റെ സഹോദരങ്ങളിലേക്ക് (ഇഖ്‌വാനിലേക്ക്) മടങ്ങിവരണം’ എന്ന് അയാൾ ആവശ്യപ്പെട്ടതായി സവാഹിരി വെളിപ്പെടുത്തുന്നുണ്ട്.
സമാധാന വർത്തമാനങ്ങളും രക്തം പുരണ്ട കൈകളും
ഇഖ്‌വാനികൾ തങ്ങൾ സമാധാനവാദികളാണെന്ന് പുറമെ പറയുമ്പോഴും, അവരുടെ ചരിത്രം രക്തപങ്കിലമാണ്. ഹസനുൽ ബന്ന തന്നെ സ്ഥാപിച്ച ‘പ്രത്യേക വിഭാഗം’ (അൽനിസാം അൽഖാസ്) ഈജിപ്തിൽ പ്രധാനമന്ത്രിമാരായ അഹ്‌മദ് മാഹിർ, മഹ്‌മൂദ് ഫഹ്‌മി അൽനുക്രാശി എന്നിവരെയും ജഡ്ജിയായ അഹ്‌മദ് അൽഖാസിന്ദാറിനെയും കൊലപ്പെടുത്തി.
നുക്രാശി പാഷ കൊല്ലപ്പെട്ടപ്പോൾ ഹസനുൽ ബന്ന ‘അവർ സഹോദരങ്ങളല്ല, മുസ്‌ലിംകളുമല്ല’ എന്നു പറഞ്ഞ് തടിയൂരാൻ ശ്രമിച്ചു. എന്നാൽ ഇഖ്‌വാനികളുടെ ആത്മീയ നേതാവായ യൂസുഫുൽ ഖറദാവി തന്റെ പുസ്തകത്തിൽ (ഇബ്‌നുൽ ഖർയ വൽ കുത്താബ്) എഴുതുന്നത്, ‘നുക്രാശി കൊല്ലപ്പെട്ടപ്പോൾ ഞങ്ങൾ യുവാക്കൾക്ക് അത് വലിയ ആശ്വാസമായിരുന്നു’ എന്നാണ്.
മാത്രമല്ല, കൊലപാതകിയായ അബ്ദുൽ മജീദ് ഹസനെ പുകഴ്ത്തിക്കൊണ്ട് ഖറദാവി എഴുതിയ കവിതയിൽ ഇപ്രകാരം കാണാം:
‘അബ്ദുൽ മജീദ്, നിനക്ക് അഭിവാദ്യങ്ങൾ... സന്തോഷിച്ചാലും, നീയാണ് യുവാക്കളുടെ നേതാവ്.’ ‘നീ ഒരു പട്ടിയെ വിഷം കൊടുത്തു കൊന്നു, മറ്റൊരു പട്ടി പിന്നാലെ വന്നു... എല്ലാ പട്ടികൾക്കും ഞങ്ങളുടെ പക്കൽ വിഷമുണ്ട്.’
നോക്കൂ, ഒരു കൊലപാതകിയെ ‘ഇമാം’ എന്നാണ് അവർ വിളിക്കുന്നത്!
ഹലാൽ സർട്ടിഫിക്കറ്റ് മുതൽ ബാങ്ക് കൊള്ള വരെ
ഇഖ്‌വാനുൽ മുസ്‌ലിമൂൻ കേവലമൊരു ആശയസംഹിതയല്ല, വലിയൊരു സാമ്പത്തിക സാമ്രാജ്യം കൂടിയാണ്. ‘ഇസ്‌ലാമിക് ബാങ്കിംഗ്’ എന്ന പേരിൽ അവർ നടത്തിയ ചൂഷണങ്ങളെക്കുറിച്ച് നാം നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് ശൈഖ് ഹമദ് അൽഅതീഖ് പങ്കുവെക്കുന്നത്.
1.) ഹലാൽ സർട്ടിഫിക്കേഷൻ മാഫിയ: വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് മുസ്‌ലിം ലോകത്തേക്ക് മാംസം കയറ്റുമതി ചെയ്യുന്ന വമ്പൻ കമ്പനികൾ ഇഖ്‌വാനികളുടെ നിയന്ത്രണത്തിലാണ്. ഇസ്‌ലാമിക രാജ്യങ്ങളിലേക്ക് മാംസം അയക്കണമെങ്കിൽ ‘ഹലാൽ’ സർട്ടിഫിക്കറ്റ് വേണം. ഇതിന്റെ കുത്തകാവകാശം കൈക്കലാക്കിയ ഇഖ്‌വാനികൾ, ഓരോ കിലോ മാംസത്തിനും നിശ്ചിത തുക ഈടാക്കുന്നു. കോടിക്കണക്കിന് ഡോളറാണ് ഇതിലൂടെ സംഘടനയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത്.
2) ബാങ്ക് കൊള്ളയും ഫത്‌വകളും: പാശ്ചാത്യ രാജ്യങ്ങളിലെ ബാങ്കുകളിൽനിന്ന് പണം മോഷ്ടിക്കുന്നത് ‘ജിഹാദ്’ ആണെന്ന് വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സൗദി അറേബ്യയിലെ ഒരു പ്രമുഖ ‘സഹ്‌വ’ നേതാവ് ‘വിദേശ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതും
ബാങ്ക് കൊള്ള നടത്തുന്നതും അനുവദനീയമാണ്’ എന്ന് ഫത്‌വ നൽകി! ‘അത് യുദ്ധം ചെയ്യുന്നവരുടെ (അവിശ്വാസികളുടെ) പണമാണ്, അത് നമുക്ക് ഗനീമത്തായി എടുക്കാം’ എന്ന വിചിത്രമായ ന്യായമാണ് ഇവർ നിരത്തുന്നത്. എന്നാൽ ഇസ്‌ലാമിൽ യുദ്ധം പ്രഖ്യാപിക്കാനും ഗനീമത്ത് എടുക്കാനും അവകാശം ഭരണാധികാരിക്കാണ് എന്ന അടിസ്ഥാന തത്ത്വം ഇവർ മറച്ചുവയ്ക്കുന്നു.
3) യൂറോപ്പിലെ മോഷണം: യൂറോപ്പിലെ ഗ്രാമപ്രദേശങ്ങളിൽ കർഷകർ പാൽ, തൈര് തുടങ്ങിയ ഉൽപന്നങ്ങൾ റോഡരികിൽ ഫ്രിഡ്ജുകളിൽ വെക്കാറുണ്ട്. ആവശ്യമുള്ളവർ പണമെടുത്ത് പെട്ടിയിലിട്ട് സാധനം കൊണ്ടുപോകുന്ന രീതിയാണത്. എന്നാൽ ‘ഇത് കാഫിറുകളുടെ സ്വത്താണ്’ എന്നു പറഞ്ഞ് പണം നൽകാതെ ഈ സാധനങ്ങൾ മോഷ്ടിക്കുന്നത് അനുവദനീയമാണെന്ന് പഠിപ്പിച്ച ഇഖ്‌വാനികൾ അവിടെയുണ്ട്. ഇസ്‌ലാമിനെ കള്ളന്മാരുടെ മതമായി ചിത്രീകരിക്കാനാണ് ഇത്തരം ഫത്‌വകൾ ഉപകരിച്ചത്.
‘ബന്നാവിയ്യുകൾ,’ ഭരണസിരാകേന്ദ്രങ്ങളിലെ ചാരന്മാർ

ഇഖ്‌വാനികളിലെ മറ്റൊരു വിഭാഗമാണ് ബന്നാവിയ്യുകൾ.’ ഇവർ പരസ്യമായി അക്രമത്തെ എതിർക്കും. ‘ഞങ്ങൾ സമാധാനവാദികളാണ്’ എന്ന് പറയും. എന്നാൽ ഇവർ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിൽ, മന്ത്രാലയങ്ങളിൽ, അക്കാദമിക് രംഗത്ത് എല്ലാം നുഴഞ്ഞുകയറി പ്രവർത്തിക്കുന്നവരാണ്. ഈജിപ്ഷ്യൻ ഇഖ്‌വാനി നേതാവായ ഖൈറത്ത് അൽശാത്വിറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചു: ‘നിങ്ങളെ അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന വിവരം നിങ്ങൾക്ക് എങ്ങനെ കിട്ടി?’ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഇഖ്‌വാനികൾ എല്ലായിടത്തുമുണ്ട്’ (പോലീസിലും മന്ത്രാലയങ്ങളിലുമെല്ലാം).
സൗദി അറേബ്യയിലും ഇത്തരം ‘ബന്നാവിയ്യുകൾ’ ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരായി, ഉപദേശകരായി അവർ ഭരണകൂടത്തിനൊപ്പം നിന്നു. ഇതിനെക്കുറിച്ച് ശൈഖ് ഹമദ് അൽഅതീഖ് അമീർ നായിഫ് ബിൻ അബ്ദുൽ അസീസുമായി നടന്ന ഒരു സംഭവം പങ്കുവയ്ക്കുന്നുണ്ട്.
അമീർ നായിഫ് ഒരു ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് (ആളുകൾക്കിടയിൽ ‘ഇഖ്‌വാനികളുടെ പിതാവ്’ എന്ന് അറിയപ്പെടുന്നയാളെ കുറിച്ച്) ശൈഖിനോട് പറഞ്ഞു: “അദ്ദേഹം ഇഖ്‌വാനിയല്ല എന്ന് അല്ലാഹുവിന്റെ പേരിൽ എന്നോട് സത്യം ചെയ്തിട്ടുണ്ടല്ലോ.’’
അപ്പോൾ ശൈഖ് ഹമദ് അൽഅതീഖ് സലഫുകൾ പറഞ്ഞ ചരിത്രപ്രസിദ്ധമായ ഒരു വചനം അമീറിനെ ഓർമിപ്പിച്ചു: “ആരുടെയെങ്കിലും ബിദ്അത്ത് (അനാചാരം/ആദർശവ്യതിയാനം) നമ്മിൽ നിന്ന് മറഞ്ഞുനിന്നേക്കാം. പക്ഷേ, അയാളുടെ കൂട്ടുകെട്ട് നമ്മിൽനിന്ന് മറഞ്ഞുനിൽക്കില്ല.’’
ശൈഖ് തുടർന്നു: “അമീറേ, ആ വ്യക്തി അധികാരത്തിലിരുന്നപ്പോൾ ആരെയാണ് നിയമിച്ചത്? ആരെയാണ് അടുപ്പിച്ചത്? ഇഖ്‌വാനികളെയും സഹ്‌വക്കാരെയുമല്ലേ, അല്ലാതെ സലഫികളെയല്ലല്ലോ?’’ ഇത് കേട്ടപ്പോൾ അമീർ നായിഫ് പറഞ്ഞു: “അല്ലാഹു താങ്കളുടെ മുഖം വെളുപ്പിക്കട്ടെ (അനുഗ്രഹിക്കട്ടെ). അതെ, അയാൾ ഇഖ്‌വാനികളെ മാത്രമെ കൊണ്ടുവന്നിട്ടുള്ളൂ.’’ ഒരാളുടെ സത്യവാങ്മൂലത്തെക്കാൾ അയാളുടെ കൂട്ടുകെട്ടാണ് അയാളുടെ ആദർശം വെളിപ്പെടുത്തുന്നത്.
സുറൂറിസം: സലഫി വേഷത്തിലെ ഇഖ്‌വാനി വിഷം
സൗദി അറേബ്യയിൽ ഇഖ്‌വാനികൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അവിടുത്തെ ശക്തമായ സലഫി ആദർശമായിരുന്നു. ഇതിനെ മറികടക്കാൻ മുഹമ്മദ് സുറൂർ സൈനുൽ ആബിദീൻ എന്ന സിറിയൻ ഇഖ്‌വാനി കണ്ടെത്തിയ പുതിയ രൂപമാണ് ‘സുറൂറിസം.’
ഒരു ഗവേഷകൻ ഇതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ മേലങ്കിയും സയ്യിദ് ഖുതുബിന്റെ പാന്റ്‌സും ധരിച്ച രൂപമാണ് സുറൂറിസം.’’ അതായത്, പുറമെ സലഫികളെപ്പോലെ തോന്നും. വേഷത്തിലും സംസാരത്തിലും തൗഹീദിലുമെല്ലാം സലഫി രീതി. എന്നാൽ രാഷ്ട്രീയത്തിലും ഭരണാധികാരികളോടുള്ള നിലപാടിലും സംഘടനാ സംവിധാനത്തിലും ഇവർ തികഞ്ഞ ഇഖ്‌വാനികളായിരിക്കും. മുഹമ്മദ് സുറൂർ തന്നെ ഒരു അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്: “സൗദിയിൽ ഞങ്ങൾക്ക് കൃത്യമായ സംഘടനാ സംവിധാനമുണ്ടായിരുന്നു.’’
‘ആധുനിക ഖവാരിജുകൾ’- സലഫി പണ്ഡിതന്മാരുടെ മുന്നറിയിപ്പ്
ഇവരെ ആദ്യം തിരിച്ചറിഞ്ഞത് ശൈഖ് നാസിറുദ്ദീൻ അൽഅൽബാനി ആയിരുന്നു. അദ്ദേഹം ഇവരെ വിളിച്ചത് ‘ഖവാരിജിയ്യ അസ്‌രിയ്യ’ (ആധുനിക ഖവാരിജുകൾ) എന്നാണ്. പഴയ ഖവാരിജുകൾ വാളുമായിട്ടാണ് വന്നതെങ്കിൽ ഇവർ പേനയും മൈക്കുമായി വരുന്നു എന്ന് മാത്രം.
മുഹമ്മദ് സുറൂർ തന്റെ ‘മൻഹജുൽ അമ്പിയാ’ എന്ന പുസ്തകത്തിൽ സലഫി അക്വീദ ഗ്രന്ഥങ്ങളെ വിമർശിച്ചിരുന്നു. ‘ഈ പഴയ അക്വീദ കിതാബുകൾക്ക് ‘വരൾച്ചയുണ്ട്, അവ ആധുനിക കാലത്തിന് യോജിച്ചതല്ല’ എന്ന ഇയാളുടെ വാദം, സലഫിയത്തിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമായിരുന്നു. ഇതിനെതിരെ സലഫി പണ്ഡിതന്മാർ ശക്തമായി രംഗത്തുവന്നു:
ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്: “അല്ലാഹുവിന്റെ വചനത്തെയും റസൂലിന്റെﷺ വചനത്തെയും ‘വരൾച്ച’ എന്ന് വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിൽ നിന്നുള്ള പുറത്തുപോകലാണ്. ഈ പുസ്തകം കത്തിച്ചുകളയേണ്ടതാണ്.’’
ശൈഖ് ഹമ്മാദ് അൽഅൻസാരി: “മുഹമ്മദ് സുറൂറിന്റെ ‘അസ്സുന്ന’ എന്ന മാഗസിൻ കൈവശം വെക്കുന്നത് ഞാൻ വിലക്കി. അത് കത്തിച്ചുകളയാൻ ഞാൻ കൽപിച്ചു.’’
ശൈഖ് സ്വാലിഹ് അൽഫൗസാൻ: “നമുക്ക് നമ്മുടെ സലഫുകളുടെ കിതാബുകൾ ഉള്ളപ്പോൾ എന്തിനാണ് പുറത്തുനിന്ന് ഇറക്കുമതി ചെയ്ത ഇത്തരം ചിന്തകൾ? ഈ മനുഷ്യൻ യുവാക്കളെ വഴിതെറ്റിക്കുകയാണ്.’’
പണ്ഡിതന്മാരെയും ഭരണാധികാരികളെയും അധിക്ഷേപിക്കൽ
സുറൂറികളുടെ പ്രധാന ലക്ഷ്യം യുവാക്കളെ പണ്ഡിതന്മാരിൽനിന്നും ഭരണാധികാരികളിൽനിന്നും അകറ്റുക എന്നതായിരുന്നു. മുഹമ്മദ് സുറൂർ തന്റെ ‘അസ്സുന്ന’ മാഗസിനിൽ (ലക്കം 43) സൗദി ഭരണാധികാരികളെ കാഫിറുകളായി (തക്ഫീർ) ചിത്രീകരിച്ചു: ‘അവർ (ഭരണാധികാരികൾ) അവരുടെ ചുറ്റുമുള്ള ലിബറലുകളെക്കാൾ മോശക്കാരാണ്. കാരണം രണ്ടുപേരുടെയും വിശ്വാസം ഒന്ന് തന്നെയാണ്.’
അതുപോലെ ലക്കം 26ൽ സൗദിയിലെ ഉന്നത പണ്ഡിതന്മാരായ ശൈഖ് ബിൻ ബാസിനെയും മറ്റും അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘ഇവർ അടിമകളുടെ അടിമകളാണ്. ഇവരുടെ യജമാനൻ അമേരിക്കൻ പ്രസിഡന്റ് എന്ന ക്രിസ്ത്യാനിയുടെ അടിമയാണ്.’ ഇത്രയും നീചമായ ഭാഷയിലാണ് തൗഹീദിന്റെ പണ്ഡിതന്മാരെ ഇവർ വിശേഷിപ്പിച്ചത്.
തോൽക്കുമ്പോൾ മാത്രം പുറത്തുവരുന്ന പശ്ചാത്താപം
ഇഖ്‌വാനികളുടെ മറ്റൊരു അടയാളമാണ് ‘വ്യാജ തൗബ.’ തങ്ങളുടെ ഗൂഢനീക്കങ്ങൾ പിടിക്കപ്പെടുമ്പോഴോ, ഉന്നത സ്ഥാനങ്ങൾ ലഭിക്കാൻ തടസ്സമാകുമ്പോഴോ ഇവർ ‘ഞാൻ പഴയ ആശയങ്ങളിൽ നിന്ന് മടങ്ങി’ എന്ന് പറയും.
എന്നാൽ സലഫി പണ്ഡിതന്മാർ ഇതിന് വ്യക്തമായ മാനദണ്ഡങ്ങൾ നൽകുന്നു. അല്ലാഹു പറഞ്ഞു: “എന്നാൽ പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീർക്കുകയും (സത്യം ജനങ്ങൾക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവർ ഇതിൽനിന്നൊഴിവാകുന്നു...’’(2:160)
തൗബ ആത്മാർഥമാണെങ്കിൽ, ഇന്നലെവരെ താൻ കൂടെ നടന്ന ഇഖ്‌വാനികളുമായുള്ള ബന്ധം ഉപേക്ഷിക്കുകയും, താൻ ശത്രുക്കളായി കണ്ടിരുന്ന സലഫി പണ്ഡിതന്മാരോട് അടുക്കുകയും വേണം. എന്നാൽ പല ‘സഹ്‌വ’ നായകന്മാരും തൗബ പ്രഖ്യാപിച്ച ശേഷവും പഴയ കൂട്ടുകെട്ടുകളിൽ തന്നെ തുടരുന്നു.
(തുടരും)

