മരണാനന്തര ജീവിതം; സത്യമാണെന്നതിന് ചില തെളിവുകൾ -2

മെഹബൂബ് മദനി ഒറ്റപ്പാലം

2026 മെയ് 16, 1447 ദുൽഖഅദ് 27

ലോകത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരഖിലവും സത്യസന്ധരും ധർമത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവരുമായിരുന്നു. മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും ഒരിക്കലും കളവു പറഞ്ഞിട്ടില്ലാത്തവർ ദൈവിക വിഷയത്തിൽ ജനങ്ങളോട് പറയാനുള്ള ഒരു സാധ്യതയുമില്ല. അതുകൊണ്ടാണ് റോമാ ചക്രവർത്തിയായ ഹിർക്കൽ പ്രവാചകന്റെ ശത്രുവായ അബൂസുഫ്‌യാനോട് സംവദിച്ചപ്പോൾ ‘ദൈവദാസന്മാരോട് കളവു പറയാത്ത ഒരാൾ ദൈവത്തിന്റെ കാര്യത്തിൽ കളവു പറയുമോ’ എന്ന് ചോദിച്ചത്. മരണാനന്തര ജീവിതത്തിന്റെ സംഭവ്യതയിൽ സംശയിക്കുന്നവരോട് വിശുദ്ധ ക്വുർആൻ ബുദ്ധിപരമായി സംസാരിക്കുന്നുണ്ട്:

“മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽനിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്. എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു. അവൻ നമുക്ക് ഒരു ഉപമ എടുത്തു കാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്?’ പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻതന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ’’ (36:77-79).

ഈ ആയത്തിന്റെ വിശദീകരണത്തിൽ തഫ്‌സീറുസ്സഅ്ദിയിൽ പറഞ്ഞതിന്റെ ആശയം നമുക്ക് ഇപ്രകാരം സംഗ്രഹിച്ച് വായിക്കാനാകും:

“പുനരുത്ഥാനത്തെ സംശയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ കണ്ടില്ലേ? ഉയിർത്തെഴുന്നേൽപ് ഉറപ്പായും സംഭവിക്കുമെന്നതിന് ശക്തമായ തെളിവുകളൊന്നും കണ്ടില്ലേ? അത്: ‘തുടക്കത്തിൽ ഒരു ബീജകണത്തിൽനിന്ന് തീർച്ചയായും നാം അവനെ സൃഷ്ടിച്ചു. പിന്നീട് അവൻ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അങ്ങനെ വലുതായി. യുവാവായി. ബുദ്ധിയുള്ളവനായി. ഘട്ടംഘട്ടമായി വളർന്നു. എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.’ തുടക്കത്തിൽ അവനൊരു ബീജകണമായിരുന്നതിന് ശേഷം മുമ്പത്തെതും ഇപ്പോഴുള്ളതുമായ രണ്ടവസ്ഥകൾ തമ്മിലുള്ള അവന്റെ വ്യത്യാസത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ. ഒന്നുമില്ലായ്മയിൽനിന്ന് അവനെ സൃഷ്ടിച്ചവൻ ചിതറിപ്പോയതിനുശേഷം അവനെ പുനർനിർമിക്കാൻ ഏറ്റവും അർഹനാണെന്ന് അവൻ മനസ്സിലാക്കട്ടെ’’ (തഫ്‌സീറുസ്സഅ്ദി).

“നുരുമ്പിപ്പോയ എല്ലിൽതുണ്ടെടുത്ത് കയ്യിലിട്ട് ഉരച്ചുപൊടിയാക്കി ഊതിപ്പറപ്പിച്ച്, ഊതിയാൽ പാറിപ്പോകുന്ന ഈ എല്ലിനെ ആര് ജീവിപ്പിക്കും എന്ന് ഒരു നിഷേധി ചോദിക്കുന്ന രംഗമാണ് വിശുദ്ധ ക്വുർആൻ തുടർന്ന് എടുത്തുപറയുന്നത്. അവൻ പറഞ്ഞു: ‘അതായത് മനുഷ്യന്റെ എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അതിന് ജീവൻ നൽകുന്നത്?’ അതായത്, ആരെങ്കിലും ഇവയെ പുനർജീവിപ്പിക്കുമോ? ഇത് നിഷേധാത്മകമായ ഒരു ചോദ്യമാണ്. അവ ശിഥിലമായി അപ്രത്യക്ഷമായാൽ ഒരാളും അവയെ പുനർജീവിപ്പിക്കില്ല. ഇതാണ് ഉപമയിൽ സാദൃശ്യമാക്കുന്ന വിഷയം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം അസാധ്യമാണ്. ഇത്തരം ഒരു ചോദ്യം അവനിൽനിന്നുണ്ടായത് അവൻ അവന്റെ ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് അശ്രദ്ധനായതിനാലാണ്. പ്രസ്താവ്യമല്ലാത്ത ഒരു അവസ്ഥയിൽനിന്ന് അവൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? അവൻ കാണപ്പെടുന്ന ഒന്നായി. ഇതവൻ ചിന്തിച്ചിരുന്നുവെങ്കിൽ അവൻ ഇങ്ങനെ വാദിക്കുമായിരുന്നില്ല’’ (തഫ്‌സീറുസ്സഅ്ദി).

“ആ എല്ലിനെ ആദ്യമാര് സൃഷ്ടിച്ചുവോ അവൻ രണ്ടാമതും ജീവിപ്പിക്കും എന്ന് മറുപടി കൊടുക്കാൻ ക്വുർആൻ കൽപിക്കുന്നു. ഒരിക്കൽ ജീവൻ കൊടുത്ത് സൃഷ്ടിച്ച് സംവിധാനിച്ചവന്ന് വീണ്ടും ഒരിക്കൽ സൃഷ്ടിക്കുവാൻ കൂടുതൽ എളുപ്പമായിരിക്കുമല്ലോ. ഒന്ന് ചിന്തിച്ചാൽ അവന് സംശയരഹിതമായി ബോധ്യപ്പെടും. ആദ്യം ഉണ്ടാക്കാമെങ്കിൽ അത് രണ്ടാമത് ആവർത്തിക്കാനും കഴിയും. സൃഷ്ടിക്കാൻ കഴിയുന്ന ഒരാൾക്ക് അത് ആവർത്തിക്കാൻ വളരെ എളുപ്പമാണ്’’ (തഫ്‌സീറുസ്സഅ്ദി).

‘അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.’ ഇത് അല്ലാഹുവിന്റെ വിശേഷ ണങ്ങളിൽ പെട്ടതാണ്. അത് രണ്ടാമത്തെ തെളിവാണ്. അവന്റെ അറിവ് എല്ലാ സമയത്തും സാഹചര്യങ്ങളിലും എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഭൂമി ദഹിപ്പിക്കുന്നതും അവശേഷിപ്പിക്കുന്നതും അവനറിയുന്നു. അദൃശ്യവും ദൃശ്യവും അവനറിയുന്നു. ഈ മഹത്തായ ദൈവിക ജ്ഞാനം അംഗീകരിക്കുന്ന ഒരാൾക്ക് ആ അല്ലാഹുവിന് മരിച്ചവരെ ജീവിപ്പിക്കാനും കുഴിമാടങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനും എളുപ്പമാണെന്ന് മനസ്സിലാകും’’ (തഫ്‌സീറുസ്സഅ്ദി).

വിശുദ്ധ ക്വുർആനിലെ ഒട്ടേറെ സ്ഥലങ്ങളിൽ മനുഷ്യ സൃഷ്ടിപ്പിനെ, അതിന്റെ തുടക്കത്തിൽ അവൻ എത്രമാത്രം ദുർബലനായിരുന്നു എന്ന വസ്തുത എടുത്ത് ഉദ്ധരിച്ചുകൊണ്ട് മരണാനന്തര ജീവിതത്തെ സ്ഥാപിക്കുന്ന ഒട്ടനവധി വചനങ്ങൾ കാണാനാകും. അവയിൽ ചിലത് നമുക്ക് ഇപ്രകാരം വായിക്കാം:

“മനുഷ്യൻ പറയും: ‘ഞാൻ മരിച്ചുകഴിഞ്ഞാൽ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്ത് കൊണ്ട് വരുമോ?’ മനുഷ്യൻ ഓർമിക്കുന്നില്ലേ, അവൻ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തിൽ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്?’’ (19/66-67).

“നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോൽപിക്കപ്പെടുന്നവനല്ല. (നിങ്ങൾക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും നിങ്ങൾക്ക് അറിവില്ലാത്ത വിധത്തിൽ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ. ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീർച്ചയായും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല?’’ (56: 60-62).

“മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജത്തിൽനിന്നും പിന്നീട് ഭ്രൂണത്തിൽ നിന്നും അനന്തരം രൂപം നൽകപ്പെട്ടതും രൂപംനൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാൽ അല്ലാഹുതന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരികതന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ക്വബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും’’ (22:5-7).

“മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെയങ്ങു വിട്ടേക്കപ്പെടുമെന്ന്? അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽനിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽനിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി. അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലേ?’’ (75:36-40).

ഭൂമിയിൽ താമസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ ദിനേന കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അല്ലാഹു മനുഷ്യരോട് മരണാനന്തര ജീവിതത്തിന്റെ യാഥാർഥ്യത്തെ ഉൾക്കൊള്ളുവാൻ ആവശ്യപ്പെടുന്നുണ്ട്.

“അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ (കാറ്റുകൾ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്നപ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവൻ പല കഷ്ണ ങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് -ആ മഴ അവരുടെ മേൽ വർഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീർച്ചയായും അവർ ആശയറ്റവർ തന്നെയായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ. ഭൂമി നിർജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവൻ അതിന് ജീവൻ നൽകുന്നത്? തീർച്ചയായും അത് ചെയ്യുന്നവൻ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനെ’ (30:48-50).

“അവർക്കൊരു ദൃഷ്ടാന്തമുണ്ട്; നിർജീവമായ ഭൂമി. അതിന് നാം ജീവൻ നൽകുകയും അതിൽ നിന്ന് നാം ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതിൽനിന്നാണ് അവർ ഭക്ഷിക്കുന്നത്. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ അതിൽ നാം ഉണ്ടാക്കുകയും അതിൽ നാം ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു. അതിന്റെ ഫലങ്ങളിൽനിന്നും അവരുടെ കൈകൾ അധ്വാനിച്ചുണ്ടാക്കിയതിൽ നിന്നും അവർ ഭക്ഷിക്കുവാൻ വേണ്ടി. എന്നിരിക്കെ അവർ നന്ദികാണിക്കുന്നില്ലേ?’’ (36:33-35).

“നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അതിന് ജീവൻ നൽകിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു’’ (41:39).

മനുഷ്യർ വലുപ്പത്തിൽ ഏറെ ചെറുതാണെങ്കിലും നമുക്കുചുറ്റുമുള്ള പ്രപഞ്ചം കണ്ടെത്താനാകാത്തവിധം വിശാലമാണ്. നാം ദിനേനെ കണ്ടുകൊണ്ടിരിക്കുന്ന സൂര്യൻ എന്ന നക്ഷത്രം ഭൂമിയെക്കാൾ ഏകദേശം പതിമൂന്നര ലക്ഷം ഇരട്ടി വലുപ്പമുണ്ട്. സൂര്യൻ നമുക്ക് വളരെ വലുതായി തോന്നാമെങ്കിലും മറ്റുള്ള നക്ഷത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അത് വളരെ ചെറുതുമാണ്. സൂര്യനും മറ്റനേകം നക്ഷത്രങ്ങളും ചേർന്നതാണ് ആകാശഗംഗ എന്നറിയപ്പെടുന്ന നമ്മുടെ ഗ്യാലക്‌സി. സൂര്യനും മറ്റു നക്ഷത്രങ്ങളും ആ ഗ്യാലക്‌സിയുടെ മധ്യഭാഗം കേന്ദ്രമാക്കി ചുറ്റിക്കൊണ്ടിരിക്കുന്നു. അറിയപ്പെട്ടിടത്തോളം നമ്മുടെ ഗ്യാലക്‌സിയിൽ ഏകദേശം 100 ബില്യൺ നക്ഷത്രങ്ങളുണ്ട്. അഥവാ ഒരു സെക്കൻഡിൽ ഒരു നക്ഷത്രം വച്ച് നാം എണ്ണിയാൽ ഏകദേശം 3000 വർഷത്തോളം വേണ്ടിവരും ആകാശഗംഗയിലെ നക്ഷത്രങ്ങൾ എണ്ണിത്തീരുവാൻ. ഇത്ര വിശാലമായ ആകാശലോകങ്ങളെ സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവിന് മനുഷ്യരെന്ന നിസ്സാരക്കാരെ പുനഃസൃഷ്ടിക്കുവാൻ വല്ല പ്രയാസവുമുണ്ടോ എന്ന ക്വുർആനിന്റെ ചോദ്യത്തിനു മുമ്പിൽ വിനയാന്വിതരായി, ‘അതിനൊരു പ്രയാസവുമില്ല’ എന്ന് ഉത്തരം നൽകുന്നവാൻ മനുഷ്യനു സാധിക്കണം. അല്ലാഹു ചോദിക്കുന്നു:

“നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമുള്ളവർ, അതല്ല; ആകാശമാണോ? അതിനെ അവൻ നിർമിച്ചിരിക്കുന്നു’’ (79:27).