വിശുദ്ധ ക്വുർആൻ; അജയ്യം, അന്യൂനം
ഉസ്മാൻ പാലക്കാഴി
2026 ഫെബ്രുവരി 28, 1447 റമദാൻ 10

അറബിസാഹിത്യ തറവാട്ടിലെ അതികായന്മാർക്കിടയിലാണ് വിശുദ്ധ ക്വുർആൻ അവതരിക്കുന്നത്. ഇന്നും അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഗാധതകളിലേക്കിറങ്ങാൻ താൽപര്യമുള്ളവരോട് പതിനാല് നൂറ്റാണ്ട് മുമ്പുള്ള അറബിക്കവിതകളെ പഠനവിധേയമാക്കുവാനാണ് ഭാഷാപണ്ഡിതന്മാർ നിർദേശിക്കാറുള്ളത്. അങ്ങനെ അറബിസാഹിത്യത്തിലെ മുടിചൂടാമന്നൻമാരായി വിരാജിച്ചിരുന്നവർ പോലും ക്വുർആനിന്റെ സാഹിത്യമേന്മയും ആശയഗാംഭീര്യവും അംഗീകരിച്ചിരുന്നുവെന്നതാണ് വാസ്തവം.
അറബികൾക്കിടയിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു വലീദുബ്‌നു മുഗീറ. ധാരാളം കവിതകളും പ്രസംഗങ്ങളും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. ഒരിക്കൽ പ്രവാചകൻﷺ നമസ്‌കാരത്തിൽ വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുന്നത് അദ്ദേഹം കേൾക്കാനിടയായി. ക്വുർആനിന്റെ വശ്യസുന്ദരമായ സാഹിത്യമേന്മയിലും ആശയ ഭംഗിയിലും ആകൃഷ്ടനായ അദ്ദേഹം തന്റെ കുടുംബക്കാരുടെ മുന്നിൽ അതിനെക്കുറിച്ച് വിശദീകരിച്ചത് ഇപ്രകാരമാണ്: ‘അല്ലാഹുവാണ് സത്യം! ഞാൻ ചില വാചകങ്ങൾ കേട്ടു. അത് മനുഷ്യരുടെ വാക്യങ്ങളല്ല. ജിന്നുകളുടെ വാക്യങ്ങളുമല്ല. അല്ലാഹുവാണ് സത്യം! അതിനൊരു പ്രത്യേക മാധുര്യവും വശ്യതയുമുണ്ട്. അത് എല്ലാറ്റിനെക്കാളും മികച്ചുനിൽക്കുന്നു. അതിനെ മികച്ചുനിൽക്കാൻ മറ്റൊന്നുമില്ല.’
മറ്റൊരിക്കൽ ഉത്ബത്ത് പ്രവാചകനോട് വിയോജിപ്പുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പ്രവാചകൻﷺ സൂറത്തുൽ ഫുസ്സ്വിലത്തിലെ ആദ്യഭാഗങ്ങൾ ഉത്ബത്തിനെ ഓതിക്കേൾപിച്ചു. ശേഷം അതിനെക്കുറിച്ച് ഉത്ബത്ത് തന്റെ കൂട്ടുകാരാടായി പറഞ്ഞു: ‘ഞാൻ ചില വചനങ്ങൾ കേട്ടു. അല്ലാഹുവാണെ, അതിന് തുല്യമായത് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. അത് കവിതയിലോ മാരണത്തിലോ ജ്യോത്സ്യത്തിലോ പെട്ടതല്ല.’
ക്വുർആനിന്റെ സാഹിത്യമേന്മയും ആശയഭംഗിയും ബോധ്യപ്പെട്ട അവർ പക്ഷേ, അഹങ്കാരവും വിദ്വേഷവും നിമിത്തം ക്വുർആനിനെ തള്ളിപ്പറയുകയാണ് ചെയ്തത്. വിശുദ്ധ ക്വുർആൻ കെട്ടിച്ചമച്ചതാണെന്ന വാദവുമായി അവർ മുന്നോട്ടുവന്നു. അപ്പോൾ ക്വുർആൻ അവരെ വെല്ലുവിളിച്ചു; ഇതുപോലൊരു വേദഗ്രന്ഥം കൊണ്ടുവരാൻ: “(നബിയേ,) പറയുക: ഈ ക്വുർആൻ പോലൊന്ന് കൊണ്ടവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും’’ (ക്വുർആൻ 17:88).
അവരുടെ പരിശ്രമം അവരെ ചില ഗദ്യപദ്യങ്ങൾ കെട്ടിച്ചമയ്ക്കുന്നതിലേക്കെത്തിച്ചു. അവസാനം അവർക്കുതന്നെ മനസ്സിലായി ഇത് വിശുദ്ധ ക്വുർആനിന് സമാനമായി എടുത്തുകാട്ടുന്നത് വിഡ്ഢിത്തമാണെന്ന്. എങ്കിലും അഹങ്കാരം സത്യത്തെ അംഗീകരിക്കാൻ അവരെ സമ്മതിച്ചില്ല. അവർ വിമർശനങ്ങളും എതിർപ്പും അഭംഗുരം തുടർന്നുകൊണ്ടിരുന്നു. അപ്പോൾ വിശുദ്ധ ക്വുർആൻ വീണ്ടും വെല്ലുവിളിച്ചു; ഈ ക്വുർആൻ നബിﷺ കെട്ടിച്ചമച്ചതാണെങ്കിൽ അതിന് സമാനമായ, കെട്ടിച്ചമച്ചുണ്ടാക്കിയ പത്ത് അധ്യായങ്ങൾ കൊണ്ടുവരിക; അല്ലെങ്കിൽ ഒരു അധ്യായമെങ്കിലും കൊണ്ടുവരിക: “അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപോലെയുള്ള പത്ത് അധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’ (ക്വുർആൻ 11:13). “അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവർ പറയുന്നത്? (നബിയേ,) പറയുക: എന്നാൽ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങൾ കൊണ്ടവരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’(ക്വുർആൻ 10:38).

