മാപ്പു നൽകുക
നൗഫൽ ചെറുമുക്ക്, ഷാർജ
2026 മെയ് 30, 1447 ദുൽഹിജ്ജ 14

1996ൽ, അമേരിക്കയിലെ മനശ്ശാസ്ത്രജ്ഞന്മാരുടെ സംഘടനയായ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ അധ്യക്ഷനായിരുന്ന മാർട്ടിൻ സെലിഗ്മാൻ ആണ് ‘പോസിറ്റീവ് സൈക്കോളജി’ എന്ന ആശയം വികസിപ്പിച്ചെടുത്തത്. മനശ്ശാസ്ത്രം എന്ന വിഷയം മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ചികിത്സാമാർഗമെന്നതിലുപരി ഒരു വ്യക്തിയുടെ മനസ്സിനെ ആഹ്ലാദത്തിലേക്കു നയിക്കുന്ന ഒന്നാകണമെന്ന കാഴ്ചപ്പാടായിരുന്നു ഇതിനു പിന്നിലുള്ള പ്രചോദനം. മനശ്ശാസ്ത്രത്തിലെ ഈ ശാഖയിൽ ഇന്ന് കൂടുതൽ പഠനങ്ങൾ നടന്നുവരുന്നുണ്ട്.
പോസിറ്റീവ് സൈക്കോളജിയിൽ INTERPERSONAL AND SOCIAL APPROACHES (വ്യക്തികൾ തമ്മിലുള്ളതും സാമൂഹികവുമായ സമീപനങ്ങൾ) എന്ന തലക്കെട്ടിനു കീഴിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ, ആശയവിനിമയം, സമൂഹവുമായി ഉള്ള ഇടപെടൽ എന്നിവയെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന വിവിധ രീതികളെ പരിചയപ്പെടുത്തുന്നുണ്ട്. അതുവഴി സന്തോഷമുള്ളതും അർഥപൂർണ വുമായ ജീവിതം സാധ്യമാകുമെന്ന ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്.
മാപ്പുനൽകുന്നതിന്റെ ശക്തിയാണ് (Power of Forgiveness) പോസിറ്റീവ് സൈക്കോളജി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്ന്. ഈ ശാസ്ത്രീയ അടിത്തറയിലൂന്നി മാപ്പുനൽകുക വഴി നേടിയെടുക്കാവുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങളെക്കുറിച്ചും അല്ലാത്തപക്ഷം ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുമുള്ള അവബോധമാണ് ഹീലിംഗ് സെന്ററുകൾ വഴി സമൂഹത്തിന് പകർന്നുനൽകുന്നത്.
മാപ്പു നൽകാതിരിക്കുന്നത് ദീർഘമായി തുടരുന്നത് വിട്ടുമാറാത്ത സമ്മർദം (chronic stress), ഉത്കണ്ഠ (anxiety), വിഷാദം (depression) എന്നിവയ്ക്ക് കാരണമായിത്തീരുന്നു. അത് കോർട്ടിസോൾ പോലെയുള്ള സമ്മർദ ഹോർമോണുകളുടെ (stress hormone) ഉത്പാദനം വർധിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി അസാധാരണ കോശങ്ങളെ (abnormal cells)നശിപ്പിക്കാൻ കഴിയാതെ വരികയും ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടായിത്തീരുകയും ചെയ്യുന്നു എന്ന രീതിയിൽവരെ ഇന്ന് ചർച്ചകളും വ്യാഖ്യാനങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്.
മാപ്പുനൽകൽ മനഃസ്ഥിതിയില്ലാത്തത് ക്യാൻസറിന് നേരിട്ട് കാരണമാകുന്നു എന്നു പറയാൻ ശാസ്|ത്രീയമായ തെളിവൊന്നുമില്ല. എങ്കിലും, മാപ്പ് നൽകുക വഴി ഒരാൾക്ക് ലഭിക്കുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങൾ അനവധിയാണ്. മാപ്പുനൽകുന്ന സ്വഭാവമുള്ള ആളുകൾക്ക് സമ്മർദം കുറയുന്നതിനാൽ മെച്ചപ്പെട്ട മാനസികാരോഗ്യം, മാനസിക സമാധാനം, ഉറക്കം, പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ്, രക്തസമ്മർദ നിയന്ത്രണം, മെച്ചപ്പെട്ട വൈകാരിക നിയന്ത്രണം തുടങ്ങിയവ ലഭ്യമാകും എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഗവേഷണ, നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ സാക്ഷ്യപ്പെടുത്തി ബോധ്യപ്പെട്ടതിനു ശേഷം പ്രയോഗവത്കരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമല്ല ഒരു നന്മയും തിന്മയും. സർവജ്ഞനായ റബ്ബ് നൽകിയ നിർദേശങ്ങൾ അതേപടി സ്വീകരിക്കുകയും അത് നടപ്പിൽ വരുത്തിക്കാണിച്ച പ്രവാചകസരണി പിന്തുടരുകയും ചെയ്യക എന്നുള്ളതാണ് അവന്റെ ബാധ്യത.
മുഹമ്മദ് നബിﷺ അനുപമമായ വ്യക്തിത്വത്തിന്റെ മകുടോദാഹരണമാണ്. ഉപരിസൂചിതമായ മാപ്പ് നൽകുക എന്ന ഗുണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രകടമായി കാണാമായിരുന്നു.
മക്കയിലെ ശത്രുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ തന്റെ ബന്ധുക്കളുള്ള ത്വാഇഫുകാർ തന്നെ സ്വീകരിക്കുമെന്നും സത്യസന്ദേശം പുൽകുമെന്നും പ്രതീക്ഷിച്ച് നബിﷺ അങ്ങോട്ട് പോയി. എന്നാൽ ത്വാഇഫുകാരിൽനിന്ന് പ്രതീക്ഷിച്ചതിനു വിപരീതമായ പ്രതികരണമാണ് ലഭിച്ചത്. തന്നെ കല്ലെറിഞ്ഞ് ആട്ടിയോടിച്ച ആ ജനതയെ ശിക്ഷിക്കുവാനുള്ള അനുവാദം ചോദിച്ച ജിബ്‌രീലിനോട് അവരെ വെറുതെ വിടാനാണ് പ്രവാചകൻﷺ ആവശ്യപ്പെട്ടത്.
പ്രസിദ്ധമായ മക്കാവിജയ ദിനത്തിൽ സർവ സന്നാഹങ്ങളും സജ്ജമായിരുന്നിട്ടും മാപ്പ് കൊടുക്കുക എന്ന മഹിതമായ മാതൃകയാണ് ലോകത്തിന് നബിﷺ പകർന്നു നൽകിയത്. വിശ്വാസികളായ നാമും പിന്തുടരേണ്ടത് അതേ പാതതന്നെയാണ്.
നിസ്സാരമോ സാരമോ ആയ കാരണങ്ങൾകൊണ്ട് പകയും വിദ്വേഷവും വെച്ചു നടക്കുന്നവർ തങ്ങളുടെ ഇഹപര ജീവിതത്തെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുടുംബം, അയൽപക്കം, നാട്ടുകാർ തുടങ്ങിയ സാമൂഹിക ബന്ധങ്ങൾ ശിഥിലമാകുന്നതിൽ ഇവ പ്രേരക ശക്തിയായി വർത്തിക്കുന്നു. മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ താഴെ കൊടുക്കുന്ന ക്വുർആൻ വചനം ധാരാളം മതിയാകും:
“നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർ കുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (24:22).
തന്റെ മകൾ ആഇശ(റ)യെപ്പറ്റി അപരാധം പറയുന്നതിൽ കാര്യമായ ഒരു പങ്ക് വഹിച്ചതു നിമിത്തം മിസ്ത്വഹി(റ)ന് ഇനി മേലിൽ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്കർ(റ) സത്യം ചെയ്ത പശ്ചാത്തലത്തിൽ അവതീർണമായ ഈ വചനത്തിലെ ആശയം നാം കൃത്യമായി മനസ്സിലാക്കണം. ആയത്തിന്റെ അവസാന ഭാഗത്തെ ‘നിങ്ങൾക്ക് അല്ലാഹു പൊറുത്തുതരുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ’ എന്ന ചോദ്യം വളരെ അർഥവത്തും ഏറെ ചിന്തനീയവുമാണ്.
മറ്റൊരാൾക്ക് മാപ്പു നൽകുന്നതുവഴി നാം നമ്മുടെ മാനസിക ഭാരമാണ് ഇറക്കിവയ്ക്കുന്നത്. അത് നാം സ്വന്തത്തോട് കാണിക്കുന്ന ആദരവാണ്. അതുവഴി നമുക്ക് ലഭിക്കുന്ന നേട്ടം ഈ വചനത്തിൽ സൂചിപ്പിച്ചതു പോലെ അല്ലാഹുവിന്റെ പക്കൽനിന്ന് വിട്ടുവീഴ്ചയും മാപ്പും പൊറുക്കലും ലഭിക്കുന്നവരിൽ നാം ഉൾപ്പെടുന്നു എന്നതാണ്. നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കിൽ അല്ലാഹു വിന്റെ പക്കൽനിന്ന് വിട്ടുവീഴ്ച ലഭിക്കുവാൻ അവകാശമില്ലെന്ന് സഗൗരവം ഓർമപ്പെടുത്തുകയാണ് ഈ വചനം. മാപ്പ് നൽകുക എന്നത് ദൗർബല്യമല്ല, അത് ശക്തിയുടെ അടയാളമാണ് എന്ന് നാം തിരിച്ച റിയണം.
ഹൃദയശുദ്ധിയും ആന്തരിക സൗഖ്യവും പരസ്പര പൂരകങ്ങളാണ്. ഹൃദയം ശുദ്ധമായാൽ സൗഖ്യപ്പെടുത്തൽ വേഗത്തിലാകും. വിദ്വേഷം, അസൂയ, കോപം തുടങ്ങിയ നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്നും ഉന്മൂലനം ചെയ്യുകയും തൽസ്ഥാനത്ത് സ്‌നേഹം, ക്ഷമ, കാരുണ്യം, നന്ദി എന്നി പോസിറ്റീവ് ചിന്തകളെ സ്ഥാപിക്കുകയും വളർത്തുകയും ചെയ്യുകവഴി കൂടുതൽ ശാന്തവും സ്‌നേഹപൂർണവുമായ വ്യക്തിത്വവും ജീവിതവും രൂപപ്പെടുത്തിയെടുക്കാനാകും എന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്.
ഒരു വിശ്വാസിയെ സംബന്ധിച്ചി ടത്തോളം ഇതിനുള്ള പ്രാധാന്യം മനസ്സിലാക്കാൻ നബിﷺയുടെ കാലത്തു നടന്ന ഒരു സംഭവം പര്യാപ്തമാണ്. വിവിധങ്ങളായ രൂപത്തിൽ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ച തിന്റെ സംക്ഷിപ്തം ഇതാണ്:
ഒരിക്കൽ നബിﷺ സദസ്സിലുള്ളവരോട് പറഞ്ഞു: ‘ഇപ്പോൾ നിങ്ങളിലേക്ക് കടന്നുവരുന്നയാൾ സ്വർഗാവകാശിയാണ്.’ മൂന്ന് സന്ദർഭങ്ങളിൽ ആവർത്തിച്ച ഇതേ വാക്കിനുശേഷം അത്ഭുതകരമായ ആവർത്തനം പോലെ കടന്നുവന്നത് ഒരേ അൻസ്വാരി സ്വഹാബി തന്നെയായിരുന്നു. ആശ്ചര്യം പൂണ്ട സ്വഹാബിമാർ അദ്ദേഹത്തിന്റെ സവിശേഷത അറിയാനും സ്വർഗപ്രവേശനത്തിനുള്ള സാക്ഷ്യത്തിന് കാരണം അന്വേഷിക്കാനും തീരുമാനിച്ചു. മഹാനായ സ്വഹാബി അബ്ദുല്ലാഹ്(റ) ആ രഹസ്യമറിയാൻ അദ്ദേഹത്തിന്റെ കൂടെ മൂന്നു ദിവസം താമസിച്ച് നിരീക്ഷിച്ചിട്ടും സാധാരണയിൽ കവിഞ്ഞുള്ള ഒരു ആരാധനയോ പ്രവർത്തനമോ കാണാൻ സാധിച്ചില്ല.
അവസാനം അബ്ദുല്ലാഹ്(റ) തന്റെ ഉദ്ദേശ്യം വ്യക്തമാക്കി കാരണം ആരാഞ്ഞപ്പോൾ ആ സ്വഹാബി പ്രതിവചിച്ചത് ‘ഞാൻ ഉറങ്ങാൻ പോകുമ്പോൾ ഒരാളുമായും എന്റെ ഹൃദയത്തിൽ വൈരാഗ്യമോ അസൂയയോ വഞ്ചനയോ ഒന്നും സൂക്ഷിക്കാറില്ല, അല്ലാഹു ഓരോരുത്തർക്കും നൽകിയ അനുഗ്രഹത്തെ ഓർത്തു ഞാൻ അസൂയപ്പെടാറുമില്ല’ എന്നാണ്.
മറ്റൊരാളോട് ഉള്ളിൽ കൊണ്ടുനടക്കുന്ന പകയും പ്രതികാരചിന്തയും നമ്മുടെ ആരാധനയുടെ മാധുര്യവും സ്വീകാര്യതയും കെടുത്തുമെന്നു മാത്രമല്ല നമ്മുടെ പ്രാർഥനകൾവരെ തള്ളിക്കളയാൻ അത് നിമിത്തമായി ഭവിച്ചേക്കാം എന്നത് പ്രത്യകം ഓർക്കേണ്ടതാണ്.
മാപ്പു നൽകലും ക്ഷമയും വിട്ടുവീഴ്ചയും ജീവിത വീഥിയിൽ ശീലമായി മാറണം. അത് ഹൃദയത്തിന് വെളിച്ചവും മനസ്സിന് ശാന്തതയും ജീവിതത്തിന് സമാധാനവും നൽകും.
