ഇബ്‌നു സീന: വൈദ്യരംഗത്തെ വിജ്ഞാനകോശം
ഡോ. ടി. കെ. യൂസുഫ്
2026 മെയ് 02, 1447 ദുൽഖഅദ് 14

(വൈദ്യശാസ്ത്രം: മുസ് ലിംകളുടെ സംഭാവനകൾ 9)
ഇസ്‌ലാമിക നാഗരികതയുടെ കാലത്ത് വൈദ്യശാസ്ത്രത്തിന് നിസ്തുല സംഭാവനകൾ നൽകിയ ഒട്ടനേകം മുസ്‌ലിം പ്രതിഭകളുണ്ടായിട്ടുണ്ട്. മാനവചരിത്രത്തിൽ തന്നെ ഇത്തരം വ്യക്തിത്വങ്ങൾ അപൂർവമായി മാത്രമെ ഉണ്ടായിട്ടുള്ളൂ. അവരിൽ ഏറ്റവും അഗ്രഗണ്യനായി എണ്ണപ്പെടുന്നവരെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ക്ലിനിക്കൽ മെഡിസിന്റെ കുലപതി എന്ന് വിശേഷിപ്പിക്കാൻ പറ്റിയത് അബൂബക്കർ റാസിയാണ്. എ.ഡി 923ൽ മരണപ്പെട്ട അദ്ദേഹം തന്റെ ‘ഹാവി ഫിത്ത്വിബ്ബ്’ എന്ന ഗ്രന്ഥത്തിൽ ധാരാളം രോഗ നിർണയ മാർഗങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 1037ൽ മരണപ്പെട്ട ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ ആചാര്യനാണെന്നത് ലോകം അംഗീകരിച്ചതാണ്. പുരാതനവും ആധുനികവുമായ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയിലേക്ക് വെളിച്ചം വീശിയത് അദ്ദേഹമാണ്. ആധുനിക വൈദ്യശാസ്ത്ര പണ്ഡിതരിൽ പലരും ഇബ്‌നു സീനയുടെ ‘കാനൻ’ എന്ന ഗ്രന്ഥത്തെ ഒരു ആധികാരിക അവലംബമായി ഇന്നും ആശ്രയിക്കുന്നുണ്ട്.
രക്തചംക്രമണത്തെക്കുറിച്ച് ആദ്യമായി വ്യക്തമാക്കിയത് 1628ൽ ഇംഗ്ലീഷ് ഫിസിയോളജിസ്റ്റ് ആയ വില്യം ഹാർഫിയാണ്. എന്നാൽ ഈ വിഷയത്തിൽ ശ്രദ്ധേയമായ കാൽവയ്‌പ്പുകൾ നടത്താൻ നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇബ്‌നു നഫീസിന് കഴിഞ്ഞിരുന്നു. ഇമാം സുബ്കി അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഭൂമുഖത്ത് അദ്ദേഹത്തെക്കാൾ വൈദ്യമറിയുന്ന ആരുമില്ലെന്നാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ദൗത്യങ്ങൾ വ്യവഛേദിച്ച് മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അറിയപ്പെട്ട മുസ്‌ലിം വൈദ്യശാസ്ത്ര പ്രതിഭകളെ പോലെ ഇബ്‌നു നഫീസും തന്റെ പഠനം ആരംഭിച്ചത് ക്വുർആൻ മനഃപാഠമാക്കിക്കൊണ്ടാണ്. 1231ൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം വൈദ്യം പഠിക്കാനിറങ്ങിയത്. ചില ആരോഗ്യ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ വൈദ്യപഠനത്തിന് പ്രേരിപ്പിച്ചത്. അന്ന് ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ടായിരുന്ന എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരിൽനിന്ന് അദ്ദേഹം പഠിക്കുകയും പിന്നീട് ഇബ്‌നു സീനയുടെയും ഗാലന്റെയും ഗ്രന്ഥങ്ങളിൽ അവഗാഹം നേടുകയും ചെയ്തു. എത്രത്തോളമെന്നാൽ, ഇബ്‌നു സീനയുടെ കാനൻ അദ്ദേഹം കാണാതെ പഠിച്ചിരുന്നു! എന്നാൽ അദ്ദേഹത്തിന് വലിയ പ്രസിദ്ധിയൊന്നും അക്കാലത്ത് കൈവന്നില്ല. കാരണം അധികമാളുകൾക്കും അദ്ദേഹത്തിന്റെ സംഭാവനകൾ അജ്ഞാതമായിരുന്നു. ഇബ്‌നു നഫീസിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളിലൊന്ന് കാനന്റെ വിശദീകരണമാണ്. വേറെയും ധാരാളം ഗ്രന്ഥങ്ങളുണ്ട്; അവയുടെ എഴുത്ത് കോപ്പികൾ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്.
ഇബ്‌നു സീനയുടെ ചരിത്രം
വൈദ്യശാസ്ത്രത്തിന്റെ സർവ വിജ്ഞാന കോശം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1037ൽ അന്തരിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ തുടർച്ചയായ ഏഴ് നൂറ്റാണ്ടുകൾ വൈദ്യശാസ്ത്ര പഠനത്തിന്റെ മുഖ്യ അവലംബമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിവരെ അദ്ദേഹത്തിന്റെ ‘കാനൻ’ (കാനൂൻ) യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിക്കപ്പെട്ടിരുന്നു. ഒട്ടേറെ രോഗങ്ങളുടെ ചികിത്സക്ക് നാന്ദികുറിച്ച അദ്ദേഹമാണ് മാനസിക ഭാവത്തിന് ചികിത്സയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. യൂറോപ്യന്മാർ ‘അവിസെന്ന’ എന്ന് വിളിക്കുന്ന ഇബ്‌നു സീനയുടെ യഥാർഥ പേര് അബൂ അലി അൽഹുസൈനു ബിൻ അബ്ദുല്ലാഹ് എന്നാണ്. വൈദ്യശാസത്രത്തിൽ മാത്രമല്ല, ഇസ്‌ലാമിക വിഷയങ്ങളിലും അദ്ദേഹം അഗ്രഗണ്യനാണ്. വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വചിന്ത തുടങ്ങി പല മേഖകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഉസ്ബക്കിസ്ഥാൻ എന്ന പേരിലറിയപ്പെടുന്ന പ്രദേശത്ത് ബുഖാറക്ക് അടുത്ത് എഡി 980ലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതൽ തന്നെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാര്യം ശ്രദ്ധിക്കുകയും ഗുരുക്കൻമാരെ വീട്ടിലേക്ക് വരുത്തി അദ്ദേഹത്തിന് വിദ്യ അഭ്യാസിപ്പിക്കുകയും ചെയ്തിരുന്നു. ഇരുപത് വയസ്സിന് മുമ്പുതന്നെ വൈജ്ഞാനിക രംഗത്ത് അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. വൈദ്യശാസ്ത്രത്തിൽ മികവ് തെളിയിച്ചതു മുതൽ അദ്ദേഹം സൗജന്യമായി രോഗികളെ ചികിത്സിച്ചിരുന്നു. ഒട്ടും സാമ്പത്തികനേട്ടം ലക്ഷ്യം വയ്ക്കാതെ തന്റെ അറിവ് അനുഭവത്തിലൂടെ വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തന്റെ പതിനേഴാം വയസ്സിൽ അന്നാട്ടിലെ അമീറായിരുന്ന നൂഹ് ബിൻ മൻസൂറിന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയതിലൂടെയാണ് അദ്ദേഹത്തിന് പ്രസിദ്ധി കൈവന്നത്. അന്നത്തെ പ്രസിദ്ധ ഭിഷഗ്വരന്മാർ കൈയൊഴിഞ്ഞ ഒരു രോഗമായിരുന്നു അദ്ദേഹത്തിന്റെത്. അതോടുകൂടി അധികാരികൾ അദ്ദേഹത്തിന്റെ മേൽ അനുഗ്രഹം ചൊരിയുകയും എല്ലാ ഗ്രന്ഥശാലകളും അദ്ദേഹത്തിന്റെ മുമ്പിൽ തുറക്കപ്പെടുകയും ചെയ്തു.
ഇരുപത് വയസ്സിന് ശേഷം അദ്ദേഹം വൈദ്യശാസ്ത്ര, തത്ത്വശാസ്ത്ര ഗ്രന്ഥ രചനകൾക്കാണ് പ്രാമുഖ്യം നൽകിയത്. പൂർവികരായ വൈദ്യശാസ്ത്ര പണ്ഡിതരിൽനിന്നും ഇബ്‌നു സീനയെ വ്യതിരിക്തമാക്കുന്നത് മറ്റുള്ളവരെ അപ്പടി അനുകരിക്കാത്ത അദ്ദേഹത്തിന്റെ സ്വതന്ത്രമായ ചിന്തയും കാഴ്ചപ്പാടുകളുമാണ്. തന്റെ അറിവും അനുഭവജ്ഞാനവും അദ്ദേഹം ഒരുപോലെ പ്രയോജനപ്പെടുത്തി. പൂർവിക ദാർശനികന്മാരായ പ്ലാറ്റോയോടും അരിസ്റ്റോട്ടിലിനോടും അദ്ദേഹം പല വിഷയങ്ങളിലും വിയോജിക്കുന്നതായി കാണാം. തത്ത്വചിന്തകന്മാർക്കും തെറ്റുപറ്റാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
വൈദ്യശാസ്ത്രത്തെ മാരണത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും മോചിപ്പിക്കുന്നതിൽ ഇബ്‌നു സീന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ രോഗത്തിനും വ്യക്തമായ കാരണമുണ്ടെന്ന് അദ്ദേഹം സമർഥിക്കുകയുണ്ടായി. ചില രോഗങ്ങളുടെ കാരണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ അദ്ദേഹം പള്ളിയിൽ പോയി നമസ്‌കരിച്ച് ഈ വിഷയത്തിൽ അല്ലാഹുവിന്റെ സഹായം ലഭിക്കാൻ പ്രാർഥിച്ചിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു നൽകിയ ബുദ്ധിയും കഴിവുമുപയോഗിച്ച് സമകാലീനരെക്കാളും മികച്ച സംഭാവനകൾ സമൂഹത്തിന് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം നൽകിയതിനെക്കാൾ അധികമായി വിശദീകരണങ്ങൾ നൽകാൻ ആധുനിക വൈദ്യശാത്രത്തിന് പോലും പല രോഗങ്ങളുടെ കാര്യത്തിലും കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
ചില പകർച്ചവ്യാധികളുടെ കാര്യത്തിൽ ആധുനിക വൈദ്യശാസത്രം സൂക്ഷ്മദർശിനിയുടെ സഹാത്തോടെ കണ്ടെത്തിയ പല കാര്യങ്ങളും അദ്ദേഹം നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയയുടെ രംഗത്താണ് ഇബ്‌നു സീനയുടെ മികവ് തെളിയുന്നത്. രക്തസ്രാവം നിറുത്തുന്നതിന് പല മാർഗങ്ങളും അദ്ദേഹം സ്വീകരിച്ചതായി കാണാം. രക്തധമനികളെ ബന്ധിച്ച് കൊണ്ടും, ചില തിരികൾ കയറ്റി അത് അടച്ചും ചൂടാക്കിയും അതിന്മേൽ സമ്മർദം ചെലുത്തിയുമെല്ലാം അദ്ദേഹം അത് നിർവഹിച്ചിരുന്നു. ശരീരത്തിലേറ്റ അമ്പ് പറിച്ചെടുക്കുന്നവന് അനാട്ടമി അറിയണമെന്ന് അദ്ദേഹം ശഠിച്ചിരുന്നു. നേത്ര പരിചരണം, ദന്ത സംരക്ഷണം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം മുന്നോട്ട് വെച്ചിരുന്നത്. ദന്തക്ഷയം തടയുന്നതിന്, കേടുവന്ന ഭാഗം പാടെ ഒഴിവാക്കി പകരം ചില പദാർഥങ്ങൾ നിറക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.
വൈജ്ഞാനിക രംഗത്ത് നൂറിലധികം മഹത്തായ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതിലേറ്റവും പ്രസിദ്ധമായത് ‘കാനൻ ഫിത്ത്വിബ്ബ്’ അതായത് Canon medicina എന്ന് യൂറോപ്യർ പറയുന്ന ഗ്രന്ഥമാണ്. മനുഷ്യ ശരീരത്തിലെ അവയവങ്ങൾ, അവയെ ബാധിക്കുന്ന രോഗങ്ങൾ, ആരോഗ്യ നിർദേശങ്ങൾ, ഔഷധങ്ങൾ, ചികിത്സകൾ, അനാട്ടമി തുടങ്ങിയ വിവരങ്ങളാണ് അതിൽ അടങ്ങിയിട്ടുളളത്. പാശ്ചാത്യർ ഇത് അവരുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും പതിനഞ്ച് തവണ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ട് വരെ ഇത് യൂണിവേഴ്‌സിറ്റികളിൽ ഒരു റഫറൻസായി അവലംബിച്ചിരുന്നതായി കാണാം. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽതന്നെ ഇത്രയും പ്രസിദ്ധമായ ഒരു ഗ്രന്ഥം രചിക്കപ്പെട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിന്റെ ചരിത്രം എന്ന ഗ്രന്ഥം എഴുതിയ നിയോബർജർ (Neuberger) പറയുന്നത് ‘ഞങ്ങൾ കാനനിലേക്ക് നോക്കുന്നത് അത് ദൈവിക വെളിപാടാണ് എന്ന നിലയ്ക്കാണ്’ എന്നാണ്! വൈദ്യശാസ്ത്രത്തിന് സർവാംഗീകൃതമായ നിയമങ്ങളാണ് അത് ഉൾകൊളളുന്നത്. ‘വൈദ്യശാസ്ത്രത്തിലെ ബൈബിൾ’ എന്നാണ് വില്യം ഓസ്‌ലർ ഇതിനെ വിശേഷിപ്പിച്ചിട്ടുളളത്.
ഇബ്‌നു സീനയുടെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥം ‘അശ്ശിഫ’യാണ്. 18 ഭാഗങ്ങളുളള ഒരു സർവ വിജ്ഞാന കോശമാണത്. അതിൽ മതം, സാമ്പത്തികം, രാഷ്ടീയം തുടങ്ങിയ ധാരാളം വിജ്ഞാന ശാഖകളുണ്ട്. നമസ്‌കാരത്തിന്റെ രഹസ്യങ്ങൾ, വൈദ്യത്തിന്റെ ഈരടികൾ, സസ്യങ്ങളും ജീവികളും തുടങ്ങി വേറെയും പ്രസിദ്ധമായ രചനകളുണ്ട്. ലോകത്തെ പ്രസിദ്ധമായ പല ഭാഷകളിലേക്കും അവ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ധാരാളം സംഭാവനകൾ ലോകത്തിന് സമർപ്പിച്ചുകൊണ്ട് എഡി 1037ൽ ഹമദാനിൽ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
