‘ഞാൻ കരടിയെ ആദ്യമായി കാണുന്നത് ഒരാഴ്ച മുമ്പാണു സാർ...!!!’
ശരീഫ് കരുവാരകുണ്ട്
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

കോടതിയിൽ ഒരാൾ ബോധിപ്പിച്ച മാനനഷ്ടക്കേസിന്റെ വിചാരണ നടക്കുകയാണ്. പ്രതിഭാഗം വക്കീൽ പരാതിക്കാരനോട് ചോദിച്ചു: ‘എന്റെ കക്ഷി ജനമധ്യത്തിൽ വച്ച് താങ്കളെ കരടി എന്നു വിളിച്ചത് എന്നാണ്?’ പരാതിക്കാരൻ മറുപടി പറഞ്ഞു: ‘പത്തു വർഷങ്ങൾക്കു മുമ്പ്.’ വക്കീൽ: ‘എന്നിട്ട് എന്തുകൊണ്ടാണ് പരാതി കൊടുക്കാൻ ഇത്രയും വൈകിയത്?’ പരാതിക്കാരൻ: ‘ഞാൻ കരടിയെ ആദ്യമായി കാണുന്നത് ഒരാഴ്ച മുമ്പാണു സാർ.’
2026 ആഗസ്റ്റ് 28ലെ ‘പ്രബോധനം’ വാരികയിൽ ടി.കെ. ഇബ്റാഹീം എഴുതിയ ‘ഭൂഖണ്ഡങ്ങളെ കണ്ണിചേർത്ത പണ്ഡിത പ്രതിഭ’ എന്ന ലേഖനം വായിച്ചപ്പോൾ മുകളിൽ പറഞ്ഞ സംഭവമാണ് ഓർമ വന്നത്.
ഉമർ മൗലവിക്ക് പരിചയമോ കേട്ടുകേൾവി പോലുമോ ഇല്ലാത്ത ഒരു പണ്ഡിതൻ, 1976ൽ ഉമർ മൗലവി ജമാഅത്തെ ഇസ്ലാമിയെ കഠിനമായി വിമർശിക്കുന്നതിലുള്ള എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടും മൗലവി ജൂതന്മാരുടെ സഹായിയാണ് എന്നു പറഞ്ഞുകൊണ്ടും ഒരു കത്ത് ശൈഖ് ഇബ്നുബാസിന് അയക്കുകയാണ്. ശൈഖ് മുഹമ്മദ് മുബാറക് എന്നാണ് ഈ കത്തെഴുതിയ പണ്ഡിതന്റെ പേര്. കത്ത് എഴുതിപ്പിച്ച് കൈയോടെ ഇബ്നുബാസിനു കൊണ്ടുവന്നു കൊടുക്കുന്നത് ‘ഭൂഖണ്ഡങ്ങളെ കണ്ണി ചേർത്ത പണ്ഡിത പ്രതിഭ’ എന്ന് പ്രബോധനം വിശേഷിപ്പിച്ച ടി കെ ഇബ്റാഹീമും. അദ്ദേഹം ശിവപുരത്തുകാരനാണ്.
ഈ സംഭവം ഉമർ മൗലവി വിവരിക്കുന്നതു കാണുക:
“കത്തെഴുതിച്ച് ശൈഖിന്റെ കൈയിൽ എത്തിക്കുന്ന ചുമതല ടി.കെ. ഇബ്റാഹീം സ്വയം ഏറ്റെ ടുക്കുകയായിരുന്നു. ശൈഖ് ഇബ്നുബാസ് എന്നോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ടി.കെ. ഇബ്റാഹീമുമായി ഒരു ചർച്ചക്ക് ശൈഖ് ആഗ്രഹിച്ചു. ഞാൻ സന്തോഷപൂർവം സമ്മതിച്ചു. ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായി. അങ്ങനെ ചർച്ച നടന്നു. ഞാൻ മൗദൂദി സാഹിബിനെക്കുറിച്ചും ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചും ഗുരുതരമായ വ്യാജാരോപണങ്ങൾ എന്റെ മാസികയിലൂടെ നിരന്തരം പ്രചരിപ്പിക്കുകയാണെന്ന് ടി.കെ. ശൈഖിനോടു പറഞ്ഞു. ശൈഖ് തെളിവ് ആവശ്യപ്പെട്ടപ്പോൾ തന്റെ പക്കൽ സൽസബീലിന്റെ കോപ്പികൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നാലു വർഷത്തെ ലക്കങ്ങൾ പുസ്തക രൂപത്തിൽ ബൈന്റ് ചെയ്തത് എന്റെ ബാഗിൽ ഉണ്ടായിരുന്നു. വല്ല ആവശ്യവും വന്നെങ്കിലോ എന്ന വിചാരത്തിൽ ഞാൻ കൈയിൽ കൊണ്ടുപോയതായിരുന്നു അത്. യാതൊരു സങ്കോചവും കൂടാതെ ഞാൻ ഇതാ സൽസബീൽ കോപ്പികൾ എന്റെ പക്കലുണ്ട് എന്ന് പറഞ്ഞുകൊണ്ട് ബാഗിൽനിന്നെടുത്ത് ടികെയുടെ കൈയിൽ കൊടുത്തു. എന്റെ ഈ പ്രവൃത്തി ശൈഖിനെ അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും എനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ടികെ സൽസബീലിൽ നിന്നും എന്റെ ചില വചനങ്ങൾ ശൈഖിന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മൗദൂദി സാഹിബ് തന്റെ ഗ്രന്ഥങ്ങളിലൂടെ പുറത്തിട്ട ആശയങ്ങളെയാണ് ഞാൻ വിമർശിക്കുന്നതെന്ന് ഞാനും ഉദാഹരിച്ചു. അപ്പോൾ ടി.കെ. പറഞ്ഞത് മൗദൂദിസാഹിബിന്റെ ഗ്രന്ഥം പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു. എനിക്ക് അത്ഭുതവും വെറുപ്പും തോന്നി.
മൗദൂദീ ഗ്രന്ഥങ്ങളെക്കുറിച്ച് ഇത്ര അജ്ഞനാണോ അദ്ദേഹം? എന്റെ ആരോപണം നിഷേധിക്കാൻ അദ്ദേഹത്തിനു ധൈര്യമില്ല. അംഗീകരിക്കാൻ മനസ്സുമില്ല, അപ്പോൾ രക്ഷപ്പെടാൻ പറഞ്ഞ ന്യായമാണത്. പരിശോധിക്കണം പോൽ! കാര്യങ്ങൾ എവിടെയും എത്തിയില്ല. ഒടുവിൽ ശൈഖ് ഇടപെട്ടു. ഊഹാപോ ഹങ്ങൾ ഒഴിവാക്കിയും ആരോഗ്യകരമായ സംവാദം നടത്തിയും സൗഹാർദത്തിൽ കഴിയണമെന്ന് ഞങ്ങളെ ഉപദേശിച്ചു. ഞങ്ങൾക്കിടയിലുള്ള ആശയഭിന്നതയിൽ തീരുമാനമെടുക്കാൻ ശൈഖിന് ഞാൻ വിട്ടുകൊടുത്തു. പിന്നീട് പല പണ്ഡിതന്മാരുമായി ചർച്ച നടന്നു. ജമാഅത്തെ ഇസ്ലാമിയോടും മൗദൂ ദിസാഹിബിനോടും അനുഭാവമുള്ള പല പണ്ഡിതന്മാരുമായും ടി.കെ. ചർച്ച സംഘടിപ്പിച്ചു. എല്ലാവരോടും ഞാൻ ഒരേ ഉത്തരമാണ് പറഞ്ഞത്: ‘ഞാൻ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതാണ്. നിങ്ങൾ ശൈഖ് ഇബ്നുബാസിൽനിന്നും മറുപടി വാങ്ങുക.’ അത് എല്ലാവരും അംഗീകരിച്ചു. ഞങ്ങളുടെ ചർച്ചകൾ അങ്ങനെ അവസാനിച്ചു.
ഞാൻ സിറിയക്കാരനായ മുഹമ്മദ് മുബാറക്കിന് കത്തെഴുതി: ‘നിങ്ങൾ ഇബ്നുബാസിനോട് ഞാൻ സിയോണിസ്റ്റ് ഏജന്റാണ് എന്ന് സ്ഥാപിച്ചുകൊണ്ട് കത്തയച്ചല്ലോ. ആരുടെങ്കിലും വാക്ക് വിശ്വസിച്ച് നിങ്ങൾ തെറ്റിദ്ധാരണയിൽ പെട്ട് അത് ചെയ്തതാണെങ്കിൽ ഞാൻ നിങ്ങളോട് പൊരുത്തപ്പെട്ടിരിക്കുന്നു. മനഃപൂർവമാണെങ്കിൽ കേസ് അല്ലാഹുവിന്റെ കോടതിയിലേക്ക് വിട്ടിരിക്കുന്നു. നമുക്ക് അവിടെ വെച്ച് കാണാം.’ അദ്ദേഹം മറുപടി തന്നില്ല’’ (ഓർമകളുടെ തീരത്ത്, പേജ് 257, അധ്യായം 38).
സഹോദരങ്ങളേ, 50 വർഷം മുമ്പു നടന്ന ഈ സംഭവം പ്രബോധനം വാരിക വിവരിക്കുന്നത് കാണുക: “ഒരിക്കൽ അവിസ്മരണീയമായ ഒരു സംഭവമുണ്ടായി. കടുത്ത ജമാഅത്ത് വിമർശകനായിരുന്ന മുജാഹിദ് നേതാവ് കെ. ഉമർ മൗലവിയുമായി ഇബ്റാഹീം സാഹിബ് ശൈഖ് ഇബ്നുബാസിനെ കാണാൻ പോയി. ‘സൽസബീൽ’ മാസികയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉമർ മൗലവി എഴുതിയ ചില ലേഖനങ്ങളുടെ കോപ്പികൾ ഇബ്റാഹീം സാഹിബിന്റെ കൈവശമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പഴിച്ച് ഇദ്ദേഹം മാസികയിൽ എഴുതിയ ലേഖനങ്ങളാണിത് എന്നു പറഞ്ഞ് ഇബ്റാഹീം സാഹിബ് അത് ശൈഖിന് കാണിച്ചുകൊടുത്തു. കുടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ശൈഖിന്റെ സെക്രട്ടറി ഇബ്റാഹീം സാഹിബിനോട് പറഞ്ഞു: ‘ഉമർ മൗലവി എഴുതിയ ലേഖനങ്ങളെക്കുറിച്ച് ശൈഖ് അസ്വസ്ഥനാണ്.’ സയ്യിദ് മൗദൂദിയോട് ആദരവ് പുലർത്തിയ ശൈഖ് ഇബ്നുബാസിന്റെ സമീപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു അത്’’ (പ്രബോധനം, 2026 ആഗസ്റ്റ് 28).

നോക്കൂ; ഉമർ മൗലവിക്ക് കേട്ടുകേൾവി പോലുമില്ലാത്ത, ഉമർ മൗലവിയെ ഇങ്ങോട്ടും പരിചയമില്ലാത്ത ഒരാളെക്കൊണ്ട് മൗലവി സിയോണിസ്റ്റ് ഏജന്റാണ് എന്നു പറഞ്ഞ് കത്തെഴുതിപ്പിക്കുക. ആ കത്ത് നേരിട്ട് ശൈഖ് ഇബ്നുബാസിന് കൊണ്ടുപോയി കൊടുക്കുക. ഈ ക്രൂരകൃത്യം ചെയ്തത് ആരാണ്? ‘ഭൂഖണ്ഡങ്ങളെ കണ്ണി ചേർത്ത പ്രതിഭ’ എന്ന് പ്രബോധനം വാരിക വിശേഷിപ്പിച്ച ടി.കെ. ഇബ്റാഹീം!
ഈ കത്ത് ചർച്ച ചെയ്യാൻ ടി.കെ. ഇബ്റാഹീമിനെയും ഉമർ മൗലവിയെയും വിളിച്ചത് ആരാണ്? ശൈഖ് ഇബ്നുബാസ്! പ്രബോധനത്തിലെ പേനയുന്തി എഴുതിയതോ? ടി.കെ. ഇബ്റാഹീം ഉമർ മൗലവിയെയും കൂട്ടി ശൈഖിന്റെ അടുത്ത് പോയി എന്നും!
സൽസബീൽ മാസികയിലൂടെ ഉമർ മൗലവി ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും മൗദൂദിയെക്കുറിച്ചും വ്യാജാരോപണങ്ങൾ ഉന്നയിക്കുകയാണ് എന്ന ‘പണ്ഡിത പ്രതിഭയുടെ’ വാദത്തിന് ശൈഖ് തെളിവ് ആവശ്യപ്പെട്ടപ്പോൾ ‘പണ്ഡിത പ്രതിഭ’ പറഞ്ഞതെന്താണ്? സൽസബീലിന്റെ കോപ്പികൾ തന്റെ പക്കൽ ഇല്ലെന്ന്! സൽസബീലിന്റെ നാലു വർഷത്തെ കോപ്പികൾ എടുത്തു കൊടുത്തതാരാണ്? ഉമർ മൗലവി! അപ്പോൾ ശൈഖ് ഇബ്നുബാസ് ചെയ്തതെന്താണ്? ഉമർ മൗലവിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അപ്പോൾ ഉമർ മൗലവി ചെയ്തതെന്താണ്? മൗദൂദി സാഹിബിന്റെ അനിസ്ലാമിക വാദത്തെയാണ് സൽസബീലിലൂടെ വിമർശിച്ചത് എന്ന് തെളിയിച്ചു. ‘പണ്ഡിത പ്രതിഭ’ ചെയ്തതോ? മൗദൂദിയുടെ ഗ്രന്ഥങ്ങൾ പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നു പറഞ്ഞ് രക്ഷപ്പെട്ടു!
പിന്നെ ഉമർ മൗലവി ചെയ്തത് എന്താണ്? തൗഹീദിന്റെ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായവ്യത്യാസം സംബന്ധിച്ച് ഇബ്നുബാസിനോട് തീരുമാനം പറയാൻ ആവശ്യപ്പെട്ടു. ശൈഖ് ഇബ്നുബാസ് അദ്ദേഹത്തിന്റെ മജ്മൂഉൽ ഫതാവാ 2-ാം വാള്യത്തിൽ 1-ാം ചോദ്യമായി കൊടുത്തത് ഉമർ മൗലവിയുടെ ഈ വിഷയം സംബന്ധിച്ച ചോദ്യവും മറുപടിയുമാണ്. ഉമർ മൗലവിയെ ശൈഖ് ഇവിടെ വിശേഷിപ്പിച്ചത് ‘അല്ലാമാ അശ്ശൈഖ് ഉമർ അഹ്മദ് അൽമലൈബാരി’ എന്നാണ്. പ്രസ്തുത മറുപടിയാകട്ടെ പൂർണമായും ഉമർ മൗലവിയെ ശരിവച്ചുകൊണ്ടുമാണ്.
ഈ സംഭവങ്ങളൊക്കെ വളരെ സത്യസന്ധമായി തന്റെ, ‘ഓർമകളുടെ തീരത്ത്’ എന്ന ഗ്രന്ഥത്തിൽ മൗലവി എഴുതി. 2002ൽ അത് പ്രസിദ്ധീകരിക്കുകയും അതിന്റെ എത്രയോ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്ത ശേഷമാണ് ഇപ്പോൾ പ്രബോധനം ലേഖകൻ വ്യാജം പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്.
‘ഞാൻ കരടിയെ കാണുന്നത് ഒരാഴ്ച മുമ്പാണു സാർ’ എന്ന് പരാതിക്കാരൻ കോടതിയിൽ പറഞ്ഞതുപോലെ, ഉമർ മൗലവിയുടെ ഓർമകളുടെ തീരത്ത് എന്ന ഗ്രന്ഥം വായിച്ചാൽ, ഈ ഒളിപ്പോരാളികളുടെ ഒളിയജണ്ടകൾക്കുള്ള ഉദാഹരണങ്ങൾ മനസ്സിലാക്കിയാൽ, ആരും പറഞ്ഞുപോകും ‘ഞാൻ ജമാഅത്തെ ഇസ്ലാമിയെ കാണുന്നത് ഇപ്പോഴാണ്’ എന്ന്. ഈ കളവ് ഇബ്നുബാസിനെക്കുറിച്ചും ഉമർ മൗലവിയെക്കുറിച്ചുമാണ് എങ്കിലും ആശയപരമായി ശൈഖ് ഇബ്നുബാസ് ജമാഅത്തെ ഇസ്ലാമിയുടെയും മൗദൂദിയുടെയും കൂടെയാണ് എന്നു വരുത്തിത്തീർക്കുകയാണ് പ്രബോധനം ലേഖകൻ. അല്ലെങ്കിൽ എന്തുകൊണ്ട് ഈ വിഷയം സംബന്ധിച്ച ഉമർ മൗലവിയുടെ ചോദ്യത്തിന് ഇബ്നു ബാസ് കൊടുത്ത ലോകപ്രശസ്തമായ ഫത്വയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയില്ല? മാത്രവുമല്ല, വളരെ ഗൗരവമുള്ള ഒരു വിഷയത്തെ സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ച ഇബ്നു ബാസ് സദസ്സിൽവച്ച് ഒന്നും പറഞ്ഞില്ലത്രെ! പുറത്തിറങ്ങിയപ്പോൾ ശൈഖിന്റെ സെക്രട്ടറി വന്ന് ഈ സൂത്രപ്പണികളൊക്കെ ഒപ്പിച്ച ടികെ ഇബ്റാഹീമിനോട് സ്വകാര്യം പറയുകയാണ്; ഉമർ മൗലവിയുടെ ജമാഅത്ത് വിമർശനത്തിൽ ശൈഖ് അസ്വസ്ഥനാണ് എന്ന്. കണ്ണടച്ചു പാൽ കുടിച്ചാൽ ആരും കാണില്ല എന്ന് പൂച്ച കരുതിയെന്നു വിചാരിച്ച് ആരും കാണാതിരിക്കില്ലല്ലോ.
അന്നത്തെ മറ്റൊരു അനുഭവവും ‘ഓർമകളുടെ തീരത്തി’ൽ ഉമർ മൗലവി സ്മരിക്കുന്നുണ്ട്. അതുകൂടി ഇതിനോടു ചേർത്തു വായിക്കുന്നത് നന്നായിരിക്കും.
“ഹജ്ജ് കഴിഞ്ഞു തിരക്കൊഴിഞ്ഞു. ഞാൻ മദീനയിലായിരുന്നു. ഒരു ദിവസം ടി.കെ. ഇബ്റാഹീം എന്നെ സമീപിച്ചു ഒരു സഹായം അഭ്യർഥിച്ചു. കാര്യമിതാണ്: അമേരിക്കയിലുള്ള തന്റെ ജോലിക്കാ ലത്ത് ഫാമിലിയെക്കൂടി കൊണ്ടുപോകാൻ അനുവാദമുണ്ട്. ടിക്കറ്റും ലഭിക്കും. അതിനായി ദാറുൽ ഇഫ്താഇന്റെ ആഫീസിൽ ചെന്നപ്പോൾ ഒരു സാങ്കേതിക തടസ്സം! ഭാര്യയെയും മക്കളെയും കുറിച്ചുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് അവിടെനിന്നു തന്നെ ഒരു എളുപ്പ മാർഗം ആഫീസിൽനിന്നും നിർദേശിച്ചു; ദാറുൽ ഇഫ്താഇന്റെ കേന്ദ്രത്തിൽ അറിയപ്പെടുന്ന ഒരു കേരളീയൻ സർട്ടിഫൈ ചെയ്താൽ മതിയാകും. ടി.കെ. അങ്ങനെ ഒരാളെ കണ്ടെത്താൻ ശ്രമിച്ചു.
തന്റെ കക്ഷിക്കാരിൽ പെട്ട ആരെയും അവിടെ കണ്ടില്ല. അന്വേഷണത്തിൽ അതിനു ഫിറ്റായ ഒരാൾ മാത്രമെ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ടി.കെ. എന്നോടു വിവരം പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പം ദാറുൽ ഇഫ്താഇലേക്കു പോയി, ‘ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ആ കാര്യത്തിൽ അദ്ദേഹം എന്നോട് സത്യമാണ് പറയുന്നതെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനാൽ ഞാൻ എന്റെ സത്യവാങ്മൂലം ബോധ്യപ്പെടുത്തുന്നു’ എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യം നടന്നു. ഇത് ഞാൻ എടുത്തുപറയാനുള്ള കാരണവും കൂടി ഇവിടെ ചേർത്തു പറയട്ടെ:
എന്നെ ഇസ്ലാമിനെതിരിൽ ജൂതന്മാരുടെ ഏജന്റായി ചിത്രീകരിച്ച് മറ്റൊരാളെക്കൊണ്ട് കത്തെഴുതിച്ച് അത് കൈയിൽ വാങ്ങി ശൈഖ് ഇബ്നുബാസിന് എത്തിച്ചുകൊടുത്ത അതിനീചമായ ദ്രോഹം ചെയ്ത ശത്രുവായിരുന്നു ഈ മനുഷ്യൻ. ആ വേദനയുടെ വിങ്ങൽ എന്റെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. അദ്ദേഹത്തിന് വ്യക്തിപരമായൊരു ആവശ്യം ഞാൻ മൂഖേന ആവശ്യമായി വന്നിരിക്കുന്നു. ഒരു നിമിഷം എന്റെ ചിന്ത ആ വഴിയിൽ വന്നു. എന്നാൽ എന്റെ റബ്ബ് എന്റെ മനസ്സിനെ വിശാലമാക്കിത്തന്നു.
ഞാൻ അപ്പോൾ എറ്റവും വെറുത്തുകൊണ്ടിരിക്കുന്ന ഒരു ശത്രുവിനെ യാതൊരു ഉപാധിയും കൂടാതെ സഹായിക്കാൻ എന്റെ ഹൃദയത്തെ മയപ്പെടുത്തിത്തന്ന ഔദാര്യവാനായ അല്ലാഹുവിനു സ്തുതി’’ (ഓർമകളുടെ തീരത്ത്, പേജ് 258,259).
