ശത്വഹും ആത്മീയ ഉന്മാദവും
മുഹമ്മദ് ഫയാസ്, നാദാപുരം
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

(സൂഫിസം; ആത്മീയതയോ തത്ത്വചിന്തയോ? 6)
ശരീഅത്ത്’ എന്നു കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് പ്രവാചകന്റെ നിയോഗം മുതൽ ഇന്നുവരെയും അന്ത്യനാൾ വരെയും മുസ്ലിം ഉമ്മത്ത് പിന്തുടരുന്ന, അല്ലാഹുവിന്റെ കൽപനകളും വിലക്കുകളുമൊക്കെയാണ്. എന്നാൽ സൂഫികളുടെ അടുക്കൽ ഒരു പ്രത്യേക ശരീഅത്തുണ്ട്. നമുക്കതിനെ ഒരു പ്രത്യേക രീതി എന്നു വിളിക്കാം. ഒന്നാം നൂറ്റാണ്ടിലെ മുസ്ലിംകൾ അറിഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതി. ഈ രീതിയിലേക്കു മുരീദ് പ്രവേശിക്കുന്നത് ചില വാതിലുകളിലൂടെയാണ്. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ‘ദിക്റിന്റെ വാതിൽ.’
ഈ ദിക്ർ നബിﷺ പഠിപ്പിച്ചതാണെന്നു കരുതരുത്. ഓരോ ശൈഖും തന്റെ തന്നിഷ്ടപ്രകാരം നിർമിച്ച് മുരീദിനു നൽകുന്ന പ്രത്യേക ദിക്റുകളാണത്. ശൈഖ് അവകാശപ്പെടും; പ്രവാചകൻ തന്റെ സ്വപ്നത്തിലോ ഉണർച്ചയിലോ വന്ന് ഈ മുരീദിന് ഈ ദിക്ർ എത്തിച്ചുകൊടുക്കാൻ കൽപിച്ചതാണെന്ന്. അല്ലെങ്കിൽ ഖിള്ർ(അ) വന്നു പറഞ്ഞതാണെന്ന്. അതുമല്ലെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ട ഏതെങ്കിലും ഒരു ശൈഖിൽനിന്നു സ്വീകരിച്ചതാണെന്ന്!
ദിക്റും അതിനുള്ള അനുവാദവും
ഈ ദിക്റുകൾക്കു ക്വുർആനിലോ സുന്നത്തിലോ യാതൊരു അടിസ്ഥാനവുമില്ല. ഒരു മുസ്ലിമിന് ലളിതമായി ചൊല്ലാൻ കഴിയുന്ന കുറെ ദിക്റുകൾ പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ത്വരീക്വത്തി ലെ ശൈഖുമാരുടെ ദിക്റുകളിൽ വിചിത്രവും മനസ്സിലാകാത്തതുമായ വാക്കുകളും ചിലപ്പോൾ അറബിയല്ലാത്ത വിചിത്രമായ പേരുകളും ഉണ്ടായിരിക്കും. പക്ഷേ, ഈ പേരിന് ഒരു രഹസ്യ ഊർജ മുണ്ടെന്നും രഹസ്യങ്ങളുണ്ടെന്നും മറ്റാർക്കും അതറിയില്ലെന്നും ഈ ദിക്ർ ചൊല്ലിയാൽ വലിയ വിജയവും കശ്ഫും നൂറും ലഭിക്കുമെന്നും ശൈഖ് മുരീദിന് ഉറപ്പു നൽകും.
‘അൽഅലീം എന്ന, അല്ലാഹുവിന്റെ നാമം 39 തവണ ചൊല്ലാൻ ഞാൻ നിങ്ങൾക്ക് അനുവാദം നൽകിയാൽ അതിൽ എന്താണു തെറ്റ്’ എന്ന അവരുടെ ചോദ്യത്തിന് നാം എന്താണ് ഉത്തരം നൽകുക? അല്ലാഹുവിനെ അവന്റെ ‘അൽഅലീം’ എന്ന നാമത്തിൽ സ്മരിക്കുന്നത് യാതൊരു തെറ്റുമില്ലാത്ത കാര്യമാണ്. എന്നാൽ ആ ദിക്ർ ചൊല്ലാൻ ഒരു പ്രത്യേക എണ്ണം നിശ്ചയിച്ച് അനുവാദം നൽകുന്നത് ശൈഖാണ്. ദിക്റിന് മറ്റൊരാളുടെ അനുവാദം വാങ്ങണമെന്ന് മതം പഠിപ്പിക്കുന്നുണ്ടോ? അല്ലാഹുവിനെ സ്മരിക്കാൻ ഒരാൾക്ക് അനുവാദം നൽകാനോ നൽകാതിരിക്കാനോ ആർക്കാണ് അധികാരമുള്ളത്?
ശത്വഹും ആത്മീയ ഉന്മാദവും
ദിക്റിനുശേഷം മുരീദ് നേരിടുന്ന രണ്ടാമത്തെ വാതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അതിനെ ‘ശത്വഹ്’ (ആത്മീയ ഉന്മാദ സംസാരം) എന്ന് വിളിക്കുന്നു. മുരീദ് ഒരു പ്രത്യേക വികാരത്തിലേക്കോ ‘ജദ്ബ്’ (ആത്മീയ ആകർഷണം) എന്ന അവസ്ഥയിലേക്കോ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ‘മജ്ദൂബ്’ (ഉന്മാദി) ആയാൽ അവൻ നിലവിളിക്കാനും എന്തൊക്കെയോ വിളിച്ചുപറയാനും തുടങ്ങും. അവൻ പറയും: ‘എന്റെ വസ്ത്രത്തിനുള്ളിൽ അല്ലാഹുവല്ലാതെ മറ്റാരുമില്ല’ ചിലപ്പോൾ ‘ഞാൻ തന്നെയാണ് അല്ലാഹു’ എന്നുവരെ പറഞ്ഞേക്കാം!
ചില സൂഫികൾ പറയും; താൻ സ്വബോധത്തിലല്ലെന്നും ആത്മീയമായി മത്തുപിടിച്ച അവസ്ഥയിലാണെന്നും. അവരുടെ അവകാശവാദപ്രകാരം ഈ അവസ്ഥ ദൈവിക പ്രണയത്തിന്റെയും ജ്ഞാന ത്തിന്റെയും രഹസ്യങ്ങളിൽനിന്ന് ഉണ്ടാകുന്നതാണ്. ആ മനുഷ്യൻ താൻ ഉള്ള അവസ്ഥയിൽ മുഴുകിപ്പോ യതുകൊണ്ട് അവന്റെ ബുദ്ധി നഷ്ടപ്പെടുകയും ഈ ഘട്ടത്തിൽ എത്തുകയും ചെയ്തതാണത്രെ! ഒരു സൂഫി തന്റെ ജീവിതത്തിൽ എന്നെങ്കിലും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഘട്ടമാണിത്!
സൂഫികളുടെ അടുക്കൽ ‘തർബിയ്യത്ത്’ (വളർത്തൽ) നിയമങ്ങളുമുണ്ട്. ഇതിനർഥം നമ്മൾക്കറിയാ വുന്നപോലെ ശരിയും തെറ്റും പഠിപ്പിക്കുന്ന വളർത്തലല്ല. സൂഫികളുടെ അടുക്കൽ തർബിയ്യത്ത് എന്നാൽ ചിന്തയില്ലാതെ ശൈഖിന്റെ പിന്നാലെ നടക്കുക എന്നതാണ്; അദ്ദേഹത്തിന്റെ കൽപനകൾ ബുദ്ധിക്കോ ശരീഅത്തിനോ വിരുദ്ധമായാൽ പോലും അത് നടപ്പിലാക്കുക എന്നതാണ്. മുരീദ് തന്റെ ശൈഖിൽ ലയിച്ചുചേരണം (ഫനാഅ്), കാരണം അവരുടെ സങ്കൽപമനുസരിച്ച് ശൈഖ് മുരീദിനും അല്ലാഹുവിനും ഇടയിലുള്ള മധ്യസ്ഥനാണ്. ശൈഖ് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലൊന്നാണ്.
ത്വരീക്വത്തുൽ ഇശ്റാഖും ഇന്ത്യൻ സ്വാധീനവും
അടിസ്ഥാനപരമായി ഒരുപാട് ത്വരീക്വത്തുകൾ ഉണ്ടായിരുന്നില്ല; ‘ത്വരീക്വത്തുൽ ഇശ്റാക്വ്’ (പ്രകാശത്തിന്റെ പാത) എന്ന ഒരൊറ്റ പാതയേ ഉണ്ടായിരുന്നുള്ളൂ. സൂഫികൾ പറയുന്നതനുസരിച്ച്, ഇത് പൈഥഗോറസ്, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകരുടെ കാലത്താണ് ആരംഭിച്ചത്. പിന്നീട് പട്ടിണികിടക്കൽ, ഉറക്കമൊഴിക്കൽ, മൗനം, ദീർഘനേരത്തെ ഏകാന്തത (ഖൽവത്ത്) തുടങ്ങിയ ‘ആത്മീയ വ്യായാമങ്ങളി’ലൂടെയും മറ്റും ഇത് സൂഫികളിലേക്കു പകർന്നു.
ഇത് മുരീദിന് അവന്റെ സ്വാഭാവിക ബോധം നഷ്ടപ്പെടാനും ‘ജദ്ബ്’ എന്ന് അവർ വിളിക്കുന്ന അവസ്ഥയിലേക്ക് പ്രവേശിക്കാനും കാരണമാകുന്നു. ഈ അവസ്ഥ ഇന്ത്യൻ മതങ്ങളിലും നിലനിൽക്കുന്നുണ്ട്, അവർ അതിനെ ‘നിർവ്വാണം’ എന്നു വിളിക്കുന്നു. പിന്നീട് കാര്യങ്ങൾ വികസിക്കുകയും ‘തസവ്വുഫ് സുന്നി’ അല്ലെങ്കിൽ ‘ത്വരീക്വത്തുൽ ബുർഹാൻ’ എന്നു പേരിട്ട ഒരു പുതിയതരം തസവ്വുഫ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിക്കായി ആരാധനകൾ ചെയ്യലോ ഇച്ഛകളെ നിയന്ത്രിക്കലോ അല്ല, മറിച്ച് ‘കശ്ഫ്,’ ‘ജദ്ബ്’ എന്നീ അവസ്ഥകളിൽ എത്തിച്ചേരുക എന്നതാണ്, അതിനെയാണ് അവർ അല്ലാഹുവിലേക്കുള്ള ഏറ്റവും ഉയർന്ന സാമീപ്യമായി കണക്കാക്കുന്നത്.
ഓരോ ത്വരീക്വത്തിനും ഒരു പേര്, ഒരു ശൈഖ്, പ്രത്യേക ഔറാദുകൾ, ശൈഖിനെ എല്ലാ കാര്യങ്ങളിലും അനുകരിക്കുന്ന അനുയായികൾ എന്നിവ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഈ കാര്യം ഖാദിരിയ്യഃ, രിഫാഇയ്യഃ, നഖ്ശബന്തിയ്യഃ, ശാദുലിയ്യഃ, മൗലവിയ്യഃ തുടങ്ങിയ പല ത്വരീക്വത്തുകളിലും കാണാം.
കാലക്രമേണ ത്വരീക്വത്ത് എന്നത് പൂർണ സിസ്റ്റമായി മാറി. മുരീദ് ശൈഖിന് ബൈഅത്ത് (പ്രതിജ്ഞ) ചെയ്യുകയും വർഷങ്ങളോളം അദ്ദേഹത്തിന്റെ കീഴിൽ ഇരുന്ന് പഠിക്കുകയും വളരുകയും ചെയ്യുന്നു. ചിലപ്പോൾ അവൻ തനിച്ചിരിക്കുകയോ ‘ഹദ്റ’യിൽ (സൂഫി സദസ്സ്) നൃത്തം ചെയ്യുകയോ കൂട്ടായ ഔറാദുകൾ ചൊല്ലുകയോ ചെയ്യുന്നു. അവന്റെ ശൈഖ് അവനോടു നിശ്ചിത എണ്ണം ദിക്റുകൾ ചൊല്ലാൻ പറയുന്നു, അങ്ങനെ അവൻ തല കുലുക്കാനും നിലവിളിക്കാനും തുടങ്ങുന്നു. ഇതിന്റെയെല്ലാം ലക്ഷ്യം ‘ജദ്ബി’ന്റെ അവസ്ഥയിൽ എത്തിച്ചേരുക എന്നതാണ്.
(തുടരും)
